'ദുഃഖം അനിവാര്യമാണ്, എന്നാല്‍ അതിനെ ചൊല്ലിയുള്ള ക്ലേശം ഐച്ഛികവും' -ഗൗതമ ബുദ്ധന്‍

കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പ് മത്സരത്തില്‍ ബല്‍ജിയത്തിനോട് പൊരുതി പരാജയപ്പെട്ട ജാപ്പനീസ് ഫുട്ബോള്‍ ടീം, മടങ്ങും മുന്‍പ് പക്ഷേ, ലോകമെമ്പാടുമുള്ള അനേകരുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതരാവുകയുണ്ടായി. പരാജയത്തിന്റെ നിരാശയുണ്ടായിരുന്നിട്ടുപോലും, തങ്ങള്‍ ഉപയോഗിച്ചിരുന്ന ലോക്കര്‍ റൂം ഏറ്റവും നല്ല രീതിയില്‍ വൃത്തിയാക്കി വയ്ക്കുക മാത്രമല്ല, റഷ്യന്‍ ഭാഷയില്‍ 'നന്ദി' എന്നൊരു കുറിപ്പും അവര്‍ അവിടെ വച്ചിരുന്നു. ഈ ടീമിന്റെ സ്പോര്‍ട്സ്മാന്‍സ്പിരിറ്റും മാന്യതയും അവരെ ഏറെ ബഹുമാനത്തിന് പത്രങ്ങളാക്കി.

ഇത്തരം പല സ്വഭാവഗുണങ്ങളും നന്മകളും ജാപ്പനീസ് സംസ്‌കാരത്തിന്റെ പൈതൃകങ്ങളായി നമുക്കുമുന്നിലുണ്ട്. മനസ്സിന് സന്തോഷവും കര്‍മത്തില്‍ ഏകാഗ്രതയും ആയുസ്സിന് ദൈര്‍ഘ്യവും സൃഷ്ടിച്ചെടുക്കാന്‍ ഉതകുന്ന ബൗദ്ധ ധര്‍മത്തില്‍ ഊന്നിയുള്ള ജാപ്പനീസ് പരിചിന്തനങ്ങളാണ് 'ഇകിഗൈ', 'ഇചിഗോ ഇച്ചിയെ' എന്നീ രണ്ട് ജീവിതശൈലികള്‍.

ഈ രണ്ട് മനോഭാവങ്ങളുടെ പൊരുളുകളില്‍ കേന്ദ്രീകരിച്ച് ഹെക്ടര്‍ ഗാര്‍ഷ്യയും ഫ്രാന്‍സിസ് മിറാലെസ്സും ചേര്‍ന്ന് രചിച്ച പുസ്തകമാണ് 'ഇകിഗൈ: ദി ജാപ്പനീസ് സീക്രട്ട് ടു എ ലോങ് ആന്‍ഡ് ഹാപ്പി ലൈഫ്'. 2017-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളുടേയും അതിന്റെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ തെളിവുകളുടേയും വെളിച്ചത്തില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഓരോ വ്യക്തിക്കും അവരവരുടെ വ്യക്തിഗത 'ഇകിഗൈ', അഥവാ 'ഓരോ ദിവസവും ഉണരാനും ഉണര്‍വോടെ പ്രവര്‍ത്തിക്കാനും ഉള്ള കാരണം' ഉണ്ട് എന്ന ആശയത്തിലാണ് ഈ പുസ്തകം കേന്ദ്രീകൃതമായിരിക്കുന്നത്. ഓരോ വ്യക്തിയും അവരവരുടെ 'ഇകിഗൈ' കണ്ടെത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, കര്‍മത്തില്‍നിന്ന് വിരമിക്കേണ്ട ആവശ്യം വരാത്തവണ്ണം ആനന്ദവും ദീര്‍ഘായുസ്സും നേടുന്നതിന് പ്രാപ്തരാകും എന്നതാണ് ലേഖകര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

ഈ ആശയത്തിന്റെ ശാസ്ത്രീയ അടിത്തറ എന്ന നിലയില്‍ അവര്‍ മുന്നോട്ടുവെക്കുന്ന ഉദാഹരണം ഒക്കിനാവ എന്ന ദ്വീപിലെ അന്തേവാസികളുടെ ജീവിതം തന്നെയാണ്. ലോകത്ത് ഏറ്റവും അധികം 'സൂപ്പര്‍ സെന്റിനേറിയന്‍സ്' അഥവാ 110-നും 120-നും ഇടയില്‍ പ്രായമുള്ള ആരോഗ്യദൃഢഗാത്രര്‍ ജീവിക്കുന്ന ദ്വീപാണ് ഒകിനാവ. ഇവരുടെ ജീവിതശൈലികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളിലൂടെയാണ് ലേഖകര്‍ 'ഇകിഗൈ' എന്ന ആശയം ലോകത്തിനുമുന്നില്‍ വെക്കുന്നത്.

അതിനായി, സ്വഭാവത്തിലും ജീവിതവീക്ഷണത്തിലും ഭക്ഷണ ശൈലിയിലും മറ്റും വരുത്താവുന്ന മാറ്റങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

'ഹറാ ഹാച്ചിബു', അഥവാ വയറിന്റെ എണ്‍പത് ശതമാനം നിറയുംവരെ മാത്രം ഭക്ഷണം കഴിക്കുക, മഴവില്ലു ഡയറ്റ് സ്വീകരിക്കുക, മുല്ലപ്പൂച്ചായ കുടിക്കുക, എന്നിങ്ങനെയുള്ള പഥ്യാഹാരപരമായ നിര്‍ദേശങ്ങളും യോഗ, നടത്തം പോലെയുള്ള, ശാരീരിക പുഷ്ടിക്കായുള്ള നിര്‍ദേശങ്ങളും ഇതില്‍ അടങ്ങുന്നു.

എന്നാല്‍ ഇതില്‍ പലതും നമ്മള്‍ പലയാവര്‍ത്തി കേട്ടിട്ടുള്ളവയും അതിനാല്‍ത്തന്നെ പരിശീലിച്ചു പോരുന്നവയോ, അതിന് ശ്രമിച്ചുപോരുന്നവയോ ആവാം. എന്നാല്‍ അതിലുപരി, 'ഇകിഗൈ' മുന്നോട്ട് വെക്കുന്ന മറ്റു ചില ജീവിതവീക്ഷണങ്ങളാണ് ഈ ജീവിതചര്യയെ അനന്യമാകുന്നത്. ആ ജീവിതവീക്ഷണങ്ങളില്‍ ഒന്നാണ് 'ഇചിഗോ ഇച്ചിയെ' എന്നത്. അതാണ് ഹെക്ടര്‍ ഗാര്‍ഷ്യയും ഫ്രാന്‍സിസ് മിറാല്ലെസും ചേര്‍ന്ന് രചിച്ച രണ്ടാമത്തെ പുസ്തകത്തിന്റെ പൊരുള്‍. 'ദി ബുക്ക് ഓഫ് ഇചിഗോ ഇച്ചിയെ: ദി ആര്‍ട്ട് ഓഫ് മേക്കിങ് ദി മോസ്റ്റ് ഓഫ് എവെരി മൊമെന്റ് ദി ജാപ്പനീസ് വേ' എന്ന പുസ്തകം ഓരോ വ്യക്തിയെയും അതത് നിമിഷത്തില്‍ സന്നിഹിതരാവാന്‍ ഓര്‍മിപ്പിക്കുകയാണ്.

ജപ്പാനിലെ സവിശേഷമായ ഒരു ആചാരമാണ് 'ചാനോയോ' എന്ന അവരുടെ ചായ സത്കാരം. പഞ്ചേന്ദ്രിയങ്ങളേയും നിയോഗിച്ചുകൊണ്ടാണ് ഈ ആചാരത്തില്‍ പങ്കുചേരേണ്ടത്. അതിനായി പ്രത്യേകം ഒരുക്കപ്പെട്ട ഒരു ടീ-റൂമില്‍ ഒരു ടീ മാസ്റ്റര്‍ അതിഥികള്‍ക്കു മാത്രമായി മുന്തിയ ഇനം ജാപ്പനീസ് 'മാച്ചാ ഗ്രീന്‍ ടീ'യും പലഹാരങ്ങളും പാകപ്പെടുത്തുന്നു.

തങ്ങള്‍ക്കായി പ്രത്യേകം പാകംചെയ്യപ്പെട്ട ഇവ രുചിച്ചുകൊണ്ടാണ് ഈ സത്കാരത്തിന്റെ ഭാഗമാവേണ്ടത്. ഈ ചായ സത്കാരത്തിന്റെ അടിസ്ഥാന ഘടകമാണ് 'ഇചിഗോ ഇച്ചിയെ', അഥവാ 'നാം ഇപ്പോള്‍, ഈ നിമിഷത്തില്‍ അനുഭവിക്കുന്നത് ഇനി ഒരിക്കലും അനുഭവവേദ്യം ആവുകയില്ല എന്നതും അതിനാല്‍ ഓരോ നിമിഷത്തെയും അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കുക എന്നതുമായതിന്റെ ഓര്‍മപ്പെടുത്തല്‍'.

'ഇചിഗോ ഇച്ചിയെ' എന്ന ആശയത്തിന് രണ്ടു ഭാഗങ്ങളാണ് ഉള്ളത്. 'ഇന്നില്‍ പൂര്‍ണമായും സന്തോഷം കണ്ടെത്താനുള്ള വഴികള്‍ തേടുക' എന്നുള്ളതാണ് ഇതില്‍ ആദ്യത്തേത്. കഴിഞ്ഞുപോയ ജീവിതകാലത്തിന്റെ ഓര്‍മകളില്‍ പരതി എന്നാല്‍, നിരാശയും ദുഃഖവും വിദ്വേഷവും തന്നെയാവും നമ്മുടെ മുന്‍പില്‍ എത്തുക. ഭാവിയെപ്പറ്റി ചിന്തിച്ചാലാവട്ടെ, ഭയവും ആശങ്കയുമാവും കാത്തുനില്‍ക്കുക. ഇന്ന് എന്നതു മാത്രമാണ് അല്പമെങ്കിലും നമ്മുടെ നിയന്ത്രണത്തിന്‍കീഴിലുള്ളത് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇന്നിനെ ഏറ്റവും മനോഹരവും സന്തോഷപൂര്‍ണവും ആക്കുകയും ഒരുപക്ഷേ, ഇന്നിലൂടെ നാളെയെയും സന്തോഷപൂര്‍ണമാക്കുക എന്നതുമാണ് 'ഇചിഗോ ഇച്ചിയെ' എന്ന ജാപ്പനീസ് രീതികൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകനന്മയെ മുന്‍നിര്‍ത്തി വിഭാവനം ചെയ്യപ്പെട്ട പൗരാണിക ഭാരതീയ സംഭാവനയായ 'യോഗ' പോലെതന്നെ ഗുണപ്രദവും ഗുണദായകവുമാണ് ജാപ്പനീസ് സംഭാവനകളായ 'ഇകിഗൈ'യും, 'ഇചിഗോ ഇച്ചിയെ'യും എന്ന് നിസ്സംശയം നമുക്ക് പറയാനാകും. വിജയത്തിനായുള്ള ഓട്ടപ്പാച്ചിലില്‍ നിന്ന് നമ്മുടെ ശ്രദ്ധ സന്തോഷത്തിലേക്കും മനസ്സമാധാനത്തിലേക്കും കൊണ്ടുവരികയാണ് ഈ ജീവിതവീക്ഷണങ്ങള്‍.

ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സ് പോലും പിന്തുടര്‍ന്നിരുന്ന ഈ ജാപ്പനീസ് 'സസെന്‍' ജീവിതചര്യ, ഒരുവനെ ഏതു കലുഷിതമായ അന്തരീക്ഷത്തില്‍ നിന്നും പുനരധിവസിപ്പിക്കാനും അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാനും പ്രാപ്തനാക്കുന്നു എന്നതാണ് ഇവിടത്തെ അവകാശവാദം.

'സെല്‍ഫ് ഹെല്‍പ്പ്' വിഭാഗത്തിലെ പുസ്തകങ്ങളില്‍ ഭൂരിഭാഗവും വിജയ-പരാജയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍, ഈ ജാപ്പനീസ് ചിന്താരീതി സുദീര്‍ഘമായ സന്തോഷത്തിനും സമാധാനത്തിലും അതിലൂടെ അര്‍ഥപൂര്‍ണമായ ംആത്മബന്ധങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു എന്നുള്ളത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.

Content Highlights: kigai: The Japanese secret to a long and happy life Book review