'മുക്ക് ഒരിക്കല്‍ മാത്രമേ പ്രേമിക്കാന്‍ കഴിയൂ. മറ്റൊരാളെ കാണുമ്പോള്‍ മനസ്സിന് ഒരാകര്‍ഷണീയത തോന്നിയേക്കാം. കാരണം, ഓരോരുത്തിലുമുണ്ട് ഇഷ്ടപ്പെടേണ്ടതോ അല്ലെങ്കില്‍ വെറുക്കപ്പെടേണ്ടതോ ആയ ചില കാര്യങ്ങള്‍. ഈ ഭാവങ്ങള്‍ രണ്ടും ചേര്‍ന്നാണ് എല്ലാ സൗഹൃദങ്ങളും ചാപല്യങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്നത്. പക്ഷേ, അവയൊന്നും യഥാര്‍ഥ സ്‌നേഹത്തിന്റെ ലക്ഷണങ്ങളല്ല. ഇങ്ങനെയൊരു സ്‌നേഹം ഉണ്ടാകണമെങ്കില്‍ രണ്ടുപേരും വാസ്തവമായും മറ്റേയാള്‍ക്കു വേണ്ടി ജനിച്ചവരായിരിക്കണം. പല തരത്തിലും അവര്‍ തമ്മില്‍ ഒരാത്മബന്ധം ഉണ്ടായിരിക്കണം. അവരുടെ അഭിരുചികള്‍ സമാനമായിരിക്കണം. മനസ്സും ശരീരവും സ്വഭാവവും ഒന്നായിരിക്കണം - ആത്മബന്ധത്തിന്റേതായ ഒരു ശൃംഖല തന്നെ അവര്‍ക്കിടയില്‍ രൂപപ്പെടണം.' ഇതാണ് മരണം പോലെ ശക്തമായ പ്രണയം.

പ്രതിഭ നഷ്ടപ്പെടുന്ന ഒരു ചിത്രകാരന്റെ വികാരങ്ങളെ തന്മയത്വത്തോടെ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ഫ്രഞ്ച് സാഹിത്യത്തിലെ മഹാരഥനായ മോപ്പസാങ്ങ് 'STRONG AS DEATH' എന്ന പുസ്തകത്തില്‍. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് 'മരണം പോലെ ശക്തം'. സ്‌നേഹം, ജീവിതം, മരണം എന്നിവയുടെയും മനുഷ്യ മനസ്സിന്റെ നിഗൂഢതയുടെയും കഥ പറയുന്ന പുസ്തകം വി.ആര്‍ ഗോവിന്ദനുണ്ണിയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആത്മവിശ്വാസവും പ്രതിഭയുമുള്ള ഒരു ചിത്രകാരന് സംഭവിക്കുന്ന മാനസിക പരിവര്‍ത്തനങ്ങളിലൂടെയാണ് ഈ കൃതി കടന്നുപോകുന്നത്.

ജീവിത സായാഹ്നത്തില്‍ താന്‍ പിന്തുടരുന്ന ആദര്‍ശം എന്താണെന്ന് നിശ്ചയമില്ലാത്ത കലാകാരനാണ് ഒലിവിയര്‍. ജനപ്രതിനിധി സഭയില്‍ ഡെപ്യൂട്ടിയായ ഗ്യുല്ലെറോ പ്രഭുവിന്റെ ഭാര്യയായ മാഡം ഗ്യുല്ലെറോയില്‍ അനുരക്തനാകുന്ന ചിത്രകാരനായാണ് എഴുത്തുകാരന്‍ ഒലിവിയര്‍ ബര്‍ട്ടനെനെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്.ബര്‍ട്ടന്റെ സൃഷ്ടികളിലെ സൗന്ദര്യമായിരുന്നു ലോകത്തെ ആകര്‍ഷിച്ചിരുന്നത്.

മരണംപോലെ ശക്തം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യയുടെ ചിത്രം വരയ്ക്കാന്‍ ഒലീവിയര്‍ ബര്‍ട്ടനല്ലാതെ മറ്റാരും അനുയോജ്യനല്ലെന്ന് ഗ്യുല്ലെറോ പ്രഭു തീരുമാനിക്കുന്നതോടെ ഭര്‍ത്താവിനാല്‍ അനുഗതയായി പ്രഭ്വി ബര്‍ട്ടന്റെ താമസസ്ഥലത്തെത്തുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭ്വിയുടെ മകളാണ് കൂടെപ്പോയത്. നാലാം തവണ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോളാണ് ചിത്രകാരന്‍ ആകസ്മികമായി പ്രഭ്വിയോട് അവരെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതെന്താണെന്ന് ചോദിച്ചത്. ആ കണ്ണുകളില്‍ സന്തോഷകരമായ ചിന്ത ആവശ്യമുണ്ടായിരുന്ന ചിത്രകാരന്‍ സ്വന്തം കാര്യങ്ങള്‍ തുറന്നു പറയാന്‍ അവരെ പ്രേരിപ്പിച്ചു. 

ഉചിതമായ നര്‍മോക്തിയും തുറന്ന പെരുമാറ്റവും ലാളിത്യവും കൊണ്ട് അവര്‍ ബര്‍ട്ടനെ വശീകരിക്കുകയും സ്വന്തമാക്കുകയും ചെയ്തു. ചിത്രരചനയ്ക്കിടെ ബര്‍ട്ടന്റെ സംസാരം ശ്രദ്ധിച്ച് അവര്‍ മതിമറന്നു ചിരിക്കുകയും അങ്ങേയറ്റത്തെ ചുറുചുറുക്കോടെ പ്രതിവചനം നടത്തുകയും ചെയ്തു. അങ്ങനെ ചിത്രം വരയ്ക്കാന് ഇരുന്നുകൊടുക്കുന്നത് മാഡം ഗ്യുല്ലെറോ ആസ്വദിക്കാന്‍ തുടങ്ങി. 

പുരുഷന്മാരുടെ ആരാധനയ്ക്ക് വൈമനസ്യം കൂടാതെ നിന്നുകൊടുത്ത പ്രഭ്വി ഒരിക്കലും ചഞ്ചല ചിത്തയായി പെരുമാറിയിരുന്നില്ല. എന്നാല്‍ അവര്‍ക്ക് അപരിചിതമായ ഒരു പ്രകൃതം ചിത്രകാരനില്‍ ദൃശ്യമായത് തുടക്കത്തില്‍ അവരെ സന്തോഷിപ്പിച്ചു. സുമുഖനും പ്രശസ്തനും ബലിഷ്ഠകായനുമായതിനാല്‍ അവര്‍ക്ക് അദ്ദേഹത്തോട് സ്‌നേഹം വര്‍ദ്ധിച്ചു തുടങ്ങി. അവര്‍ പരസ്പരം ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുമാത്രമായി പിന്നീട് ചര്‍ച്ച. ഒരാള്‍ മറ്റൊരാളെ സംതൃപ്തമാക്കാനുള്ള ഉത്കടമായ ആവേശത്തോടെ വാചാലരാവുകയായിരുന്നു.

മോപ്പസാങ്ങിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബര്‍ട്ടനും ഗ്യുല്ലെറോ പ്രഭ്വിയും തമ്മിലുള്ള പ്രണയത്തിലെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ മോപ്പസാങ്ങിന്റെ വാക്കുകളിലൂടെ വരച്ചിടുകയാണ്. താങ്കള്‍ ഒരിക്കലും എന്നെയല്ലാതെ മറ്റാരെയും സ്‌നേഹിച്ചു പോകരുതെന്ന് പ്രഭ്വി ബര്‍ട്ടന് മുന്നറിയിപ്പ് നല്‍കുന്നു. ഒരു കലാകാരന്‍ ആരുടെ ചിത്രവും ഒന്നിലധികം തവണ വരയ്ക്കാറില്ലെന്ന് ബര്‍ട്ടനും പറയുന്നു. 

ഒലീവിയര്‍ ബര്‍ട്ടന്‍ ഗ്യുല്ലെറോ പ്രഭ്വിയുടെ അഭാവത്തിലാണ് അവരുടെ സാമീപ്യം ഏറെ ആഗ്രഹിക്കുന്നത്. അവര്‍ തത്ക്കാലത്തേക്ക് ഒന്നു മാറിനിന്നപ്പോള്‍ അവര്‍ വിട്ടു പോയ ഓര്‍മകളും അവരുടെ ആഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും കാരണം അയാള്‍ അസ്വസ്ഥനാകുകയായിരുന്നു. അവരുടെ ഒരു ഭാഗം, അവര്‍ണനീയമായ എന്തോ ഒന്ന്, തനിക്ക് അടിയറവു വെച്ചിട്ടാണ് അവര്‍ അവിടെ നിന്ന് പോയതെന്ന് ബര്‍ട്ടന് തോന്നിത്തുടങ്ങുന്നു. മറ്റെല്ലാവരിലും ഉപരിയായി തികച്ചും വ്യത്യസ്തമായി അവര്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ നിറഞ്ഞുനിന്നു.

താന്‍ യഥാര്‍ഥത്തില്‍ പ്രണയിക്കുകയാണോ എന്ന് പ്രണയിനിക്ക് മുന്നില്‍ ആത്മവിശകലനം നടത്തുന്ന നായകന്‍മാര്‍ നമുക്കിടയിലുണ്ട്. ബര്‍ട്ടനെയും നോവലിസ്റ്റ് അങ്ങനെത്തന്നെയാണ് വരച്ചിടുന്നത്. വികാരപാരവശ്യത്തോടെ മാഡം ഗ്യുല്ലെറോയെ ചുറ്റിപ്പിണയുന്ന ബര്‍ട്ടന്റെ മാനസികാവസ്ഥ വായനക്കാര്‍ക്ക് മുന്നില്‍ സൂക്ഷ്മമായിത്തന്നെ എഴുത്തുകാരന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്നേഹിക്കുന്നയാളെ ഏതുവിധേനയും തന്നിലേക്കടുപ്പിക്കാനുള്ള ബര്‍ട്ടന്റെ ശ്രമങ്ങളാണ് കഥയുടെ തുടക്കത്തില്‍. പിന്നീട് അവര്‍ വര്‍ഷങ്ങളോളം ആത്മാര്‍ഥമായി പ്രണയിക്കുന്നു. കഥാഗതിയില്‍ എഴുത്തുകാരന്‍ വരുത്തുന്ന മാറ്റങ്ങള്‍ വായനക്കാരുടെ മനസ്സിലും വ്യത്യസ്ത വികാരങ്ങള്‍ ഉണര്‍ത്തുന്നു. യാഥാര്‍ഥ്യം എന്താണെന്ന് ചിലപ്പോഴെങ്കിലും വായനക്കാരുടെ മനസ്സില്‍ സംശയം തോന്നിപ്പിക്കുകയാണ്. 

സഹജമായ പുരുഷവാസനയുടെ പ്രേരണപ്രകാരം ചിത്രകാരനില്‍ വരുന്ന മാനസികപരിവര്‍ത്തനങ്ങളാണ് കഥാഗതിയെ നിയന്ത്രിക്കുന്നത്. കൊഴിഞ്ഞുവീണ ഭൂതകാലവും നഷ്ടപ്പെട്ടുപോയ അനുഭൂതിയും ബര്‍ട്ടന്‍ കണ്ടെത്തുന്നത് മറ്റൊരാളിലാണ്. അതാണ് മോപ്പസാങ്ങിന്റെ ഈ നോവലിനെ വേറിട്ടു നിര്‍ത്തുന്ന പ്രമേയം. അതുതന്നെയാണ് മരണം പോലെ ശക്തമായ പ്രണയമായി വ്യാഖ്യാനിക്കപ്പെടുന്നത്. 

നാം നമ്മുടെ മാതാപിതാക്കളെ സ്‌നേഹിക്കുന്നത് അബോധപൂര്‍വമാണെന്നും അത് സ്വാഭാവികമായ പ്രക്രിയയാണെന്നും കൂടി ഓര്‍മപ്പെടുത്തുന്നു ഈ കഥ. അമ്മയുടെ മരണത്തോടെ നമുക്ക് ബാല്യകാലത്തിന്റെ പകുതി മുഴുവന്‍ കൈമോശം വരികയാണ്. ഏതു നിമിഷത്തിലും മരണം ആരെയും പിടികൂടാമെന്നും മോപ്പസാങ്ങ് ഈ കഥയില്‍ രേഖപ്പെടുത്തി വെക്കുന്നു.

ഒലിവിയര്‍ ബര്‍ട്ടന്‍ തന്റെ അവസാന നാളുകളില്‍ പറയുന്ന വാചകങ്ങളിലെ സാരാംശമാണ് മോപ്പസാങ്ങ് ആറ് അധ്യായങ്ങളിലൂടെ ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് ' ഇപ്പോള്‍ ഞാന്‍ അന്നറ്റെയെ പ്രേമിക്കുന്നു. എന്തെന്നാല്‍ അവള്‍ നിങ്ങള്‍ തന്നെയാണ്. പക്ഷേ, അവളോടുള്ള പ്രേമം എനിക്ക് വെറുക്കാനസാധ്യമായിത്തീര്‍ന്നിരിക്കുന്നു. മൃത്യുവിനേക്കാള്‍ കരുത്തുണ്ടതിന്. ഞാനതിന് പൂര്‍ണമായും അടിമപ്പെട്ടിരിക്കുന്നു- അഗ്നിക്കിരയായ ഒരു കടലാസുകൂമ്പാരം പോലെ'.