''ഖസാക്കിന്റെ ഇതിഹാസവും മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും എഴുതപ്പെട്ടത് ഒരേ കാലത്താണെന്ന് ഒ.വി വിജയനോട് സൗഹൃദം പുലര്‍ത്തുന്ന വിമര്‍ശകര്‍ അല്പം ഇച്ഛാഭംഗത്തോടെ ഓര്‍ക്കാറുണ്ട്. ചുമ്മാ വിട്ടുകളയാവുന്ന ഒരു സാഹിത്യ കൗതുകം; അതേസമയം അര്‍ഥഗര്‍ഭമായ മൗനം അടങ്ങിയിരിക്കുന്ന പരാമര്‍ശവും. ഖസാക്കിന്റെ പുസ്തകം ഇറങ്ങുന്നത് 1969-ല്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ 1967-ലും. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയ വര്‍ഷവും അതു തന്നെയാണ്''(വിജയന്‍ ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍, പുറം മറുപുറം)

മലയാള സാഹിത്യത്തിലെ വ്യത്യസ്തധാരകളിലുള്ളവരുടെ കൃതികളെക്കുറിച്ചുള്ള ആസ്വാദനവും വിമര്‍ശനവുമാണ് എന്‍.എസ്. മാധവന്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പുറം മറുപുറം' എന്ന ലേഖനസമാഹാരം. ഏറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയ ബഷീര്‍ വിമര്‍ശനവും ഖസാക്കിലെസമ്പദ് വ്യവസ്ഥയുമുള്‍പ്പെടെ ചങ്ങമ്പുഴ, ആനന്ദ്, വി.കെ.എന്‍, സി.വി.ശ്രീരാമന്‍, സക്കറിയ, ടി.ആര്‍.സഗീര്‍, മാധവിക്കുട്ടി തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികളും വ്യക്തിബന്ധങ്ങളും ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഖസാക്കിലെ സമ്പദ് വ്യവസ്ഥ, വിജയന്‍ ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍, പ്രിയപ്പെട്ട വിജയന് എന്നീ ലേഖനങ്ങളിലൂടെ ഒ.വി. വിജയന്റെ സര്‍ഗാത്മകതയെയും ഭാഷാ പരിജ്ഞാനത്തെയും പരിമിതികളെയും ബൗദ്ധികമായ വിയോജിപ്പുകളും പ്രകടമാക്കുന്നതാണ്. മരണശേഷവും മനുഷ്യന്‍ ജീവിച്ചിരിക്കുന്നവരെ ഭയപ്പെടുന്നു എന്ന തത്വമാണ് പ്രിയപ്പെട്ട വിജയന്‍ എന്ന ലേഖനത്തിലൂടെ എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നത്. കടല്‍ത്തീരത്ത് എന്ന കൃതിയുടെ അവസാനം വെള്ളായിയപ്പന്റെ കയ്യിലെ പൊതിച്ചോറ് ആണ് വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്നത്. ദളിതന്റെ സംസ്‌കാരത്തില്‍ ബലിച്ചോറിനുള്ള പ്രസക്തി അന്വേഷിക്കുക വഴി ഇഴകീറിയുള്ള സാഹിത്യവിമര്‍ശനവും ഈ ലേഖനത്തില്‍ കാണാം.

വൈക്കെ മുഹമ്മദ് ബഷീര്‍ എന്നു ജനിച്ചു, അദ്ദേഹത്തിന്റെ മതിയായ വിദ്യാഭ്യാസമെന്താണ്, അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്ന പ്രസ്ഥാനരാഷ്ട്രീയമെന്തായിരുന്നു തുടങ്ങിയ ചിന്തകള്‍ എന്‍.എസ്. മാധവന്‍ ബഷീര്‍ സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍ എന്ന ലേഖനത്തിലൂടെ വിശദമാക്കുന്നുണ്ട്. ബഷീറിന്റെ ഒരു പാരലല്‍ ജീവചരിത്രരേഖ നിര്‍മിച്ചുകൊണ്ടാണ് ഏറെ വിവാദം സൃഷ്ടിച്ച ഈ ലേഖനം തൃപ്തിപ്പെടുന്നത്. 

book
പുസ്തകം വാങ്ങാം


''ബഷീര്‍ കഥയെഴുതുകയല്ല, പറയുകയാണ് എന്ന് എം.ടി. എഴുതിയത് ശരിയാണെന്നുതോന്നുന്നില്ല. ശില്പത്തിനുമേല്‍ ബഷീറിന് അസാധാരണമായ നിയന്ത്രണമുണ്ടായിരുന്നു. ശബ്ദങ്ങളിലെ മൈതാനരംഗം മലയാളസാഹിത്യത്തിലെ ഒഡേസ സ്റ്റെപ്പ്സ് ആണ്. ബഷാറിന് പഴയ ആകാശവും പഴയഭൂമിയെ കൊടുത്താല്‍ മതി. പക്ഷേ, അദ്ദേഹത്തിന് വേണം പുതിയ വായന'' എന്നും ലേഖകന്‍ നിരീക്ഷിക്കുന്നു.

വി.കെ.എന്‍. ഭാവനയുടെ സ്‌കൂള്‍, ടി.ആര്‍. സാഹിത്യം ഒരു പ്രവേശിക, സക്കറിയയുടെ കഥാലോകം, സി.വി. ശ്രീരാമന്‍ലയാത്രിയുടെ അകവും പുറവും, രമണന്‍; വായനയുടെ ഉള്ളിതൊലിക്കുമ്പോള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ വായനയെയും എഴുത്തിനെയും അകംപുറം മറിക്കുകയാണ് എന്‍.എസ്. മാധവന്‍.

Content Highlights:  N. S. Madhavan new Book Puram Marupuram