പ്രകൃതിയേയും മലമടക്കുകളെയും അരുവികളേയും മറ്റ് ചരാചരങ്ങളെയും ദൈവതുല്യമായി കണ്ട് പരിചരിച്ച് സംരക്ഷിച്ച് ലോകത്തിനുതന്നെ നന്മ പ്രധാനം ചെയ്തവരാണ് ആദിവാസി വിഭാഗങ്ങള്‍. നമുക്കെല്ലാം കേട്ടറിവ് മാത്രമുള്ള അട്ടപ്പാടിയിലെ മണ്ണിലൂടെ മനസ്സിന്റെ കാന്‍വാസ് തുറന്നു വച്ച് നടന്നപ്പോള്‍ പതിഞ്ഞ ഒരുപാട് സംഭവ പരമ്പരകളുടെ ആവിഷ്‌കാരമാണ് സി.ഐ. വി. കൃഷ്ണന്‍ കുട്ടി എഴുതിയ മല്ലീശ്വരന്റെ മക്കള്‍ എന്ന നോവല്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എഴുതിയ നോവല്‍ എന്ന പ്രത്യേകതയും മല്ലീശ്വരന്റെ മക്കള്‍ക്ക് ഉണ്ട്. 

ഏകദേശം 4 വര്‍ഷത്തോളം അട്ടപ്പാടി അഗളിയില്‍ സബ് ഇന്‍സ്പെക്ടര്‍, നോഡല്‍ ഓഫീസര്‍ ഫോര്‍ ട്രൈബല്‍ ഡെവലപ്മെന്റ്, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ഫോര്‍ ട്രൈബല്‍ ഡെവലപ്മെന്റ്, അഗളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, അട്ടപ്പാടിയിലെ അഴിമതി തടയാന്‍ നിയോഗിക്കപ്പെട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ കണ്ണിലൂടെ ആദിവാസി ജീവിതം വിലയിരുത്തുന്നതാണ് 2015 ല്‍ പുറത്തിറക്കിയ 'മല്ലീശന്റെ മക്കള്‍'. ഈ നോവല്‍ എന്നെ സംബന്ധിച്ച് ഒരു വലിയ വായനാനുഭവം തന്നെയായിരുന്നു. ഈ കാലയളവില്‍ അട്ടപ്പാടിഎന്ന പരിസ്ഥിതിലോല പ്രദേശത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു പോന്ന ചെറുതും വലുതുമായ 23 കരിങ്കല്‍ ക്വാറികള്‍ അദ്ദേഹം നിര്‍ത്തലാക്കി. അനധികൃതമായി മല തുരന്ന് നിര്‍മാണം നടത്തി വന്നിരുന്ന റിസോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടു കൂടി സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍മ്മാണം നിര്‍ത്തിച്ചു. അനധികൃത മരംമുറിക്കല്‍, ആദിവാസി ഭൂമി കൈയ്യേററങ്ങള്‍ എന്നിവ അദ്ദേഹം നിര്‍ത്തലാക്കി.

ജനസേവന രംഗത്തും വ്യക്തിമുദ പതിപ്പിച്ചതിന് ഉദാഹരണമാണ് 150 പരം വരുന്ന ആദിവാസി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് കൂടിയായ അദ്ദേഹം സ്വന്തം നിലയില്‍ കരാട്ടേ പരിശീലനം നല്‍കി വന്നത്. കൂടാതെ ആദിവാസി ഭൂമികള്‍ കൃഷിക്കനുയോജ്യമാക്കുന്നതിന് ഉഴുത് നല്‍കിയും, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പി.എസ്.സി,പരിശീലനം, പരാതികളും അപേക്ഷകളും തയ്യാറാക്കാനായി 'സഹായകേന്ദ്രം', ഊരുകളില്‍ 'ഊരു ജ്യേതി' പഠന ക്ലാസുകള്‍, ഒഴിവുസമയങ്ങളില്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, എന്നിവയും അദ്ദേഹം സ്വന്തം നിലയില്‍ നടത്തിവന്നിരുന്നതാണ്.

സ്വന്തം ജോലിയെ വെറുമൊരു ജീവിത ധര്‍മ്മമായി കരുതി ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുമ്പോള്‍ ജനങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കുവാനും അവരുടെ കിനാവുകള്‍ക്ക് നിറം പകരുവാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, പ്രത്യേകിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് സാധിക്കുമെന്ന് കൃഷ്ണന്‍കുട്ടിയുടെ മേല്‍ ഉദ്യോഗസ്ഥയും അദ്ദേഹത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ പിന്തുണയും നല്‍കി വന്ന എ.ഡി.ജി.പി  ഡോ സന്ധ്യ ഐപിഎസ് നോവലിന്റെ അവതാരികയില്‍ പറയുന്നു. നീതിയുടെ പക്ഷത്തു നിന്നു കൊണ്ട് തന്റെ ആത്മാവിഷ്‌കാരത്തിന് 'നോവല്‍' എന്ന സാഹിത്യരൂപത്തെ മാധ്യമമാക്കുമ്പോള്‍ പോരായ്മകള്‍ക്കപ്പുറം സത്യത്തിന്റെ തിളക്കങ്ങള്‍ കൃഷ്ണന്‍കുട്ടിയുടെ രചനയെ ശ്രദ്ധേയമാക്കുന്നു എന്ന് സാറാ ജോസഫ് എഴുതിയ അവതാരികയില്‍ പറഞ്ഞു വയ്ക്കുന്നു. 

മല്ലീശ്വരന്റെ മക്കള്‍ പുരോഗമിക്കുന്നത്  മൂന്ന് ഘട്ടങ്ങളിലൂടെയാണ്. ആദ്യ ഘട്ടത്തില്‍ കുടിയേറ്റക്കാര്‍ അഥവാ വന്തവാസികള്‍ വരുന്നതിനു മുമ്പുള്ള അട്ടപ്പാടിയെയാണ് വര്‍ണ്ണിക്കുന്നത്. ഇത്  ഇവരുടെ സുവര്‍ണ്ണ കാലഘട്ടമായി നോവലിസ്റ്റ് വിശേഷിപ്പിക്കുന്നു. കൂടാതെ മഞ്ഞിന്‍ പുതപ്പണിഞ്ഞ മല്ലീശ്വരന്‍ മുടി, റാഗിയും, ചോളവും, തിനയും വിളയുന്ന കൃഷിയിടങ്ങള്‍, മല്ലീശ്വരന്റെ മക്കളുടെ ഭാഷ, വിവാഹരീതികള്‍, മറ്റു ജീവിത പശ്ചാത്തലങ്ങള്‍ എന്നിവയും നോവലിസ്റ്റ് വളരെ കാവ്യാത്മകമായി വര്‍ണ്ണിച്ചിരിക്കുന്നു. ഒരു നൂലില്‍ കോര്‍ത്തിണക്കിയ മുത്തുമണികള്‍ പോലെ കാണപ്പെടുന്ന കുടില്‍ കൂട്ടങ്ങളെ ഊരുകള്‍ എന്നാണ് പറയാറ്. 'തേക്കുപ്പന' എന്നത് ഒരു ഊരിന്റെ പേരാണ്. ആ ഊരിന്റെ രാജാവ് ഊരുമൂപ്പന്‍ എന്നറിയപ്പെടുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ ഭന്ധാരി എന്ന ഒരു മന്ത്രിയും, കൃഷിയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി മണ്ണൂക്കാരന്‍ എന്ന സ്ഥാനപ്പേരുള്ള ഒരാളും കൂടാതെ മറ്റു സ്ഥാനമാനങ്ങള്‍ ഉള്ള ആളുകളും ഉണ്ടാകും. ഈ ഒരു സമ്പ്രദായം എല്ലാ ഊരുകളിലും ഉള്ളതാണ്. തേക്കുപ്പന  ഊരിലെ രങ്കന്‍ എന്ന കഥാപാത്രത്തിന്റെ സന്തുഷ്ടമായ കുടുംബ ജീവിത പശ്ചാത്തലത്തിലൂടെയാണ് നോവലിസ്റ്റ് തന്റെ കഥ തുടങ്ങുന്നത്.

പൂര്‍ണ്ണചന്ദ്രനെ കാര്‍മേഘം മറച്ച് ഇരുട്ടാകെ പടര്‍ന്ന ഒരു രാത്രിയുടെ യാമത്തില്‍ എന്തോ വെട്ടിപ്പിടിക്കാന്‍ എന്ന മട്ടില്‍ മാത്തച്ചനും  കുടുംബവും ചുരം കയറി വന്നു. അവരുടെ വരവ് അവസാനിച്ചത് രംങ്കന്റെ വീട്ടുമുറ്റത്താണ്. അതോടെയാണ് കഥയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഈ ഘട്ടത്തില്‍ മല്ലീശ്വരന്റെ  മക്കളുടെ സുവര്‍ണകാലം അവസാനിക്കുന്നു. മല തുരക്കുക, കഞ്ചാവ് കൃഷി, മരം മുറിക്കല്‍, ചാരായം വാറ്റല്‍  എന്നിങ്ങനെ പതിവില്ലാത്ത പല കാഴ്ചകള്‍ക്കും തേക്കുപ്പന ഊരും അട്ടപ്പാടിയും സാക്ഷ്യംവഹിച്ചു.  ഉദ്യോഗസ്ഥ ദുഷ് പ്രമാണിത്വവും വ്യാജ പ്രമാണങ്ങള്‍ ചമച്ച് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതുമെല്ലാം ഈ ഘട്ടത്തില്‍ കഥാകൃത്ത് നമുക്ക് നേര്‍ക്കാഴ്ച നല്‍കുന്നു. അട്ടപ്പാടിയെ നശിപ്പിക്കുന്ന തരത്തിലുള്ള കൂടിയേറ്റങ്ങളുടെ പ്രതീകമാണ് മാത്തച്ചന്റെയും കുടുംബത്തിന്റെയും വരവിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നത്.

കഥയുടെ മൂന്നാം ഘട്ടത്തിലാണ് എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ രാഘവന്റെ എന്ന ചെറുപ്പക്കാരന്റെ മലകേറിയുള്ള വരവ്. ആദ്യം ഒരു ചായക്കടയില്‍ സഹായിയായി കയറിക്കൂടിയ രാഘവന്‍ തുടര്‍ന്ന് അട്ടപ്പാടിയുടെ മൊത്തം രക്ഷാധികാരിയായി മാറുകയായിരുന്നു. ഏറെ വായനാനുഭവവും ഒരു ദേശത്തിന്റെ തന്നെ നേര്‍ക്കാഴ്ചകളും നല്‍കുന്നതാണ് ഈ പുസ്തകം. പലര്‍ക്കും കേട്ടറിവുകള്‍ മാത്രമുള്ള അട്ടപ്പാടി എന്ന പ്രദേശത്തേയും അവിടെ നടക്കുന്ന ചൂഷണങ്ങളേയും കുറിച്ച് സത്യസന്ധമായി മനസ്സിലാക്കാനും, വിലയിരുത്താനും ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് സാധിക്കുന്നു.

Content Highlights: Malayalam Novel V Krishnan Kutty Book Review