ഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യാ - പാക് വിഭജനത്തിനിടെ അക്ഷരങ്ങളെ സ്‌നേഹിച്ച രണ്ടു  പേര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തി. കൃത്യമായി പറഞ്ഞാല്‍ സിയാല്‍കോട്ടില്‍ നിന്ന്. മുതിര്‍ന്ന ആള്‍ പത്രപ്രവര്‍ത്തനരംഗത്തും നയതന്ത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. കുല്‍ദീപ് നയ്യാര്‍. രണ്ടാമന്‍ അധ്യാപകനും എഴുത്തുകാരനുമായി. നരേന്ദ്ര കോഹ്‌ലി. 

ഹിന്ദി സാഹിത്യത്തില്‍ 'കോഹ്‌ലി കാലം' എന്നു തന്നെ എണ്‍പതുകള്‍ക്ക് ശേഷമുള്ള കാലം അറിയപ്പെടുന്നുണ്ട്, പലപ്പോഴും, പുരാണങ്ങളേയും ചരിത്ര സന്ദര്‍ഭങ്ങളേയും ഇതിഹാസ സമാനമായി പുനരാനയിക്കുന്ന രചനാരീതിയാണ് ഈ എഴുത്തുകാരന്റേത്. മഹാഭാരതത്തെ പറ്റിയുള്ള നരേന്ദ്ര കോഹ്‌ലിയുടെ എട്ടു പുസ്തകങ്ങള്‍ മലയാളത്തിലേക്ക് കെസി അജയകുമാര്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മഹാസമര്‍ എന്ന പരമ്പരയില്‍ പെടുന്നതാണ് ഈ നോവലുകള്‍. ബന്ധനം, അധികാരം, കര്‍മ്മം, ധര്‍മ്മം, അന്തരാള്‍, പ്രച്ഛന്നം, പ്രത്യക്ഷം, മുക്തി എന്നിവയാണ് ഈ കൃതികള്‍. മഹാഭാരതത്തെ പറ്റി വന്നിട്ടുള്ള മികച്ച രചനകള്‍ എന്ന നിലയിലാണ് ഇവ ശ്രദ്ധേയമാകുന്നത്. 

ലോകത്തെ മറ്റേത് ഇതിഹാസങ്ങളേയും അസ്തപ്രജ്ഞമാക്കുന്ന പ്രതിഭയാണ് മഹാഭാരതം രചിച്ചത് എന്ന് എം.ടി. വാസുദേവന്‍ നായര്‍. 'ഇതിലുള്ളത് ലോകത്ത് എവിടേയും കാണാം. ഇതില്‍ ഇല്ലാത്തത് എങ്ങും കാണാനുമാവില്ല...' എന്ന അര്‍ത്ഥം വരുന്ന ശ്ലോകം പ്രചുരപ്രചാരം നേടിയതാണ്. സര്‍വതലസ്പര്‍ശിയായ ആ സമഗ്രതയെ ബോധ്യപ്പെടുത്തുന്നു മഹാസമര്‍ പരമ്പരയിലെ ഈ അഷ്ടാധ്യായികള്‍. 

ഭീഷ്മാചാര്യരില്‍ തുടങ്ങുന്നു 'ബന്ധനം'. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ വേട്ടയ്ക്ക് പോയി സത്യവതിയെ കണ്ട് ഭ്രമിച്ച ശന്തനു മഹാരാജന്റെ തിരിച്ചു വരവില്‍. ഹസ്തിനപുരത്തിന്റെ നഗര കവാടത്തില്‍ കാത്തു നിന്നിരുന്ന പുത്രന്‍ ദേവവ്രതനേയും മഹാമന്ത്രിമാരേയും പ്രജകളേയും തിരിഞ്ഞു നോക്കാതെ രാജാവിന്റെ രഥം കുതിക്കുന്നു. രാജകുമാരന്‍ ഞെട്ടി. ഇത് പതിവില്ലാത്തതാണ്. പ്രജാവത്സലനായ രാജാവിന് എന്തു പറ്റി? അദ്ദേഹത്തെ മഥിക്കുന്നത് എന്താണ്. രോഗമോ, ദുഖമോ അഹങ്കാരമോ? 

പിന്നെ ദേവവ്രതന്റെ മനസ്സ് പറയുന്നു. ''അഹങ്കാരം. പ്രജകളെ ഇങ്ങനെ അവഗണിക്കുക. ഈ അഹങ്കാരമാണ് രാജവംശങ്ങളെ ഇല്ലാതാക്കുന്നത്. ഇനി പ്രജകളേയും ഉദ്യോഗസ്ഥരേയും മറന്നാല്‍ തന്നെ മകനല്ലേ ഈ ദേവവ്രതന്‍. അപ്പോള്‍ ശന്തനു എങ്ങനെയുള്ള അച്ഛനാണ്''അതിവേഗം അധികാരവും മനുഷ്യനും തമ്മിലുള്ള രാഗദ്വേഷങ്ങളിലേക്ക് കടന്നെത്തുന്നു രചന. 

മത്സ്യഗന്ധിയുടെ പിതാവ് ദാശരാജന് മുന്നില്‍ ഭീഷ്മപ്രതിജ്ഞയുമായെത്തുന്ന ദേവവ്രതന്‍ പിന്നീട് ഭീഷ്മരായി. ഹസ്തിനപുരത്തിന് സമര്‍പ്പിക്കപ്പെട്ടതായിരുന്നു ഭീഷ്മരുടെ ജീവിതം. സത്യവതിയാകട്ടെ രാജവംശത്തിന്റെ ദംഷ്ട്രകളെ ആദ്യം മനസ്ഥൈര്യം കൊണ്ടും പിന്നീട് സ്വന്തം ധാര്‍ഷ്ട്യം കൊണ്ടും മറികടന്നു. 

അന്നോളം രാജകുമാരന്മാരെ ഗുരുകുലത്തില്‍ അയച്ച് പഠിപ്പിക്കലായിരുന്നു ഭാരതീയ രീതി. അതിന് മാറ്റം വന്നത് ഭീഷ്മാചാര്യരുടെ കാലത്താണ്. ശന്തനുവിന്റെ മക്കളായ ചിത്രാംഗദനേയും വിചിത്രവീര്യനേയും ഗുരുകുലത്തില്‍ അയക്കുന്നതിനെ സത്യവതി ചെറുത്തു. ഭോഗങ്ങളുടെ കടലിനെ കീഴടക്കാന്‍ മക്കള്‍ പഠിച്ചതേയില്ല. രജോഗുണ പ്രധാനികളായ കുമാരന്മാര്‍ കാമാര്‍ത്ഥലോഭമോഹങ്ങളാല്‍ പാതാളത്തോളം പതിച്ചു. അഹങ്കാരമായിരുന്നു ചിത്രംഗദന്റെ ശൈലി. വഴക്കാളി. അങ്ങനെ അനാവശ്യമായി  യുദ്ധം ചെയ്ത് മരിച്ചു. കാമോഹിതനായ വിചിത്ര വീര്യന് വേണ്ടി കാശിരാജന്റെ മക്കളെ ഹസ്തിനപുരത്തിലെത്തിക്കേണ്ടി വന്നു ഭീഷ്മര്‍ക്ക്. അംബയും അംബികയും അംബാലികയും. സാല്വ രാജനെ മനസാ വരിച്ചിരുന്ന അംബയെ കാക്കാന്‍ ഭീഷ്മന് യുദ്ധം തന്നെ വേണ്ടി വന്നു. 

യുദ്ധാനന്തരം പക്ഷെ അംബ മോഹിച്ചത് ഭീഷ്മരെയാണ്. പക്ഷെ പ്രതിജ്ഞയെ മുറുകെ പിടിച്ചു ദേവവ്രതന്‍. അംബയ്ക്ക് വേണ്ടി ഗുരു പരശുരാമന്‍ തന്നെ ഭീഷ്മരെ വിളിക്കുന്നുണ്ട്. അന്നേരം നടക്കുന്ന ചര്‍ച്ചകളില്‍ നിറയുന്നു ബന്ധങ്ങളുടെ, വിവാഹത്തിന്റെ വിവിധ സാധ്യതകള്‍. തിരസ്‌കാരത്തിന്റേയും സ്വീകാരത്തിന്റേയും നിലപാടുകള്‍.

നിയോഗത്തിലൂടെ നിലനില്‍ക്കുന്നു ഹസ്തിനപുരത്തിന്റെ രാജവംശം. അധികാരം പാണ്ഡുവിലേക്കും ധൃതരാഷ്ട്രരിലേക്കും എത്തുന്നു. ഏതെല്ലാം വിധത്തിലാണ് പാണ്ഡു ദുര്‍ബലനായിരുന്നതെന്ന് നരേന്ദ്ര കോഹ്ലി വിവരിക്കുന്നു. എന്തുകൊണ്ട് കുന്തിയേയും മാദ്രിയേയും പാണ്ഡു ഭയപ്പെട്ടെന്നും. രണ്ടു രാജ്ഞിമാര്‍ക്കും നിയോഗം വേണ്ടി വന്നത് എന്തുകൊണ്ടാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ധൃതരാഷ്ട്രരോ? നിരന്തരം ശാഠ്യക്കാരനായിരുന്നു പ്രജ്ഞാചക്ഷു എന്നറിയപ്പെട്ട അന്ധകുമാരന്‍. ഏല്ലാ തരത്തിലും മറ്റ് ജീവിതങ്ങളെ ഈ നിര്‍ബന്ധബുദ്ധി വിഷമിപ്പിച്ചു കൊണ്ടേയിരുന്നു. അര്‍ത്ഥവും ലോഭവും മോക്ഷവും ത്യജിച്ച ഭീഷ്മര്‍ പണ്ട് കാശി രാജകുമാരികളെ കൊണ്ടു വന്ന പോലെ പാണ്ഡുവിനും ധൃതരാഷ്ട്രര്‍ക്കും കുമാരികളെ എത്തിച്ചു.  ഗാന്ധാരത്ത് നിന്ന് ഗാന്ധാരി. കുരുവംശത്തിന്റെ പതനം എന്ന ലക്ഷ്യവുമായി ഗാന്ധാരിക്കൊപ്പം ശകുനിയും എത്തി.

പാണ്ഡവരും കൗരവരും തമ്മിലുള്ള പകയുടെ ആന്തരാര്‍ത്ഥങ്ങള്‍ അറിയാന്‍ സഹായിക്കും കോഹ്‌ലിവായന. ആദ്യദര്‍ശനം മുതല്‍ അവസാനം വരെ വരെ നിലനിന്ന പകയുടെ നാനാര്‍ത്ഥങ്ങള്‍. ദുര്യോധനന് സ്വന്തം അധികാരത്തിലേക്കുള്ള വഴിയില്‍ അനവസരത്തില്‍ കടന്നു വന്ന അപരിഷ്‌കൃതരായിരുന്നു പാണ്ഡവര്‍. മുനിവാടങ്ങളില്‍ കഴിഞ്ഞ പാണ്ഡവര്‍ക്കാവട്ടെ കൗരവര്‍ സഹോദരരും. ഈ വൈരുദ്ധ്യം കുരുക്ഷേത്രത്തോളവും അതിന് ശേഷവും നീണ്ടു. ധര്‍മ്മപുത്രരുടെ ധര്‍മ്മകാണ്ഡവും ശ്രീകൃഷ്ണന്റെ കര്‍മ്മകാണ്ഡവും ഇവിടെ കാണാം. പലകുറി നിറയുന്നു ആ പ്രഖ്യാത വാക്യം. നീ ധര്‍മ്മത്തെ രക്ഷിക്കുക. ധര്‍മ്മം നിന്നെ കാക്കും.

മഹാഭാരതത്തിന്റെ വര്‍ത്തമാന വായനകള്‍ പലപ്പോഴും അപകടകരങ്ങളാണ്. കാരണം ഉദ്ധൃതമായ ദേശീയതയുടെ നിലവാരത്തിലേക്ക് ഇതിഹാസം തരം താഴ്ത്തപ്പെടുന്നു. ഗണപതിയെ ശസ്ത്രക്രിയ നടത്തി എന്നും റൈറ്റ് സഹോദരന്മാര്‍ക്ക് മുമ്പേ ആധുനിക വിമാനം കണ്ടെത്തി എന്നും ഒക്കെയുള്ള അവകാശവാദങ്ങള്‍ നിറയുന്ന കാലത്ത് പ്രത്യേകിച്ചും.

എന്നാലും ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് നേരത്തേ പറഞ്ഞതു പോലെ വിദ്യാഭ്യാസത്തിന്റെ ഭാരതീയ ശൈലിയില്‍ വന്ന മാറ്റം മനസ്സിലാക്കാം ഈ വായനകളില്‍. രാജകുമാരന്മാരെ ഗുരുകുലത്തില്‍ അയച്ച് പഠിപ്പിച്ച രീതി മാറ്റുന്നത് പ്രധാനമായും ഭീഷ്മരും ദ്രോണരുമാണ്. കൗരവ പാണ്ഡവ കുമാരന്മാരുടെ കാലമായപ്പോള്‍ ഇത് പൂര്‍ണമായി. അന്നോളം ഗുരുകുല സമ്പ്രദായത്തില്‍ പഠിച്ച രാജകുമാരന്മാര്‍ പിന്നീട് വളര്‍ന്നത് കൊട്ടാരക്കെട്ടിലാണ്. മദമാത്സര്യങ്ങള്‍ക്ക് ശക്തി പകര്‍ന്ന്. ഒന്നും ത്യജിക്കാതെ. ഗുരുക്കന്മാരെ ആജ്ഞയാല്‍ നിയന്ത്രിച്ച്. ആ പരമ്പരയാണ് കുരുക്ഷേത്രത്തില്‍ ഒടുങ്ങിയത്.

ഇനി ദ്രോണാചാര്യരോ? ബ്രാഹ്മണനായ ദ്രോണര്‍ ക്ഷാത്രബലത്താല്‍ നിലനിന്നു. പട്ടിണിയും പരിഹാസവും സഹിക്കാതെ മകന്‍ അശ്വത്ഥാമാവിന് പാലിന് പകരം അരിപ്പൊടി കലക്കിക്കൊടുക്കേണ്ടി വന്ന അവസ്ഥയിലാണ് പാഞ്ചാലരാജാവായ ദ്രുപദനെ സമീപിച്ച് സഹായാഭ്യര്‍ഥന നടത്തുന്നത്. തുല്യാവകാശം നല്‍കാമെന്ന വാക്കു പാലിക്കാതെ അപമാനിച്ചയച്ച സതീര്‍ത്ഥ്യനെ തോല്‍പിക്കാന്‍ അസ്ത്രകലയുടെ ആചാര്യന്‍ ഹസ്തിനപുരത്തെത്തുന്നു. പകയുടെ പകിട കറങ്ങിക്കൊണ്ടേയിരുന്ന കൊട്ടാരത്തിലേക്ക്, പുതിയ പകയുടെ വിത്തു മുളപ്പിക്കാന്‍.

പറഞ്ഞു വന്നത്, വേണമെങ്കില്‍ പറയാം, സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചത് ആദ്യം ഹസ്തിനപുരത്തിലാണ്. എന്നാല്‍ വിദ്യയും അധികാരവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള നിശിതമായ പാഠങ്ങളാണ് ഓരോ ഘട്ടത്തിലും ഇതിഹാസം വിവരിക്കുന്നത്. കര്‍ണനും ഏകലവ്യനും അര്‍ജുനനും ഭീമനുമെല്ലാം യുധിഷ്ഠിരന്റെ ധാര്‍മിക ചിന്തകള്‍ക്ക് പുറത്തുള്ള  സന്ദേഹങ്ങളുടെ വിശാല ലോകത്തേക്ക് ചര്‍ച്ചകളെ നയിക്കുന്നു. രാജ്യത്തിന്മേലുളള അവകാശം, രാജാവും പ്രജകളും തമ്മിലുള്ള ബന്ധം, രാജനീതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍, എല്ലാം നിറയുന്നുണ്ട് ഈ പുസ്തകങ്ങളില്‍. 

കൗതുകമുണര്‍ത്തുന്ന ചില കാര്യങ്ങള്‍ കൂടി പറയാം. ഇന്ദ്രപ്രസ്ഥത്തില്‍ പാണ്ഡവര്‍ ഭരണം സ്ഥാപിച്ചു. ഖാണ്ഡവദഹനം കഴിഞ്ഞു. സാര്‍ത്ഥവാഹക സംഘങ്ങള്‍ക്ക് ഭീമസേനന്‍ അനുയാത്ര പോയി. സൈന്യവുമായി സംരക്ഷണം നല്‍കി തിരിച്ചെത്തിയ ശേഷം നടക്കുന്ന ചര്‍ച്ചകള്‍ വാണിജ്യത്തിന്റേയും വ്യാപാരത്തിന്റേയും ഉടമ്പടികളും ചട്ടങ്ങളും സംബന്ധിച്ചാണ്. 

യുധിഷ്ഠിരന്‍ ഉന്നയിക്കുന്ന ചോദ്യമിതാണ്. അമ്പതും നൂറും യോജന നീളമുള്ള രാജ്യങ്ങളിലൂടെ കടന്നു പോകുന്ന വ്യാപാരികളെ എത്രകാലം സൈനികമായി സംരക്ഷിക്കാനാവും. ഇതിന് വേണ്ടി വരുന്ന സൈനിക ചെലവ് എത്രത്തോളമാണ്. വിശാലമായ ഒരു രാജ്യമെന്ന നിലയില്‍ രാജസൂയം നടത്തി ഓരോ രാജാക്കന്മാരുമായും ബന്ധങ്ങളും ആധിപത്യങ്ങളും നിലനിര്‍ത്തേണ്ടുന്നത് ചുങ്കപ്പിരിവുകള്‍ക്ക് എത്രത്തോളം ഗുണകരമാവും. ക്ലോണിംഗിനെ പറ്റി മഹാഭാരതത്തില്‍ പറയുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്ക് ധൈര്യമായി പറയാം. ജിഎസ്ടിയെ പറ്റി പറഞ്ഞിട്ടുണ്ട് പണ്ടേ ആചാര്യന്മാര്‍!

ഒന്നു കൂടി. മഹാഭാരത യുദ്ധം നടക്കുന്നു. കുരുക്ഷേത്രത്തില്‍ നിന്ന് ദൂതന്‍ എത്തുന്നു ശിബിരത്തിലേക്ക്. പാണ്ഡവ പത്‌നിമാര്‍ എല്ലാവരുമുണ്ട്. ദ്രൗപദിയും ബലന്ധരയും സുഭദ്രയും രേണുമതിയും വിജയയും. അശ്വത്ഥാമാവ് നാരായണാസ്ത്രം പ്രയോഗിച്ച ശേഷമാണ്. ദുര്യോധനന്‍ വീണ്ടും ഗുരുപുത്രനോട് അതേ ആയുധം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു. അശ്വത്ഥാമാവ് നിവൃത്തികേട് വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന ചര്‍ച്ചയാണ് അപ്പോള്‍ അവിടെ നടക്കുന്നത്. ദ്രൗപദി വിശദമാക്കുന്നു. അസ്ത്രങ്ങളെ പറ്റി. പിണ്ഢവും ഊര്‍ജവും തമ്മിലുള്ള ബന്ധംത്തെപ്പറ്റി. സൂക്ഷ്മവും സ്ഥൂലവും സമയവും കാലവും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. 

ഉത്തരായനം കാത്തു കിടന്നു ഭീഷ്മര്‍ ശരശയ്യയില്‍ എന്നാണ് നമ്മുടെ പൊതുവായന. നരേന്ദ്ര കോഹ്‌ലി പറയുന്നു. ഭീഷ്മരുടെ ഉത്തരായനമെന്നത് വെറും കാത്തുകിടപ്പല്ല. കര്‍മ്മസൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കേ, പ്രത്യാശയുടെ ചന്ദ്രന്‍ ശുക്ലപക്ഷ ആകാശത്ത് തെളിയവേ, നിരഭ്രസുന്ദരമായ  മേഘരഹിതമായ മാനം തെളിയവേ വേണം മരണം. എന്നു വച്ചാല്‍ മനസ്സില്‍ സംശയങ്ങളില്ലാതെ കര്‍മ്മം ചെയ്യാന്‍ ശേഷിയും പ്രതീക്ഷാഭരിതമായ മനസ്സും ഉള്ളപ്പോള്‍ വേണം മരിക്കാന്‍ എന്നര്‍ത്ഥം. 

കുരുക്ഷേത്രത്തിലെ മുഴുവന്‍ സങ്കടങ്ങളും ഏറ്റുവാങ്ങി അധികാരമേറാന്‍ ചെല്ലുന്ന യുധിഷ്ഠിരനോട് ചാര്‍വാകന്‍ പറയുന്നു. രാജാവേ നിങ്ങള്‍ ഭരിക്കാന്‍ അര്‍ഹനല്ല. മുഴുവന്‍ ബന്ധുക്കളേയും കൊന്നൊടുക്കി ഇത്രമേല്‍ വ്യയം ചെയ്ത്  പിടിച്ചെടുക്കുന്ന അധികാരം കൊണ്ട് എന്തര്‍ത്ഥം. 

മഹാഭാരതം വെറുമൊരു യുദ്ധമോ വംശകഥയോ അല്ല. ശാസ്ത്രവും  ചരിത്രവും നൈതികതയും എല്ലാം നിറയുന്ന ഒന്നാണ്. നമ്മുടെ സങ്കല്‍പങ്ങളെ ദേശീയതകളിലേക്ക് ചുരുക്കുന്നില്ല വേദവ്യാസന്‍. അതിനെ ലോകത്തോളം പടര്‍ത്തുകയാണ്. പരദ്രോഹത്തിന്റെ പാപത്തറകളില്‍ ആനന്ദത്തിന്റെ അടിത്തറ കെട്ടിപ്പൊക്കാനാവില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്. വൈയക്തികമായി ഓരോ മനുഷ്യനുമുള്ള സന്ദേശമാണ്. സ്വന്തം മനസ്സിന് മുന്നില്‍ നാമെല്ലാം രാജാക്കന്മാരാണല്ലോ. മഹാഭാരതത്തെ ചിപ്പിയിലാക്കും വിധം സമ്പന്നമായ ഇരാവതി കാര്‍വേയുടെ മഹാഭാരത പഠനങ്ങള്‍ പോലെ രത്‌നഗര്‍ഭയാവുന്നു നരേന്ദ്ര കോലിയുടെ മഹാസമര്‍ പരമ്പരയിലെ എട്ടു പുസ്തകങ്ങളും.