ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്നത് ഒരു നാടിന്റെയും ജനതതിയുടെയും അടിവേരുകളെയാണ്. ഈ മണ്ണിന്റെ ചൂരും ചൂടും തങ്ങളുടെ സിരകളിലും ജീവകണങ്ങളിലും ഇപ്പോഴുമുണ്ടെന്നും അവര്‍ പരസ്യമായോ സ്വകാര്യമായോ ആനന്ദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു. വളച്ചൊടിക്കപ്പെടാത്ത ചരിത്രവും അത്യുക്തിയോ ന്യൂനോക്തിയോ കൂടാത്ത സംസ്‌കാരവും അവരെ മുന്‍കാല തലമുറകളുമായി അഭേദ്യമായി ബന്ധിപ്പിക്കുന്നു.
സ്വചരിത്രവും സാംസ്‌കാരിക മുദ്രകളുമറിയാത്ത ആരും സംസ്‌കൃതരാവുന്നില്ല. പ്രപിതാമഹന്മാരുടെ ധന്യമായ സാംസ്‌കാരിക പാരമ്പര്യം തെല്ലെങ്കിലും സ്വജീവിതത്തിലേക്ക് ആവാഹിക്കാതിരിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചാലും സാധിതപ്രായമാകണമെന്നില്ല. നടപ്പുനിര്‍വചനങ്ങളെല്ലാം ഉള്‍ക്കൊണ്ട് ചരിത്രസാംസ്‌കാരിക മുദ്രകളെ മാനവകുലത്തിന്റെ നിലനില്പിനുള്ള ആധാരശിലകളെന്ന് ചുരുക്കിയാലും തെറ്റില്ല. സുരേന്ദ്രന്‍ ചീക്കിലോടിന്റെ കേരളചരിത്രവും സംസ്‌കാരവുമെന്ന പത്തൊമ്പത് അധ്യായങ്ങളുള്ള പുസ്തകത്തിനു പ്രസക്തിയേറുന്നത് മേല്പറഞ്ഞ പശ്ചാത്തലത്തിലാണ്.
കേരളമെന്നറിയപ്പെടുന്ന മലയാളക്കരയുടെ ചരിത്ര-സാംസ്‌കാരിക സ്പന്ദനങ്ങള്‍ എന്തൊക്കെയെന്ന് നാതിദീര്‍ഘമായി നിരീക്ഷിക്കുകയാണ് ലേഖകന്‍ ഇവിടെ. കേരളചരിത്രമോ കേരളസംസ്‌കാരമോ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല ഇതെന്നും അവയിലെ ചില ഏടുകള്‍ മാത്രമാണ് ഉള്‍ പ്പെടുത്തിയിരിക്കുന്നതെന്നും ലേഖകന്‍ ആമുഖമായി സാക്ഷ്യപ്പെടുത്തുന്നു. അത്തരം സമഗ്രതലസ്പര്‍ശിയായ ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടായിരിക്കെ, അവയുടെ ആവര്‍ത്തനം ചര്‍വിതചര്‍വണത്തിന്റെ മടുപ്പുണ്ടാക്കുമെന്ന് തീര്‍ച്ച.
സമഗചരിത്രമല്ല എന്നതുകൊണ്ടുമാത്രം അപൂര്‍ണവും അസുന്ദരവുമാണ് കൃതിയെന്ന മുന്‍വിധി പക്ഷേ, ഒട്ടും ശരിയുമല്ല. പുതിയൊരു സമീപനവുമായാണ് ലേഖകന്‍ ഓരോ അധ്യായത്തെയും സമീപിക്കുന്നത്. അതിനാകട്ടെ, സുവ്യക്തമായ ഒരു ലക്ഷ്യവുമുണ്ട്. പാഠപുസ്തകങ്ങളിലെ പരിമിതികള്‍ക്കുമപ്പുറത്ത് അധിക വിവരശേഖരണത്തിന് കുട്ടികളെ സഹായിക്കുന്നതിനായാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആദ്യമേ സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള ആധികാരിക ചരിത്ര-സാംസ്‌കാരിക പുസ്തകങ്ങളെ ആശ്രയിച്ചും അവലംബിച്ചുമുള്ള ഗ്രന്ഥ നിര്‍മിതി അതുകൊണ്ടുതന്നെ സാര്‍ഥകമാകുന്നു. തങ്ങള്‍ക്കു വേണ്ടത് കരതലാമലകംപോലെ കുട്ടികള്‍ക്കു ലഭ്യമാകുന്ന മാതൃകാപുസ്തകമാണിത്.
കേരളചരിത്രവും സംസ്‌കാരവും ഓണ്‍ലൈനില്‍ വാങ്ങാം
'പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത കേരള'മെന്ന ഐതിഹ്യത്തില്‍ തുടങ്ങുന്നു ചരിത്രത്തിന്റെ ആദ്യതാള്‍. 'ബഹ്മാണ്ഡപുരാണ' ത്തിലെ ഭഗീരഥപ്രയത്‌നത്തെയും മറക്കുന്നില്ല അദ്ദേഹം. മണ്ണിന്റെ യഥാര്‍ഥ അവകാശികളായ ആദിമനിവാസികളിലൂടെയാണ് ലേഖകന്‍ തന്റെ സാംസ്‌കാരികപ്രയാണം തുടങ്ങുന്നത്. അയത്‌നലളിതവും ആകര്‍ഷകവുമായ ഭാഷയില്‍, തന്റെ മുന്നിലുള്ള വിപുലമായ സാംസ്‌കാരികഭൂപടത്തെ അദ്ദേഹം 'കാച്ചിക്കുറുക്കി അവതരിക്കുന്നത് പ്രശംസനീയം തന്നെ. പുരാവസ്തുക്കളും പുരാതന നാണയങ്ങളും ചെപ്പേടുകളും വിദേശസഞ്ചാരികളുമൊന്നും അദ്ദേഹത്തിന് വിഷയമാകാതെ വരുന്നില്ല. സംഘകാലം ഐശ്വര്യത്തിന്റെ യുഗമാണെന്നും കേരളം വിവിധ മത സംഗമഭൂമിയാണെന്നും തെല്ലാഹാദത്തോടെ അദ്ദേഹം സമര്‍ഥിക്കുന്നു.
സ്ഥലനാമകഥകളും സംസ്‌കാരപഠനത്തില്‍ പ്രധാനംതന്നെ. 'കോയില്‍ക്കോട്ട' കോഴിക്കോട്ടാവുന്നതും സാമൂതിരി ഭരണകാലത്ത് കലാപുഷ്‌കലരംഗവും അധിനിവേശത്തിനെതിരായ ചെറുത്തുനില്‌പെന്നു വിശേഷിപ്പിക്കാവുന്ന 'മാമാങ്കവും കടത്തനാട്ടിലെ ചുരികയിളക്കത്തിന്റെയും കുടിപ്പകയുടെയും പോരാട്ടവീര്യവുമെല്ലാം ആവേശം ചോരാതെ അവതരിപ്പിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. ചരിത്രകാരന്റെ വരണ്ട നിരീക്ഷണങ്ങളല്ല, സഹൃദയനായ സഞ്ചാരിയുടെ നീരോട്ടങ്ങളാണ് ഈ പുസ്തകപ്പുറങ്ങളില്‍ കാണാനാവുക. വാകോഡഗാമയും കുഞ്ഞാലി മരക്കാരും പറങ്കികളും ഹൈദരാലിയും ടിപ്പുവും പഴശ്ശിരാജാവിന്റെ ധീരമായ രക്തസാക്ഷിത്വവരണവും വേലുത്തമ്പിയുടെ ദേശീയബോധവും മാര്‍ത്താണ്ഡവര്‍മയുടെ കൂസലില്ലായ്മയും തിരുവിതാംകൂര്‍ രാജവംശാവലിയും പിന്നീടു വന്ന ജനകീയസമരങ്ങളുമെല്ലാം ഗ്രന്ഥകാരന്‍ ഹസ്വമായി വിവരിക്കുന്നു. കേരളീയ അനുഷ്ഠാന-വിനോദ കലകളുടെ പരിചയപ്പെടുത്തലോടെയാണ് ഈ ചരിത്രാന്വേഷണത്തിന് തിരശ്ശീല വീഴുന്നത്.
നാനാതല സ്പര്‍ശിയായ ഈ പുസ്തകം തീര്‍ച്ചയായും ചരിത്രതത്പരരും സംസ്‌കാരപഠിതാക്കളുമായ വിദ്യാര്‍ഥികള്‍ക്ക് വലിയൊരളവുവരെ പ്രയോജനപ്പെടും. മുതിര്‍ന്നവര്‍ക്കാകട്ടെ, ചരിത്രാന്വേഷണത്തിന്റെ പരപ്പിലേക്കും ആഴത്തിലേക്കും ഊളിയിടാനുള്ള ഒരു കവാടമായും. സുരേന്ദ്രന്‍ ചീക്കിലോടിന്റെ ഈ ശ്രമം അതുകൊണ്ടുതന്നെ പ്രസക്തവും അര്‍ഥവത്തുമാണ്.
( കേരളചരിത്രവും സംസ്‌കാരവും എന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: kerala charithravum samskaravum, Surendran Chikkilode, Book Reviews, kerala history and culture