ജൈവ പ്രകൃതിയും മനുഷ്യ നിര്‍മ്മിതപ്രകൃതിയും തമ്മിലുള്ള  സംഘര്‍ഷങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകളുടെയും അന്യോന്യമുള്ള അധിനിവേശത്തിന്റെയും ചരിത്രമാണ് ഭൂമിയുടേത്. പ്രകൃതിയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരു ഭയമുണ്ട്. വേരില്‍ നിന്ന് അടര്‍ന്നു പോകുമ്പോഴുള്ള പിടച്ചില്‍.ആ പിടച്ചിലിന്റെ കാവ്യാവിഷ്‌കാരമാണ് എം.ജീവേഷിന്റെ 'മുക്കുവനെ തിരയുന്ന മീന്‍ കുഞ്ഞുങ്ങള്‍ ' എന്ന കവിതാ സമാഹാരത്തിലെ കവിതകള്‍.

ജൈവ പ്രകൃതിയില്‍ നിന്നുള്ള മനുഷ്യന്റെ അന്യവല്‍ക്കരണം അതിന്‍മേല്‍ ഏല്‍പ്പിക്കുന്ന ഗുരുതരമായ പരിക്കുകളുണ്ട്. ആ മുറിവുകളുമായി പുഴകളും, വയലുകളും, മീനുകളും പക്ഷികളും, എന്നു വേണ്ട സകല ജീവജാലങ്ങളും ഈ കവിതകളിലൂടെ മനുഷ്യരോട് സംസാരിക്കുന്നു. അവര്‍ സൂക്ഷിച്ച സ്വപ്നങ്ങളെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച്, നമ്മളെ പോറ്റുവാന്‍ അവര്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ച്, അവരോടൊപ്പം ജീവിച്ച ആര്‍ത്തിയില്ലാത്ത ചില മനുഷ്യരെക്കുറിച്ച്.

'മീന്‍ വണ്ടികളുടെ മുരള്‍ച്ചയില്‍
ചെറുമീനുകളപ്പോഴും
സ്വപ്നം കാണുന്നു;
തലയില്‍ ഓലക്കുട ചൂടിയ
ആ പഴയ മുക്കുവനെ'
(മുക്കുവനെ തിരയുന്ന മീന്‍ കുഞ്ഞുങ്ങള്‍) 

'എന്റെ വേരുകള്‍ക്കിടയില്‍
എത്ര പരല്‍ മീനുകളെ ഒളിപ്പിച്ചു........... എന്നിട്ടും
തണലേകിയെന്ന കാരണത്താല്‍
മഴു എന്നിലേക്ക് തന്നെ'
(കണ്ടല്‍ മുറിവ്)

പ്രകൃതിയുടെ ആത്മത്യാഗങ്ങളുടെ ഒരു വാഴ്ത്ത് പുസ്തകമാണിത്. ചാള്‍സ് ഡിക്കന്‍സ് വിശേഷിപ്പിച്ചതു പോലെ, 'മഹത്വത്തോടൊപ്പം നിസ്സാരതകള്‍ നിറഞ്ഞ ഈ പ്രപഞ്ച'ത്തെ, ആ നിസാരതകളിലെ വലിയ സത്യങ്ങളെ കവി ഒരു സെന്‍ സന്യാസിയെപ്പോലെ വായിച്ചെടുക്കുന്നു.

'വിത്തിനെ 
വായിക്കൂ
വലിയ ജീവിതത്തെ
എത്രയൊതുക്കിയാണ്
ഒരു മരം
തണലിന്റെ
കഥയായി
ആഖ്യാനം ചെയ്തിരിക്കുന്നത്!'
( വിത്ത് )

സമകാലീന ലോകത്ത് എഴുത്ത് ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. എഴുത്തിന്റെ മൂര്‍ച്ചയെ ഏതൊരായുധത്തേക്കാളും ഭയക്കുന്നുണ്ട്. അന്യ ആശയങ്ങളെ, ചിന്തകളെ, മനുഷ്യരെ ഒക്കെ സംഹരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ കവിതയാല്‍ അടയാളപ്പെടുത്തുന്നുണ്ട് ജീവേഷ്. ബീഫ് കഴിച്ചതിനാല്‍, കൈവശം വെച്ചതിനാല്‍ കൊല്ലപ്പെടുന്ന മനുഷ്യരുടെ നാട്ടില്‍

'വായുവിനേക്കാള്‍
മൃദുവേറിയ ഭക്ഷണം
വേറെയില്ല'
(വായു )

'തിന്നാലതില്‍ പേരില്‍
കൊല്ലുകയില്ലൊരു സംഘിയും'
എന്ന വരികളില്‍ അവസാനിക്കുന്നു 'വായു' എന്ന കവിത.

എഴുത്തിലൂടെയുള്ള ചെറുത്തുനില്‍പ്പില്‍ പൊലിഞ്ഞു പോയ മനുഷ്യരെ 'ചിത്രശലഭങ്ങള്‍ക്ക് തോക്കുകളെ പേടിയില്ല' എന്ന കവിത ഓര്‍മ്മിപ്പിക്കുന്നു. ധാബോല്‍ക്കര്‍, പന്‍സാരെ, ഗൗരീലങ്കേഷ് തുടങ്ങി എത്ര ശലഭജന്മങ്ങള്‍.

'തോക്കുകളെ ഭയപ്പെടാതെ,
ചിത്രങ്ങളെയും
കവിതകളെയും
ജീവചരിത്രങ്ങളെയും
ചിറകിലേറ്റാന്‍
ഇനിയുമുണ്ട്
ശലഭജന്മകള്‍'
( ചിത്രശലഭങ്ങള്‍ക്ക് തോക്കുകളെ പേടിയില്ല) 
പ്രതിരോധത്തിന്റെ രാഷ്ട്രീയ തെളിമ നിറഞ്ഞ 'വെളിപാടുകള്‍', 'താജ്മഹല്‍',  'തോറ്റവരുടെ പാട്ട്' ,'ഉറുമ്പുകള്‍' തുടങ്ങിയ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്.

'കണ്ണുകള്‍' എന്ന കവിതയില്‍ പറയും പോലെ
'എന്റെ മുഖത്ത്
തുന്നിപ്പിടിപ്പിച്ച
രണ്ടു പക്ഷികളാണ്
കണ്ണുകള്‍'
(കണ്ണുകള്‍) 
പക്ഷിയെപ്പോലെ, പ്രകൃതിയിലൂടെ ജീവിതത്തിലൂടെ, ഓര്‍മകളിലൂടെ, ഉയരത്തിലും, ആഴത്തിലും, ചാഞ്ഞും ചെരിഞ്ഞും പറന്ന് എത്ര എത്ര കാഴ്ചകളാണ് കവി വാക്കുകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്!

'വേദന തിന്ന്
വേരുകള്‍ മണ്ണില്‍ ചെയ്യുന്നത്
എന്റെ വിരലുകള്‍
കവിതയില്‍
ചെയ്തു കൊണ്ടേയിരിക്കുന്നു'
(വസന്തമെഴുതുമ്പോള്‍ )

ആകാശം തൊട്ട് പൂത്തുലഞ്ഞു നില്‍ക്കുന്ന മരത്തിന്റെ വേരുകളുടെ സ്വയം മുറിഞ്ഞും, നേര്‍ത്തും, ചിലപ്പോള്‍ കെട്ടുപിണഞ്ഞു മുറുകിയുമുള്ള ധ്യാനാത്മകമായ ഒരു യാത്ര പോലെയാണ് ജീവേഷിന്റെ കവിതകള്‍. പൂക്കളും, വസന്തവും, പൂമ്പാറ്റകളുമെല്ലാം നിറയുമ്പോഴും
കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നത് മണ്ണടരുകളില്‍ തട്ടിപ്പിടഞ്ഞു പിടഞ്ഞു മണ്ണിലേക്കാഴത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന വേരുകളുടെ ത്യാഗത്തെയാണ്. ജീവിതത്തിലും, പ്രണയത്തിലും രാഷ്ട്രീയത്തിലും, എഴുത്തിലുമെല്ലാം ഈ ധ്യാനാത്മകമായ ഏകാഗ്രതയും ,ത്യാഗവും ഈ കവിതകള്‍ ആവശ്യപ്പെടുന്നു. 

പൂര്‍ണ്ണ പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ കൃതിക്ക് 2018ലെ ബി.സി.വി. പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ അനുബന്ധത്തിലെ  എം.ബി.മനോജിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'കാഴ്ചക്കു മേല്‍ നടത്തുന്ന ഏങ്കോണിച്ച കാഴ്ച, പരമാധികാരത്തിനപ്പുറത്തു നില്‍ക്കുന്ന (അ)സാധാരണ കാഴ്ച, പ്രകടന പദാവലികള്‍ക്കപ്പുറത്തു നിന്നും പെറുക്കിയെടുക്കുന്ന അത്രകണ്ട് പ്രകടമായിട്ടില്ലാത്ത ഉള്‍നാട്ടുഭാഷ, ആഗോളമായ കടന്നുകയറ്റങ്ങളെ അതിജീവിക്കാനുതകുന്ന നാട്ടു വിദ്യ. അങ്ങനെ പലതുകൊണ്ടും പുതുമയുള്ളതാകുന്നു ജീവേഷിന്റെ കവിതകള്‍.

Content Highlights: malayalam book review, malayalam literature, Mukkuvane Thirayunna Meenkunjungal, M.Jeevesh