വാഴ്വാധാരം എന്ന ആദ്യ സമാഹാരത്തിലെ കഥകളില്‍ തന്നെ ലിജിഷയുടെ കഥനവൈഭവം പ്രകടമായിരുന്നു. പാവാട എന്ന ഈ രണ്ടാം സമാഹാരത്തിലും അതിന്റെ ദീപ്തി തുടരുന്നുണ്ട്. ''വന്യതയിലാണ് ജീവന്റെ നിലനില്‍പ്പ്'' എന്ന ഹെന്റി ഡേവിഡ് തൊറോയുടെ ആപ്തവാക്യം പ്രസിദ്ധമാണ്. 'നടത്തം' എന്ന മറ്റൊരു പ്രബന്ധത്തില്‍ തൊറോ മനസ്സിന്റെയും സര്‍ഗ്ഗഭാവനയുടെയും വന്യത മികച്ച സാഹിത്യത്തിന്റെ ഉറവിടമാകുന്നതിനെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ''ജീവിതത്തില്‍ വന്യമായത് മാത്രമാണ് നമ്മെ ആകര്‍ഷിക്കുന്നത്. ഇതിലെ വിരസത എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ മെരുങ്ങലില്‍ നിന്നാണുണ്ടാകുന്നത്.... കൂട്ടിലിട്ടു വളര്‍ത്തുന്ന പക്ഷിയേക്കാള്‍ വന്യതയിലെ പക്ഷി ഏറെ ചടുലവും സുന്ദരമായിരിക്കുന്നതു പോലെയാണ് വന്യമായ ചിന്തയും ആകര്‍ഷകമാകുന്നത്.''

''പച്ച പ്രകൃതിയും പചിതം സംസ്‌കൃതിയുമാണ്'' എന്ന് ക്ലോദ് ലവി-സ്‌ട്രോസ്സ് പറഞ്ഞത് ഇതിനോട് ചേര്‍ത്തു വായിക്കാം. പചിതം മെരുങ്ങലാണ്; അത് സാമൂഹിക നിയമങ്ങള്‍ക്കും കെട്ടുറപ്പിനും അനിവാര്യമാകാമെങ്കിലും, എഴുത്തുകാരുടെ തനിമയെ ഇല്ലാതാക്കും. 'വന്യത'യെന്നാല്‍ അരാജകത്വമല്ലെന്നും ഓര്‍ക്കുക. അത് മനസ്സിന്റെയും ഭാവനയുടെയും നൈസര്‍ഗ്ഗികതയാണ്. മഴക്കാടില്‍ നിന്ന് തെളിനീരിന്റെ കാട്ടരുവികള്‍ ഒഴുകിയെത്തുന്നതുപോലെ അവിടെ നിന്ന് നല്ല സാഹിത്യം ഉറവകൊള്ളുന്നു. 'പാവാട'യിലെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് അവയിലെ വന്യമായ നൈസര്‍ഗ്ഗികതയാണ്. മാടാരുകുണ്ടെന്ന ഗ്രാമത്തില്‍ വളര്‍ന്ന ഈ കഥാകാരിയില്‍ അവിടുത്തെ പച്ചയത്രയും നിറയുന്നുണ്ട്; എന്നാലതൊരു കാല്പനികവാടിയുമല്ല. വാഴ്വിന്റെ വഴിയിലെ സംഘര്‍ഷങ്ങളുടെയും സമരോത്സുകതയുടെയും സമഭാവനയുടെയും വികാരങ്ങളുടെയും ആര്‍ദ്രതയുടെയും അരുണിമകൊണ്ട് പ്രശോഭിതമാണീ കഥകള്‍. അവിടുത്തെ വന്യതയില്‍ തൊറോയുടെ പ്രതിലോമഭാവമില്ല. മാടാരുകുണ്ടിന്റെ പശ്ചാത്തലമുള്ള 'മലബാര്‍ വെരുക്' എന്ന കഥയില്‍ മഴക്കാടിന്റെ വന്യതയും ചാരുതയും നിഗൂഢതയും നിറയുന്ന കണ്ണുകളുള്ള ഒരാണും അവയിലലിഞ്ഞ് ഉന്‍മാദിനിയാവുന്ന മഞ്ഞു പോലൊരു പെണ്‍കുട്ടിയുമുണ്ട്. കാട് റബ്ബറിന് വഴിമാറിക്കൊണ്ടിരിക്കുന്നയിടത്ത് മലബാര്‍ വെരുക് അന്യം നില്‍ക്കുമ്പോഴും അവളുടെ മനസില്‍ വന്യത നുരയുന്നുണ്ട്. പക്ഷേ ആ വന്യതയില്‍ ഹിംസയോ അതിരു കടന്ന കാമമൊ ഇല്ല; പ്രണയരതിയുടെ തുഷാരഹര്‍ഷങ്ങളില്‍ വിരിയുന്ന ആര്‍ദ്രത മാത്രം.

ആര്‍ത്തവശിശിരം കഴിഞ്ഞ് പൂത്തു തളിര്‍ത്തു കിടക്കുന്ന തന്റെ പെണ്ണിനെ, ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആമസോണ്‍കാടിന്റെ വന്യതയത്രയും ഉള്‍ക്കൊണ്ടു പുണരുന്ന ക്ഷമാശീലനായ ഒരാണിനെ പാവാട എന്ന കഥയില്‍ കാണാം. അന്യം നില്‍ക്കുന്ന മലബാര്‍ വെരുകിനെപ്പോലെത്തന്നെ, ആദിമനിവാസികളുടെ അന്യം നില്‍ക്കുന്ന ഭാഷകളുടെ ഹരിതചാരുത തേടിപ്പോയ ഒരുവള്‍, കാടിന്റെ കുളിര്‍മ്മയില്‍ തന്റെ കമിതാവിലേക്ക് കാട്ടുവള്ളി പോലെ പടര്‍ന്നുകയറുന്നുണ്ട്, 'വള്ളിത്തായ്' എന്ന കഥയില്‍. 'ജനാധിപത്യം' എന്ന കഥയില്‍, അന്നമറിയത്തിനെ പൂപോലെ വിടര്‍ത്തിയ ശേഷം, അവളില്‍ കുറുമ്പന്‍ വണ്ടിനെപ്പോലെ തേന്‍ തിരയുന്നുണ്ട് ബേസില്‍മോന്‍. രതിഭാവത്തിന്റെ ഇത്ര തരളമായ വര്‍ണ്ണനകള്‍, നമ്മുടെ കഥയില്‍ മാധവിക്കുട്ടിയെപ്പോലെ ചിലരില്‍ മാത്രമാണ് കാണാനുള്ളത്. കാട്ടുകനല്‍ എന്ന കഥയിലെ കാടിനെ സ്വപ്നം കാണുന്ന, കാടിന്റെ വന്യസൌന്ദര്യവും ചുണ്ടുകളില്‍ ഞാവല്‍പ്പഴത്തിന്റെ സ്വാദുമുള്ള മെരുങ്ങാത്ത പെണ്ണ് പ്രകൃതിയാണ്. മനുഷ്യരുടെ  ''ഇന്‍ ഓര്‍ഗാനിക് ശരീരമാണ് പ്രകൃതി'' എന്ന മാര്‍ക്‌സിന്റെ വാചകം ലിജിഷയുടെ ചില കഥകളില്‍ കാണാം.

നിലമ്പൂര്‍ കാടുകളുടെ വന്യതയില്‍ ചാലിയാറിന്റെ പോഷകനദിയായ കരിമ്പുഴയുടെ കുളിരില്‍ കുളിക്കാനിറങ്ങുന്ന മൂന്നു പെണ്‍കുട്ടികളെ 'കാട്ടുകനല്‍' എന്ന കഥയില്‍ കാണാം. അത്തിപ്പഴങ്ങളും പുഴമുല്ല പൂക്കളും ഒഴുകിവരുന്ന പുഴ അവര്‍ക്ക് ചിത്രപ്പണി ചെയ്ത മനോഹരമായ സാരിപോലെ തോന്നി. പെണ്ണിന്റെ ഉടലും പ്രകൃതിയുടെ ഉടലും സംഗമിക്കുന്നൊരു ഉപമ. പുഴയില്‍ കുളിക്കാനിറങ്ങും മുമ്പ്, മുകളിലെ കടവില്‍ കുളിക്കുന്ന കാട്ടുപെണ്ണുങ്ങളെ പോലെ സെറ്റുമുണ്ടിന്റെ മുണ്ടും മുന്താണിയുമെടുത്ത് അവരും മുലക്കച്ച കെട്ടി. മൂന്നു പേരിലൊരാളായ സമുദ്രയ്ക്ക് കെട്ട് തടഞ്ഞുനിര്‍ത്താന്‍ വേണ്ടത്ര മുലകളില്ലാത്തതിനാല്‍ മുണ്ട് ഇടയ്ക്കിടെ ഊരിച്ചാടുമ്പോള്‍, മറ്റു രണ്ടുപേരും അവളെ ''പാവം ദരിദ്രവാസി''യെന്ന് കളിയാക്കുന്നുണ്ട്. ഈ കളിയാക്കലിലും, ''താനും താമസിയാതെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തു''മെന്ന സമുദ്രയുടെ പ്രതീക്ഷയിലും, പെണ്ണുടലിന്റെ ആഘോഷമുണ്ട്. അതിനപ്പുറം ഏതൊരു കഥാകൃത്തിനും മുതല്‍ക്കൂട്ടായ തീക്ഷ്ണമായ നിരീക്ഷണപാടവം ഇവിടെയുണ്ട്. അത് ഈ കഥകളിലൊട്ടാകെ കാണാനാകും.

വികാരങ്ങളുടെ ആന്തരവന്യതയില്‍ മാത്രം ഉഴറി നടക്കുന്ന ഭാവനയല്ല എഴുത്തുകാരിയുടേത്. ശരീരബാഹ്യമായ വന്യസ്ഥലികളിലും അത് ശ്രദ്ധയോടെ പരതുന്നത് ഏതാണ്ടെല്ലാ കഥകളിലും കാണാം. ജീവശാസ്ത്രം പഠിക്കുന്നതിനു മുമ്പെ തന്നെ ഗ്രാമത്തിലെ ബാല്യത്തില്‍ മനസ്സില്‍ പതിയാനിടയുള്ള നൂറുകണക്കിന് സസ്യങ്ങളും പക്ഷികളും ജന്തുക്കളും ഈ കഥകളിലെ നിത്യസാന്നിദ്ധ്യങ്ങളാണ്. ആന്തരവന്യതയുടെ ബാഹ്യപ്രത്യക്ഷങ്ങള്‍ പോലെ. അവയുടെ കണക്കെടുപ്പിന് പ്രസക്തിയില്ല. എങ്കിലും ഇലഞ്ഞിയും ഇലവുമരങ്ങളും മുളങ്കൂട്ടങ്ങളും കാട്ടുതെച്ചിയും വേനല്‍വെയില്‍പ്പൂക്കളും ഓലപ്പുല്ലും കമ്മ്യൂണിസ്റ്റ് പച്ചയും, പേരറിയാമരത്തില്‍ കെട്ടുപിണഞ്ഞു വളരുന്ന കാട്ടുമുല്ലയും നായ്‌ക്കൊരണവള്ളിയും മുതല്‍ മൈനയും മൂങ്ങയും കാട്ടുതാറാവും പുള്ളും വാത്തയും എരണ്ടയും നീര്‍പ്പക്ഷികളും വര്‍ണ്ണത്താറാവും കൃഷ്ണപ്പരുന്തുമെല്ലാം മനുഷ്യര്‍ക്കൊപ്പം ഇവിടെ അധിവസിക്കുന്നു. ജീവനുള്ള മനുഷ്യേതര സത്തകള്‍ മാത്രമല്ല, കഥാഭൂമികയായ സ്ഥലഭൂപടങ്ങളും ഇവിടെ ആരചിക്കപ്പെടുന്നു. അവ പക്ഷേ, പശ്ചാത്തലമായി നില്‍ക്കുന്ന 'ഹരിതകേരകേദാര' ഭൂമിയുമല്ല. ജീവനൊപ്പം ജീവിതവും വിളയുന്ന ഭൂമികയാണ്. നിശ്ചലമായൊരു കാല്പനിക പ്രകൃതിക്കപ്പുറം, മനുഷ്യവൃത്തികള്‍കൊണ്ട് പരിണാമവിധേയമാകുന്ന പ്രകൃതിയും ഈ കഥകളിലുണ്ട്.
കഥാഘടനയിലെ അവിഭാജ്യ ദൃശ്യങ്ങളായി ഈ പരിണാമദൃശ്യങ്ങള്‍ പല കഥകളിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഔദ്യോഗിക രേഖകള്‍ക്കപ്പുറം കാടുമൂടിക്കിടക്കുന്ന അത്തരം സത്യങ്ങള്‍ ഇടര്‍ച്ചകളായി ഈ കഥകളില്‍ നിറയുന്നു. 'വള്ളിത്തായ്' എന്ന കഥയില്‍ അധിനിവേശകാലത്തെ കാടുതെളിക്കലും, അന്നു തുടങ്ങി ഇന്നും തുടരുന്ന വിനാശത്തിന്റെ പ്രത്യക്ഷങ്ങളായെത്തുന്ന ഉരുള്‍പ്പൊട്ടലുകളുടെ ദുരന്തസ്മരണകളുമുണ്ട്. ക്വാറികളും ബീഫ് കൃഷിയും ചിക്കന്‍ കൃഷിയും ഫ്‌ലാറ്റ് കൃഷിയുമൊക്കെ വളരുന്ന കേരളത്തില്‍, താളംതെറ്റുന്ന കാലാവസ്ഥ നാട്ടുകാരുടെ മനസ്സുകളിലുണ്ടാക്കുന്ന കാളലുകളിലൂടെ സ്വാശ്രയഗ്രാമം സുന്ദരഗ്രാമം എന്നിങ്ങനെയുള്ള സ്വപ്നങ്ങള്‍ വഴുതിപ്പോകുന്നതിന്റെ ഭീതി 'ജനാധിപത്യം' എന്ന കഥയില്‍ നിറയുന്നുണ്ട്. 'കാട്ടുകനല്‍' എന്ന കഥയില്‍ പുഴയിലെ കാട്ടുവെള്ളത്തിലെ 'വിറ്റാമിന്‍' സമൃദ്ധി നുകരാന്‍ മുങ്ങിക്കുളിക്കുന്ന കൂട്ടുകാരിയോട്, ''ഇതിലു നെറച്ചും പ്ലാന്റേഷനിലടിയ്ക്കുന്ന റൌണ്ടപ്പാണെന്ന്'' (എന്‍ഡോസള്‍ഫാനേക്കാള്‍ വീര്യമുള്ള മറ്റൊരു കീടനാശിനി) കന്നി ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പ്രകൃതിയ്‌ക്കൊപ്പം ആദിമജനതകളും അവരുടെ ഭാഷകളും സംസ്‌കാരങ്ങളും അന്യം നില്‍ക്കുന്നതാണ് 'വള്ളിത്തായ്' എന്ന കഥയുടെ പ്രമേയം. കഥാകാരിയുടെ സ്വന്തം ഗവേഷണ അനുഭവത്തിന്റെ ചൂടും ചൂരും ഈ കഥയിലുണ്ട്. നദികള്‍ വിഷച്ചാലുകളാകുമ്പോഴും, ഫ്‌ലാറ്റ് കൃഷി പോലുള്ള വികസന കൃഷികള്‍ ഗ്രാമങ്ങളെ വിഴുങ്ങുമ്പോഴും, കാടുകള്‍ക്കൊപ്പം ആദിമജനതകളും അന്യം നില്‍ക്കുമ്പോഴും, കാലാവസ്ഥാവ്യതിയാനം ദുരന്തമഴയായി വന്നെത്തുമ്പോഴും അവ സ്വന്തം പടിവാതില്‍ക്കല്‍ എത്തുംവരെ മിക്കവരും അവയോട് വിമുഖരായിരിക്കുന്നു. അതെക്കുറിച്ച് വളരെ കാതലായ ഈ നിരീക്ഷണം 'വേനല്‍പ്പനിയിലെ ഉയിര്‍ശൈത്യം' എന്ന കഥയിലുണ്ട്: '(സ്വന്തം) ജീവിതത്തെ സ്പര്‍ശിച്ചു തുടങ്ങുമ്പോള്‍, കാലടിയിലെ മണ്ണ് ഒലിച്ചുപോവുകയാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് എല്ലാ മനുഷ്യരും അതിജീവനത്തെ കുറിച്ചോര്‍ക്കാറുള്ളത്.'' പ്രകൃതിയിലെ പരിണാമങ്ങളില്‍ മാത്രമല്ല, അവയുടെ അനുബന്ധങ്ങളായ സാമൂഹിക പരിണാമങ്ങളിലും ലിജിഷയുടെ നിരീക്ഷണപാടവം ചെന്നെത്തുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

g madu
ജി. മധുസൂദനന്‍

ഒലീവ് റിഡ്‌ലി വര്‍ഗ്ഗത്തില്‍പ്പെട്ട ദേശാടനക്കാരായ കടലാമകളുടെ പ്രജനനത്തെയും സംരക്ഷണത്തെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നത് പ്രമേയമാക്കി നമ്മുടെ സാഹിത്യത്തില്‍ ആദ്യമായുണ്ടായ മികച്ച കഥയാണ് അംബികാസുതന്‍ മാങ്ങാടിന്റെ 'നീരാളിയന്‍'. പ്രകൃതിസംരക്ഷണം എന്ന സമകാലിക അനിവാര്യതയെ മറ്റൊരു പ്രധാന സാമൂഹിക സമസ്യയായ വിശപ്പുമായി ചേര്‍ത്തുവെച്ച് കലാത്മകമായി ആവിഷ്‌കരിക്കുന്ന മലയാളത്തിലെ അപൂര്‍വ്വമായ കഥയാണ് ഈ സമാഹാരത്തിലെ 'നേഹലിന്റെ ആമക്കാലങ്ങള്‍'. പാരിസ്ഥിതിക ചിന്തയിലെ ഗഹനമായ ചില സംവാദങ്ങള്‍ ഇവിടെ കലാരൂപത്തില്‍ വരുന്നത്, സൈദ്ധാന്തിക ഗീര്‍വാണമായല്ല. മറിച്ച്, അച്ഛന്റെ തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് നടത്താറുള്ള യാത്രകളുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. കാല്പനിക പ്രകൃതിസ്‌നേഹത്തേക്കാള്‍ വലിയ സമസ്യയായി വിശപ്പ് ഉയര്‍ന്നുവരുന്നു. കൃഷിയില്‍ നിന്നുള്ള കടംകയറി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്‍, വിശപ്പടക്കാന്‍ ജൈവവൈവിദ്ധ്യത്തെ ആശ്രയിക്കുന്ന ഗ്രാമീണര്‍ തുടങ്ങിയ നിരവധി നേരറിവുകള്‍ കഥയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. കടലാമ സംരക്ഷണത്തിന് ഔദ്യോഗികമായി നിയോഗിക്കപ്പെട്ട നേഹലിന്, വിശപ്പടക്കാനായി ആമക്കള്ളനായവനെ നേരിടുമ്പോള്‍, ധനികരായ അയല്‍ക്കാരുടെ കുളക്കരയില്‍ നിന്നും കട്ടെടുത്ത ആമയുടെ ഇറച്ചി കഴിച്ച് വിശപ്പടക്കിയ സ്വന്തം ഭൂതകാലം ഓര്‍മ്മവരുന്നു. ആമക്കള്ളനില്‍ നിന്ന് പിടിച്ചെടുത്ത ''ആമ മുട്ടകളിട്ട ബക്കറ്റും തൂക്കി, പുറന്തോടുപോലെ കനത്ത ഭൂതകാലവും പേറി ഒരു കടലാമയെപ്പോലെ നേഹല്‍ മുന്നോട്ടു നടന്നു''വെന്ന കഥയിലെ അവസാന വാചകം, ഒരു ദാര്‍ശനിക പ്രതിസന്ധിയുടെ പ്രതിഫലനമാണ്. പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ, ഈ രംഗത്തെ കാല്പനികതയോടും മൗലികവാദത്തോടുമുള്ള കലാപമാണ് ഇക്കഥ.

സമകാലിക സമസ്യകള്‍ക്കൊപ്പം, ബദലുകളുടെ അന്വേഷണങ്ങളും ഈ കഥകളിലുണ്ട്. 'ജനാധിപത്യം' എന്ന കഥയില്‍ കമ്മ്യൂണ്‍ ലൈഫ്, ജൈവകൃഷി, പരിസ്ഥിതിസൌഹൃദ വീടു നിര്‍മ്മാണം, കുടുംബശ്രീയുടെ പ്രാദേശിക ഉല്‍പാദനവും വിപണനവും പോലുള്ള ബദലുകളുടെ പ്രക്ഷേപണമുണ്ട്. ബദലുകളെപ്പോലും വിലയ്ക്കുവാങ്ങുന്ന ആഗോളമുതലാളിത്തം, പരിഹാരങ്ങളുടെ പരിധികളെ ഓര്‍മ്മപ്പെടുത്തുന്നു. 'ദേശാടനക്കാലത്തിന്റെ നീലാചല്‍', 'വേനല്‍പ്പനിയിലെ ഉയിര്‍ശൈത്യം' എന്നീ കഥകളില്‍ ജനാധിപത്യത്തിന്റെ ജീര്‍ണ്ണതയും, ഫാസിസ്റ്റ് ചിതലുകള്‍ നമ്മുടെ സംസ്‌കാരത്തെ കാര്‍ന്നുതിന്നുന്നതുമൊക്കെ കാണാം. തെരഞ്ഞെടുപ്പുകാലത്ത് സാരിയും മുണ്ടും പണവും നല്‍കി വോട്ടുവാങ്ങുന്നതും, അവ വാങ്ങി വോട്ടു വില്‍ക്കുന്ന കഴുതകളായ നാട്ടുകാരും ഭാരതത്തില്‍ പലയിടങ്ങളിലും സാധാരണമാണ്. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലും, പ്രാദേശികമായിട്ടാണെങ്കിലും, 'ട്വന്റി ട്വന്റി' (കഥയില്‍ 'ഫിഫ്റ്റി ഫിഫ്റ്റി') കോര്‍പ്പറേറ്റു മുതലാളിമാര്‍ നയിക്കുന്ന പാര്‍ട്ടി ഇലക്ഷനില്‍ മത്സരിച്ച് ജയിക്കുന്നു! മുതലാളിയുടെ ഫാഷന്‍ ജ്വല്ലറി നിര്‍മ്മാണശാല, നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ നീരോലിക്കുന്നിലെ ചോലവെള്ളത്തില്‍ വിഷം കലര്‍ത്തുന്നത്, കോര്‍പ്പറേറ്റ് 'കാര്യക്ഷമത'യ്ക്കു പിന്നാലെ പായുന്ന നാഗരിക മധ്യവര്‍ഗ്ഗം അറിയുന്നില്ല. 'രണ്ടായിരത്തി പതിനാറു' മുതല്‍ 'കാപ്പിക്കാലുറയും വെളുത്ത ബനിയനുമിട്ട' ചിതലുകള്‍ നമ്മുടെ സംസ്‌കാരത്തെ കരണ്ടു തിന്നുമ്പോള്‍, അവയെ ഉന്മൂലനം ചെയ്യാന്‍ 'കറുത്ത ഹിറ്റ്' തേടുന്ന 'വേനല്‍പ്പനിയിലെ ഉയിര്‍ശൈത്യം' എന്ന കഥയിലെ ശാലിനി പ്രതീക്ഷയുടെ നാളമാണ്. 'ഫിഫ്റ്റി ഫിഫ്റ്റി'യും ചിതലുകളുമെല്ലാം ഒരേ ജീര്‍ണ്ണതയുടെ വ്യത്യസ്ത പ്രത്യക്ഷങ്ങളാണ്. അവ പരത്തുന്ന ഇരുട്ടിനിടയില്‍, പീഢിതവര്‍ഗ്ഗത്തിനുമേല്‍ നിലാവുപോലെ തണുത്ത പ്രകാശം ചൊരിയുന്ന പ്രത്യാശയുടെ മിന്നാമിനുങ്ങുകളുടെ അരുണാഭമായ കാലം ഈ എഴുത്തുകാരി സ്വപ്നം കാണുന്നു. ആദിവാസി മേഖലകളിലേക്കും, തമിഴ്‌നാട്ടിലെ വരള്‍ച്ചാബാധിത ഗ്രാമത്തിലേക്കും, വടക്കേ ഇന്ത്യയിലേക്കുമൊക്കെ ('വയലറ്റ് ജോഷ്വായുടെ കല്ലറ' എന്ന കഥ) ചെന്നെത്തുന്ന ഈ കഥാലോകം ഒരു പാന്‍-ഇന്ത്യന്‍ സ്വഭാവം കൈവരിക്കുന്നുമുണ്ട്. സമത്വബോധത്തിന്റെ വിപുലീകരണമായി ലിംഗനീതിയുടെ വെളിച്ചം ഈ കഥകളില്‍ തെളിയുന്നുണ്ട്. 

പരിസ്ഥിതിബോധവും ലിംഗബോധവും സംഗമിക്കുന്ന, നിലമ്പൂര്‍ കാടുകളുടേയും ചാലിയാറിന്റേയും പശ്ചാത്തലമുള്ള 'കാട്ടുകനല്‍' ലക്ഷണമൊത്ത ഇക്കോഫെമിനിസ്റ്റ് കഥയാണ്. പക്ഷേ അവിടെ അക്രാമകമായ വരട്ടുദാര്‍ശനികതയില്ല. 'തീകാക്കുന്നവള്‍' എന്ന കഥയിലെ ദേവികയുടെ സഹോദരനായ ദിനേഷിനെപ്പോലുള്ള സ്ത്രീവിരുദ്ധര്‍ക്കൊപ്പം, അവളെ പ്രണയിക്കുന്ന പ്രവീണിനെപ്പോലെ, പാവാട എന്ന കഥയിലെ വിരാതനെപ്പോലെ ക്ഷമയും ശ്രദ്ധയും സമഭാവനയുമുള്ള പുരുഷന്മാരും ഇവിടെയുണ്ട്. പ്രണയത്തില്‍ താല്‍പ്പര്യമില്ലെന്ന് പ്രവീണിനോട് ഒരിക്കല്‍ പറഞ്ഞിട്ടും, ദേവികയുടെ ചിന്ത ഇങ്ങനെയായിരുന്നു; ''താല്‍പ്പര്യമില്ലെന്ന് പറഞ്ഞാലും അവനെന്താ പിറകേ വന്നാല്?''. ഇവിടെ അക്രാമക ഫെമിനസമില്ല, പ്രണയം കാക്ഷിക്കുന്നവളുടെ കുസൃതിയും തരളതയും മാത്രം. ദേവികയുടെ ഭാവനയിലൂടെ, വന്യസ്ത്രീയുടെ പ്രതീകമായ ദേവിയുടെ ഉപകഥ കോര്‍ത്തിണക്കുന്നതിലൂടെ ഇക്കോഫെമിനിസത്തിന്റെ മറ്റൊരു ഭാവം അനാവൃതമാകുന്നു.

മനസ്സിന്റെ ആന്തരഘടനകളിലും, ചിലപ്പോള്‍ തീവ്രവും ചിലപ്പോള്‍ തരളവുമായ പ്രണയ-രതി ഭാവങ്ങളിലുമാരംഭിച്ച്, പ്രകൃതിയുടെ താളങ്ങളിലൂടെയും താളംതെറ്റലുകളിലൂടെയും സഞ്ചരിച്ച്, സാമൂഹികഘടനകളുടെ പാളിച്ചകളും അവയുടെ പരിഹാരത്തിനുള്ള പ്രതിവിധികളെക്കുറിച്ചുള്ള പ്രത്യാശകളും വരെ നീളുന്ന ഭാവനാലോകം ഈ കഥകളില്‍ കാണാം. കഥകളിലെ സംഭാഷണങ്ങളില്‍ കൃത്രിമത്വമോ ഏച്ചുകെട്ടലോ തീരെയില്ല. അത്രമേല്‍ തനിമയാണവയ്ക്ക്. നിശിതമായ നിരീക്ഷണങ്ങളും, ചിന്തയുടെ സരളമായ ഗഹനതയും, സാമൂഹിക അനുഭവങ്ങളിലൂടെ നേടിയ നേരറിവുകളും, ആത്മജ്ഞാനത്തിന്റെ വെളിച്ചവും ചടുലമായ ആഖ്യാനത്തിലൂടെ വാര്‍ന്നു വീഴുന്ന ഈ കഥകള്‍ മികച്ച സൗന്ദര്യാവിഷ്‌ക്കാരങ്ങളാണ്.

Content Highlights: Pavada Book By Lijisha AT Book Review