• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

തന്റെ വയറ്റില്‍ ദൈവം വളരണോ മനുഷ്യന്‍ വളരണോ എന്നു തീരുമാനിച്ച ആശാന്റെ സീതയ്‌ക്കൊരു പുനര്‍വായന

libesh
May 2, 2020, 12:49 PM IST
A A A

സീത ചിരിച്ചു കൊണ്ട് മറുപടി പറയുന്നു: '' ദൈവങ്ങള്‍ക്കുണ്ടോ ഈ നാട്ടില്‍ പഞ്ഞം? ഇല്ല മീനാക്ഷി ഒരു വെറും ഈശ്വരനായ് വീണുപോകാന്‍  അവനെ ഞാന്‍ വിടില്ല.

# ലിബേഷ് കാരിയിൽ
 തന്റെ വയറ്റില്‍ ദൈവം വളരണോ മനുഷ്യന്‍ വളരണോ എന്നു തീരുമാനിച്ച ആശാന്റെ സീതയ്‌ക്കൊരു പുനര്‍വായന
X

മാതൃഭൂമി ഡോട് കോം ലോക്ഡൗൺ കാലം സർഗാത്മകമാക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ക്ഷണിച്ച സൃഷ്ടികളിൽ നിന്നും തിരഞ്ഞെടുത്ത വായനക്കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയാണ് വായനക്കാരനായ ലിബേഷ് കാരിയിൽ വായനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

കവിതയെന്ന മാധ്യമത്തിലൂടെ ജാതിമേധാവിത്വത്തിനെതിരെ പോരാടി അതൊരു കലാപമായി സമൂഹത്തിലുയർത്തിക്കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചത് കുമാരനാശാനാണ്. വ്യക്തമായ സാമൂഹ്യപരിവർത്തനം മുന്നിൽകണ്ട് അതിലേക്കുള്ള പ്രയാണത്തിന് സാഹിത്യത്തെ ഉപയോഗപ്പെടുത്തുകയാണ് ആശാൻ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും പോലുള്ള കവിതകളിലൂടെ ചെയ്തത്.

പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങളുടേയും സന്ദർഭങ്ങളുടേയും പുനഃസൃഷ്ടിയിൽ മാത്രം അഭിരമിച്ചിരുന്ന മലയാളസാഹിത്യലോകത്തേക്ക് സ്വന്തമായ കഥാപാത്രസൃഷ്ടിയിലൂടെ കടന്നുവരികയും അവർക്ക് സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്ന് കൊടുക്കുകയും ചെയ്ത് പുതിയൊരു സാഹിത്യപശ്ചാത്തലത്തിന് അടിത്തറ പാകുകയായിരുന്നു ആശാൻ. മിശ്രവിവാഹമെന്നത് ചിന്തിക്കാൻ പോലും പറ്റാത്തവിധം സമൂഹം ജാതിവർണ വ്യവസ്ഥയുടെ പിടിയിലമർന്നിരുന്ന കാലത്താണ് ആശാൻ തന്റെ ചാത്തൻ പുലയനെക്കൊണ്ട് ബ്രാഹ്മണയുവതിയായ സാവിത്രിയെ പരിണയിപ്പിക്കുന്നത്.

നളിനി, കരുണ, ലീല, വീണപൂവ് തുടങ്ങിയ കവിതകളിലൂടെയെല്ലാം സ്വതന്ത്ര പാത്രസൃഷ്ടി നടത്തിയ ആശാൻ സ്വീകരിച്ച ഒരേയൊരു പുരാണകഥാപാത്രമാണ് രാമായണത്തിലെ സീത.

ഗർഭിണിയായിരിക്കെ ശ്രീരാമനാൽ കാട്ടിലുപേക്ഷിക്കപ്പെട്ട സീതയെ വാല്മീകിയും എഴുത്തച്ഛനും ചിത്രീകരിച്ചതിൽനിന്നും തികച്ചും വ്യത്യസ്തമായാണ് ആശാൻ അവതരിപ്പിക്കുന്നത് .
ഭർത്താവിനാൽ അവഗണനയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും സർവംസഹയായി എല്ലാം ഉള്ളിലൊതുക്കി അളവറ്റ ഭർതൃസ്നേഹത്തിന്റെ ഉദാത്തമാതൃകയായ് വർത്തിച്ചവളാണ് ആശാന് മുമ്പുള്ള സീത.

എന്നാൽ അഭിമാനിയും ഉജ്ജ്വല വ്യക്തിത്വത്തിനുടമയുമായ സീതയെയാണ് ആശാൻ അവതരിപ്പിക്കുന്നത്. ഭർത്താവിന്റെ തെറ്റുകുറ്റങ്ങളേയും ഭരണകൂടത്തിന്റെ നെറികേടുകളേയും പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയേയുമെല്ലാം അവൾ രൂക്ഷമായി വിമർശിക്കുന്നുണ്ട്. വളർന്നുവരേണ്ട നവോത്ഥാനകാലത്തിലേക്ക് ആശാൻ മുൻകൂട്ടി പ്രതിഷ്ഠിച്ചുവച്ച ചോദ്യങ്ങൾ ചോദിക്കുന്ന,പ്രതികരിക്കുന്ന പെണ്ണിന്റെ പ്രതിനിധിയാണ് അവൾ. അവൾക്ക് ക്ഷോഭമുണ്ട്, പ്രതിഷേധമുണ്ട്.

''ആട്ടക്കാരിയെ പോലെ അണിഞ്ഞൊരുങ്ങി നടക്കുന്നോ '' എന്ന് മാറ്മറച്ച് നടക്കുന്ന പെണ്ണിനെനോക്കി കലമ്പുന്ന അമ്മൂമ്മമാരും ഭ്രഷ്ട് കൽപ്പിക്കുന്ന ജന്മിതമ്പ്രാക്കന്മാരും അരങ്ങൊഴിഞ്ഞിട്ടില്ലാത്തൊരു കാലത്താണ് ആശാൻ ചിന്തിക്കുന്ന പെണ്ണിലൂടെ പുരുഷന്റെ സകലമേൽക്കോയ്മാ മനോഭാവത്തേയും തച്ചുടയ്ക്കുന്നത്.

''സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്തവഹിച്ചു സീതപോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ''

മക്കളായ ലവകുശന്മാർ വാല്മീകി മഹർഷിയോടൊപ്പം അയോദ്ധ്യയിലേക്ക് പോയിരിക്കുന്നു. അവിടെ രാജസൂയയാഗം നടക്കുകയാണ്. മഹർഷി പഠിപ്പിച്ച ശ്രീരാമചരിതം രാമസമക്ഷം അവതരിപ്പിക്കുക കൂടി ചെയ്യും ലവകുശന്മാർ. ഈ സമയം ആശ്രമത്തിൽ ഏകാകിനിയായ സീത തമസാനദിയുടെ തീരത്തുള്ള മരച്ചുവട്ടിലിരുന്ന് കഴിഞ്ഞുപോയ കാര്യങ്ങളെ ഒന്നാകെ ഓർത്തെടുക്കുകയും ശരിതെറ്റുകളെ വിമർശനബുദ്ധിയോടെ ചോദ്യം ചെയ്യുകയും ഒടുവിൽ സ്വയം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ലോകത്തോട് വിടപറയുന്നതുമാണ് ചിന്താവിഷ്ടയായ സീതയിലെ ഇതിവൃത്തം.

സീതയുടെ ചിന്തകൾ ഇപ്രകാരമാണ്: സംശയത്തിന്റെ പേരിൽ എന്നും പരീക്ഷണങ്ങൾക്ക് വിധേയയാവേണ്ടി വന്നളാണ് താൻ. പതിവ്രതയായിട്ടും ഭർത്താവിനാൽ സംശയിക്കപ്പെടുന്നവളായ് മറ്റുള്ളവർക്ക് മുന്നിൽ ജീവിക്കേണ്ടി വന്നവൾ. അപകീർത്തി ഭയന്ന് അന്ധനായ ഭാർത്താവായും അധികാരമോഹം രാമന് പൈതൃകമായ് ലഭിച്ചതാണെന്നുമുള്ള കടുത്ത വിമർശനങ്ങളിലേക്ക് വരെ ആശാന്റെ സീത കടന്നുചെല്ലുന്നുണ്ട്. കൊട്ടാരത്തിൽ മാതാപിതാക്കളേയും ഗുരുക്കന്മാരേയും പൂജിച്ച് കഴിയണമെന്നുള്ള രാമന്റെ നിർദ്ദേശത്തെ തള്ളിക്കളഞ്ഞ് അദ്ദേഹത്തോടൊപ്പം നീണ്ട വനവാസത്തിന് പോയവളാണ് താൻ. പക്ഷേ ഇന്നിതാ ഗർഭിണിയായ തന്നെ തനിച്ച് കാട്ടിലുപേക്ഷിച്ച് അദ്ദേഹം രാജാവായ് വാഴുന്നു.

''നിഹതാരികൾ ഭൂ ഭരിക്കുവാൻ
സഹജന്മാർ നൃപനില്ലി യോഗ്യരായ് ?
സഹധർമ്മിണിയൊത്തു വാഴുവാൻ
ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?''

രാജ്യം ഭരിക്കുവാൻ യോഗ്യരായ സഹോദരന്മാർ ഇല്ലാത്തതു കൊണ്ടാണോ, അതോ സഹധർമ്മിണിയൊത്ത് വാഴുവാൻ ഈ വനത്തിൽ വേണ്ടുവേളം സ്ഥലമില്ലാത്തതുകൊണ്ടാണോ തന്നെ തനിച്ച് കാട്ടിലുപേക്ഷിച്ചത്? രാമന്റെ അധികാരമോഹത്തേയാണ് സീത ചോദ്യം ചെയ്യുന്നത്. ഉത്തമപുരുഷനായും മര്യാദാപുരുഷോത്തമനായും കാലകാലങ്ങാളായ് വാഴ്ത്തപ്പെട്ടിരുന്ന രാമനെ ആ സ്ഥാനത്ത് നിന്നും പടിയിറക്കി വിടുകയാണ് സീത. രാമന്റെ കുറവുകളിലേക്ക് അവന്റെ പെണ്ണ് എല്ലാ സഹനങ്ങൾക്കുമവസാനം തൊടുത്തുവിടുന്ന ചോദ്യശരങ്ങൾ അതുവരെ സങ്കൽപ്പിക്കപ്പെട്ടിരുന്ന രാമവിഗ്രഹത്തിന്റെ സകല പ്രതിച്ഛായയും മാറ്റിമറിക്കുന്നു. ആശാന്റെ സീത ആദർശവതിയാണ്. അതുകൊണ്ടാണ് ''പെട്ടന്നൊരു സുപ്രഭാതത്തിൽ ഞാനെങ്ങനെയാണ് രാജ്യത്തിനും അങ്ങേയ്ക്കും നിന്ദ്യയായ് മാറിയതെന്നും ഒരു രാജാവെന്ന നിലയിൽ എന്നെക്കുറിച്ച് കേട്ടപഴികളൊക്കെ അങ്ങ് പരിശോധിച്ചോ'' എന്നും രാമനോട് ചോദിക്കുന്നത്.

വാർഷങ്ങളോളം കാട്ടിൽ കഴിയേണ്ടി വന്നതും രാക്ഷസചക്രവർത്തി കടത്തിക്കൊണ്ടുപോയതും തടവിൽ പാർപ്പിച്ചതുമെല്ലാം തന്റെ കുറ്റംകൊണ്ടാണോ?
വാത്മീകിയുടേയും എഴുത്തച്ഛന്റേയും സീതയിൽ നിന്നും വേറിട്ട് യുക്തിപൂർവമായ
ചോദ്യങ്ങൾ ചോദിക്കുന്ന ആധുനിക കാലത്തെ സ്ത്രീയായി ആശാന്റെ സീത മാറുന്നു. ഈ മാറ്റങ്ങളുടെയെല്ലാം പരിണിതഫലം രാമനെന്ന ആൺകോയ്മ്മ കൂടുതൽ കൂടുതൽ ഇരുണ്ടകാലങ്ങൾക്കപ്പുറത്തേക്ക് നാടുകടത്തപ്പെടുന്നു എന്നതാണ്.

''നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ!
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽ മോഹിച്ചതു ഞാൻ പിഴച്ചതോ ?''

ആനന്ദ് നീലകണ്ഠന്റെ ''മീനാക്ഷി'' (ശൂർപ്പണഖ) എന്ന കഥയിൽ രാമനെ പ്രണയിച്ച കുറ്റത്തിന് മൂക്കും മുലയും ഛേദിക്കപ്പെട്ട മീനാക്ഷി, ലക്ഷ്മണന്റെ തേരിലേറി കാട്ടിലുപേക്ഷിക്കപ്പെടാൻ പോകുന്ന സീതയെ വഴിവക്കിൽ വച്ച് കണ്ടുമുട്ടുന്ന ഹൃദയസ്പർശ്ശിയായൊരു രംഗമുണ്ട്.

സീതയുടെ നിറഞ്ഞ വയറിൽ തഴുകി ഇല്ലാത്ത മുലകളിൽ പാലൂറുന്നതറിഞ്ഞ് മീനാക്ഷി ചോദിക്കുന്നു. ''എത്രയായി.'

''എട്ട് തികയാറായ് ''

''തളരരുത്, മകനെ വളർത്തണം അവന്റെ അച്ഛനെപ്പോലെ മാലോകർ വാഴ്ത്തും പുരുഷോത്തമനെപ്പോലെ '' മീനാക്ഷി പറഞ്ഞു.

സീത ചിരിച്ചു കൊണ്ട് മറുപടി പറയുന്നു:
'' ദൈവങ്ങൾക്കുണ്ടോ ഈ നാട്ടിൽ പഞ്ഞം? ഇല്ല മീനാക്ഷി ഒരു വെറും ഈശ്വരനായ് വീണുപോകാൻ അവനെ ഞാൻ വിടില്ല. ഹുങ്കു പിടിച്ച പൗരോഹിത്യത്തിനെതിരെ തലയുയർത്തി നില്ക്കാൻ കെല്പുള്ള ഒരുത്തനായി ,സ്നേഹത്തിന് പകരം സ്നേഹം കൊടുക്കുന്ന ഒരു മനുഷ്യനായി ഞാനവനെ വളർത്തും,ഇനിയിവിടെ ഒരു മീനാക്ഷിയും ഉണ്ടായ്ക്കൂടാ''
മീനാക്ഷി അവളെ ഒരു നിമിഷം അമ്പരപ്പോടെ നോക്കി. സീതയുടെ നിറവയർ തഴുകി മീനാക്ഷി മന്ത്രിച്ചു ''ഒരു സീതയും''

വയർ നിറഞ്ഞിരിക്കുമ്പോൾ കരയരുതെന്ന് പറഞ്ഞ് തന്റെ കുഴിഞ്ഞ മാറിടത്തോട് ചേർത്ത് ആശ്വസിപ്പിക്കുന്ന ''രാക്ഷസസ്ത്രീയും'' വയറ് നിറഞ്ഞവളെ ഏത് രാജനീതിയുടെ പേരിലായാലും കാട്ടിലുപേക്ഷിക്കാൻ തയ്യാറാവുന്ന ''ഉത്തമപുരുഷനും'' രണ്ടും രണ്ട് ബിംബങ്ങളാണ്. ഒന്ന് സ്ത്രീയും ഒന്ന് ''വെറും'' പുരുഷനും

''പെരുകും പ്രണയാനുബന്ധമാ-
മൊരു പാശം വശമാക്കിയീശ്വരാ !
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത! ''

പുരുഷനോടുള്ള പെണ്ണിന്റെ അന്ധമായ പ്രണയംമൂലമാണ് അവൾക്ക് അടിമതുല്ല്യമായ ജീവിതം നയിക്കേണ്ടി വരുന്നതെന്ന് സീത സാക്ഷ്യപ്പെടുത്തുന്നു. പെണ്ണിന്റെ പ്രണയമൊരു കയറാണ് ആ കയറിന്റെ ഒരു വശം കൈക്കലാക്കിയ പുരുഷൻ മറുവശം അവളുടെ കഴുത്തിൽ ബന്ധിച്ച് അവളെ ബലിമൃഗമെന്നോണം കുരുതികഴിക്കുന്നു.

സ്ത്രീ വികാരജീവിയെന്നതിനപ്പുറം വിവേകജീവിയായി മാറുമ്പോൾ ,തിരിച്ചറിവും, ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവും, സ്വയമേവ കൈവരുമെന്ന് സീത കാട്ടിത്തരികയാണ് . എല്ലാ ചിന്തകൾക്കുമൊടുവിൽ രാമാ അങ്ങൊരു പുരുഷനായതുകൊണ്ടുമാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുന്നതെന്ന് പറഞ്ഞ് രാമനെ ലഘൂകരിക്കുകയും മുഴുവൻ തെറ്റുകൾക്കും മാപ്പ് നൽകുകയും ചെയ്യുന്നു സീത. പിന്നീട് കാണുന്നത് കാടും ജീവജാലങ്ങളും രാമനും രാവണനും,ആശ്രമവാസികളും അങ്ങനെയങ്ങനെ താനുമായി ബന്ധം പുലർത്തിയ സകലതിനോടും ഉപകാരസ്മരണയോടെ യാത്രപറഞ്ഞ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന സീതയെയാണ്.

''പ്രിയരാഘവ! വന്ദനം ഭവാ-
നുരയുന്നൂ ഭുജശാഖ വിട്ടു ഞാൻ
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയംവിനാ''

മരത്തെ മണ്ണിലുപേക്ഷിച്ച് സ്വന്തം ചിറകിൽ ഭയമേതുമില്ലാതെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് ഞാനിതാ ചിറകുവിടർത്തി പറന്നുയരുകയാണെന്ന് സീത പ്രഖ്യാപിക്കുന്നു.അവൾ പുതിയൊരു ലോകത്ത് എത്തിച്ചേരാൻ കൊതിക്കുന്നു.അത് തിരഞ്ഞെടുക്കാനുള്ള അവകാശത്തെ തന്റെ സ്വാതന്ത്ര്യമായ് അവൾ കരുതുന്നു. തനിക്ക് നീതി നിഷേധിച്ച സാമൂഹ്യവ്യവസ്ഥിതിയോടുള്ള അവളുടെ പ്രതിഷേധമാണത്. വീണ്ടും അഗ്നിശുദ്ധി വരുത്തി പതിവത്രയാണെന്ന് തെളിയിച്ചാൽ തന്റെ കൂടെ വാഴാമെന്നുള്ള രാമന്റെ ക്ഷണത്തെ ''ഞാൻ പാവയല്ല'' എന്ന ചിന്തയോടെ സീത നീക്ഷകരുണം തള്ളിക്കളയുന്നു. രാമനെ വെറും നോക്കുകുത്തിപോലെ നിർത്തി അദ്ദേഹത്തിന്റെ കൺമുന്നിൽ വച്ച് സീത അഭിമാനത്തോടെ ലോകം വെടിയുകയും ചെയ്യുന്നു.

എല്ലാ പുരുഷന്മാരുടെയുള്ളിലും എവിടെയൊക്കയോ ഒരു രാമനുണ്ടെന്ന് പറയാതെ പറയുകകൂടി ചെയ്യുന്നുണ്ട് സീത.

സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന ഏത് സംസ്ക്കാരവും കാലഹരണപ്പെടേണ്ടതാണെന്ന് സമത്വവും സ്ത്രീസ്വാതന്ത്ര്യവും ചർച്ചകളിലിടം പിടിക്കുന്ന ഈ ആധുനികകാലത്തോട് നൂറ് വർഷങ്ങൾക്ക് മുമ്പേ ആശാന്റെ സീത പറഞ്ഞുവച്ചിരുന്നു. ബഹുജനഹിതമെന്നും പുരുഷകേന്ദ്രീകൃതമായിരുന്നൊരു കാലത്ത് ശബ്ദമില്ലാത്ത സ്ത്രീകളുടെയാകെ ശബ്ദമാണ് ആശാന്റെ സീതയിലൂടെ പ്രതിധ്വനിച്ചത്. ആ ശബ്ദത്തിന്റെ മാറ്റൊലികൾക്ക് ഇന്നും പ്രസക്തിയുണ്ട് എന്നതുതന്നെയാണ് ചിന്താവിഷ്ടയായ സീതയുടെ മഹത്വവും.

Content Highlights: MalayalamPoetryChintavishtayayaSeethaByKumaranasanBookreviewLibeshKariyil

 

PRINT
EMAIL
COMMENT
Next Story

ഹിമാലയം : ജീവിത നൈരന്തര്യത്തിന്‍ ധവള ശൃംഖല

അകം നിറഞ്ഞ സ്ഥിതിയില്‍ നിന്നു പുറത്തേക്കുള്ള ഗതിയില്‍, തീവ്രതകള്‍ ഉരഞ്ഞു .. 

Read More
 

Related Articles

ശില്പങ്ങള്‍ ഒതുക്കപ്പെടുന്നത് ആര്‍ക്കുവേണ്ടിയാണ്?
Books |
Books |
വിശുദ്ധ കെവിനും കറുമ്പി കിളിയും! ഷീമസ് ഹീനിയുടെ കവിതയ്‌ക്കൊരു വിവര്‍ത്തനം
Specials Today |
സാഹിത്യ നൊബേല്‍ നൂറ്റിപ്പതിനേഴ്, എഴുത്തുകാരികള്‍ പതിനാറ്!
Books |
സമഗ്രസംഭാവനയ്ക്കുള്ള ഇന്‍ഡിവുഡ് ഭാഷാപുരസ്‌കാരം കെ. ജയകുമാറിന്
 
  • Tags :
    • Books
    • Kumaranasan
    • chinthavishtayaya Seetha
More from this section
Shoukath
ഹിമാലയം : ജീവിത നൈരന്തര്യത്തിന്‍ ധവള ശൃംഖല
Prem Nazir
പ്രേംനസീര്‍ എന്ന സാംസ്‌കാരികപാഠം: ആത്മകഥയും ജീവിതചിത്രവും
Book Cover
ലതയില്ലാതെ ഹിറ്റാവില്ലെങ്കിൽ പാട്ടെഴുത്തിനു പകരം മുറുക്കാൻ കടയെന്ന് പ്രഖ്യാപിച്ച സാഹിര്‍ ലുധിയാന്‍വി
Book cover
ഒരുപിടി കുട്ടിക്കഥാപുസ്തകങ്ങളുമായി മാതൃഭൂമി ബുക്‌സിന്റെ 'മിന്നാമിന്നി!'
Book Review
ശിവന്റെ സമയം : ജീവിതം പറയുന്ന നോവല്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.