രിടത്ത്നിന്ന് മറ്റൊരിടത്തേക്കുള്ള ഒഴുക്കാണ് ഗ്രേസിയുടെ കഥകൾ. ആ ഒഴുക്കിനടിയിൽ ശക്തമായ അടിയൊഴുക്കുകളും, പാറക്കൂട്ടങ്ങളുമൊക്കെയുണ്ടെങ്കിലും വെള്ളാരംകല്ലിന്റെ തണുപ്പും ആർദ്രതയും കൂടി അത് ഉൾപ്പേറുന്നുണ്ട്. പലപ്പോഴും അവയെല്ലാം ദാർശനികവും, താത്ത്വികവും, മനഃശാസ്ത്രപരവുമായ പ്രതലങ്ങളായി രൂപാന്തരങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. കണ്ണും കാതും കൂർപ്പിച്ചൊരു വായനയിലൂടെയാണ് അവയുടെ ദൃശ്യാത്മകതയും ആന്തരശ്രുതിയും ആസ്വാദകനിൽ തെളിയുക. അതേസമയം ഏത് വായനക്കാരനും അനായാസേന പ്രവേശിക്കാവുന്നൊരു വാതിലും തുറന്നുകിടക്കുന്നുണ്ട്.

'പ്രണയം അഞ്ചടി ഏഴിഞ്ച്' എന്ന സമാഹാരത്തിലൂടെ പ്രണയജീവിതത്തിന്റെ ഉന്മാദങ്ങളിലേയ്ക്ക് നമ്മെ തള്ളിവിടുകയാണ് കഥാകാരി. വൈവിധ്യമാർന്ന പതിനേഴ് കഥകളിലൂടെ ആത്മപ്രണയം തന്നെ അപരപ്രണയത്തിലേക്ക് വികസിക്കുന്നതിന്റെ തുടർച്ചയോ വളർച്ചയോ ആണ് കഥാകാരി പറഞ്ഞുവയ്ക്കുന്നത്. അതിഗൗരവത്തിനിടയിലൂടെ നർമ്മത്തിന്റെ തൂവൽസ്പർശത്താൽ പുഞ്ചിരിപൊടിയുന്നതും അത് വളർന്ന് യുക്തിപൂർണ്ണമായ ഗഹനതയിലേക്ക് ഉണർത്തിയെടുക്കുന്നതും, ഓരോ കഥയുടേയും സവിശേഷഭാവമാണ്. ഗവേഷണമെന്ന ആദ്യകഥ സഹനത്തിന്റെ നെല്ലിപ്പടി കടന്നാലെത്തിച്ചേരുന്ന നിർവ്വികാരതയുടെ ലോകത്തെയാണ് പരിചയപ്പെടുത്തുന്നത്. സ്വന്തം അപ്പനും കാമുകനുമെല്ലാം പേരില്ലാത്ത കഥാനായികയുടെ ജീവിതവിജയത്തിലേക്കുള്ള ഗവേഷണമാർഗ്ഗങ്ങളായിത്തീരുമ്പോൾ, പിന്നാമ്പുറത്തെ നോവിന്റെ മരവിപ്പും വിങ്ങലുകളും വായനക്കാരന്റെ ഗവേഷണത്താൽ തെളിയും.

ജഡാഭിരതിയെന്ന് മനഃശാസ്ത്രജ്ഞന്മാർ കല്പിച്ചേക്കാവുന്ന ചില വൈകല്യങ്ങളിലും, പ്രണയം ജീവവാഹിനിയായി ഒഴുകുന്നത് 'തിരുമുമ്പാകെ' എന്ന കഥയിൽ കാണാം. അപ്പോഴുള്ള ഉന്മാദങ്ങൾ ആസ്വാദകന്റെ തന്മയീഭവിക്കലിനുകൂടി വിധേയമാകുന്നു. ഉറക്കെപ്പറയുന്നവന്റെയും ചൂണ്ടിക്കാണിക്കുന്നവന്റെയും നാവു പിഴുതെടുക്കുന്ന ലോകത്തിനു നേരെ നിറയൊഴിക്കുകയാണ് 'മൂന്നാമൻ'എന്ന കഥയിലൂടെ. ഇതിലെ വൃദ്ധ മറ്റുള്ളവർ കാണാത്ത കാഴ്ചകളിലൂടെ കാലത്തിന്റെ ദൃക്സാക്ഷിയായിത്തീരുന്നു. ഭ്രമാത്മകത പൊതുസ്വഭാവമാക്കിക്കൊണ്ട് കഥയുടെ ഉൾക്കാടുകൾ ചികഞ്ഞ് വായനക്കാരനെ സംഭ്രമിപ്പിക്കുകയും ഒപ്പം വിചാരപ്പെടുത്തുകയും ചെയ്യുന്ന കൊച്ചുകൊച്ചു കഥകളുടെ ഒരു ലോകം തന്നെയുണ്ടിതിൽ. മരിച്ചവരുടെ സമയം, തീവണ്ടിയാത്ര, കുറ്റച്ചിത്രങ്ങൾ, തലയിലെഴുത്തിനെക്കുറിച്ച് ഒരു നോവൽ, നാലര വയസ്സുള്ള ആൺകുട്ടി എന്നിവയെല്ലാം ആകൂട്ടത്തിൽപ്പെടുന്നു. അസഹിഷ്ണുത, ഉച്ചനീചത്വം, അസമത്വം ഇവയെല്ലാം കാലത്തിനുമീതേ വളർന്ന് പരിഷ്കൃത ജനതയെന്ന് കരുതുന്നവരുടെ പെരുമാറ്റങ്ങളിൽ പ്രകടമാകുന്ന യാഥാർത്ഥ്യങ്ങളെ കഥാപാത്രങ്ങളിലൂടെയും ബിംബങ്ങളിലൂടെയും അനായാസേന എഴുത്തുകാരി ആവിഷ്ക്കരിക്കുന്നു. അങ്ങിനെ മനുഷ്യന്റെ പുറന്തോട് പിളരുമ്പോഴത്തെ നഗ്നമായ കാഴ്ചയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നാട്ടുമ്പുറത്തെ മിത്തുകളിൽനിന്ന് വളരുന്ന കഥാപരിസരം പ്രണയവും സ്ത്രീയും തമ്മിലുള്ള പാരസ്പര്യത്തിലെ രഹസ്യലോകങ്ങളിലേയ്ക്കുള്ള താക്കോലുകൾ ആവുന്നു. ''സ്നേഹിച്ചുകൊണ്ട് വെറുക്കാനും വെറുത്തുകൊണ്ട് സ്നേഹിക്കാനും കഴിയുന്നവരാണ് സ്ത്രീകളെന്ന്'' ഉറക്കെ പ്രഖ്യാപിക്കുകയും കൂടിയാണ് എഴുത്തുകാരി.

pranayam
പുസ്തകം വാങ്ങാം

'ഡൽഹിയിൽനിന്ന് ഒരു വിവർത്തനകഥ' വലിയ ചോദ്യമാണ്. പെൺകുട്ടികളെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കൊലപാതകികളുടെ ശബ്ദമാകുന്ന നിയമത്തെ, മനുഷ്യാവകാശ പ്രസ്ഥാനത്തെയെല്ലാം ''മരിച്ചവർക്കും ഉണ്ടായിരുന്നു അവകാശങ്ങൾ'' എന്ന പ്രസ്താവനയിലൂടെ ആത്മപരിശോധനയ്ക്കായി തുറന്നുവിടുന്നു. തത്തക്കൂട്, എന്തതിശയമേ! എന്നീകഥകൾ വാർദ്ധക്യകാലത്തെ, നോവിന്റെ ശബ്ദമായി മുഴങ്ങുന്നത് വായനക്കാരനെ അസ്വസ്ഥമാക്കും.

പൊതുസമൂഹത്തിന്റെ മുൻധാരണകളെയും, മറ്റുള്ളവരുടെ ജീവിതത്തിനുനേരെയുള്ള അളവുകോലുകളേയും ഒടിച്ചുകളയുകയാണ് 'പ്രണയം അഞ്ചടി ഏഴിഞ്ച്' എന്ന കഥയിലൂടെ. 'ലളിത സങ്കീർണ്ണം' എന്ന കഥ ജാതി, നിറം, സ്വത്വം തുടങ്ങിയ പൊതുബോധങ്ങൾ പ്രശ്നവൽകൃതമാകുന്ന അഭ്യസ്തവിദ്യരുടേയും സമ്പന്നരുടേയും ലോകത്തെ നർമ്മോക്തികളാൽ അനാവൃതമാക്കുന്നു. 'ബുദ്ധിജീവികൾ വെറുതെ തുള്ളുകയേ ഉള്ളൂ ഒന്നും പ്രവർത്തിച്ച് കാണിക്കില്ലെന്ന് വിധി പറയുന്നതിന് ഉദാഹരണങ്ങൾ നിരത്തുന്നു. താഴ്ന്ന ജാതിക്കാരിയെ വിവാഹം കഴിക്കാൻ ഇന്നും തയ്യാറാകാത്ത കപടനാട്യക്കാരായ പുരുഷന്മാരെയും ഈ കഥയിലൂടെ വിമർശനവിധേയരാക്കുന്നു.

കുറ്റം ചെയ്തവന്റെ പരിഭ്രാന്തി ഒരുവനെ ഉന്മാദിയാക്കുന്ന നേർക്കാഴ്ചകൾ, വാർത്തയിൽ നിന്നും ഇറങ്ങിവരുന്ന കഥാപാത്രങ്ങൾ, ഇരിപ്പിടമന്വേഷിക്കുന്ന തലയിലെഴുത്തുകൾ ഇവയെല്ലാം വായനക്കാരനെ കൗതുകതുമ്പത്തിരുത്തും. സംശയരോഗിയായ മലയാളം അധ്യാപകന്റെ ജീവിതകഥയിലൂടെ നർമ്മവും മനഃശാസ്ത്രസാങ്കേതങ്ങളും കുറിക്കുകൊള്ളുന്നതെങ്ങനെയെന്ന് 'മന്ദാക്രാന്ത'യെന്ന കഥ വായനക്കാരോട് മന്ത്രിക്കും. മനുഷ്യരുടെ സ്വാഭാവികകാമനകളിൽ നിന്നൊളിക്കാൻ ഏത് തിരുവസ്ത്രത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പള്ളിയിലെ കൊച്ചച്ചന്റെ പ്രക്ഷുബ്ധമായ മനസ്സിലൂടെ സഞ്ചരിക്കുകയാണ് ഒന്നുമുതൽ പതിമൂന്നുവരെയെന്ന കഥ.

ജീവിതത്തോടുള്ള പ്രണയാഭിവാഞ്ചയാണ് ഈ കഥകളിലുടനീളം സ്പന്ദിക്കുന്നത്. ജീവൻ ഊറ്റിയെടുത്ത് ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്ന യക്ഷിയെപ്പോലെ പ്രണയം മനുഷ്യരുടെ ജൈവികതയുടെ നൈസർഗ്ഗികതാളമായിത്തീരുന്നത് കാണാം. ലളിതമായ പശ്ചാത്തലങ്ങളിൽ കരുത്താർന്ന ഭാഷകൊണ്ട് വായനക്കാരന്റെ വഴികളിലുടനീളം ചുണ്ണാമ്പ് തേച്ച് സങ്കല്പലോകത്തിന്റെ കരമ്പനക്കൂട്ടിലേക്ക് ആവാഹിക്കുകയാണ് ഗ്രേസി എന്ന പ്രിയമുള്ള കഥാകാരി.

പ്രണയം അഞ്ചടി, ഏഴിഞ്ച് വാങ്ങാം
ഗ്രേസിയുടെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Malayalam writer Gracy Book Pranayam Anchadi Ezhinchu review