''Tonight I can write the saddest lines.
Write, for example, The night is shattered
And the blue stars shiver in the distance.
The night wind revolves in the sky and sings...'
- Pablo Neruda

'അവസാനമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമഫോണ്‍ റെക്കോഡിന്റെ പൗരാണികമായ കിരുകിരുപ്പില്‍ ക്ഷീണിതമായ വാക്കുകളാല്‍ ഞാന്‍ പറയുന്നു: ഞാന്‍ നിന്നെ പ്രേമിക്കുന്നു. കാരണം, ഞാന്‍ നിന്നെ പ്രേമിക്കുന്നതിനാല്‍...'' (എം. നന്ദകുമാര്‍)

ഒരു സംശയവും വേണ്ട; പ്രണയത്തെക്കുറിച്ചു മാത്രമാണിവിടെ എഴുതാന്‍ പോകുന്നത്. ഒരു എരിയടുപ്പിന്മേലുള്ള വറചട്ടിയില്‍ വീണ നെന്മണിയെപ്പോലെ ജീവിതം മലര്‍ന്നുമലര്‍ന്ന് മലരായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രണയത്തെപ്പറ്റി പാടാന്‍ ഇവന് നൊസ്സുണ്ടോയെന്ന് ഇതു വായിക്കുന്നവര്‍ സംശയിച്ചേക്കാം. പ്രണയം തന്നെ ഒരു ഉന്മാദമാകുമ്പോള്‍ ആ സംശയത്തില്‍ കഴമ്പില്ലാതില്ല. ലോകത്തിലെ വമ്പന്‍പ്രണയങ്ങളിലൊന്ന് സംഭവിച്ചത് ഒരു കോളറക്കാലത്താണല്ലോ. ഇവിടെ പ്രണയം അതിന്റെ എല്ലാ മുഗ്ദ്ധഭാവങ്ങളോടും വിലസുന്നത് ഒരു ഡീമോണിറ്റൈസേഷന്‍ കാലത്താണ്.  ക്ണാശ്ശീരി ദേശത്തിന്റെ തലസ്ഥാനമായ നീറേങ്കലിലെ പ്രണയഭരിതനായ ഇട്ടിനാനാണ്  ഇവിടുത്തെ നായകന്‍. ''ഒത്ത ഉയരം, തികഞ്ഞ ചരിത്രബോധം, സദസ്സിനു പാകത്തില്‍ പ്രസംഗപാടവം, കവിളില്‍ മറുകില്ല.'' ഇവയാണ് അയാളെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. നീറേങ്കല്‍ ചരിത്രം രേഖപ്പെടുത്തുന്ന ചെമ്പോല നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിക്കുന്നത് ഈ ഇട്ടിനാനാണ്. ചരിത്രകാരന് പ്രണയം നിഷിദ്ധമൊന്നുമല്ലല്ലോ. കാമിനി, സുന്ദരിക്കോതയായ കുറുമ്പയാണ്. നീറേങ്കലിലെ ''നിശ്വാസം'' വാട്ടര്‍തീം പാര്‍ക്കിലുള്ള ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീം പാര്‍ലറിലാണ് ഈ പ്രണയരംഗം അരങ്ങേറുന്നത്. 

ഈ സീന്‍ അരങ്ങിലെത്തുന്നതിന്റെ തലേന്നാള്‍ ക്ണാശ്ശീരി ദേശത്തെ അംഗീകൃത ഇന്‍ട്രാമോഡേണ്‍ ചിന്തകനും ബുദ്ധിജീവിയുമായ ലൂയിയില്‍ നിന്ന് ചക്കാത്തില്‍ കിട്ടിയ 250 വീരരായന്റെ ബലത്തിലാണ് നമ്മുടെ കഥാനായകന്റെ പ്രണയനാടകം. ഐസ്‌ക്രീം, അതും സ്‌ട്രോബെറി ടോപ്പിംഗ്‌സ് സഹിതമുള്ള ബ്ലാക്ക് കറന്റ് സിംഗിള്‍ സ്‌കൂപ്പ്, ആണ് പ്രണയ മീഡിയം. ഇതിന്റെ വില നല്കാനായി ലൂയിയില്‍നിന്നു കിട്ടിയ 250 വീരരായന്‍ വെയ്റ്റര്‍ക്കു നല്കിയപ്പോഴാണ് നായകന്‍ ഞെട്ടിയത്.  ''ഇത് എടുക്കത്തില്ല ചേട്ടാ..''. മറ്റൊന്നുമല്ല കാരണം; ഇന്നലെ പാതിരാത്രിക്ക് അംശം അധികാരി നടത്തിയ കൊലച്ചതിയാണ്. 250, 550, 1050 വീരരായന്‍ നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നു. ''നിലവിലുള്ള 250, 550, 1050 വീരരായന്‍ നോട്ടുകളില്‍ കള്ളത്തരം, പഞ്ചായത്തു ദ്രോഹം എന്നിവ മുദ്രണം ചെയ്തതായി നാം പ്രഖ്യാ പിക്കുന്നു. അതിനാല്‍, കാലന്‍കോഴി കൂവുന്ന ഈ കാളരാത്രി മുതല്‍ നിങ്ങളുടെയൊക്കെ കീശയിലും ബാങ്കിലുമുള്ള നോട്ടുകള്‍ വെറും പീറക്കടലാസുകള്‍ മാത്രം. പകരം കുറെക്കൂടി ചന്തത്തില്‍ 2500, 5500 വീരരായന്‍ നാം അടിച്ചിറക്കുന്നതായിരിക്കും..'' എന്നാണ് അംശം അധികാരിയായ കട്ടബൊമ്മന്‍ വിളംബരം ചെയ്തിരിക്കുന്നത്. ഈ കട്ടബൊമ്മനാകട്ടെ കുട്ടിക്കാലത്ത് ജെങ്കിസ് ഖാന്‍, ആറ്റില, നീറോ ചക്രവര്‍ത്തി, ഹിറ്റ്‌ലര്‍, തുഗ്ലക്ക് മുതലായ മഹാരഥന്മാരുടെ പ്രച്ഛന്നവേഷം കെട്ടിയാടി കലാതിലകപ്പട്ടം ചൂടിയയാളാണ്. ഓരോ അവസരത്തിലും കോര്‍പ്പറേറ്റു മാഫിയയുടെ നിര്‍ദ്ദേശാനുസരണം യുക്തമായ രീതിയിലുള്ള വേഷം ധരിച്ച് ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് നീറേങ്കല്‍ നിവാസികളെ ആഹ്‌ളാദാതിരേകത്തിലെത്തിക്കുന്നയാളുമാണ്. ഈ പ്രതിഭാസത്തെ ''അടിത്തട്ടില്‍ നിന്ന് മേലോട്ടു പടരുന്ന അര്‍ബു ദമാണ് കട്ടബൊമ്മനിസം'' എന്നാണ് നീറേങ്കല്‍ ചിന്തകനായ ലൂയി വിശേഷിപ്പിക്കുന്നത്.

ഇതിനെ പ്രതിരോധിക്കാനുള്ള ആയുധങ്ങളാകട്ടെ സാമാന്യബുദ്ധി, തെളിഞ്ഞ ഹൃദയം, മനുഷ്യപ്പറ്റ് എന്നിവ മാത്രം. ഈ പശ്ചാത്തലത്തിലാണ് നിശ്വാസം വാട്ടര്‍തീം പാര്‍ക്കിലെ ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീം പാര്‍ലറില്‍ ഇട്ടിനാന്റെയും കുറുമ്പയുടെയും നാടന്‍പ്രേമം പടര്‍ന്നു പന്തലിക്കുന്നത്. ഈ ക്ണാശ്ശീരി ദേശത്ത് ഈ ഡീമോണിറ്റൈസേഷന്‍ കാലത്ത് താന്‍ പട്ടിണി കിടന്നു ചത്തതുതന്നെ എന്നു നെടുവീര്‍പ്പിടുന്ന ഇട്ടിയോട് താനുള്ളിടത്തോളംകാലം അതുണ്ടാവില്ലെന്ന് കുറുമ്പ ഉറപ്പുപറയുന്നു. കാരണം, ''ഏതു കൊടുംക്ഷാമത്തിലും നിങ്ങള്‍ക്ക് ഒരു കിണ്ണം ചോറ് ഞാന്‍ കരുതിയിരിക്കും. ഒക്കുമെങ്കില്‍ ചാളക്കറിയും പപ്പടം പൊട്ടിച്ചു വറുത്തതും നാരങ്ങയച്ചാറും...' എന്നതു തന്നെ. പ്രണയം ഇവിടെ ഏതു ഡീമോണിറ്റൈസേഷനെയും ക്ഷാമത്തെയും ദാരിദ്ര്യത്തെയും കടലിലെറിയുന്ന സനാതനസത്യമായി മാറുന്നു.

എം.നന്ദകുമാറിന്റെ ''നീറേങ്കല്‍ ചെപ്പേടുകള്‍'' അസാധാരണമായ കലാലാവണ്യം പേറുന്ന ഒരു ചെറുനോവലാണ്. കഥപറച്ചിലിന്റെ അടിത്തട്ടില്‍ ഉറവപൊട്ടി തെളിനീരായൊഴുകുന്ന നര്‍മ്മവും സറ്റയറുമാണ് ഈ നോവലിന്റെ സൗന്ദര്യത്തിന്റെ പ്രധാന കാതല്‍; ഒപ്പം അടിയുറച്ച സാമൂഹിക രാഷ്ട്രീയ പൗരബോധവും. മേല്പറഞ്ഞ നര്‍മ്മബോധം എഴുത്തുകാരനില്‍ നിന്നാരംഭിച്ച് വായന ക്കാരനിലെത്തുമ്പോള്‍ പൂര്‍ണ്ണത നേടുന്ന ഹാസ്യമാണ്. ഈ നര്‍മ്മബോധത്തിന്റെ നിലപാടു തറയില്‍ ചുവടുറപ്പിച്ചുകൊണ്ട് ക്ണാശ്ശീരി എന്ന ദേശത്തെ എഴുത്തുകാരന്‍ നോക്കിക്കാണുന്നു. 

m nandakumar
എം. നന്ദകുമാര്‍

നോവല്‍ആരംഭിക്കുന്നത് എ.ആര്‍.തമ്പുരാന്റെ ''വൃത്തമഞ്ജരി''യിലെ ചില തെറ്റുകള്‍ കണ്ടെത്തു കയും അവ തിരുത്തിയതു സംബന്ധിച്ച പ്രബന്ധമവതരിപ്പിക്കാന്‍ ദുരന്തോ എക്‌സ്പ്രസ്സില്‍ കയറി ദില്ലിയില്‍പ്പോവുകയും ചെയ്ത നാപ്പുണ്ണിമാഷിന്റെ കഥയോടു കൂടിയാണ്. ദില്ലിയില്‍ ''കേക'' ചൊല്ലിക്കൊണ്ട് റോഡുമുറിച്ചു കടക്കവേ ഓഡിയിടിച്ച് പരലോകപ്രാപ്തനായ റിട്ടയേഡ് അദ്ധ്യാപകന്‍ നാപ്പുണ്ണിമാഷില്‍നിന്നു തുടങ്ങുന്ന നോവല്‍ പത്രവിതരണക്കാരനായ നാല്പതുകാരന്‍ രാമുവിന്റെ കൊലപാതകത്തിലാണ് അവസാനിക്കുന്നത്. ഈ അപകടമരണത്തിനും കൊലപാതകത്തിനുമിടയില്‍ നീറേങ്കലിലെ സാമൂഹികവും ദാര്‍ശനികവും  രാഷ്ട്രീയവുമായ അവസ്ഥാവിശേഷങ്ങളുടെ നേര്‍ക്കാഴ്ചകളും അവയുടെ അപഗ്രഥനവുമാണ് ഈ നോവലിലെ പ്രതിപാദ്യം. സാഹിത്യചര്‍ച്ചകളും ദാര്‍ശനിക സ്വത്വപ്രതിസന്ധികളും വിലയിരുത്തി മുന്നോട്ടു പോകുന്ന കഥാതന്തു വളരെ സ്വാഭാവികമായി സമകാലിക രാഷ്ട്രീയത്തിലേയ്ക്ക് തിരിയുകയാണ്; ഒട്ടുമേ ഏച്ചുകെട്ടില്ലാതെ. ക്ണാശ്ശീരിയുടെ പ്രഖ്യാപിത ചിന്തകനും ദാര്‍ശനികനുമായ ലൂയിയുടെ സിദ്ധാന്തങ്ങളുടെ മൗലികത അവയിലെ നര്‍മ്മബോധത്താലും സത്യാന്വേഷണവ്യഗ്രതയുടെ തിളക്കത്താലും വായനക്കാരനെ കീഴ്‌പ്പെടുത്തും. അതീവ ലാഘവമായ ഭാഷയില്‍ എത്ര സമര്‍ത്ഥമായാണ് ഈ എഴുത്തുകാരന്‍ സാമൂഹികവിമര്‍ശനത്തിന്റെ ശരങ്ങള്‍ കൊള്ളേണ്ടയിടത്ത് നിര്‍മ്മമത്വത്തോടെ കൊള്ളിക്കുന്നതെന്ന് നാം അത്ഭുതപ്പെടും. ക്ണാശ്ശീരിയുടെ ഹ്യൂമനിസ്റ്റ് കുത്തകസാഹിത്യകാരനായി കഥയില്‍ നന്ദകുമാറും പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ നിത്യകാമുകിയായ ചെറോണയ്ക്കുവേണ്ടി രചിച്ച ''ചെറോണ കൗണോത്തര'' എന്ന സന്ദേശകാവ്യമാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്.

കവിത എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന കാസറ്റുപാട്ടുകള്‍ക്ക് നല്ല കൊട്ടു കൊടുക്കുന്നവരാണ് നീറേങ്കലിലെ സാധാരണക്കാര്‍ പോലും. ''എന്റച്ഛനും കള്ളവാറ്റാണ്/ നിന്റെച്ഛനും കള്ളവാറ്റാണ്/ പിന്നെന്താടീ മുണ്ടിച്ച്യേ/ നമ്മള് തമ്മില് മുണ്ട്യാല്...'എന്നിങ്ങനെയുള്ള അസ്സലു പാട്ടുകള്‍ കെട്ടിയുണ്ടാക്കുന്ന ചെത്തുകാരന്‍ ചാമിയെപ്പോലുള്ളവരുടെ നാടാണ് ക്ണാശ്ശീരി. ഇങ്ങനെ സൈ്വര്യഗമനം നടത്തിക്കൊണ്ടിരുന്ന ക്ണാശ്ശീരി ദേശത്തുണ്ടായ രാഷ്ട്രീയമാറ്റമാണ് തുടര്‍ന്നുള്ള ചെപ്പേടുകളില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ''ഈ പുസ്തകം ഇപ്പം ഞാന്‍ കത്തിക്കും...' എന്ന വെല്ലുവിളിയോടെ നീറേങ്കല്‍ ഷാപ്പില്‍ പ്രവേശിക്കുന്ന, പനകയറ്റത്തൊഴിലാളി വേലുവിന്റെ പത്താംതരം തോറ്റ മകന്‍ കണ്ണന്‍കുട്ടിയിലൂടെയാണ് ആ രാഷ്ട്രീയം പരസ്യമായി മറനീക്കി രംഗത്തെത്തുന്നത്. കത്തിക്കേണ്ട പുസ്തകം ഉറൂബിന്റെ ''ഉമ്മാച്ചു''വാണ്. ഓര്‍ക്കുക, മലയാളനോവല്‍ ചരിത്രത്തിലെ ഒരു ലാന്‍ഡ് മാര്‍ക്കാണാ പുസ്തകം. അതാണ് കത്തിക്കേണ്ടത്. കത്തിക്കേണ്ടതിന്റെ കാരണം, ചാപ്പുണ്ണിനായരുടെ മകള്‍ ചിന്നമ്മു അബ്ദുവിന്റെ കൂടെ ചാടിപ്പോയി മതനിന്ദ നടത്തിയതാണ്. ''ഇച്ചേല്ക്ക് അഭിപ്രായസ്വാതന്ത്ര്യം വന്നാല് ക്ണാശ്ശീരി സംസ്‌കാരത്തിന്റെ ഗതിയെന്താവു''മെന്നാണ് കണ്ണന്‍കുട്ടിയുടെ വിലാപം. പന കയറുന്ന വേലുവിനാകട്ടെ, ഈ രാഷ്ട്രീയം മനസ്സിലാകുന്നതേയില്ല. ''കുരുത്തംകെട്ടവനേ, അയ്‌ന് ഞാനും നീയും നിന്റെ പെങ്ങളും നെന്റെ ചത്തുപോയ തള്ളയും നമ്പൂര്യോ നായരോ അല്ലല്ലോ...' എന്ന അയാളുടെ യുക്തിപോലും കണ്ണന്‍കുട്ടിയുടെ ബോധതലത്തില്‍ സ്പര്‍ശിക്കുന്നതേയില്ല. ഇങ്ങനെയിങ്ങനെ ആ പുതിയ ക്ണാശ്ശീരി സംസ്‌കാരബോധരാഷ്ട്രീയം വളര്‍ന്നുവളര്‍ന്ന് അംശം അധികാരി കട്ടബൊമ്മന്‍ വിളംബരം ചെയ്ത വീരരായന്‍ നിരോധനംവരെ അതു നീണ്ടു. അത് പിന്നെയും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് നീറേങ്കല്‍ പ്രജകളുടെ ഡി.എന്‍.എ. ഡാറ്റാബേസ് തയ്യാറാക്കല്‍ വരെ എത്തി നില്ക്കുന്നു. ഈ സാഹചര്യത്തിലാണ് 'When dictatorship is a fact, revolution is a right' എന്ന് ക്ണാശ്ശീരി ചിന്തകനായ ലൂയി പ്രഖ്യാപിക്കുന്നത്.

ഇപ്രകാരം അടിമുടി രാഷ്ട്രീയവും ചിന്തയും കവിതയും ചിതറിക്കിടക്കുന്ന ഈ നോവലിനെ രസനിഷ്യന്ദിയാക്കുന്നത് ഞാന്‍ മുമ്പേ സൂചിപ്പിച്ചതുപോലെ ഇതിന്റെ അടിത്തറയായ political and  poetical satire ആണ്. വി.കെ.എന്നും ഒരു പരിധിവരെ എം.പി.നാരായണപിള്ളയും മാത്രമേ ഈയൊരു തലത്തിലുള്ള ചിരിയുടെയും ചിന്തയുടെയും സമ്മേളിതരൂപം മലയാളിക്കു തന്നിട്ടുള്ളൂവെന്നാണ് ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. എഴുതുന്ന ഓരോ വാക്കും വാചകവും രചനയും മുമ്പെഴുതിയിട്ടുള്ളതില്‍നിന്ന് വ്യത്യസ്തമായിരിക്കണമെന്നുള്ള അവധാനത ഈ എഴുത്തുകാരനെ വേറിട്ടുനിര്‍ത്തുന്നു.
ഈ അവസരത്തില്‍ മുമ്പെങ്ങോ വായിച്ച,ആന്‍ഡേഴ്‌സന്റെ വരികള്‍ ഓര്‍മ്മവരുന്നു.

''Great poets need great readers,
Great composers need great hearers
Great scientists need great understanders.'

തീര്‍ച്ചയായും, വലിയ വായനക്കാരെ തേടുന്ന ഒരു പുസ്തകമാണ് ''നീറേങ്കല്‍ ചെപ്പേടുകള്‍.''

Content Highlights: M Nandakumar Malayalam novel book review