അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു ! 

നാലപ്പാട്ട് നാരായണമേനോന്‍ എഴുതിയ കവിതാ ശകലം പോലെയാണ് മനുഷ്യന്റെ അവസ്ഥ. സാങ്കേതികമായി പറഞ്ഞാല്‍ മനുഷ്യന്‍ ജനനം മുതല്‍ മരണം വരെ അജ്ഞനാണ് ഈ പ്രപഞ്ചത്തെപ്പറ്റി. എന്നാല്‍ അതി ബൃഹത്തായ ഈ പ്രപഞ്ചത്തെ ഉള്‍ക്കൊള്ളനായി രൂപപ്പെടുത്തിയതാണ് മനുഷ്യ ശരീരം എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ യുക്തി നമ്മെ അനുവദിക്കാറില്ല. ഈ യുക്തിയെ തന്നെ ചോദ്യം ചെയ്യുകയാണ് സദ്ഗുരു ജഗ്ഗി വാസുദേവ്. ശരീരം ശ്രേഷ്ഠമായ ഉപകരണം എന്ന പുസ്തകത്തിലൂടെ ശരീരത്തിന്റെ അനന്ത സാധ്യതകളെ പരിചയപ്പെടുത്തുകയാണ് സദ്ഗുരു ചെയ്യുന്നത്. 

പ്രപഞ്ചത്തെയാകമാനം അറിയാനും അനുഭവിക്കാനുമുള്ള ഉപകരണമാണ് ഈ ശരീരം എന്ന് സദ്ഗുരു വിശദീകരിക്കുന്നു. യോഗസാധനയിലൂടെ രോഗത്തിന്റെ മുലകാരണം എങ്ങനെ കണ്ടെത്താമെന്നും രോഗങ്ങളില്‍ നിന്ന് പൂര്‍ണമായി വിമുക്തമാകാന്‍ പാകത്തില്‍ ശരീരത്തെ എങ്ങനെ സംരക്ഷിക്കാമെന്നും സദ്ഗുരു വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രഭാഷണങ്ങളില്‍ യോഗയുടെ ശാസ്ത്രീയതയും മനുഷ്യ ശരീരത്തിന്റെ സങ്കീര്‍ണമായ വ്യാപ്തിയേപ്പറ്റിയും വിശദീകരിക്കുന്നു. ആധുനിക ആരോഗ്യ ശാസ്ത്രങ്ങളേ പിന്‍പറ്റി ശരീരത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നവരുടെ യുക്തിക്ക് മേലേയാണ് ഇതിലെ ഒരോ പ്രഭാഷണങ്ങളും. 

ശരീരത്തിന്റെ ആധാര ശിലകളായ ഭൂമി, ജലം, അഗ്‌നി, ആകാശം, വായു തുടങ്ങിയ പഞ്ചഭൂതങ്ങളെ പറ്റിയും അവയെ ശരിയായി പരിപാലിച്ച് ശരീരത്തെ അഖീലാണ്ഡത്തിന്റെ നാരായം തന്നെയാക്കി മാറ്റാമെന്ന് സദ്ഗുരു വിശദീകരിക്കുന്നു. ഹഠയോഗയുടെ ശാസ്ത്രവും, ശ്വാസത്തിന്റെ വീര്യത്തേപ്പറ്റിയും ജീവിതത്തേയും മരണത്തേയും നിയന്ത്രിക്കാനുള്ള അതിന്റെ വൈഭവത്തേ പറ്റിയും അദ്ദേഹം വിശദീരകരിക്കുന്നുണ്ട്. 

മനുഷ്യനെന്നത്് സുസ്ഥിരമായ അവസ്ഥയല്ല, ഒരു പ്രവാഹമാണ്. മാറ്റങ്ങളുടെ ഒരു സമാവസ്ഥ. ഒരുനിമിഷം ദൈവമായവന് അടുത്ത നിമിഷം മൃഗമായി മാറാനുമാകും. ദൈവമാകണോ അതോ മൃഗമാകണോ എന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഉണ്ടാകുന്ന അവസ്ഥാ വിശേഷമാണ്. പരിതസ്ഥിതികള്‍ എന്തുതന്നെയായാലും അതിന് വശപ്പെടാതെ സമാവസ്ഥയിലെത്താനുള്ള ഉപാധിയാണ് യോഗ. 

ശരീരത്തിലെ ഓരോ അണുഘടകങ്ങളും സൃഷ്ടിയിലെ സര്‍വവസ്തുക്കളുമായി നിതാന്തമായ വ്യവഹാരത്തിലാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. എന്നാല്‍ ഇത് അനുഭവിച്ചറിയാനുള്ള മാര്‍ഗമായാണ് യോഗയെ സദ്ഗുരു അവതരിപ്പിക്കുന്നത്. ബുദ്ധിമുട്ടേറിയ യോഗ സാധനകള്‍ വശമാക്കുന്നതിനെയല്ല ഇവിടെ യോഗയെന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അത് സൃഷ്ടിയിലെ സര്‍വതിനോടുമുള്ള ഐക്യം പ്രാപിക്കലാണെന്ന് സദ്ഗുരു വിശദീകരിക്കുന്നു.

യോഗയുടെ അടിസ്ഥാനമെന്നത് ശരീരത്തെ മെച്ചപ്പെട്ട ഉപകരണമാക്കി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുക എന്നതാണ്. അതിനെ ശരിയി ഉപയോഗിച്ചാല്‍ ശരീരത്തിന്റെ പ്രപഞ്ചത്തിന്റെ തന്നെ അച്ചുതണ്ടായി മാറാനാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നട്ടെല്ലിനെ യോഗ ശാസ്ത്രമനുസരിച്ച് അദ്ദേഹം വിശദീകരിക്കുന്നു. ഇഢ, പിംഗള നാഡികളേക്കുറിച്ചും, ശരീരത്തിലെ ഉര്‍ജ സ്പന്ദനത്തിന്റെ കേന്ദ്രമായ ചക്രങ്ങളേപ്പറ്റിയും ലളിതമായി അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകള്‍ വെച്ച് നോക്കിയാല്‍ ഇവയൊക്കെ അസംബന്ധങ്ങളെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. താന്‍ പറയുന്നത് വിശ്വസിക്കാനല്ല സദ്ഗുരു ആവശ്യപ്പെടുന്നത്. മറിച്ച് പരീക്ഷിച്ചു നോക്കുവാനാണ്. 

ഭക്ഷണം, രോഗം, സമാധാനം തുടങ്ങി മനുഷ്യന്റെ സകല പ്രതിസന്ധികളേപ്പറ്റിയും യോഗയിലധിഷ്ടിതമായ കാഴ്ചപ്പാടാണ് സദിഗുരു അവതരിപ്പിക്കുന്നത്. പഞ്ചഭൂതങ്ങള്‍ എന്താണെന്നും അവ മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ എപ്രകാരം ഇടപെടുന്നുവെന്നും അവയെ അതിജീവിക്കാനെ അവയില്‍ നിന്ന്  മാറാനില്‍ക്കാനൊ യോഗ സഹായിക്കുന്നു. യോഗയുടെ വിശാലമായ ആകാശത്തിലേക്കുള്ള പാതയിലേക്ക് അദ്ദേഹം നമ്മെ ക്ഷ്ണിക്കുകയാണ്. അത് സ്വീകര്ിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

ശരീരം മാത്രമല്ല അതിന്റെ സത്തയായ മനസും അന്തമായ സാധ്യതകളുടെ കടിഞ്ഞാണാണെന്നാണ് സദ്ഗുരു പറയുന്നത്. മനസ് എന്താണെന്ന് ആലോചിച്ച് സമയം കളയുകയാണ് നമ്മില്‍ പലരും. വാസ്തവത്തില്‍ അതെന്താണെന്നതിലല്ല പ്രാധാന്യമിരിക്കുന്നത്. നിത്യജീവിതാനുഭവങ്ങളെ അത് എപ്രകാരമാണ് സ്വാധീനിക്കുന്നതെന്നാണ് അറിഞ്ഞിരിക്കേണ്ടത്. ഇതിനെപ്പറ്റിയുള്ള വിശദീകരണമാണ് മനസ് സ്വന്തം വ്യവഹാരം എന്ന ഗ്രന്ഥത്തിലൂടെ സദ്ഗുരു നല്‍കുന്നത്. ഒരു മനശാസ്ത്ര ഗ്രന്ഥമായി വേണമെങ്കില്‍ ഇതിനെ വിശദീകരിക്കാം. ലളിതമാണ ഇതിന്റെ ഭാഷയും പ്രയോഗങ്ങളും.

മനസെന്നത് നിങ്ങളുടെ തന്നെ സൃഷ്ടിയാണ്. അനുഭവങ്ങള്‍, അറിവുകള്‍, പ്രവൃത്തികള്‍ എന്നിവയുടെ ആകെത്തുകയാണ് മനസ് എന്ന് വേണമെങ്കില്‍ പറയാം. നിരന്തരമായ ഒഴുക്കാണ് മനസെന്ന് ആസ്തിക്യമെന്ന് നമുക്കറിയാം. അനന്തമായ ഇഷ്ടാനിഷ്ടങ്ങള്‍, വിലക്കുകള്‍, മനോഭാവങ്ങള്‍, ശീലങ്ങള്‍, ധര്‍മം, അധര്‍മം എന്നിവയേപ്പറ്റിയുള്ള ധാരണകള്‍, അവയുടെ ആചരണങ്ങള്‍ എന്നുവേണ്ട ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത തമ്മില്‍ പൊരുത്തമില്ലാത്ത സങ്കല്‍പങ്ങളുടെ സമ്മിശ്രമായ വലയാണ് മനസെന്ന പ്രഹേളിക. വാസ്തവത്തില്‍ ഈ സങ്കല്‍പമാണ് ചുറ്റുപാടുകളുമായി എങ്ങനെ ഇടപെടണമെന്ന് എന്ന് നിശ്ചയിക്കുന്നത് തന്നെ. 

മനസിന്റെ നിയന്ത്രണം, നിര്‍മലമായ ചിന്തകള്‍ തുടങ്ങി അറുപഴഞ്ചന്‍ മിഥ്യാ ധാരണകളെ തുറന്നുകാട്ടി ധാര്‍മികതയ്ക്കും അപ്രായോഗികമായ ഉപദേശങ്ങള്‍ക്കുമപ്പുറം മനസിന്റെ  കപട നാടകങ്ങളെ തുറന്നുകാട്ടുകയാണ് ഇതിലൂടെ സദ്ഗുരു ചെയ്യുന്നത്. 

സര്‍ക്കസിലെ കോമാളിയോപ്പോലെയാണ് മനസ്. പുറമെ അടുക്കും ചിട്ടയുമില്ലെന്ന് തോന്നിക്കുമെങ്കിലും ഏകോപനമുള്ള ഒരു കൃത്യത്തെ കരുതിക്കൂട്ടി അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കുകയാണ് മനസ് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മനസിന്റെ ഈ സര്‍ക്കസിന്റെ അപാരമായ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് സദ്ഗുരു വിശദീകരിക്കുന്നത്. എന്റേത്, ഞാന്‍, തെറ്റ്, ശരി തുടങ്ങിയവയുമായുള്ള സമീകരണമാണ് നിത്യജീവിതത്തെ പ്രയാസകരമാക്കുന്നത്. അല്ലാതെ അവയുമായി നിങ്ങള്‍ എപ്രകാരം ബന്ധപ്പെടുന്നു എന്നതല്ല. 

ശ്വസിക്കുന്ന വായുവിനോടും, ചവിട്ടി നില്‍ക്കുന്ന മണ്ണിനോടുപോലും വിവേചനമില്ലാതെ പെരുമാറാന്‍ സാധിക്കുമ്പോഴാണ് മനസ് നിങ്ങള്‍ക്ക് വശംവദനാകുന്നത്. അപ്പോള്‍ ആനന്ദം മാത്രമാണ് ഉണ്ടാവുകയെന്ന് സദ്ഗുരു വിശദീകരിക്കുന്നു. പ്രണയിനേയോ, സ്വന്തം കുഞ്ഞിനേയോ നോക്കുന്ന വികാര വായ്പോടെ സമീപത്തുനില്‍ക്കുന്ന മരത്തേയോ, പൂവിനേയോ വീക്ഷിക്കാന്‍ സാധിക്കുന്നിടത്താണ് വിജയം തുടങ്ങുന്നത്. പ്രശ്നങ്ങള്‍ പുറത്തല്ല അവ നിങ്ങളുടെ അകത്തുതന്നെയാണ്. അപ്പോള്‍ പ്രശ്നങ്ങളെ തീര്‍ക്കാന്‍ പുറത്തേക്ക് നോക്കുന്നത്, പുറത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് അവസാനമില്ലാത്ത പ്രവൃത്തിയായി തീരുമെന്നും, സമാധാനവും സന്തോഷവും അന്യമായി തീരുമെന്നും അദ്ദേഹം പറയുന്നു. 

ശരീരം ശ്രേഷ്ഠമായ ഉപകരണം / മനസ്സ് സ്വന്തം വ്യവഹാരം എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മനസെന്ന് പറയുന്നത് സമൂഹത്തിന്റെ കുപ്പത്തൊട്ടിയാണ്. വരുന്നവരും പോകുന്നവരും അവയില്‍ എന്തെങ്കിലും നിക്ഷേപിച്ചിട്ടു പോകും. അത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. എന്നാല്‍ കുപ്പത്തൊട്ടിയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഏപ്പോഴും കുപ്പത്തൊട്ടി തുറന്നുവെച്ചാല്‍ അത് ദുര്‍ഗന്ധമുണ്ടാക്കും. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം അത് തുറക്കുക എന്നതു മാത്രമാണ് പോംവഴി. യോഗയിലൂടെ മനസിന്റെ യജമാനനാകാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നു. 

ജീവന്റെ ഒരു തുണ്ട് മാത്രമായി നിലനിന്ന് ഒന്നിനോടും സമീകരിക്കപ്പെടാതെ വേറിട്ട് നില്‍ക്കുമ്പോഴാണ് മനസ് സ്വസ്ഥമാകുന്നതെന്ന് സദ്ഗുരു പറഞ്ഞുതരുന്നു. അതിന് താത്വികമായ ചിന്തകളും അവലോകനങ്ങളും ഉപേക്ഷിക്കേണ്ടിവരും. അതിനുള്ള ധൈര്യമാണ് കാട്ടേണ്ട്ത. യോഗ അതിന് സഹായിക്കുമെന്ന്് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

manassuswantham vyavaharamനമുക്ക് നാമെ പണിവതു നാകം നരകവുമതുപോലെ എന്ന് കേട്ടിട്ടില്ലെ. മനുഷ്യന്റെ ദുരിതങ്ങളില്‍ അധികവും മാനസികമാണ്. അത് മുഴുവനും സ്വയം കൃതാനര്‍ഥമാണുതാനും. ഇതിനൊക്കെ കാരണമായി ഭവിക്കുന്നതോ അവന്റെ വിവേചന ബുദ്ധിയും. വിവേചന ബുദ്ധിയെ ഉപേക്ഷിക്കേണ്ടതില്ല. അതില്ലെങ്കുല്‍ അതിജീവനം അസാധ്യമായി മാറും. യോഗ സാധനയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. 

അപാരതെയെ പുല്‍കാനുള്ള സ്വാതന്ത്ര്യമാണ് പ്രകൃതി മനുഷ്യന് നല്‍കിയിട്ടുള്ളത്. ഭൂമിയിലെ മറ്റൊരു ജീവി വര്‍ഗത്തിനും ഈ സ്വാതന്ത്ര്യം പ്രകൃതി നല്‍കിയിട്ടില്ല. ആ സ്വാതന്ത്ര്യം സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കാനായാണ് നമ്മള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിനെ മറികടക്കാനുള്ള ഉപായങ്ങളാണ് രണ്ടാമത്തെ ഗ്രന്ഥത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.