ലയാളത്തില്‍ അനതിസാധാരണമായ ഒരു കഥാഭൂമികയുമായി വന്നെത്തിയ പുസ്തകമായിരുന്നു വിഷ്ണു എം.സി എഴുതിയ 'കാന്തമലചരിതം- അഖിനാതെന്റെ നിധി' എന്ന നോവല്‍. മലയാളത്തില്‍ പൊതുവെ പരീക്ഷിക്കപ്പെടാത്ത നോവല്‍ ത്രയമെന്ന സങ്കേതത്തിലെ ആദ്യപുസ്തകമായി വന്നെത്തിയ കാന്തമലചരിതം അതിന്റെ ഉദ്വേഗഭരിതത്വംകൊണ്ടും കഥാപശ്ചാത്തലംകൊണ്ടും ഏറെ വായനക്കാരെ നേടുകയുണ്ടായി. നീണ്ട ഒരു വര്‍ഷത്തിനിപ്പുറം കാന്തമലയുടെ രണ്ടാം പുസ്തകമായ 'അറോലക്കാടിന്റെ രഹസ്യം' വായനക്കാരെ തേടി വന്നെത്തുമ്പോള്‍ തീര്‍ച്ചയായും ആദ്യപുസ്തകം സമ്മാനിച്ച ഉദ്വേഗതീവ്രതയും വായനക്ഷമതയും ആസ്വാദനവഴിയില്‍ വായനക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 

ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണെങ്കിലും അറോലക്കാടിന്റെ രഹസ്യം കുറേക്കൂടി ഗൗരവതരമായ സ്വഭാവത്തിലേക്ക് കടക്കുന്നുണ്ട്. പഴയകാല തമിഴ്‌നാടിന്റെ ചരിത്രഭൂമികയില്‍നിന്നും ശബരിമലയിലും  പുരാതന ഈജിപ്തിന്റെ ചരിത്രവഴികളും വരെ ചെന്നെത്തുന്ന സങ്കീര്‍ണ്ണമായ കഥാപരിസരങ്ങള്‍കൊണ്ടും ആകാംക്ഷയുടെ പരകോടിയില്‍ വായനയെ ചെന്നെത്തിക്കുന്ന സന്ദര്‍ഭങ്ങള്‍കൊണ്ടും രണ്ടാം പുസ്തകം കൂടുതല്‍ ചടുലവും കഥാതന്തുവില്‍ കനപ്പെട്ടതുമാണ്. പരസ്പരം ഒട്ടും ബന്ധമില്ലെന്ന് കരുതാവുന്ന പ്രാചീന ഈജിപ്തും പഴയകാല തമിഴ്‌നാടും ശബരിമലയും പരസ്പരം കെട്ടുപിണഞ്ഞുവരുന്ന അത്ഭുതക്കാഴ്ച്ചയുടെ മേളനം കൂടിയാണ് അറോലക്കാടിന്റെ രഹസ്യം. 

കഥാപാത്രങ്ങളുടെ വൈയക്തികപ്രഭാവം മികച്ച രീതിയില്‍ എഴുത്തുകാരന്‍ അറോലക്കാടിന്റെ രഹസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ആഴവര്‍നമ്പിയുടെ വീരചരിതം ഒരു ചരിത്രാഖ്യായിക വായിക്കുന്ന വൈകാരികമണ്ഡലത്തില്‍ അനുഭവിപ്പിക്കുന്ന ഭാഗമാണ്. പോരാളിയും കരുത്തനുമായ ആഴവര്‍ നമ്പിയുടെ കഥാപാത്രം ചരിത്രം കണ്ട ഏതൊരു വീരനായകനോടും കിടപിടിക്കാവുന്ന ഒന്നാണ്. അതേസമയം ചിന്നത്തായ് എന്ന കഥാപാത്രത്തിലേക്ക് കഥാഗതി നുഴഞ്ഞുകയറുമ്പോള്‍ ചരിത്രവും മിത്തും ഇഴ ചേര്‍ന്ന വിഭ്രാത്മകമായ വായനയാണ് അനുവാചകനെ കാത്തിരിക്കുന്നത്. ചിന്നത്തായ് കാന്തമലചരിതം ത്രയത്തിലെ ഏറ്റവും ശക്തമായ ആന്റ്റഗോണിസ്റ്റ്  കഥാപാത്രമാണെന്നതില്‍ തര്‍ക്കമില്ലെന്ന് പറയേണ്ടിവരും. വായനയില്‍ ഭയത്തിന്റെ മരവിപ്പ് അനുഭൂതിപ്പെടുത്തുന്ന ഒരു ദൃശ്യം ചിന്നത്തായ് കഥയിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ എഴുത്തുകാരന്‍ തയ്യാറാക്കിവെച്ചിട്ടുമുണ്ട്. ഒപ്പം ചേര്‍ത്തുപറയേണ്ട മറ്റൊരു പ്രധാന പ്രോട്ടഗോണിസ്റ്റ് സ്ത്രീകഥാപാത്രമാണ് നെഫ്രിതിതി. രണ്ട് സമൂഹങ്ങളില്‍, രണ്ട് ഭൂഖണ്ഡങ്ങളില്‍, രണ്ട് സംസ്‌കൃതികളില്‍ ജീവിക്കുന്ന രണ്ട് സ്ത്രീകള്‍, ഒരാള്‍ നന്മയും മറ്റൊരാള്‍ തിന്മയും. ശരിതെറ്റുകളുടെ ദ്വന്ദവഴികളില്‍ രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ യാദൃശ്ചികം മാത്രമല്ല, ചരിത്രനാള്‍വഴികളില്‍പോലും അതിന് പ്രാധാന്യമുണ്ട്, കൃത്യതകളുണ്ട്, പറയാതെ പറയുന്ന ചില കഥകളുമുണ്ട്. അമിന്‍ഹോടെപ് നാലാമനെയും മണികണ്ടനെയും പഞ്ചമിയെയും കാളിയനെയും ഒന്നും വിസ്മരിക്കുന്നുമില്ല. ഓരോ കഥാപാത്രവും മിഴിവോടെ തെളിഞ്ഞുനില്‍ക്കുന്ന, കഥാഗതിയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നവര്‍തന്നെയാണ്. മണികണ്ഠനെയല്ല, ഗോത്രസ്വഭാവമുള്ള മണികണ്ടനെയാണ് കാന്തമലയില്‍ നമുക്ക് കാണാനാവുക. 

ഭാഷാപരമായി ഒന്നാം പുസ്തകത്തില്‍നിന്നും കുറെയേറെ മെച്ചപ്പെട്ടിരിക്കുന്നു രണ്ടാം പുസ്തകത്തില്‍ എഴുത്തുകാരന്‍. ഒന്നാംപുസ്തകത്തില്‍ ഉണ്ടായിരുന്ന ഭാഷാപരമായും വ്യാകരണപരമായും ശൈലീപരമായും മറ്റുമുണ്ടായിരുന്ന ന്യൂനതകള്‍ ഏറെക്കുറെ രണ്ടാം പുസ്തകത്തില്‍ എഴുത്തുകാരന്‍ മറികടന്നിട്ടുണ്ട്.  കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന ഗരിമയില്‍, ചടുലവും എന്നാല്‍ അനായാസവായനക്ക് ഉതകുംവിധം ലളിതവുമാണ് അറോലക്കാടിന്റെ രഹസ്യം കൈകാര്യം ചെയ്യുന്ന ഭാഷ. ലളിതമായ ആഖ്യാനം ബാലിശമാകാതെ നോവലിന്റെ ഗൂഢവും ചരിത്രപരവും മിത്തിക്കലുമായ ഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഭാഷാരീതി വായനയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. ഒപ്പം ശൈലിയും അവതരണരീതിയും കഥയോടും കഥാപാത്രങ്ങളോടും കഥാപരിസരത്തോടും നീതിപുലര്‍ത്തിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. 

നോവല്‍ത്രയമെന്ന മട്ടായതിനാല്‍ ഘടനാപരമായി കഥയുടെ മദ്ധ്യഭാഗമെന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.അതിനാല്‍തന്നെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാതെ നേരിട്ട് കഥയിലേക്ക് പ്രവേശിക്കുന്ന ചടുലമായ കഥാഗതിയാണ് ഘടനാപരമായി നോവല്‍ കൈകാര്യം ചെയ്യുന്നത്. കാലങ്ങള്‍ മാത്രമല്ല, ഭൂഖണ്ഡങ്ങളും ഭൂമികകളും വരെ മാറിമറിയുന്ന ആഖ്യാനഘടനയില്‍ പക്ഷെ അതൊന്നും ഒട്ടുംതന്നെ വായനയുടെ ത്വരിതഗതിയെ ബാധിക്കുന്നില്ല. ഒപ്പം മിഴിവാര്‍ന്ന ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കാന്തമലയുടെ രണ്ടാം ഭാഗവും ഏറെ ആകര്‍ഷകമാണ്. 

മലയാളത്തില്‍ പൊതുവെ അന്യമായ നോവല്‍ സീരീസുകളില്‍ ഏറ്റവും വിജയം നേടിയ സമകാലികനോവലുകളില്‍ ഒന്നാണ് കാന്തമലചരിത്രം എന്നത് നിസ്തകര്‍ക്കമായ വിഷയമാണ്. ഒപ്പം കാന്തമലചരിതം പെരുമാറുന്ന കഥയുടെ പശ്ചാത്തലത്തിനപ്പുറം അതിനകത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട, ചരിത്രപരമായതും മതപരമായതും, ഗോത്രപരമായതും, സാംസ്‌കാരികപരമായതുമായ ഒട്ടേറെ തലങ്ങളുണ്ട്. അത്തരം വായനകളിലേക്ക് കൂടി കടക്കേണ്ട ധ്വനിയും കഴമ്പും കാന്തമലയുടെ ഉള്ളറകള്‍ പേറുന്നുണ്ട് എന്നതും പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്. ചരിത്രവും മിത്തും സങ്കല്പവും എല്ലാം ഇഴ ചേര്‍ന്നുകിടക്കുന്ന കാന്തമലയുടെ കഥകള്‍ അനായാസവായന ഇഷ്ടപ്പെടുന്ന ഏതൊരു വായനക്കാരെനെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താനുതകുന്ന പുസ്തകമാണ്.

Content Highlights: kanthamala charitham novel series By Vishnu MC Book review