ഫെബ്രുവരിയില്‍ ഈ പുസ്തകം കൈയില്‍ എത്തിയിരുന്നെങ്കിലും ഏതാനും അദ്ധ്യായങ്ങള്‍ മാത്രമേ വായിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിന് ശേഷം ഈ പുസ്തകം ജില്ല വിട്ടുപോയി. Lockdown എല്ലാം തീര്‍ന്ന്, കഴിഞ്ഞ ആഴ്ചയാണ് തിരികെ കിട്ടിയത്.

Sree Parvathy
ശ്രീപാര്‍വ്വതി

അന്ന് ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു - ഭാഷ കൈവശമുള്ള ആളുടെ കൈയില്‍ രസകരമായ കഥാതന്തു കിട്ടുമ്പോള്‍ അതിനെ വേറൊരു തലത്തിലേക്ക് എത്തിക്കുമെന്ന്. ഇപ്പോള്‍ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴും അതേ തോന്നല്‍ തന്നെയാണ്.  

ശ്രീപാര്‍വ്വതി ഇങ്ങനെ ഒരു പുസ്തകം എഴുതുന്നു എന്ന് കേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം വന്നത് ഈ വിഷയത്തില്‍ ഇനി എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന അത്ഭുതമായിരുന്നു.

1926 ഡിസംബര്‍ മൂന്നാം തീയതി ആണ് 36 വയസ്സുള്ള അഗത ക്രിസ്റ്റി തന്റെ വീട് വിട്ടിറങ്ങിയത്. 11 ദിവസമാണ് അവരെ കാണാതായത്. ആ ദിവസങ്ങളില്‍ എന്തു സംഭവിച്ചു എന്നോ, എന്തിന് അങ്ങനെ ഒരു തിരോധാനം ഉണ്ടായി എന്നോ അഗത ക്രിസ്റ്റി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ അഗതാക്രിസ്റ്റിയെ സ്‌നേഹിക്കുന്നവര്‍ക്കും വെറുക്കുന്നവര്‍ക്കും ഈ തിരോധാനം ഇപ്പോഴും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്.

ഈ വിഷയം അടിസ്ഥാനമാക്കിയാണ് Gillian Flynn, GONE GIRL എന്ന പുസ്തകം എഴുതുന്നതും David Fincher അതേ പേരില്‍ തന്നെ സിനിമയാക്കുന്നതും. ആ പുസ്തകം വായിക്കുകയും സിനിമ കാണുകയും ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഇനി ഇതിനെക്കുറിച്ച് ഇതിലും മനോഹരമായി ഒന്നും പറയാനില്ല എന്ന്.

എന്നാല്‍, Agatha and the truth of murder എന്ന സിനിമ ഇതേ വിഷയത്തില്‍ വീണ്ടും ഉണ്ടായി. കാണാതായ ദിവസങ്ങളില്‍ അഗതാക്രിസ്റ്റി എന്തുചെയ്യുകയായിരുന്നു അല്ലെങ്കില്‍ എന്തിനു വേണ്ടിയാണ്  തിരോധാനം ചെയ്തത് എന്ന് പറഞ്ഞ നല്ലൊരു സിനിമയായിരുന്നു അത്. ട്രെയിനില്‍ വച്ച് നടന്ന ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ അഗതയോട് ഒരു ആരാധിക ആവശ്യപ്പെടുകയും, എഴുത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന അഗത അതൊരു അവസരമായി കാണുകയും ആ കേസ് തെളിയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ആ സിനിമ. ഒരേ വിഷയം പലര്‍ സമീപിക്കുമ്പോള്‍ മനോഹരമായ കഥകള്‍ ഉണ്ടാകും എന്നതിന്റെ തെളിവായിരുന്നു അത്.

അതേ പോലെ 2017 ല്‍ Andrew Wilson എഴുതിയ A Talent for Murder എന്ന പുസ്തകവും ഇതേ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിന്റെ കഥാസാരം ഇങ്ങനെയാണ് - (spoiler alert)
ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നില്‍ക്കുന്ന അഗത ക്രിസ്റ്റിയില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്.  Dr. Kurs അവളെ ആദ്യം ആക്രമിക്കുകയും പിന്നീട് രക്ഷിക്കുകയും തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു. അയാള്‍ ഒരു perfect murder ചെയ്യാന്‍ ആഗ്രഹിക്കുന്നു. തന്നെ മാത്രമല്ല, താന്‍ സ്‌നേഹിക്കുന്ന ആളുകളെയും ഇയാള്‍ അപായപ്പെടുത്തുമോ എന്ന് ഭയപ്പെടുന്ന അഗത ക്രിസ്റ്റിക്ക് പത്തുദിവസം അപ്രത്യക്ഷമാവുകയും ഈ മനുഷ്യന്‍ അവളോട് ആവശ്യപ്പെടുന്നതെല്ലാം ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരുന്നതുമാണ് കഥ. ഈ Dr. Kurs എന്ന കഥാപാത്രം ഉണ്ടാക്കിയിരിക്കുന്നതോ, നമ്മുടെ The Murder of Roger Ackroyd -ലെ Dr. James Sheppard -നെ അടിസ്ഥാനമാക്കിയും.

ഇപ്പറഞ്ഞ പുസ്തകങ്ങള്‍/സിനിമകള്‍ എല്ലാം തന്നെ ബാഹ്യമായ സംഭവങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍, അഗത എന്ന സ്ത്രീയെ മനസ്സിലാക്കാനും അവര്‍ കടന്നു പോയ മാനസികാവസ്ഥകളെ അറിയാനുമാണ്  ശ്രീപാര്‍വതി ശ്രമിച്ചിരിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍, അതല്ലേ Biographical Novel? ഏതൊരു സാധാരണ സ്ത്രീയെയും പോലെ അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും ഒക്കെ അനുഭവിക്കുന്ന അഗതയെ നമ്മള്‍ക്ക് ഈ നോവലില്‍ കാണാന്‍ സാധിക്കും. ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോകുന്ന എഴുത്തു ശൈലി ഒക്കെ രസമുണ്ട്. തിരോധാനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശ്രീപാര്‍വതി ഇവിടെ ശ്രമിക്കുന്നില്ല. നോവലിന്റെ ഉദ്ദേശവും അതല്ല. അത് അഗതയുടെ രഹസ്യമായി തന്നെ ഇരിക്കട്ടെ എന്ന് എഴുത്തുകാരി പറയാതെ പറയുന്നുണ്ട്.  അഗത ക്രിസ്റ്റിയും അത് തന്നെയാണല്ലോ ആഗ്രഹിച്ചത്. 

books
പുസ്തകം വാങ്ങാം

1928 ല്‍ ഒരു അഭിമുഖത്തിനിടെ ക്രിസ്റ്റി, ഡെയ്ലി മെയിലിനോട് പറഞ്ഞു, 'ഡിസംബര്‍ 3 ന് ഡോര്‍ക്കിംഗിലെ ഒരു ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയില്‍ ഒരു ക്വാറി കണ്ടു. അതിലേക്ക് ഓടിച്ചു ചാടാനുള്ള ചിന്ത എന്റെ മനസ്സില്‍ വന്നു, എന്നിരുന്നാലും, എന്റെ മകള്‍ എന്നോടൊപ്പം കാറില്‍ ഉണ്ടായിരുന്നതിനാല്‍, ഞാന്‍ ഈ ആശയം ഒറ്റയടിക്ക് നിരസിച്ചു. ആ രാത്രിയില്‍ എനിക്ക് വല്ലാണ്ട് തോന്നി. ഇനിയിങ്ങനെ ജീവിതം മുന്നോട്ടു പോകില്ലെന്ന് എനിക്ക് തോന്നി. എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ അന്ന് രാത്രി വീട് വിട്ടിറങ്ങി. ക്വാറിയുടെ സമീപത്താണെന്ന് ഞാന്‍ കരുതിയ റോഡില്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍, കുന്നിന് താഴെയുള്ള റോഡില്‍ നിന്ന് കാര്‍ അങ്ങോട്ട് തിരിച്ചു.  ഞാന്‍ സ്റ്റിയറിംഗ് ഉപേക്ഷിച്ചു.  കാര്‍ എന്തിലോ തട്ടി പെട്ടെന്ന് ഉയര്‍ന്നു.  ഞാന്‍ സ്റ്റിയറിംഗ് വീലിനു മുകളിലൂടെ പറന്നു, എന്റെ തലയില്‍ എന്തോ തട്ടി.  ആ നിമിഷം വരെ ഞാന്‍ മിസ്സിസ് ക്രിസ്റ്റി ആയിരുന്നു.''

അതിനു ശേഷം?

ശ്രീപാര്‍വതിയുടെ പുസ്തകങ്ങള്‍ വാങ്ങാം

ലാജോ ജോസിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Nayika Agatha Christie Malayalam book review by Lajo Jose