ൺപതുകളിൽ ദക്ഷിണ കൊറിയയിലെ പെൺ കുഞ്ഞുങ്ങൾക്കിടെ ഏറ്റവും അധികം സാധാരണമായി കണ്ടുവന്നിരുന്ന പേരാണത്രെ ’കിം ജി-യൂങ്’ എന്നത്. അതിനാൽത്തന്നെയാണ് ചോ നാം-ജൂ തന്റെ നോവലിലെ പ്രധാന കഥാപാത്രത്തിന് ഈ പേരുതന്നെ തിരഞ്ഞെടുത്തത്. ’കിം ജിയോങ്, ബോൺ 1982’ എന്ന നോവൽ ഒരു കൊറിയൻ വനിതയുടെ അല്ല, മറിച്ച് ഓരോ കൊറിയൻ വനിതയുടേയും കഥയാണ്.

കുടുംബത്തിൽ ഒരു പെൺകുഞ്ഞിന്റെ ജനനത്തെ വൈദ്യശാസ്ത്രത്തിന്റെ തകരാറായി കണ്ടിരുന്ന സമൂഹത്തിലേക്കാണ് 1982 ഏപ്രിൽ മാസം ഒന്നാം തിയതി കിം ജനിച്ചുവീണത്. അവളുടെ അമ്മയ്ക്ക്, തന്റെ സഹോദരങ്ങളുടെ ഉന്നത വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉതകാൻവേണ്ടി നന്നേ ചെറുപ്പത്തിൽ തൊഴിൽചെയ്യാൻ ഇറങ്ങേണ്ടിവന്നതിലൂടെ നഷ്ടപ്പെട്ട വിദ്യാഭ്യാസാവസരം നേടാൻ അവൾക്ക് കഴിഞ്ഞു. എങ്കിലും അവൾ വളർന്നുവന്ന സമൂഹത്തിൽ അവൾ അറിയാതെ, പ്രത്യേകിച്ചാരും എടുത്തുപറയുകയോ അറിയുകയോ ഇല്ലാതെ, സ്വാഭാവികമായി ഇഴുകിച്ചേർന്നിരുന്ന പുരുഷമേധാവിത്വവും അതിനോടനുബന്ധിതമായ ലിംഗ അനീതിയും വിവേചനവുമാണ് നോവൽ ഇതിവൃത്തമാക്കുന്നത്.

ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമികമായ കാര്യങ്ങളിൽപ്പോലും തങ്ങളുടെ സഹോദരന് കിട്ടുന്ന മുൻഗണനയും അധിക അവസരങ്ങളും സ്വാഭാവികമായ ജീവിതചര്യ എന്ന നിലയിൽ സ്വീകരിക്കാനാണ് നായിക പരിശീലിപ്പിക്കപ്പെടുന്നത്.

കൗമാരത്തിൽ ലൈംഗിക അധിക്ഷേപങ്ങൾക്ക് പാത്രമാക്കപ്പെടുമ്പോഴും കുടുംബം അവളെയാണ് അതിന് കുറ്റപ്പെടുത്തുന്നത്. പിന്നീട് ജോലിയിൽ പ്രവേശിക്കുമ്പോഴാവട്ടെ, തനിക്ക്‌ ന്യായമായും ലഭിക്കേണ്ടുന്ന അവസരങ്ങൾ, വ്യവസ്ഥാപിതമായ പുരുഷ മേധാവിത്വത്തിന്റെ അധീനതയിൽപ്പെട്ട് അവൾക്ക് നിഷേധിക്കപ്പെടുന്നു. പുരുഷ മേധാവിത്വത്തിന്റേതായ ചുറ്റുപാടുകളിൽപ്പെട്ട് ജനനം മുതൽ തുടരുന്ന, എന്നാൽ ഒരിക്കലും വിജയംവരിക്കാനാവാത്ത തുടർച്ചയായ പോരാട്ടമെന്നോ സഹനമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് കിം ജിയോങ്ങിന്റെ ജീവിതം.

എങ്കിലും ചികിത്സകനായ മനഃശാസ്ത്രജ്ഞന്റെ ഉൾക്കാഴ്ചയിലൂടെ ഇതൾവിരിയുന്നു എന്നതുകൊണ്ട് വൈകാരികതലത്തിൽ നിന്ന് അന്യമായ ഒരു രചനാ നിർമിതിയുടെ രീതിയാണ് ഇതിൽ കാണാനാകുക. അതുകൊണ്ടുതന്നെ, സ്വന്തം ജീവിതാനുഭവങ്ങളിലോ മാനസിക ഭാവങ്ങളിലോ ഊന്നിനിന്ന് കഥാപാത്രത്തിന്റെ വൈകാരിക ഭാവങ്ങൾ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ഉൾക്കൊള്ളാനും മറ്റുമുള്ള സ്വാതന്ത്ര്യം ഈ രചന വായനക്കാർക്ക് നൽകുന്നുണ്ട്.

വിവാഹിതയും ഒരു വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയുമായ മുപ്പത്തിനാലുകാരിയായ കിം ജിയോങ്ങിനേയാണ് നാം നോവലിൽ ആദ്യം പരിചയപ്പെടുന്നത്. പ്രസവാനന്തര വിഷാദം മൂലം തനിക്ക് പരിചിതരായ പലരുടെയും ചേഷ്ടകൾ അനുകരിക്കാൻ തുടങ്ങിയ കിം ജിയോങ്ങിനെ ചികിത്സിയ്ക്കുന്ന മനഃശാസ്ത്ര വിദഗ്ദ്ധന്റെ കണ്ണുകളിലൂടെയാണ് നാം പിന്നീട് അങ്ങോട്ട് കിം ജിയാങ്ങിന്റെ ജനനം മുതലുള്ള ജീവിതത്തെക്കുറിച്ച് അറിയുന്നത്. കിം ജിയാങ്ങിന്റെ ബാല്യം, കൗമാരം, കുഞ്ഞിന്റെ ജനനം വരെയുള്ള വൈവാഹിക ജീവിതം, എന്നിങ്ങനെയുള്ള കാലയളവുകളിലൂടെയാണ് നോവൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ കാലഘട്ടത്തിലും കിം ജിയോങ്ങും അവളുടെ മൂത്ത സഹോദരി കിം യുൻയുങ്ങും ഇരുവരുടേയും അമ്മ ഓ മിസോഗിന്റെയും അതിജീവനത്തിന്റെ കഥയാണ് ’കിം ജിയോങ്, ബോൺ 1982’.

ടെലിവിഷൻ തിരക്കഥാകൃത്തായ ചോ നാം-ജൂയുടെ മൂന്നാമത്തേതും എന്നാൽ ഏറ്റവും ശ്രദ്ധേയവുമായ നോവലാണ് ’കിം ജിയോങ്, ബോൺ 1982’. 2016-ൽ കൊറിയയിലെ സിയോളിൽ നടന്ന ഗംഗ്നം മെട്രോ കൊലപാതകം, അക്ഷരാർഥത്തിൽ ഡൽഹിയിലെ നിർഭയ സംഭവം ഇന്ത്യൻ ജനതയുടെ കണ്ണ് തുറപ്പിച്ചതുപോലെയുള്ള സംഭവങ്ങൾക്കാണ് വഴിയൊരുക്കിയത്. തന്റെ ജോലികഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ഇരുപത്തിനാല്‌ വയസ്സുള്ള യുവതിയെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തിയ യുവാവിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരേ കൊറിയൻ സ്ത്രീകൾ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. വനിതാവകാശ സംഘടനകൾക്കും ആക്ടിവിസ്റ്റുകൾക്കും ഫെമിനിസ്റ്റുകൾക്കും അപ്പുറം, സാധാരണക്കാരായ സ്ത്രീകളാണ് ഈ പ്രക്ഷോഭങ്ങൾക്ക് ചുക്കാൻപിടിച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ സന്ദർഭത്തിലാണ് ’കിം ജിയോങ്, ബോൺ 1982’ എന്ന ഒരു സാധാരണക്കാരിയുടെ കഥ പറയുന്ന നോവൽ പുറത്തിറങ്ങുന്നത്.

പത്തുലക്ഷത്തിലേറെ വായനക്കാരുള്ള നോവൽ, ചൈനയിലും തയ്‌വാനിലും ജപ്പാനിലും അതിലുപരി ബ്രിട്ടനിലും അമേരിക്കയിലും വരെ ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഈ നോവൽ നേടിയ ആഗോള ശ്രദ്ധയുടെ പശ്ചാത്തലത്തിലാണ് ഈ കഴിഞ്ഞവർഷം നോവലിന് ആസ്പദമായ ചലച്ചിത്രവും പുറത്തിറങ്ങിയത്. സമൂഹത്തിൽ വ്യവസ്ഥാപിതമായ ലിംഗനീതിയും ലിംഗവിവേചനവും സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളരെ ആഴത്തിൽ ചർച്ച ചെയ്യുന്ന നോവൽ ദക്ഷിണ കൊറിയയുടെ സംസ്കാരത്തിൽ പതിഞ്ഞ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടി എന്ന് പറയാതെ വയ്യ.

’കിം ജിയോങ്, ബോൺ 1982’ എന്ന നോവൽ വായിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ട സെലിബ്രിറ്റികൾ നേരിട്ട സൈബർ ആക്രമണങ്ങൾതന്നെ അതിനൊരു ഉത്തമോദാഹരണം ആണ്. ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ’പാരസൈറ്റ്’ എന്ന ചലച്ചിത്രം നേടിയ ഓസ്കറും അതിനോടനുബന്ധിച്ച് കൊറിയൻ കഥകളോടുള്ള ലോകവ്യാപകമായ താര്യവും ’കിം ജിയോങ്, ബോൺ 1982’ എന്ന കഥയ്ക്ക് ഗുണം ചെയ്യും എന്നതിൽ സംശയമില്ല. എന്നാൽ ’കിം ജിയോങ്, ബോൺ 1982’ എന്ന സ്ത്രീപക്ഷ ചലച്ചിത്രവും അതിനാസ്പദമായ നോവലും ഇത്തരത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇതാദ്യമായായിരിക്കും.

Content highlights: Kim Jeong Born 1982 book review Malayalam