വെനീസിലെ ജലപാതകളില്‍ ശുദ്ധജലമൊഴുകുന്നതും അപൂര്‍വ്വ ഇനം മത്സ്യങ്ങള്‍ ഉള്‍തടാകങ്ങളിലേക്ക് തിരികെ വന്നതും ഡല്‍ഹിയിലെ വായുമലിനീകരണതോത് കുറഞ്ഞതും ലോക്ഡൗണ്‍ കാലത്തെ വാര്‍ത്താവിശേഷങ്ങളാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം ജലന്തര്‍ നിവാസികള്‍ക്ക് അകലെ നീണ്ടുകിടക്കുന്ന ഹിമാലയ ഗിരിനിരകളില്‍ സൂര്യവെളിച്ചം പ്രതിഫലിക്കുന്നതു കാണാനായതു മുതല്‍ കേരളത്തിലെ റോഡുകളെയും വെളിപറമ്പുകളെയും ആനകളും മാനുകളും മയിലുകളും മറ്റു ജീവജാലങ്ങളും തിരികെ പിടിച്ചതു വരെയുള്ള ഒട്ടനവധി കൗതുകവര്‍ത്തമാനങ്ങള്‍ തന്റെ അവസാന നാളുകളില്‍ എം.പി. വിരേന്ദ്രകുമാറിനെ ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിരിക്കും. അത്രയും അഗാധമായ പ്രകൃതിസ്നേഹം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. കേരളത്തിലെ മണ്ണും ജലവും വായുവും മലിനമാകുന്നതില്‍ വ്യാകുലതയും അതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തിയ വലിയ പ്രകൃതിസ്നേഹിയായിരുന്നു വീരേന്ദ്രകുമാര്‍. രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ രാഷ്ട്രീയക്കാരനുമായിരിക്കെ തന്നെ, വേറിട്ട വ്യക്തിത്വത്തിനുടമയാക്കിയ മുഖമായിരുന്നു പരിസ്ഥിതി നാശത്തെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍. കഴിഞ്ഞ മാസം വെളിച്ചംകണ്ട അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരം 'വരളുന്ന ഭൂമി വറ്റാത്ത ഗാന്ധി' അഭിസംബോധന ചെയ്യുന്നത് ഇതേ വിഷയവും പ്രതിസന്ധി മറികടക്കലിനെക്കുറിച്ചുമുള്ള ആലോചനകളുമാണ്.

അന്തര്‍ദ്ദേശീയ തലത്തില്‍ അരങ്ങേറുന്ന പരിസ്ഥിതി സംരക്ഷണയജ്ഞങ്ങളില്‍ ഗാന്ധിയന്‍ ചിന്തകളുടെ സ്വാധീനം ഈ ലേഖനങ്ങളെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണിയാണ്. ജര്‍മ്മനിയിലെ ഗ്രീന്‍സ് പാര്‍ട്ടി, നോര്‍വേജിയന്‍ തത്വചിന്തകന്‍ ആര്‍നെ നെയ്സ് തുടങ്ങി ദേശീയതലത്തില്‍ ചിപ്കോ പ്രസ്ഥാനം, നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ തുടങ്ങിയവയുടെയെല്ലാം പ്രചോദനകേന്ദ്രം ഗാന്ധിയന്‍ സങ്കല്പങ്ങളാണ്. ഗാന്ധിയെ സ്വാധീനിച്ച തത്വചിന്തകന്‍ ഹെന്റി ഡേവിസ് തോറോവിനെക്കുറിച്ചും ലേഖകന്‍ വിവരിക്കുന്നുണ്ട്. ഇടക്കിടെ വനവാസത്തില്‍ ഏര്‍പ്പെടുകയെന്നത് തോറോയുടെ ശീലമായിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ നിന്നു വിടവാങ്ങി ഉപവാസത്തിലൂടെ ഇത്തരമൊരു ധ്യാന്യാത്മകതയിലേക്ക് സഞ്ചരിക്കയല്ലേ മഹാത്മാഗാന്ധി ചെയ്തതെന്ന് ആലോചിക്കാവുന്നതാണ്.

പ്രകൃതിയെക്കുറിച്ചുള്ള ഗാന്ധിധിജിയുടെ മൂന്ന് പ്രധാന സങ്കല്പങ്ങള്‍ എം.പി. വീരേന്ദ്രകുമാര്‍ ഇതിലെടുത്തു പറയുന്നു. ഒന്ന്, പ്രകൃതിയെ അതിന്റെ വഴിക്കു വിടുക. ഇപ്പോള്‍ ലോകത്തെ സര്‍വ്വ ജീവജാലങ്ങളും അനുഭവിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിക്കു കാരണം മനുഷ്യന്റെ അതിരുകവിഞ്ഞ പ്രകൃതി ചൂഷണമാണ്. രണ്ട്. പ്രകൃതിയില്‍ മൃഗങ്ങള്‍ അവരുടെ മാത്രം കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ഇതുപോലെ മനുഷ്യനും അവരുടെ മാത്രം കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇന്നു നമ്മള്‍ എത്തിനില്ക്കുന്ന ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. മൂന്ന്. മനുഷ്യന്‍ തൊടുന്നതൊക്കെ മാലിന്യമായി അവശേഷിക്കുമെന്നതാണ്. പരിസ്ഥിതിയെക്കുറിച്ച് ഗാന്ധിജി പ്രത്യക്ഷത്തില്‍ ഒരു പഠനവും നടത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അതിനു സാക്ഷ്യമെന്നു ലേഖകന്‍ പ്രസ്താവിക്കുന്നു. ദീര്‍ഘമായ ഈ ലേഖനം ഉപസംഹരിക്കുന്നിടത്ത് ഗാന്ധിയെ ഏറെ സ്വാധീനിച്ച ഗൗതമബുദ്ധന്‍, ടോള്‍സ്റ്റോയി, ജോണ്‍ റസ്‌കിന്‍ എന്നിവരെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യന്‍ ജനതയെ സമുദ്ധരിക്കുന്നതിന് ഒരു ദേവദൂതനെപോലെ അവതരിക്കുകയും യോഗിവര്യനെപ്പോലെ ജീവിക്കുകയും ചെയ്ത ഗാന്ധിയുടെ വധവും അതിന്റെ പ്രത്യാഘാതവും വിവരിക്കുന്ന 'ഗാന്ധിജി; എല്ലാം മാറിയ കാലത്ത്' എന്ന ലേഖനം ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ മനസ്സിലാകും ഇന്ത്യയുടെ നഷ്ടം എത്ര ആഴമുള്ളതായിരുന്നുവെന്ന്. ആര്‍എസ്എസ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ വിവിധ ഘട്ടങ്ങളിലൂടെയുള്ള വളര്‍ച്ചയും ഗാന്ധിവധവും ഇപ്പോഴത്തെ അധീശത്വവുമെല്ലാം ഒന്നിലേറെ ലേഖനങ്ങളില്‍ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. ഗാന്ധിവധത്തില്‍ ലേഖകനുള്ള ആത്മരോഷവും രാഷ്ട്രീയാഭിപ്രായവും അത് വ്യക്തമാക്കുന്നു. 'ഗാന്ധിജി: എല്ലാം മാറിയ കാലത്തത്ത്, 'വിഭജനത്തിന്റെ വിജയം', 'മോദി ഗാന്ധിയെ ഉദ്ധരിക്കുമ്പോള്‍', 'നമുക്കു മാപ്പു തരുമോ ചരിത്രം?' തുടങ്ങിയവ പ്രസക്തം. അനേകം ചരിത്രരേഖകളിലൂടയുംടെയും കൃതികളിലൂടെയും സഞ്ചരിച്ചു ലഭിച്ച തെളിവുകള്‍ സാക്ഷിയാക്കി ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം നാഥുറാം ഗോഡ്സേക്കും ആര്‍എസ്എസിനും തന്നെയെന്ന് സമര്‍ത്ഥിക്കുന്നു. 1993ല്‍ ഗോപാല്‍ ഗോഡ്സെ 'ഞാന്‍ എന്തുകൊണ്ട് മഹാത്മജിയെ വധിച്ചു' എന്ന പുസ്തകം പ്രസിദ്ധീകരിച്ചുവെന്ന വിവരം ശ്രദ്ധേയമാണ്. വിചാരണവേളയില്‍ നാഥുറാം ഗോഡ്സെ കോടതിയില്‍ നല്‍കിയ മൊഴിയാണ് പുസ്തകത്തിന്റെ കാതല്‍. ഗാന്ധിജി ഒരിക്കലും ഇന്ത്യാവിഭജനത്തിന് അനുകൂലമായിരുന്നില്ല. എന്നാല്‍ ഗാന്ധിയെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വിജയിച്ചു. ഒരു പ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധിജി പറഞ്ഞ വാക്കുകള്‍ വിരേന്ദ്രകുമാര്‍ ഉദ്ധരിക്കുന്നു. ''ഞാനിക്കാര്യം വൈസ്രോയിയോടും പണ്ഡിറ്റ് നെഹ്റുവിനോടും സര്‍ദാര്‍ പട്ടേലിനോടും പറയുകയുണ്ടായി. എന്നാല്‍ എന്റെ നിര്‍ദ്ദേശം അവര്‍ക്കിഷ്ടമില്ല. അവര്‍ ആഗ്രഹിക്കുന്നത് അവര്‍ ചെയ്തുകൊള്ളട്ടെ. എന്നാല്‍ ഗാന്ധി വിഭജനത്തിന്റെ ഭാഗമായിരുന്നുവെന്ന് ആരും പറയരുത്.'' ഇവയായിരുന്നു മഹാത്മജിയുടെ വാക്കുകള്‍.

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തവും തെറ്റിദ്ധാരണാ ജനകവുമായാണ് ഇന്ത്യാ വിഭജനത്തില്‍ ഗാന്ധിയുടെ പങ്ക് വിവരിക്കപ്പെട്ടത്. ഗോഡ്സെയുടെ വില്പത്രത്തിലെ ഒരു പരാമര്‍ശം ഇതിനു തെളിവാണ്. 'ഗാന്ധിയുടെ സമ്മതത്തോടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍, നാം ആരാധിക്കുന്ന ഇന്ത്യയെ വിഭജിക്കുകയും വെട്ടിമുറിക്കുകയും ചെയ്തു. അതെന്നെ അത്യന്തം രോഷാകുലനാക്കി. ഇന്ത്യ വിഭജിക്കപ്പെട്ടത് ഗാന്ധി ജീവിച്ചിരുന്നതുകൊണ്ട് മാത്രമാണ്.' ഇതായിരുന്നു ഗോഡ്സെയുടെ വാക്കുകള്‍. ഇതിനു മുന്‍പ് ഗാന്ധിജിക്കെതിരെ ഏഴു വധശ്രമങ്ങള്‍ നടന്നിരുന്നതായും അതില്‍ ഹിന്ദുമഹാസഭയുടെ പൂണെ കേന്ദ്രം നേരിട്ടു പങ്കെടുത്തിരുന്നതായും ലേഖകന്‍ തെളിവുകള്‍ നിരത്തുന്നു.
അടുത്തകാലത്തായി ഹിന്ദു മഹാസഭ ഗാന്ധി ഘാതകരെ പരസ്യമായി വാഴ്ത്തുന്നിതനു സധൈര്യം മുന്നോട്ടുവരുന്ന നിര്‍ഭാഗ്യകരമായ സാഹചര്യവും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. (പു. 113). ഗോഡ്സെയെ ദേശഭക്തനാക്കാനും ഗാന്ധിജിയെ രാഷ്ട്രപിതാവെന്നു പഠിപ്പിക്കുന്നതില്‍ നിന്നു വിലക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും മറ്റുമുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ തുറന്നു കാണിക്കുന്ന ലേഖനത്തിനു നല്‍കിയ തലവാചകം അര്‍ത്ഥവത്താണ്. 'നമുക്കു മാപ്പു തരുമോ ചരിത്രം?'

ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളോട് പരിപൂര്‍ണ്ണമായും പ്രതിബദ്ധനായ ഒരിന്ത്യന്‍ പൗരനെ ഈ ലേഖനങ്ങളില്‍ കാണാം. ജനാധിപത്യം. മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കു പരിക്കേല്‍ക്കുമ്പോള്‍, തടവറയിലാകുമ്പോള്‍, ഉണര്‍ന്നു ശബ്ദിച്ച തൂലികയാണ് വിരേന്ദ്രകുമാറിന്റേത്. എല്ലാ ജനാധിപത്യാവകാശങ്ങളെയും റദ്ദ് ചെയ്ത് രാജ്യം ഫാസിസത്തിന്റെ പിടിയിലമരാമെന്നുള്ള ഭീതിതമായ ഒരു രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കുന്നവയാണ് ഈ ലേഖനങ്ങള്‍  ''1933 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറഞ്ഞത് ഭാവി ഇന്ത്യയില്‍, ഇറ്റലിയിലെ ഫാസിസ്റ്റുകളുടെയും ജര്‍മ്മനിയിലെ നാസികളുടെയും സ്ഥാനമായിരിക്കും തങ്ങള്‍ക്കെന്ന് സംഘം (ആര്‍എസ്എസ്) പ്രതീക്ഷിച്ചാല്‍ ഒട്ടുംതന്നെ അതിശയോക്തിയില്ലെന്നാണ്. ഇപ്പോള്‍ ആ വഴിക്കു തന്നെയല്ലേ ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ന്യായമായും സംശയിക്കാം.'' (പു. 163) എന്ന് ലേഖകന്‍ എഴുതുന്നു.

സമീപകാലത്ത് മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന അധികാരത്തിനായുള്ള കുതിരക്കച്ചവടത്തെക്കുറിച്ചെഴുതിയ 'നാം ഉറങ്ങുമ്പോള്‍ ജനാധിപത്യത്തിനു സംഭവിക്കുന്നുത്', 2019 ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ഭേദഗതി ബില്ലിനെ വിമര്‍ശനവിധേയമാക്കുന്ന 'ആശങ്കയുടെ കാര്‍മേഘങ്ങള്‍', പൗരന്മാരുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ഇല്ലാതാക്കുന്നവിധം സൈബര്‍മേഖലയിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ നുഴഞ്ഞുകയറ്റം  ഏകാധിപത്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന നിഗനമത്തിലെത്തുന്ന 'കരിനിയമത്തിനു പിന്നിലെ കഴുകന്‍ കണ്ണുകള്‍' പൗരത്വ നിയമഭേദഗതിയെ അപലപിക്കുന്ന 'ശിഥിലമാക്കരുത് ഇന്ത്യയെ', കേന്ദ്രസര്‍ക്കാരിനോടും അതിനെ ഭരിക്കുന്ന പാര്‍ട്ടിയോടുമുള്ള എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ഭരണകൂടം ഉപയോഗിക്കുന്ന പലതരത്തിലുള്ള പീഡനോപാധികള്‍ക്കെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധമായ 'വിയോജിക്കുന്നത് കുറ്റമോ?', 'ജനാധിപത്യത്തെ കൊല്ലാന്‍ വിടുമ്പോള്‍', 'ചെറിയ മനുഷ്യരും വലിയ ലോകവും' തുടങ്ങിയ ലേഖനങ്ങളിലൂടെ ഇക്കാര്യം ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്സ്, നെഹ്റു, ലോഹ്യ തുടങ്ങി രാഷ്ട്രീയത്തിലും ചിന്തയിലും മഹാരഥന്മാരിയിരുന്നവരുടെ വ്യക്തിത്വങ്ങള്‍ വ്യത്യസ്ത തലങ്ങളിലൂടെ അനാവരണം ചെയ്യുന്ന ലേഖനങ്ങളാണ് 'മാര്‍ക്സ് ഇനിയും ഭാവിയിലാണ്', 'നെഹ്റു അനുഭവങ്ങളും പാളിച്ചകളും', 'ലോഹ്യ: ഒളിമങ്ങാതെ' എന്നിവ

books
പുസ്തകം വാങ്ങാം

ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍, മതനിരപേക്ഷതയുടെ തകര്‍ച്ച, പരിസ്ഥിതി നാശം, ഫാസിസത്തിന്റെ കടന്നുവരവ്, സ്ത്രീകളും ദളിതരും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ എന്നിങ്ങനെ സമകാലിക ഇന്ത്യന്‍ സമൂഹത്തിന്റെ പിറകോട്ടുപോക്കിനെ സൂക്ഷ്മമായി മനസ്സിലാക്കാനും വിശകലനം ചെയ്യാനും പ്രാപ്തിയുള്ള ധിഷണാശാലിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്നു സമാഹാരത്തിലെ ഓരോ ലേഖനവും തെളിയിക്കുന്നു. സമകാല രാഷ്ട്രീയവും സമൂഹവും കൂടുതല്‍ കൂടുതല്‍ ഹിംസാത്മകവും ഏകാധിപത്യപരവും ജനവിരുദ്ധവും ആയിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തില്‍ ചിന്താധീരത പ്രകടിപ്പിക്കുന്ന സോഷ്യലിസ്റ്റുകളുടെ അഭാവം നമ്മില്‍ നിരാശ ഉണര്‍ത്തുന്നു.  വളരെ കരുതലോടെ എം.പി. വിരേന്ദ്രകുമാര്‍ ഒരു ലേഖനത്തില്‍ ചേര്‍ത്ത വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ''ഏതെങ്കിലുമൊരു മതം മറ്റുള്ളവയൊക്കെ നശിപ്പിച്ച് വിജയശ്രീലാളിതമായാല്‍ ഐക്യം സാധ്യമാകുമെന്ന് ഇവിടെയുള്ള ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അയാളോടു ഞാന്‍ പറയുന്നു, സഹോദരാ, നിങ്ങളുടേത് അസാധ്യമായൊരു പ്രതീക്ഷയാണ്..... സഹായിക്കുക, പോരടിക്കാതിരിക്കുക, ഉള്‍ക്കൊള്ളുക, നശിപ്പിക്കാതിരിക്കുക. യോജിപ്പും സമാധാനവുമാണ് വേണ്ടത്, കലഹമല്ല '.

എം.പി വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: M P Veerendra Kumar New Malayalam Book Review Mathrubhumi Books