ത്യത്തിന്റെ കണ്ണാടിയില്‍ സ്വന്തം മുഖം നോക്കുന്നവനാണ് സൂഫി. ആദിയില്‍, പ്രപഞ്ച സൃഷ്ടിക്കു കാരണഭൂതമായ, നിര്‍വചനാതീതമായ ദൈവ സ്നേഹഹത്തിന്റെ ദര്‍ശനത്തില്‍ സൂഫികള്‍ പലപ്പോഴും പ്രണയികള്‍ ആവാറുണ്ട്. അണുവിനും അതിലും സൂക്ഷ്മമായ തരംഗങ്ങള്‍ക്കും വ്യക്തമായ വഴി  നിര്‍ണയിച്ചു സധാവഴി നടത്തുന്നത് ആ മഹത്തായ സ്‌നേഹത്തിന്റെ  കാരുണ്യമാണ് എന്നത് സൂഫികളെ  സംബന്ധിച്ച് അനുഭവജ്ഞാനമാണ്.

ഈ അനുഭവത്തിന്റെ തീക്ഷ്ണത ഒളിഞ്ഞും തെളിഞ്ഞും സൂഫി രചനകളിലും കാണാവുന്നതാണ്. വാച്യവും വ്യംഗ്യവുമായി, ഒരു വരിക്കു തന്നെ ഒരായിരം അര്‍ത്ഥങ്ങളുമായി അവ നില കൊള്ളുന്നു. അത് കൊണ്ട് തന്നെയാണ് 810 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാശ്ചാത്യരാജ്യങ്ങളില്‍ പോലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കവിതകളിലൊന്നായി റൂമി കവിതകള്‍ മാറിയത്.  പ്രണയത്തിന്റെ സുഗന്ധവും വിരഹത്തിന്റെ വേദനയും അനുഭവത്തിന്റെ ചൂടും ജ്ഞാനത്തിന്റെ വ്യക്തതയുമുണ്ട് അതിലെ വരികള്‍ക്ക്.  

റൂമിയുടെ മസ്‌നവി

മുഹമ്മദ് ജലാലുദ്ദീന്‍ റൂമി എന്ന അനുഗ്രഹീത സൂഫി കവി തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ രചിച്ച അനശ്വര കൃതിയാണ് 'മസ്‌നവി'. ആറു വാള്യങ്ങളിലായി ഇരുപത്തി ഏഴായിരത്തോളം വരികളുള്‍പ്പെടുന്ന ഈ കൃതി 'പേര്‍ഷ്യന്‍ ഖുര്‍ആന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആറു വാള്യങ്ങളില്‍ ആദ്യ രണ്ടു വാള്യങ്ങള്‍ ബൗദ്ധികതയോട് ആഭിമുഖ്യമുള്ള മനുഷ്യന്റെ അധമ മനസ്സിനെയാണ് ചിത്രീകരിക്കുന്നത്. മൂന്നും നാലും വാള്യങ്ങളില്‍ കാര്യ-കാരണ ചിന്തയും ജ്ഞാനത്തെയുമാണ് അവതരിപ്പിക്കുന്നത്. അവസാന രണ്ടു വാള്യങ്ങളില്‍ പറയാന്‍ ശ്രമിക്കുന്നത്, മനുഷ്യന്‍ തന്റെ ദൈവികമായ അവസ്ഥ അറിയണമെങ്കില്‍ ബൗദ്ധികതയോടുള്ള അവന്റെ ബന്ധനങ്ങള്‍ വിച്ഛേദിക്കണം എന്നതാണ്. ഈ രചനയുടെ യഥാര്‍ഥ അര്‍ഥങ്ങള്‍ ആസ്വദിക്കണമെങ്കില്‍ സൂഫി ആത്മീയ തത്വങ്ങളുടെ അടിസ്ഥാന ജ്ഞാനം ഉപകാരപ്പെടും.

അലാവുദ്ദീന്‍ അത്താറിന്റെ 'പക്ഷിപാട്ട്  (Birds Conference ) , ഒമര്‍ ഖയ്യാമിന്റെ 'റുബായിയത്' തുടങ്ങിയ പേര്‍ഷ്യന്‍ കവിതകള്‍ മലയാളത്തിന്റെ മിസ്റ്റിക് കവി ജി. ശങ്കരകുറുപ്പടക്കമുള്ളവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മസ്‌നവിയിലെ കഥകളെയും ഈരടികളെയും പലപ്പോഴയായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചതില്‍, മൂലകൃതിയുടെ കാവ്യ ഭംഗി നിലനിര്‍ത്തിക്കൊണ്ടു സി. ഹംസ വിവര്‍ത്തനം ചെയ്തു, മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച പരിഭാഷയാണ് 'മസ്‌നവി'. മസ്‌നവി ഒന്നാം വാല്യത്തിലെ ആദ്യ നാനൂറില്‍ പരം വരികളുടെ പദ്യ വിവര്‍ത്തനമാണ് ഈ കൃതിയിലുള്ളത്. 

ഈ ഭൂമിയുടെ നിറത്തിലും നാദത്തിലും കലരുമ്പോഴും തന്റെ സ്വത്വത്തെ അറിയാനുള്ള ആഗ്രഹം ഏതൊരു മനുഷ്യന്റെയുള്ളിലും ഉണ്ട്. മസ്‌നവിയുടെ ആദ്യ വാള്യങ്ങളിലെ കവിതകളുടെ പ്രമേയം അതാണ്. 
 
'ശ്രോത്രം വിട്ടകന്നു വിധൂരതയെ പുല്‍കിയോര്‍ 
തേടി തേടിയലയുന്നു വീണ്ടും ശ്രോതസ്സില്‍ ചേരുവാന്‍' 

ആത്മബോധത്തില്‍ നിന്നും വേറിട്ട ഹൃദയത്തിന്റെ പ്രരോദനമാണീ വരികള്‍. മുളങ്കാട്ടില്‍ നിന്നും വെട്ടിമാറ്റിയ ഓടകുഴലിന്റെ പ്രതീകത്തിലാണ് കവി ഇത് ചിത്രീകരിച്ചിരിക്കുന്നത്. 

സൂഫിസത്തില്‍ ആത്മാവിനെ അറിയാന്‍ വ്യക്തമായ വഴിയുണ്ട്. റൂമിയുടെ ദര്‍ശനത്തില്‍ മനുഷ്യന് അവന്റെ ആത്മാവിന്റെ സ്വാതന്ത്ര്യവും അനശ്വരതയും ആര്‍ജിക്കുവാനും വ്യക്തിത്വത്തിന്റെ സമ്പൂര്‍ണ വികാസത്തിനും സ്‌നേഹം, വിവേചന ബുദ്ധി, സത്യാ ഞാനതില്‍ അടിസ്ഥാനമായ കര്‍മം, വൈരാഗ്യം എന്നിവ ആവശ്യമാണ്. 

റൂമി പാടിയിട്ടുണ്ട് :

'എന്നില്‍ നിന്നും നിന്നിലേക്കൊരു വഴിയുണ്ട് 
ഞാന്‍ സദാ തിരയുന്നതും അതാണ് ,
അതിനായ് സ്വച്ഛന്ദവും നിശ്ചലവുമായി ഞാന്‍ നിലകൊള്ളുന്നു.
ജലം ചന്ദ്രബിംബത്തെ ഏറ്റു വാങ്ങുവാനെന്ന പോലെ '

അടിമയെ പ്രണയിച്ച രാജാവും, ഭൂമിയിലിറങ്ങിയ ആത്മാവും: ഒരു മസ്‌നവി കഥ

മസ്‌നവിയിലെ പല കഥകളും ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും എടുത്തതും അതുപോലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ചില കഥകളുമാണ്. എന്നാല്‍ ഒരു സൂഫി യുടെ ജീവിതത്തിലെ പല ഘട്ടങ്ങളെയും അഭ്യാസങ്ങളെയും പറ്റിയുള്ള ധാരണ പ്രതീകാത്മകമായി വായനക്കാര്‍ക്ക് നല്‍കുകയും ചെയ്യും. മസ്‌നവിയില്‍ അടിമയെ പ്രണയിച്ച രാജാവിന്റെ കഥ വളരെ പ്രശസ്ഥമാണ്. 

സന്തുഷ്ടിയുടെയും സമ്പന്നതയുടെയും രാജ്യം ഭരിച്ചിരുന്ന രാജാവ്  വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു കന്യകയെ കണ്ടു. അവളോടുള്ള പ്രണയം രാജാവിന്റെ ഹൃദയം കവര്‍ന്നു. രാജാവയച്ച കുട്ടാളികള്‍ക്കൊപ്പം കന്യക രാജ കൊട്ടാരത്തിലേക്ക് പോരുന്നു. എന്നാല്‍ കൊട്ടാരത്തിലെത്തിയ കന്യകയുടെ ആരോഗ്യം അനുദിനം ക്ഷയിക്കുകയും അവര്‍ രോഗാതുരയാവുകയും ചെയ്തു. അതിനാല്‍ തന്നെ രാജാവിന് കന്യകയെ സമീപിക്കുവാന്‍ സാധിച്ചില്ല. 

ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവി എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യാം

രാജാവിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വൈദ്യന്മാരെ കൊണ്ട് ചികിത്സിപ്പിച്ചെങ്കിലും രോഗത്തിന് പറയത്തക്ക മാറ്റമൊന്നും കണ്ടില്ല. അവസാനം രാജാവിന്റെ മനസ്സര്‍പ്പിച്ചുള്ള പ്രാര്‍ഥനയ്ക്കുത്തരമായി ദൈവം ആത്മജ്ഞാനിയായ ഒരു മഹാ വൈദ്യനെ കൊട്ടാരത്തിലേക്കു അയക്കുന്നു. ഈ ഭാഗം സി. ഹംസയുടെ പദ്യ വിവര്‍ത്തനം വളരെ ആസ്വാദ്യകരമാണ്. ആത്മസാക്ഷാത്കരണത്തിനായി ദീര്‍ഘകാലമായി കാത്തുനിന്ന അന്വേഷകന്‍ ആത്മജ്ഞാനിയായ ഗുരുവിനെ കാണുന്ന രംഗമാണ് രാജാവ് മഹാവൈദ്യനെ ആനയിക്കുന്ന രംഗത്ത് രൂപകങ്ങളായി ചിത്രീകരിക്കുന്നത്:

'ക്ഷമ കൊണ്ട് നേടിയതാണ് ഞാനീവിധി 
ക്ഷമയില്ലെങ്കില്‍ പിന്നെന്തു നേടാന്‍ വിധി 
സത്യ പ്രകാശമേ, ദുരിതങ്ങള്‍കൊക്കെയും  
തടവായിട്ടെന്‍ മുന്നില്‍ വന്നൊരാശ്വാസമേ
     
ക്ഷമയാണ് സകലം തുറക്കുന്ന കുഞ്ചിക-  '
യെന്ന യരുളിന്റെ പൂര്‍ണമാമര്‍ത്ഥമേ,
സംവാദ ചര്‍ച്ചകള്‍ക്കൊക്കെയും തീര്‍പ്പായി-
ട്ടെത്തിയയുത്തമ  പരിഹാര മാര്‍ഗമേ
     
ഞങ്ങള്‍ തന്‍ അന്തരംഗങ്ങള്‍ ചുമന്നിടും 
എന്തിനും വ്യക്തമായ വന്ന വ്യാഖ്യാനമേ
ചെളിയില്‍ പതിച്ചു പാദം പൂണ്ടു നില്‍ക്കുവോര്‍ 
ക്കരികിലേകതിവേഗം നീളുന്ന ഹസ്തമേ
 
സാന്നിധ്യ മരുളണേ പിരിയാതെയിവനങ്
പിരിയുകില്‍ വിധിവന്നു വഴി ക്ലിഷ്ടമാക്കിടും'
 

ബാഹ്യാര്‍ഥത്തില്‍ തേനും, ആന്തരാര്‍ത്ഥത്തില്‍ അമൃതുമാണ് റൂമി കവിതകള്‍. ആ കവിതയുടെ കവിതാഗുണം നിലനിര്‍ത്തിയുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു മലയാള തര്‍ജമയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. 

കവിതയിലെ സൂഫി രൂപകങ്ങള്‍ എന്താണെന്ന് പരിശോധിക്കുമ്പോളാണ് മസ്‌നവിയുടെ മഹത്വം നാമറിയുക. ഈ കഥയിലെ, സമ്പന്നതയുടെയും സംതൃപ്തിയുടെയും ലോകത്തെ രാജാവ്  'പരിശുദ്ധമായ ആത്മാവിന്റെ' പ്രതീകമാണ്. സുന്ദരിയായ കന്യക 'നിര്‍മല ഹൃദയമായാണ്.' നിര്‍മല ഹൃദയമാണ് ആത്മാവ് കൊതിക്കുന്ന ഇരിപ്പിടം. എന്നാല്‍ ഈ കഥയില്‍ കന്യക 'സമര്‍കന്ധിലെ' ഒരു സ്വര്‍ണപ്പണിക്കരാനെ സ്‌നേഹിക്കുന്നു. ഇവിടെ നമ്മുടെ ഹൃദയത്തിനു ഭൗതികതയോടുള്ള താല്പര്യമാണ് സൂചിപ്പിക്കുന്നത്.  ഇത് മനസ്സിലാക്കാന്‍  ഉൾക്കാഴ്ചയില്ലാത്ത സാധാരണ വൈദ്യര്‍ക്ക് സാധിച്ചില്ല. ആത്മജ്ഞാനിയായ ഗുരുവിനു മനുഷ്യന്റെ ആത്മാവിനെ ബാധിച്ച രോഗം പെട്ടന്ന് മനസ്സിലാവുന്നു:

'ദേഹത്തെ യാക്രമിച്ചീടുന്നു വ്യാധികള്‍-
വേറെയാണാത്മാവിന് വ്യതയതു വേറെയും 
പ്രേമാതുരത്വത്തെ ഒരു വെറും രോഗമായ 
കല്പിച്ചു ചികിത്സയ്ക്കും വായ്ത്യന്മാര്‍ ഭോഷന്മാര്‍'
 
പുതുമണ്ണില്‍ കാല്‍ വച്ചാല്‍ നീങ്ങില്ല ഖര്‍ത്ഥഭം
അതുപോലെ ബുദ്ധിക്കു പ്രേമത്തിന് മണ്ഡലം 
പ്രേമവും പ്രേമവിചാരവും എന്തന്നു 
പറയുവാനാവത് പ്രേമത്തിന് മാത്രം
 
സൂര്യന് തെളിവായി സൂര്യനെ കാണാതെ 
സൂര്യന് വിമുഖമായ നിന്നിട്ടു ഫലമെന്തു?' 

ഒന്നിന്റെ നിയലിലുമുണ്ടതിന്റെ യടയാളമെങ്കിലും 
യഥാര്‍ഥ്യമതിലആണത്രേ  ചൈതന്യം'
 

രാജാവിനോട്  കന്യകയെ സ്വര്‍ണപ്പണിക്കാരനെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മഹാവൈദ്യന്‍ പറയുന്നു. കുറച്ചുകാലം അവര്‍ സുഖമായി കഴിയുന്നു. പിന്നീട് സ്വര്‍ണപ്പണിക്കരന് വ്യാധികള്‍ ബാധിക്കുന്നു. രോഗാതുരമായ അയാളോട് പെണ്‍കുട്ടിക്കുള്ള ഭ്രമം കുറയുന്നു. സദാ മാറുകയും ക്ഷയിക്കുകയും ചെയ്യുന്ന ബൗദ്ധിക യാഥാര്‍ഥ്യത്തോട് പഴകിക്കഴിയുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാവുന്ന മടുപ്പാണ് ഇവിടുത്ത പ്രതീകം.

ചുരുക്കിപ്പറയാന്‍ പറ്റുന്ന ഒന്നല്ല മസ്‌നവിയിലെ കഥകളും കവിതകളും. അടര്‍ത്തിയെടുക്കുമ്പോള്‍ അര്‍ഥമാറ്റം വരാം. എന്നാല്‍ പേര്‍ഷ്യന്‍ മൂലകാവ്യത്തില്‍ നിന്ന് തന്നെ വിവര്‍ത്തനം ചെയ്തതിനാലും വിവര്‍ത്തകന്റെ ഈ വിഷയത്തിലുള്ള പരിചയം കൊണ്ടും സി. ഹംസയുടെ  'മസ്‌നവി' വിവര്‍ത്തനം, മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സൂഫീ പുസ്തകങ്ങളില്‍ വായിക്കപ്പെടേണ്ട ഒന്നായി പരിഗണിക്കാം.