ത് വിഷയവും കഥയിലേക്കാവാഹിക്കുമ്പോള്‍ എഴുതുന്ന ആളുടെ മാന്ത്രികസ്പര്‍ശത്താല്‍ മാത്രമാണ് കഥകള്‍ അനുഭൂതിയുടെ ആകാശങ്ങളിലേക്ക് വായനക്കാരെ എത്തിക്കുക. ''മങ്കമ്മാള്‍ സാലൈ'' എന്ന സമാഹാരത്തില്‍ സുജയ നമ്പ്യാരുടെ വിരല്‍ സ്പര്‍ശമിങ്ങനെയാണ് നമ്മെ ആകര്‍ഷണവലയത്തിലാക്കുന്നത്. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ ചരിത്രവും വര്‍ത്തമാനവും സരസമായും സൗന്ദര്യപൂര്‍ണ്ണമായും ഇവിടെ സമ്മേളിക്കുന്നു. എഴുത്തുകാരിയുടെ ഭാവനാവിലാസത്താല്‍ ശോഭിതമാകുന്ന വര്‍ത്തമാനപരിസരം, വായനതീര്‍ന്നാലും ചിന്തിപ്പിക്കുക  തന്നെ ചെയ്യും. ജീവിതവും അനുഭവങ്ങളുമിഴചേര്‍ന്ന് ഓര്‍മ്മചെപ്പില്‍ നിന്നും അടര്‍ന്ന് കഥകളായി വാര്‍ന്നൊഴുകുന്നതിലെ ഭംഗിയും ഒതുക്കവും മലയാളത്തിന്റെ കഥാലോകത്തിന് മുതല്‍കൂട്ടാണ്.

ഉഷാറാണിയെന്ന നടിയുടെ ഓര്‍മ്മകളിലേക്കാണ് 'വിസ്മൃതിയില്‍ നിന്ന് എത്തിനോക്കുന്ന നിഴലുകള്‍'  വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. അത്രയ്ക്ക് പ്രമുഖയല്ലാത്ത ഒരു നടിയ്ക്ക് അവളുടെ മുഖമുറപ്പിയ്ക്കുവാന്‍ സ്വീകരിക്കേണ്ടി വരുന്ന യാതനകളുടെ മുഹൂര്‍ത്തങ്ങള്‍, വൈകാരിക തീവ്രതയെല്ലാം ഉള്ളിലൊളിപ്പിച്ചുകൊണ്ട് എത്രയോ നിസ്സംഗമായി പറഞ്ഞുതീര്‍ക്കുന്നു. ഉഷാറാണിയ്ക്ക് സ്വന്തം സ്വത്വം നഷ്ടമായിത്തീര്‍ന്നതിന്റെ ജീവിതവഴികളിലേക്കാണ് എഴുത്തുകാരി വെളിച്ചം വീശുന്നത്. ഒരു ഉഷാറാണിയെ അല്ല മുഖമില്ലാത്ത അനേകം നടിമാരെ നമുക്കവിടെ കാണാം.
ദാമ്പത്യത്തിന്റെ കപടമുഖങ്ങള്‍ക്കിടയിലൂടെയുള്ള സഞ്ചാരമാണ് അവസാനത്തെ വാക്ക്. ടൈറ്റില്‍ സ്റ്റോറിയായ മങ്കമ്മാള്‍ സാലൈ ചരിത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ചരിത്രവും വര്‍ത്തമാനത്തിന്റെ വരള്‍ച്ചയുമാണിതില്‍. കമലയുടെ ജീവിതം ഏകാന്തതയുടെ തടവറയ്ക്കുള്ളിലാണെന്ന് അവള്‍ തിരിച്ചറിയുന്നത് പോലും മങ്കമ്മാളുടെ ജീവിതകഥ അവളുടെ ഉള്ളിലേക്കരിച്ചിറങ്ങിയപ്പോഴാണ്. മകനും മരുമകളും മുതലെടുത്ത മങ്കമ്മാളുടെ ഇരുളടഞ്ഞ ജീവിതം കമലയുടെ ജീവിതത്തിലേയ്ക്ക് വഴിതെളിച്ചു. ഒരു മുറിക്കുളളില്‍ പുറത്തിറങ്ങാതെ എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച് ശീലിച്ചപ്പോള്‍, ആ ശീലം കമലയുടെ ജീവിതമായി മാറി. ശീലങ്ങളാണ് ഓരോരുത്തരേയും രൂപപ്പെടുത്തുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിന്റെ മറ്റൊരു വാതില്‍ ആര്‍ക്കുമുന്നിലും പ്രത്യക്ഷപ്പെടാം. അങ്ങനെയാണ് മങ്കമ്മാള്‍ കമലയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അടഞ്ഞുകിടന്ന ജീവിതമാണ് കമല പിന്നീട് തുറന്നിട്ടത്. തടവറയുടെ മുഷിഞ്ഞ ഗന്ധം കമല ഓര്‍ത്തെടുക്കുകയും പുറത്തേക്ക് കടക്കുകയും ചെയ്യുന്നതോടെയാണ് കഥ അവസാനിക്കുന്നത്. അല്ലെങ്കില്‍ കമലയുടെ ജീവിതം ആരംഭിക്കുന്നത് എന്നും പറയാം. ഫാന്റസികഥയുടെ സ്വഭാവമുണ്ടെങ്കിലും ജീവിതത്തിന്റെ നഗ്‌നതയിലേക്ക് വഴിതുറക്കുന്നു മങ്കമ്മാള്‍ സാലൈ.

അന്‍വര്‍ ബുര്‍ഹന്‍ -ഒരു അപൊളിറ്റിക്കല്‍ കഥ'യില്‍ ഉള്ളിലൊരു ഓടക്കുഴല്‍ നാദം ഒളിച്ചുവച്ച ബുര്‍ഹന്‍ എന്ന ബീഹാറിയുവാവിന്റെ ദേഹം മണ്ണിടിച്ചിലിനിടയില്‍ പാതിജീവനുമായി മരണത്തോട് മല്ലിടിക്കുന്ന കാഴ്ചയാണ്. ജീവനും മരണത്തിനുമിടക്കുള്ള നീണ്ട കാത്തിരിപ്പിനിടയിലെ തന്റെ ജീവിതം ബുര്‍ഹനോട് സംസാരിക്കുന്നു. നിശബ്ദമാകുന്നവരുടെ ജീവിതത്തിലെ പ്രക്ഷുബ്ധതയുടെ കടല്‍ വരച്ച് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരി നിശബ്ദമാകുന്നവര്‍ എന്ന കഥയില്‍.

'ഗുരുവായൂരില്‍ ഒരു ദര്‍ശനം' എന്ന കഥയിലൂടെ ഏതൊരു ശരാശരി ഹിന്ദുമലയാളിയുടേയും ജീവിതവര്‍ത്തമാനങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട്, അജ്ഞാതമായ ഓര്‍മ്മകളുടെ വലിയ ഭാണ്ഡം വായനക്കാരുനുമുമ്പില്‍ തുറക്കുന്നു. ഒരു സിനിമാക്കഥയുടെ ക്ലൈമാക്‌സുപോലെ അത്ഭുതപ്പെട്ടുകൊണ്ട് അനന്തനെപോലെ നമ്മള്‍ നിന്നുപോകുന്നു. മധുരമീനാക്ഷിയുടെ ജീവിതത്തിലെ ചില കൊച്ചുമുഹൂര്‍ത്തങ്ങള്‍, മധുര പ്രതികാരങ്ങളുടെ നിര്‍വൃതികള്‍ ഇവയെല്ലാം പങ്കുവയ്ക്കുന്നതാണ് മീനാക്ഷിവിജയമെന്ന കഥ. ഒരു സ്ത്രീയെന്ന രീതിയില്‍ മീനാക്ഷി അഭിമാനം കൊള്ളുന്ന സന്ദര്‍ഭങ്ങളെ സൂക്ഷ്മമായി ജീവിതത്തിന്റെ വിശാലമായ പരിസരങ്ങളില്‍ നിന്നും വാരിയെടുത്തിരിക്കുന്നു. തോല്വികളല്ല, ഒട്ടും ചെറുതല്ലാത്ത വിജയത്തിന്റെ നിമിഷങ്ങള്‍ സരസമായിത്തന്നെ സുജയനമ്പ്യാര്‍ അവതരിപ്പിക്കുന്നു. ഒരു പട്ടാളക്കാരന്റെ പ്രത്യക്ഷവും പരോക്ഷവുമായ ജീവിതമാണ് കില്‍ഡ് ഇന്‍ രംഗൂണ്‍. ഭാര്യയുടെ മരണശേഷം മാത്രം നാട്ടിലെത്താന്‍ കഴിഞ്ഞ കൃഷ്ണന്‍നായരെന്ന പട്ടാളക്കാരന്റെ വേദനിപ്പിയ്ക്കുന്ന ജീവിതമാണീ കഥ.

പ്രിയയുടേയും ഗ്രീഷമെന്ന സിഖ് ചെറുപ്പക്കാരന്റേയും പ്രണയത്തിനുള്ളിലേക്ക് കയറിവന്ന പ്രിയയുടെ കുട്ടിക്കാലത്തെ കാരമുള്ള് പോലെയുള്ള ഓര്‍മ്മയുടെ കഥയാണ് ലോലിത. കുട്ടിക്കാലത്ത് ശാരീരികമായ ചൂഷണത്തിന് വിധേയമാകുന്ന പെണ്‍കുട്ടികളുടെ മനസ്സ് കാലമെത്ര കഴിഞ്ഞാലും ഓര്‍മ്മകളുടെ ഈ വിങ്ങലുകളും പേറിയുള്ളതായിരിക്കുമെന്ന മനഃശാസ്തരപരമായ കാഴ്ചപ്പാട് ഈ കഥ മുന്നോട്ടുവയ്ക്കുന്നു.
'രമണി'യെന്ന വീട്ടുപണിക്കാരി പെണ്‍കുട്ടിയുടെ ജീവിതവും അവള്‍ ജീവിച്ച കാലവും നാട്ടുമ്പുറത്തെ വല്ലായ്മകളുടെ ഉള്ളനക്കങ്ങളും പേറിയാണ് 'ചീത്തപ്പേര്' എന്ന കഥ പുരോഗമിക്കുന്നത്. രമണിയുടെ കഥകള്‍ കേട്ട് കൗതുകകണ്ണുകള്‍ മിഴിച്ചിരുന്ന കുട്ടിക്കാലം ഓര്‍ക്കുന്ന രമണിയുടെ ദാരുണാന്ത്യത്തില്‍ വേദനിക്കുന്ന നിമിഷം, ഒരു വള്ളുവനാടന്‍ ഗ്രാമീണപശ്ചാത്തലത്തില്‍ നമ്മുടെ മനസ്സിലും തങ്ങിനില്ക്കും.

book
പുസ്തകം വാങ്ങാം

ഓരോ കഥയും വായനക്കാരോട് സംവദിച്ചുകൊണ്ട് കാഴ്ചകള്‍ ഉണര്‍ത്തിക്കൊണ്ട് മുന്നോട്ട് സഞ്ചരിക്കുന്നു. കഥയുടെ ഒതുക്കവും ലാളിത്യവും കഥാലോകത്തിലേയ്ക്കുള്ള സുജയാനമ്പ്യാരുടെ കാല്‍വയ്പുകളെ ഭദ്രമാക്കുന്നു. മാനുഷികതയും മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധവും നാട്ടിന്‍പുറവുമെല്ലാം എഴുത്തില്‍ നിറഞ്ഞിരിക്കുന്നു. ജീവിതസഞ്ചാരങ്ങളില്‍നിന്ന് വാരിനിറച്ച അനുഭവങ്ങളുടെ ചൂടും കഥകളെ വ്യത്യസ്തമാക്കുന്നു. വര്‍ത്തമാനജീവിതവും ചരിത്രവും ഫാന്റസിയും സറ്റയറുമെല്ലാം ഒരുപോലെ വഴങ്ങുന്ന കഥയെഴുത്തിന്റെ തന്ത്രങ്ങളെല്ലാം കയ്പിടിയിലൊതുക്കിയ സുജയനമ്പ്യാര്‍ മലയാള കഥാലോകത്തിലേയ്ക്ക് ഏറെ സംഭാവനകള്‍ നല്കുമെന്നത് സംശയരഹിതമാണ്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mankammal Salai Malayalam Book Review