സായിപ്പ് എന്നെ നോക്കിയിട്ട് '' നീ ഇംഗ്ലീഷ്  പറയും ഇല്ലേ?'' എന്ന് ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. '' നിനക്ക് എല്ലാം മനസ്സിലാകുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. '' എന്ന് സായിപ്പ് പറഞ്ഞു. ഞാന്‍ മിണ്ടാതെ നടന്നു. '' നീ ഒരു മൃഗമാണ്. ഒരു ദിവസം നിന്നെ ഞാന്‍ കൊല്ലും.'' എന്ന് സായിപ്പ് പറഞ്ഞു.

കോണന്‍ തന്റെ ജീവിത കഥ പറയുകയാണ്. ഫ്ളച്ചര്‍ സായിപ്പിന്റെ കുശിനിക്കാരിയായ അമ്മ അഴുകിപ്പുഴുത്ത് മരിച്ചപ്പോള്‍ അവിടെ നിന്ന് ഓടിപ്പോരേണ്ടി വന്ന മിണ്ടാച്ചെന്നായ് ഇപ്പോള്‍ വില്‍സണ്‍ സായിപ്പിന്റെ സഹായിയാണ്. സായിപ്പിന് ആവശ്യം വരുമ്പോള്‍ തെറി വിളിക്കാനും മുഖത്തടിക്കാനും കൂട്ടിക്കൊടുക്കാനും വേട്ടക്ക് കൂട്ടിനുപോകാനുമുള്ള വെറും അടിമ. ഒരു കാട്ടുമനുഷ്യന്‍. മിണ്ടാച്ചെന്നായ് സായിപ്പിന്റെ ചോദ്യങ്ങള്‍ കേള്‍ക്കുക മാത്രം ചെയ്യുന്നു. കാര്യങ്ങള്‍ ഒരു ചെന്നായയുടെ കണ്ണുകളോടെ കാണുക മാത്രം ചെയ്യുന്നു. അതുകൊണ്ട് സായിപ്പ് അവനെ മിണ്ടാച്ചെന്നായ് എന്ന് വിളിച്ചു.

സായിപ്പിന് എല്ലാവരും മൃഗങ്ങളാണ്. അയാളുടെ ആവശ്യങ്ങള്‍ നടക്കുന്നതിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍. അയാളുടെ ആട്ടിനും തുപ്പിനും ഇരയാകേണ്ടവര്‍. അകാരണമായി അടികൊള്ളേണ്ടവര്‍. കുശിനിക്കാരന്‍ തോമയും ഭോഗിക്കാനായി കൊണ്ടുവന്ന കാട്ടുപെണ്ണ് ചോദിയും മിണ്ടാച്ചെന്നായയും സായിപ്പിന്റെ ക്രൂരതനിറഞ്ഞ അധികാരനത്തിനടിയില്‍ ഒരേ വിധി പങ്കിടുന്നു. സായിപ്പിന് എല്ലാവരോടും വെറുപ്പാണ്. എല്ലാവരോടും ക്രൂരമായി പെരുമാറുന്നു. അത് തനിക്ക് അവകാശപ്പെട്ടതാണെന്നപോലെ. സ്വാഭാവികമെന്നതുപോലെ മറ്റുള്ളവര്‍ അയാളുടെ ഹീനകൃത്യങ്ങള്‍ അനുഭവിക്കുന്നു.

മിണ്ടാച്ചെന്നായ് സ്നേഹത്തിന്റെ പ്രാകൃതമായ നനവ് കാണിക്കുന്നത് ചോദിയോട് മാത്രമാണ്. സായിപ്പും തോമയും അവളടെ ശരീരത്തെ കീഴ്പ്പെടുത്തുന്നത് നിസ്സംഗനായി നോക്കി നില്കുന്ന മിണ്ടാച്ചെന്നായ് രാത്രി തിരിച്ചു നടക്കുമ്പോള്‍ പുഴക്കരികില്‍ വെച്ച് അവളെ പുണരുന്നു. അവള്‍ ശരീരം അവനായി പകുത്തു നല്കുന്നു. സായിപ്പിനതറിയാം. സായിപ്പ് മിണ്ടാച്ചെന്നായയെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും.

മിണ്ടാച്ചെന്നായ്ക്ക് കാടിനെ അറിയാം, അവിടുത്തെ ജീവികളുടെ മനസ്സറിയാം, തന്റെ മുന്നില്‍ നില്കുന്ന മനുഷ്യരുടെ മനസ്സറിയാം, തന്നെപ്പറ്റി അതിലേറെ അറിയാം. സായിപ്പിന്റെ ക്രൂരതയ്ക് ഇരയാകുമ്പോഴും അടിമത്തത്തിന് അപ്പുറമുള്ള വലിയൊരു സ്വാതന്ത്ര്യം അയാള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

മാദി എന്ന കാട്ടുദൈവം ഉയര്‍ന്ന മസ്തകമുള്ള ആനയുടെ മുകളിലാണിരിക്കുന്നത് എന്ന് കാട്ടുമനുഷ്യര്‍ വിശ്വസിച്ചിരുന്നു. ആ കാട്ടുകൊമ്പനെ വെടിവെക്കാനുള്ള തയ്യാറെടുപ്പോടെ സായിപ്പും മിണ്ടാച്ചെന്നയായും കാട്ടിലേക്ക് തിരിക്കുന്നതാണ് നോവലിന്റെ പ്രധാനഭാഗം. വേട്ടയ്കായി പതുങ്ങിയിരിക്കുമ്പോള്‍ സായിപ്പും മിണ്ടാച്ചെന്നയായും ഒരേ വിതാനം പങ്കിടാന്‍ തുടങ്ങി. സായിപ്പ് വെച്ച വെടി ആനയുടെ മസ്തകത്തിന് പകരം കാലില്‍ കൊണ്ടപ്പോള്‍ മിണ്ടാച്ചെന്നായയുടെ സമര്‍ത്ഥമായ ഇടപെടലിനാല്‍ രണ്ടുപേരും രക്ഷപ്പെടുന്നു. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ സായിപ്പ് ചോദിച്ചു.

'നീ ഇന്നലെ എന്റെ തോക്കെടുത്ത് നോക്കി. അത് ഞാന്‍ കണ്ടു. പക്ഷെ അതൊരു സ്വപ്നമാണെന്നാണ് ഞാന്‍ കരുതിയത്. ഇനി ഈ തോക്കില്‍ നീ തൊടരുത്. ഇതില്‍ നിന്റെ കൈ പെട്ടു എന്ന് ഞാനറിഞ്ഞാല്‍ ഞാന്‍ നിന്നെ കൊല്ലും. ഉറപ്പായും കൊല്ലും. '

സായിപ്പിന്റെ സംസാരം കേള്‍ക്കുകയല്ലാതെ മിണ്ടാച്ചെന്നായ് ഒന്നും പറയാറില്ല. അവന്‍ മനസ്സില്‍ ഇംഗ്ലീഷില്‍ സംസാരിക്കുകയാണെന്നും അത് മറയ്കാനാണ് വായ് തുറക്കാതിരിക്കുന്നതെന്നും സായിപ്പ് ശകാരിച്ചു. അപ്പോഴും അയാള്‍ മൗനം തുടര്‍ന്നു. മുറിവേറ്റ ആനയെ പിന്‍തുടര്‍ന്ന് വെടിവെക്കാനായി തയ്യാറെടുത്തപ്പോള്‍ സായിപ്പ് ആനയെ സംശയിക്കാന്‍ തുടങ്ങി. ആനയും ചിന്തിക്കുന്നതായി അയാള്‍ക്ക് തോന്നി. അഥവാ മാദ്രി എന്ന കാട്ടുദൈവം ആനക്ക് വേണ്ടി ചിന്തിക്കുകയാകണം. പക്ഷെ തുടര്‍ന്നങ്ങോട്ടു സംഭവിക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. ഈ നോവല്‍ യഥാര്‍ത്ഥത്തില്‍ എന്തിനെപ്പറ്റിയാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇതിന്റെ അവസാന അദ്ധ്യായങ്ങള്‍.

സായിപ്പ് മിണ്ടാച്ചെന്നായ അടക്കമുള്ള മനുഷ്യന്‍മാരുടെ മേല്‍ കാണിക്കുന്ന ക്രൂരതയും അവരൊന്നിച്ച് കാടിനോടും മൃഗങ്ങളോടും കാണിക്കുന്ന ക്രൂരതയും പ്രാകൃത ജീവിതത്തിന്റെ ജനിതകവേരുകളില്‍ എല്ലാ ജീവികളും പര്സപരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നു. മിണ്ടാച്ചെന്നായ് സായിപ്പിന്റെ ഉള്ള് നോട്ടം കൊണ്ട് വായിച്ചറിഞ്ഞ മനുഷ്യനാണ്. സായിപ്പിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു അടിമയെ അയാള്‍ മുമ്പേ വായിച്ചെടുത്തിരിക്കുന്നു. എല്ലാ മനുഷ്യരിലും ഒരു അടിമയും ഒരു ഉടമയും ഭയം പൂണ്ട വന്യമൃഗത്തെപ്പോലെ പതിയിരിക്കുന്നുണ്ട്. അവയില്‍ ആരെങ്കിലുമൊരാള്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു. സായിപ്പും മിണ്ടാച്ചെന്നായയും അവരുടെ ഉള്ളിലെ അടിമയേയും ഉടമയേയും ഇടക്കിടെ ഉണര്‍ത്തുന്നുണ്ട്. തക്കം കിട്ടിയാല്‍ മിണ്ടാച്ചെന്നായയെ കൊല്ലാന്‍ സായിപ്പ് ആഗ്രഹിക്കുന്നു. അതിന് അനുയോജ്യമായ അന്തരീക്ഷമാണ് വേട്ടക്കിടയില്‍ ഒത്തുകിട്ടുന്നത്. സായിപ്പിന്റെ ഉള്ളറിയുന്ന മിണ്ടാച്ചെന്നായിലെ ബുദ്ധിശാലിയായ മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ കഥകൂടിയാണ് ഈ നോവല്‍.

ഒരു ഘട്ടത്തില്‍ മരണത്തെ മുന്നില്‍ കാണുന്ന സായ്പ് തന്റെ പാതി ബോധത്തില്‍ അധികാരഗര്‍വിന്റെ ഉള്ളിലൊളിപ്പിച്ച ജീവിത രഹസ്യം മിണ്ടാച്ചെന്നായയോട് പറയുന്നു. നാട്ടിലെ അവഹേളനത്തിന്റെയും അവഗണനയുടേയും കയ്പ് നീര് കുടിച്ചിറക്കാനാവാതെ കാട്ടിന്റെ ഉള്ളിലൊളിക്കാനായി പാലായനം ചെയ്തെത്തിയവനാണ് അയാളെന്ന് ജല്പനം പോലെ പറയുന്നു. ആരും സായിപ്പിന്റെ മുഖത്ത് നോക്കാറില്ല. നാട്ടിലെ ഉയര്‍ന്ന വംശജരില്‍ നിന്ന് കിട്ടുന്ന അവഗനണന നിറഞ്ഞ ഒരു ചിരി ചാട്ടപോലെ എപ്പോഴും പിന്‍തുടരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അവര്‍ക്ക് സമ്മാനം നല്കും. എങ്കിലും അവര്‍ക്കു മുന്നില്‍ ഒരു കോമാളിയായി ജീവിക്കേണ്ടി വരും. വളരുന്തോറും നമ്മള്‍ ചെറുതാകും. മുതിരും തോറും വിഡ്ഢിയാവും. മിണ്ടാച്ചെന്നായ് തന്നേക്കാള്‍ സ്വതന്ത്രനാണ്. കാടിന്റെ അധിപനാണ്. പക്ഷെ താനൊന്നുമല്ല എന്ന സായിപ്പിന്റെ ഉള്ളിലൊരു തിരിച്ചറിവുണ്ട്. മിണ്ടാച്ചെന്നായില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിച്ചിട്ടും ഒന്നും ലഭിക്കുന്നില്ല. സായിപ്പ് എന്തെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു. പക്ഷെ അയാള്‍ക്കറിയാം മിണ്ടാച്ചെന്നായ് മൗനിയായിരിക്കുമെന്ന്.

സൂക്ഷമാര്‍ത്ഥത്തില്‍ അധിനിവേശവും അടിമത്തവും ചാക്രികമായ സമസ്യയാണ്. കീഴടക്കാനായി വന്നെത്തുന്നവര്‍ ആന്തരികമോ ബാഹ്യമോ ആയ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനായുള്ള ആഗ്രഹത്താല്‍ പ്രയാണം തുടങ്ങുകയും യാത്രക്കിടയില്‍ തങ്ങള്‍ കീഴടക്കുന്തോറും കറുപ്പ് നിറം നിറഞ്ഞ മറ്റൊരു അടിമത്തത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ തിരിച്ചറിയുന്നു. യാത്രക്കൊടുവില്‍ പാലായനം ചെയ്ത പാതകളില്‍ പതിഞ്ഞ കാല്‍പാടുകള്‍ക്കപ്പുറം ഒന്നും നേടാനായില്ല എന്നും തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി എന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ പ്രതീകമാണ് സായിപ്പ്. മുളപൊട്ടിയ മണ്ണിലെ ചുതുപ്പില്‍ രക്ഷപ്പെട്ട് തിരിച്ചെത്തുമ്പോഴേക്കും തടിയുടെ കനത്താല്‍ തുടക്കത്തിലുള്ളതിനേക്കാള്‍ വലിയ ആഴത്തിലേക്ക് പതിച്ചു പോകുന്ന നിസ്സഹായനായ മനുഷ്യരിലൊരാളാണ് സായിപ്പ്. 

എന്നാല്‍ മിണ്ടാച്ചെന്നായയാവട്ടെ അടിമത്തത്തിന് തന്നെ സ്പര്‍ശിക്കാനാവില്ല എന്ന് ഉറപ്പുള്ള മനുഷ്യനാണ്. അനുഭവത്തില്‍ അയാള്‍ അടിമയാണെങ്കിലും ആന്തരികമായി അയാള്‍ വലിയൊരു കാടിന്റെ ഉടമയാണ്. പക്ഷെ ആ ഉടമസ്ഥാവകാശത്തില്‍ നിന്ന് അയാള്‍ ജീവിക്കാനുള്ളത് മാത്രം പറിച്ചെടുക്കുന്നു. കാടിന് തിരിച്ചു നല്കേണ്ട തന്റെ ജീവിതത്തില്‍ അയാള്‍ പൂര്‍ണ്ണത കണ്ടെത്തുന്നു. മിണ്ടാച്ചെന്നായ് ജീവിതത്തിലാകമാനം അനുഭവിച്ച ആന്തരികമായ സ്വാതന്ത്ര്യവും അര്‍ഥവും സായിപ്പിന് ഒളിച്ചോട്ടങ്ങളിലൊന്നും കിട്ടാതെ പോകുന്നുമുണ്ട്.

കുട്ടിക്കാലം മുതല്‍ കാടിന്റെ ഉള്ളറിഞ്ഞ് ജീവിച്ച് ജയമോഹന്‍ നിര്‍ദ്ധാരണം ചെയ്തെടുക്കാന്‍ സാധിക്കാത്ത മനുഷ്യമനസ്സിനെ അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും ചുറ്റുപാടില്‍ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ നോവിലലൂടെ നടക്കുന്നത്. മിണ്ടാച്ചെന്നായ് എന്ന മനഷ്യനിലൂടെ ഒരു പക്ഷെ ഒരു കോളനി ആകെ അനുഭവിച്ച സംഘര്‍ഷങ്ങള്‍ ഇതില്‍ വരച്ചിടുന്നു. കീഴടക്കിയവരുടെ അഗാധമായ നിരാശയും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിധീകരിച്ചിരിക്കുന്നത്. 

മിണ്ടാച്ചെന്നായ് ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights:  Book Reviews, mindaachennaai, Jayamohan, malayalam literature