'ഗൃഹാതുരത' എന്ന വാക്കിനുപോലുമുണ്ട് ഒരുതരം ഗൃഹാതുരത്വം. ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നതും ഇപ്പറഞ്ഞ ഗൃഹാതുരത തന്നെയായിരിക്കും. ഓര്‍മകളിലേക്ക് പോയകാലത്തേക്കാ മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന പുസ്തകമാണ് 'ഓര്‍ത്തു നോക്കുമ്പോള്‍' എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. 

ഓര്‍മക്കുറിപ്പുകളെന്നോ, അനുഭവ കഥകളെന്നോ എന്തുരീതിയില്‍ വേണമെങ്കിലും വായനക്കാരന് വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് പുസ്തകത്തിലെ ഓരോ കുറിപ്പുകളും. ഓര്‍മയില്‍ മായാതെ കിടക്കുന്ന ചില കാഴ്ചകളെ കെട്ടഴിച്ചിട്ടിരിക്കുകയാണ് രചയിതാവായ ശരത്കൃഷ്ണ. 

തികഞ്ഞ ആത്മാര്‍ത്ഥതയാണ് ഓരോ കുറിപ്പുകളുടേയും ഉള്‍ക്കാമ്പ്. ഒരു വാക്കുപോലും അനാവശ്യമെന്ന് പറയാനാവാത്ത വിധം ചിട്ടയായുള്ള എഴുത്ത്. പുറംചട്ട മുതല്‍ തുടങ്ങുന്നുണ്ട് പൊടിപിടിച്ചുതുടങ്ങിയ ഗൃഹാതുരതയുടെ ഗന്ധം. ഓരോ അധ്യായം പിന്നിടുമ്പോഴും നൊസ്റ്റാള്‍ജിയയുടെ വേലിയേറ്റം തന്നെയാണ് വായനക്കാരനില്‍ ഉടലെടുക്കുന്നത്.

orthunokkumbolസിനിമാക്കൊട്ടകയിലെ പാട്ടും ജയന്തി ജനതയിലെ യാത്രക്കാരും പഴയ ബസില്‍ കണ്ടക്ടര്‍ പറിച്ചു തരാറുള്ള ടിക്കറ്റുമെല്ലാം സിനിമാ റീലുകള്‍ കണക്കെയാണ് വായനക്കാരന് മുന്നില്‍ തെളിയുന്നത്. ടിക്കറ്റ് കീറിത്തരുന്നതും സിനിമാക്കൊട്ടകയിലെ അവസാന പ്രദര്‍ശനം കഴിഞ്ഞത് അറിയുന്നതും തൊട്ട് ബസിന്റെ ഓരോ ട്രിപ്പിനുമുള്ള പ്രത്യേകതകള്‍ വരെ വിശദമായി രചയിതാവ് പറഞ്ഞുതരുന്നുണ്ട്. എന്തുകൊണ്ട് ഈ സംഭവത്തെ നേരത്തെ ഈയൊരു രീതിയില്‍ ആലോചിച്ചില്ല എന്ന് വായനക്കാരന് പലയിടങ്ങളിലും തോന്നിക്കുന്നുമുണ്ട് പുസ്തകം. 

പൊതിച്ചോറിന്റെ കാര്യം തന്നെയെടുക്കാം. പൊതിയുടെ രൂപപരിണാമം മുതല്‍ അതില്‍ സാധാരണ അടങ്ങിയിരിക്കുന്ന വിഭവങ്ങളും അത് കഴിക്കുന്ന ക്രമം വരെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു പൊതിച്ചോര്‍ കിട്ടിയിരുന്നെങ്കില്‍ ഈ രീതിയിലൊന്ന് കഴിക്കാമായിരുന്നു എന്ന് ചിന്തിക്കാത്ത വായനക്കാര്‍ ചിലപ്പോള്‍ വിരളമായിരിക്കും. കാലം മാറിയതോടെ പൊതിച്ചോര്‍ തീവണ്ടികള്‍ക്കുള്ളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന സത്യം കൂടി ശരത്കൃഷ്ണ മുന്നോട്ടുവെയ്ക്കുണ്ട്.

വ്യത്യസ്തമായ സംഗതികളെ ഒരേ നൂലില്‍ കോര്‍ത്ത് മനോഹരമാക്കുന്നതില്‍ ശരത് വിജയിച്ചിട്ടുണ്ട്. കഷണ്ടിക്ക് മരുന്ന് കണ്ടെത്തിയ ഗോപാലകൃഷ്ണനും പച്ചില പെട്രോളുണ്ടായ രാമര്‍ പിള്ളയും ഒരേയൊരു മന്ത്രിസഭയില്‍ മാത്രമിരുന്ന് വിസ്മൃതിയിലാണ്ടുപോയ രഘുചന്ദ്രബാലുമെല്ലാം അതിനുദാഹരണങ്ങളാണ്. പാലം വന്നപ്പോള്‍ ഓര്‍മയായ പാലവും കടത്തുതോണിയും തുഴച്ചില്‍കാരനുമൊക്കെ ഇപ്പറഞ്ഞതിന്റെ ബാക്കിപത്രങ്ങള്‍ തന്നെയാണ്. 

ഓര്‍ത്തുനോക്കുമ്പോള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പറയുന്നത് ഗൃഹാതുരതയെക്കുറിച്ചാണെങ്കിലും ആര്‍ക്കും മനസിലാവുന്ന തരത്തിലുള്ള വര്‍ണനകളേ 'ഓര്‍ത്തു നോക്കുമ്പോളില്‍' കാണാനാവൂ. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ചായക്കടകളിലെ ചര്‍ച്ചകളെക്കുറിച്ച് പറയുന്ന ഭാഗം. ഇപ്പോഴത്തെ ന്യൂസ് അവറുകളുടെ പഴയകാല രൂപമാണ് അന്ന് ചായക്കടകളില്‍ നടന്നിരുന്നതെന്നും അതില്‍ ചായക്കടക്കാരന്റെ റോള്‍ എന്തെന്നും എഴുതിയിരിക്കുന്നത് വായിക്കുമ്പോളാണ് സംഗതി ശരിയാണല്ലോ എന്ന് തോന്നലുണ്ടാവുന്നത്.

വെറുതേയിരിക്കുമ്പോള്‍ ശാന്തമായ മനസോടെ ഒന്ന് കണ്ണടച്ചിരുന്നാല്‍ മനസിലാവും ഗൃഹാതുരതയുടെ യഥാര്‍ത്ഥ വിലയെന്ന് അടിവരയിട്ടു പറയുന്നുണ്ട് ശരത്കൃഷ്ണയുടെ പുസ്തകം. അതെ....പണ്ടു ചെയ്തതൊന്നും പാപമല്ല.