ഴോ എട്ടോ വയസ്സു പ്രായമുള്ള ആ കുട്ടിക്ക് സിനിമയെന്നാല്‍ സന്തോഷത്തിന്റെ വഴിയാണ്. മാറിമാറി വരുന്ന പുതിയ സിനിമകള്‍ അവന്‍ ആര്‍ത്തിയോടെ കണ്ടുതീര്‍ത്തു. എന്നിട്ടും മതിയായില്ല. വീട്ടിലിരുന്നതിനേക്കാള്‍ കൂടുതല്‍ അവന്‍ സിനിമാ തിയ്യറ്ററിനുള്ളില്‍ ചെലഴിച്ചു. സിനിമയേത് ജീവിതമേത് എന്നറിയാതെ ആ കുട്ടി വളര്‍ന്നു. സിനിമയെ മാറ്റി നിര്‍ത്തി തനിക്കൊരു ജീവിതമില്ലെന്ന് അവന്‍ മനസ്സിലാക്കി. സിനിമ തന്നെ ജീവിതമായി. നടനും എഴുത്തുകാരനുമായ ഷാജി ചെന്നൈ തന്റെ സിനിമാജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ' സിനിമാപ്രാന്തിന്റെ 40 വര്‍ഷങ്ങള്‍ '. 

കുട്ടിക്കാലം തൊട്ട് കൂടെ കൂടിയ സിനിമ തനിക്ക് ജീവിതമായതും സിനിമാഭ്രമം വരുത്തിവെച്ച പ്രശ്‌നങ്ങളുമാണ് അദ്ദേഹം ഈ കൃതിയില്‍ പറഞ്ഞുപോകുന്നത്. സിനിമ ഒരാളെ ഇങ്ങനെയൊക്ക സ്വാധീനിക്കുമോ എന്ന് പുസ്തകം വായിച്ചുതീരുമ്പോള്‍ നമ്മള്‍ അതിശയിക്കും. സിനിമാഭ്രാന്തുമായി നടക്കുന്നവരെയെല്ലാം പ്രതിനിധാനം ചെയ്യുന്നുണ്ട് ഈ പുസ്തകം.

സിനിമാപ്രാന്തന്റെ പിറവി

'സ്‌നാപകയോഹന്നാന്‍' എന്ന സിനിമ കാണാന്‍ പോയതിന്റെയും അതേത്തുടര്‍ന്നുണ്ടായ അനുഭവങ്ങളുടെയും വിവരണത്തില്‍ നിന്നാണ് എഴുത്തുകാരന്‍ തന്റെ ജീവിതം പറഞ്ഞുതുടങ്ങുന്നത്. നാട്ടിലെ കൂട്ടുകെട്ടും അവരില്‍ നിന്നു കിട്ടുന്ന സിനിമാക്കഥകളും കുട്ടിയായിരിക്കുമ്പോഴേ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും സിനിമ പോലെ വിസ്മയിപ്പിക്കുന്ന മറ്റൊന്നുമില്ലെന്നും ആ കുട്ടി മനസ്സിലാക്കുന്നു. പിന്നീട് സിനിമാ കൂട്ടുകെട്ടുകള്‍ രുപപ്പെടുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാഴ്ച്ചയില്‍ മുഴുവന്‍ സിനിമ നിറയുന്നു. 

അനിയനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വീട്ടുകാര്‍ കൊടുത്ത പൈസക്കു പോലും സിനിമക്കു പോയ അനുഭവം ഒരിടത്ത് വിവരിക്കുന്നുണ്ട് എഴുത്തുകാരന്‍. അത്രത്തോളം ആഴത്തില്‍ സിനിമ ചെറുപ്രായത്തിലേ എഴുത്തുകാരനെ സ്വാധീനിച്ചു. കണ്ടുകഴിഞ്ഞ സിനിമകളിലെ സന്ദര്‍ഭങ്ങളും നായികാനായകന്‍മാരും ഒഴിഞ്ഞുപോകാതെ വിചാരങ്ങളിലേക്ക് വരുന്നതും യഥാര്‍ത്ഥ ജീവിതം സിനിമാസ്വപ്‌നങ്ങളിലേക്ക് വഴി മാറി പോകുന്നതുമായ ധാരാളം അനുഭവങ്ങള്‍ പുസ്തകത്തിലുടനീളം നമ്മള്‍ വായിക്കുന്നു, അനുഭവിക്കുന്നു. വീട് അരക്ഷിതമായ അവസ്ഥ തുടരുന്നു. സിനിമക്ക് പിന്നാലെ പോകുന്നതിന് ക്രൂരമര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു. വീട്ടുകാര്‍ കൈയൊഴിയുന്നു. എന്നിട്ടും സിനിമ മാത്രം ഒഴിഞ്ഞുപോയില്ല.

books
പുസ്തകം വാങ്ങാം

ജയനും പ്രേംനസീറും സത്യനും ജയഭാരതിയും ഷീലയും രോഹിണിയുമെല്ലാം ജീവിതത്തിന്റെ ഭാഗമായിത്തീരുന്നതും സിനിമ പോലൊരു ജീവിതം മുന്നില്‍ മിന്നിക്കെടുന്നതും നമ്മള്‍ തെളിച്ചത്തോടെ വായിക്കുന്നു. ബാല്യവും കൗമാരവും യൗവനവും സിനിമാക്കാഴ്ച്ചകളില്‍ മാത്രമായി മുങ്ങിപ്പോകുന്നതില്‍ എഴുത്തുകാരന്‍ പശ്ചാത്തപിക്കുന്നില്ല. സിനിമ കൂടാതെ ഒരു ജീവിതം തനിക്കില്ലെന്ന് അയാള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുത്തുകാരന്‍ ട്രൂഫോയുടെ ഒരു വാചകം രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ്: 'സിനിമ കാണാനുള്ള ആര്‍ത്തി ഭ്രാന്തിന് തുല്ല്യമാണ്. അതൃപ്തിയില്‍ നിന്നാണ് ആ ഭ്രാന്തുണ്ടാകുന്നത്. ജീവിതം നമ്മെ തൃപ്തരാക്കുന്നില്ല. നാം സിനിമക്ക് പോകുന്നു.'

ഈ എഴുത്തുകാരന്റെ കാര്യത്തില്‍ മേല്‍പറഞ്ഞ വാചകം വളരെ ശരിയായിത്തീരുന്നു. അതൃപ്തി നിറഞ്ഞ പുറംജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിനിമാമാര്‍ഗം തിരഞ്ഞെടുക്കുന്നു. അത് വേര്‍പ്പെടുത്താനാവാത്ത യാഥാര്‍ത്ഥ്യമായി അയാളെ മുന്നോട്ട് നടത്തിക്കുന്നു. ഷാജിയുടെ ജീവിതം അതുകൊണ്ട് തന്നെ മാതൃകകളില്ലാത്ത വിധം വളര്‍ന്നു നില്‍ക്കുന്നു.

സിനിമയെ തിരഞ്ഞ് 

സിനിമ പല രൂപത്തില്‍ എഴുത്തുകാരന്റെ വളര്‍ച്ചയില്‍ കൂടെ നിന്നു. പലയാവര്‍ത്തി കണ്ട ഹിന്ദി,തമിഴ്, മലയാളം, തെലുങ്ക് സിനിമകള്‍ എഴുത്തുകാരനെ വഴി തെറ്റിക്കുകയായിരുന്നില്ല, പുതിയ വഴി കാട്ടിക്കൊടുക്കുകയായിരുന്നു. സിനിമയും പാട്ടുമായി നാട്ടില്‍ നിലയുറപ്പിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. സിനിമ എന്ന സ്വപ്‌നം വഴിമാറി പോകുന്ന ഘട്ടത്തിലെത്തി. ജീവിക്കുക, സ്വന്തം കാലില്‍ നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ വെല്ലുവിളിയായി. അങ്ങനെ എഴുത്തുകാരന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. ജോലി അന്വേഷിച്ച് മധുരയിലെത്തുന്നു. അവിടെയും എഴുത്തുകാരനെ ഭ്രമിപ്പിച്ചത് സിനിമ തന്നെ. ദിവസവും സിനിമ കണ്ട് നഗരം ചുറ്റി. പിന്നീട് അവിടെയും നില്‍ക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. 

മദ്രാസിലേക്കും ഹൈദരാബാദിലേയ്ക്കും ചെന്നെത്തുന്നു. സൗഹൃദങ്ങള്‍ അവിടങ്ങളിലെല്ലാം തണലാകുന്നു. കാസറ്റുകടയിലെ ജോലിയും പാട്ടു പാടലുമെല്ലാമായി നിലനിന്നു പോകുന്നു. സിനിമാനടന്മാരും സിനിമാപ്രവര്‍ത്തകരുമെല്ലാമായി ഇടപെടലുകള്‍ നടക്കുന്നു. എഴുത്തുകാരന്‍ വീണ്ടും സിനിമയുടെ തീരത്തേക്ക് തന്നെ അടിയുന്നു. സിനിമ കാണലും സിനിമയില്‍ ജീവിക്കലും തുടരുന്നു. സിനിമ നല്‍കിയ പാഠങ്ങളെ സ്വയം ഉള്‍ക്കൊണ്ട്, സിനിമ തന്ന അറിവുകളെ പ്രയോഗിച്ച് മുന്നേറാനുള്ള ശ്രമമായിരുന്നു പിന്നീട്. താളം തെറ്റിയുള്ള പോക്ക് അവസാനിക്കുന്നു.

സിനിമാക്കാരനാകുന്നു

നാടും വീടും വിട്ടുള്ള അലച്ചില്‍ എഴുത്തുകാരനെ സിനിമയിലേക്കുള്ള വഴിയേ നടത്തിച്ചു. സിനിമാ മേഖലയിലുള്ളവരെ പരിചയപ്പെടാന്‍ അത് സഹായിച്ചു. സിനിമയില്‍ പാട്ടെഴുതാനും തിരക്കഥകള്‍ എഴുതാനും ആരംഭിച്ചു. ചെറുപ്പത്തില്‍ സിനിമ കണ്ട് നടന്നത് വെറുതെയായില്ല എന്ന് പിന്നീടുള്ള എഴുത്തുകാരന്റെ ജീവിതം തെളിയിച്ചുകൊണ്ടിരുന്നു. സിനിമയില്‍ പതുക്കെപ്പതുക്കെ സൗഹൃദങ്ങള്‍ ഉണ്ടായി, അത് കൂടുതല്‍ അവസരങ്ങളെ സൃഷ്ടിച്ചു. നടന്‍ ആകണമെന്ന ആഗ്രഹം ഇല്ലാതിരുന്നിട്ടും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു. സിനിമകള്‍ സംവിധാനം ചെയ്യുന്നു. സിനിമയിലേക്കുള്ള വഴി സിനിമ തന്നെ വെട്ടിത്തുറക്കുന്ന കാഴ്ച്ച വാക്കുകളിലൂടെ തെളിഞ്ഞുവരുന്നു. അവസാനത്തില്‍ എഴുത്തുകാരന്‍ തന്റെ ജീവിതത്തെ രേഖപ്പെടുത്തുന്നത് ഇങ്ങനെ:

shaji chennai
ഷാജി ചെന്നൈ

' ഞാന്‍ സിനിമകളെ സ്‌നേഹിച്ചത് സിനിമയില്‍ എന്തെങ്കിലും ചെയ്യാനോ ഒരു സിനിമാനടനാകാനോ ആഗ്രഹിച്ചല്ല. സിനിമ എന്നും എനിക്ക് ഒരു പകല്‍ സ്വപ്‌നമായിരുന്നു. എപ്പോഴും ഉണര്‍ന്നിരുന്നുകൊണ്ട് ഞാന്‍ കണ്ട സ്വപ്‌നം. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇടിച്ചുനിരത്തപ്പെട്ട ഇരട്ടയാര്‍ ബിന്ദുവിന്റെയും മറവിയില്‍ മറഞ്ഞ കട്ടപ്പന സംഗീതയുടെയും ഒക്കെ മുന്‍പില്‍ സിനിമാപ്രാന്ത് മൂത്ത് ഒരു കവലപ്പയ്യനെപ്പോലെ അലഞ്ഞ ഞാന്‍ ഇന്ന് സിനിമകളില്‍ അഭിനയിക്കുന്നു. വീടുകള്‍ക്കുള്ളില്‍ സിനിമാശാലകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നു. 

ചെറുതെങ്കിലും തരക്കേടില്ലാത്ത ഒരു സിനിമാശാല എന്റെ വീട്ടിലുമുണ്ട്. അതിനുള്ളിലിരുന്നുകൊണ്ട് പന്ത്രണ്ടു വയസ്സായ ഒരു പെണ്‍കുട്ടി ചിരിച്ചും ആര്‍ത്തട്ടഹസിച്ചും സിനിമ കാണുകയാണ്. അവളാണ് എന്റെ സിനിമാപ്രാന്തിന്റെ ഒരേയൊരു അനന്തരാവകാശി. സിനിമയാണ് അവള്‍ക്ക് ലോകം. സിനിമയാണ് അവള്‍ക്ക് ജീവിതം. നില്‍ക്കാനോ നടക്കാനോ ഉള്ള കഴിവില്ലാതെ പിറന്ന എന്റെ പൊന്നുമകളെ ആഹ്‌ളാദത്തോടെ ജീവിപ്പിക്കുന്നത് സിനിമകളാണ്. നാല്‍പത് വര്‍ഷം എന്നെ ജീവിപ്പിച്ച സിനിമ എന്റെ മകളെ എണ്‍പതു വര്‍ഷം ജീവിപ്പിക്കും എന്നെനിക്കുറപ്പുണ്ട്.' ( പേജ്- 212,213).

അതെ, സിനിമ മനുഷ്യനെ ജീവിപ്പിക്കുന്ന, പരസ്പരം കോര്‍ത്തിടുന്ന ഒന്നായി മാറുന്ന കാഴ്ച്ച. ഈ പുസ്തകം നിങ്ങളിലെ സിനിമാപ്രാന്തിനെയും വീണ്ടെടുക്കും, ഉറപ്പ്!

സിനിമാപ്രാന്തിന്റെ 40 വര്‍ഷങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Malayalam Book Reviews Mathrubhumi Books