സംഗീത സംബന്ധിയായ പുസ്തകങ്ങളെ ഞാന്‍ ഹൃദയം കൊണ്ടാണ് വായിക്കാറുള്ളത്. ഹൃദയം കൊണ്ടു തന്നെയാണ് അപഗ്രഥിക്കാറുള്ളതും. എന്റെ മാധ്യമം സംഗീതം ആയതുകൊണ്ടാവാം. രവി മേനോന്റെ 'പാട്ടെഴുത്ത്' എന്നും എന്നെ ആകര്‍ഷിച്ചിരുന്നു. എന്റെ കണ്‍കണ്ട ദൈവങ്ങളെ എന്റെ പൂന്തോട്ടത്തിലേക്കും, വായനാമുറിയിലേക്കും ആനയിച്ചിരുത്താന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. 'പാട്ടുവഴിയോരത്ത്' വിശ്രമിക്കാന്‍ എത്തിയ ആരാധനാമൂര്‍ത്തികളാകട്ടെ എന്റെ വീട്ടില്‍ സ്ഥിരതാമസവുമാക്കി...
   
ഈ വായനാനുഭവം വര്‍ണ്ണിക്കാനുള്ള പദസമ്പത്ത് എന്റെ നിഘണ്ടുവില്‍ ഇല്ല. അതുകൊണ്ടു തന്നെ ഞാന്‍ ആസ്വദിച്ചതിന്റെ പത്തിലൊരാംശം പോലും എന്റെ എഴുത്തിലും ഇല്ല. 

ലഹരീ... ലഹരീ.... പ്രണയത്തിന്റെ, വിരഹത്തിന്റെ, ആഹ്ലാദത്തിന്റെ, വേദനയുടെ; ജയത്തിന്റെ, തോല്‍വിയുടെ, അനുഗ്രഹങ്ങളുടെ, ശാപങ്ങളുടെ; പാപങ്ങളുടെ, പുണ്യങ്ങളുടെ... ലഹരീ... ഈ മധുരമുന്തിരിച്ചാറില്‍ മുങ്ങി ഉറങ്ങി ഉണരണമെങ്കില്‍ ജീവിതവുമായി അഭിരമിക്കണം. എങ്കില്‍ ജീവിതം നമ്മിലും അനുരക്തയാകും. അപ്പോള്‍ ജീവിതം തരും... ഓരോ നിമിഷവും പതഞ്ഞ് പതഞ്ഞ് നുരഞ്ഞുയരുന്ന ഉന്മാദലഹരി...

പൂമ്പാറ്റകളെപ്പോലെ അല്പായുസ്സാണ് ലഹരിക്ക് പലപ്പോഴും... പക്ഷേ 'പാട്ടുവഴിയോരത്ത്' എന്ന ഗ്രന്ഥക്കെട്ട് എന്നെ ലഹരിയില്‍ നിന്നും ഉണരാന്‍ അനുവദിക്കുന്നില്ലല്ലോ...! വര്‍ണ്ണശബളമായ... തിളങ്ങുന്ന മുത്തുകള്‍ കൊണ്ട് അലങ്കരിച്ച, പവിഴവും നവരത്നങ്ങളും പതിച്ച പട്ടുപരവതാനിയിലിരുന്ന് ഞാന്‍ പറക്കുകയാണല്ലോ!
  
വെള്ളിവിഹായസ്സിലൂടെ... പച്ചക്കടലിനു മുകളിലൂടെ... സ്വമേധയാ അത് നിലത്തിറങ്ങിയപ്പോള്‍ കണ്ടതെന്താണ്? സംഗീതമെന്ന വിശ്വരൂപം പാഞ്ചജന്യമൂതി നില്‍കുന്നു. അതിനു മുമ്പില്‍ മരണമെന്ന കാലകിങ്കരന്‍ തൊഴുകയ്യോടെ നിന്നു ഭവ്യതയോടെ പിന്‍വാങ്ങുന്നു. വിസ്മയം കൊണ്ട് വിടരുന്ന കണ്ണുകള്‍ ചിമ്മി തുറക്കും മുമ്പ് അടുത്ത അരങ്ങെത്തി.

അവിടെ രണ്ട് സംഗീതസാഗരങ്ങള്‍ കണ്ടുമുട്ടുന്ന സ്നേഹക്കാഴ്ച... ആരോഹരണപഥങ്ങളിലേക്ക് അലയടിച്ചുയരുന്ന തിരമാലകളുടെ പൊട്ടിച്ചിരികള്‍. ആ മഹാസാഗരസംഗമത്തില്‍ ഒരു നീര്‍ക്കുമിളയായി ഞാന്‍ ഇല്ലാതായോ? ഗന്ധര്‍വ്വഗാനത്തില്‍ കല്‍ക്കണ്ടം പോലെ അലിയുന്ന കാമുകഹൃദയത്തില്‍ ഞാന്‍ പുനര്‍ജ്ജനിച്ചു... (ദേവഗായകന്റെ ശബ്ദത്തെ 'മൈക്ക്' പ്രണയിച്ചുവത്രേ! എന്തൊരു മോഹിപ്പിക്കുന്ന സത്യം!) അവിടെ മനുഷ്യരൂപം പൂണ്ട് നില്‍ക്കുന്ന സംഗീതത്തെ കണ്ടു; ആ സംഗീതത്തെ തിരിച്ചറിഞ്ഞ പുണ്യാത്മാവിനെ കണ്ടു. പ്രണാമപുഷ്പങ്ങള്‍ അര്‍ച്ചിക്കാന്‍ തുടങ്ങിയപ്പോഴേക്കും പരവതാനി പ്രയാണം തുടര്‍ന്നു.

കണ്ണെത്താ ദൂരത്തോളം കൊളുത്തിവെച്ച, നക്ഷത്രദീപങ്ങളില്‍... ആകാശം വെട്ടിതിളങ്ങി. താഴെ... നവരാത്രി മണ്ഡപത്തിലെ ആയിരം കോടി ചിരാതുകളിലെ പൊന്‍നാളങ്ങള്‍ ആടിയുലഞ്ഞു നൃത്തം വെച്ചു. സംഗീതരാജര്‍ഷി പാടുന്നു. ത്രിമൂര്‍ത്തികള്‍ രാഗവിസ്മയം തീര്‍ക്കുന്നു. തരിച്ചു നില്‍ക്കുന്ന നാലമ്പലത്തിലെ നാടകശാലയിലെ... മണല്‍തരികളിലൊന്നായി... ഞാനും.

സിത്താറിന്റെ തേന്‍കൊഞ്ചല്‍; വീണയുടെ കളമൊഴി, പുല്ലാങ്കുഴലിന്റെ കുയില്‍നാദം, ഗിറ്റാറിന്റെ വശീകരിക്കുന്ന മന്ത്രം, ഷഹനായിയുടെ പ്രൌഢഗാംഭീര്യം, തബലയില്‍ തത്തിക്കളിക്കുന്ന താളം, ഐക്കോഡിയന്റെ താരസ്വരം, സംഗീതകുലപതികള്‍ നിരന്നു നിന്നു ഗാനാര്‍ച്ചന തുടങ്ങി. സിംഹാസനത്തിലിരുന്ന് അഹങ്കാരത്തോടെ ഞാന്‍ ഏറ്റുപാടവേ...

ഒരു മുറി മാത്രമുള്ള കൊട്ടാരം. അവിടെയുണ്ട് സംഗീതപാല്‍ക്കടല്‍ നെഞ്ചിലേന്തിയ മന്ഥരപര്‍വതങ്ങള്‍! നിമിഷങ്ങള്‍ക്കുള്ളില്‍ പാലാഴിയില്‍ നിന്നും ഒരു കാവ്യശിശു ആവിര്‍ഭവിച്ചു. അതിന്റെ പിഞ്ചുകൈകള്‍ എന്റെ ചുണ്ടില്‍ താളമിട്ടു. 'സ്വപ്നങ്ങളും, ദുഃഖങ്ങളും' പങ്കുവെച്ചുകൊണ്ട് ഞാനന്റെ പരവതാനിയില്‍ മയങ്ങുന്നു... പറക്കുന്നു... മായുന്നു...പിന്നിലേക്ക്. കാലചക്രത്തിന് പിന്നിലേക്ക്.... സംഗീതം ഗന്ധര്‍വ്വനായി അവതരിച്ച ധന്യനിമിഷത്തിലേക്ക്...

paattuvazhiyorathuചരിത്രമുഹൂര്‍ത്തത്തിനു മുമ്പില്‍ രണ്ട് ആനന്ദാശ്രുക്കള്‍ പൊഴിക്കണമെനിക്ക്... പ്രണയം പൂജിക്കുന്ന അറയില്‍ ധ്യാനനിമീലനനായി നാദഗുരു... വീണ്ടും ഉയരുന്ന ഗന്ധര്‍വ്വനാദം... 'പ്രേമദൂതുമായി പോകുന്ന ശ്യാമമേഘമായി, പ്രേമസംഗീതമായി വിടരുന്ന ശ്യാമപുഷ്പമായി, മനസ്സിന്റെ താമരപൂവില്‍ മാണിക്യവീണ മീട്ടി... ഞാന്‍... കിനാവേത്...? സത്യമേത്...? എന്നറിയാതെ വെറുതെ  ആണെന്നറിഞ്ഞും, മോഹങ്ങളെ മോഹിച്ചുകൊണ്ടേയിരുന്നു... കവി സ്വര്‍ണ്ണതളികയില്‍ വെച്ച് നീട്ടിയ 'പാഥേയത്തിന്റെ ഉപ്പ്' രുചിച്ചുകൊണ്ട് പരവതാനി പറന്നു കഴിഞ്ഞിരുന്നു.

വീരശൂരയായ പെണ്‍സിംഹത്തെ കുഞ്ഞിക്കുയിലാക്കുന്ന പാട്ടിന്റെ ഇന്ദ്രജാലത്തില്‍ കണ്‍കുളിര്‍ത്തു. 'പാട്ടിലെ കുട്ടികള്‍' വളരുന്നതും, അശ്വാരൂഢരായി ദ്വിഗ്വിജയം നടത്തുന്നതും കണ്ടു. മിന്നാമിനുങ്ങുകള്‍ക്ക് സൂര്യതേജസ്സ് ദാനം ചെയ്യുന്ന മാനവാകാരം പൂണ്ട നന്മയെ കണ്ടു... നിത്യഹരിതഗീതകങ്ങളുടെ സുല്‍ത്താന്റെ കിന്നരിപ്പാവിലൊന്നു തൊട്ടു. അനശ്വരയുഗ്മഗാനങ്ങളുടെ ചക്രവര്‍ത്തിനികള്‍.. പാട്ടിന്റെ സുഗന്ധലേപനം പുരട്ടിത്തന്നു... യാത്ര തുടരട്ടെ...

എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോള്‍ നിറഞ്ഞു കവിഞ്ഞ സംഗീതചഷകവുമായി, ആയിരത്തൊന്നു രാവുകളിലെ വിശ്വസുന്ദരികളുടെ മാസ്മരികതയും, മനം മയക്കുന്ന ചിരിയുമായി... കിരീടവും, ചെങ്കോലും അണിഞ്ഞ... അപ്സരസ്സുകള്‍... അക്ഷരങ്ങള്‍... എനിക്ക് അകമ്പടി സേവിക്കുന്നുണ്ടായിരുന്നു...

ഈ മധുമധുരം കുടിച്ച് കുടിച്ച് തിമര്‍ത്ത്.... തിമര്‍ത്ത്... ഈ പാനപാത്രം ചരിച്ച്.... കമിഴ്ത്തി... അവസാനതുള്ളിയും നുണഞ്ഞ് നുണഞ്ഞ് അലിയിച്ചിറക്കും വരെ ഉണരേണ്ട എനിക്ക്...

പാട്ടുവഴിയോരത്ത് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(സംഗീതജ്ഞയും അഭിനേത്രിയും എഴുത്തുകാരിയുമാണ് ലേഖിക)

Content Highlights : paattuvazhiyorathu, paattuvazhiyorathu book review,ravi menon