'Your body must be heard' - Helene Cixous

പിതൃ ആധിപത്യനീതികളുടെ ജ്ഞാന-ശാസന-പ്രയോഗ രൂപങ്ങളെ ആദര്‍ശവത്കരിക്കാനും സാധൂകരിക്കാനുമുള്ള എളുപ്പവഴി അവയെ സ്വാഭാവികവത്കരിക്കുകയാണ്. കാലങ്ങളും ദേശങ്ങളും അതിജീവിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ചില സാംസ്‌കാരിക മുദ്രാവാക്യങ്ങള്‍ ആഘോഷിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. സദാചാര നിര്‍ബന്ധങ്ങളും നിബന്ധനകളും ഇതിലൂടെ ശീലങ്ങളാക്കപ്പെടുന്നു. ശരീരങ്ങളെ അരാഷ്ട്രീയ ഉല്പന്നങ്ങളാക്കി പരുവപ്പെടുത്തുകയാണ് ഇത്തരം ശീലനിര്‍മ്മിതികളുടെ ലക്ഷ്യം. സ്ഥാപനവത്കരിക്കപ്പെടുന്ന സാംസ്‌കാരിക സമ്പ്രദായങ്ങള്‍ മനുഷ്യശരീരങ്ങളെ ലിംഗാധിഷ്ഠിതവും ശ്രേണീബദ്ധവുമായി മെരുക്കിയെടുക്കുന്നുവെന്ന് ഫ്രഞ്ച് തത്ത്വചിന്തകനായ മിഷേല്‍ ഫൂക്കോ തന്റെ ഉന്മാദവും നാഗരികതയും, ക്ലിനിക്കിന്റെ ജനനം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യശരീരങ്ങളെയും സാമൂഹിക ബന്ധങ്ങളെയും ലിംഗാധിഷ്ഠിതമായി നിര്‍മ്മിക്കുന്ന വ്യവഹാരങ്ങളുടെയും നിര്‍വചനങ്ങളുടെയും ഭൂമികയിലാണ് കല്‍പ്പറ്റ നാരായണന്‍ ആസിഡ് ആക്രമണത്തില്‍ അഭിമാനവും സ്വപ്നങ്ങളും കത്തിച്ചാമ്പലാക്കപ്പെട്ട സുലഭയെന്ന എഴുത്തുകാരിയുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ കഥ പറയുന്നത്. ഉയിരും ഉടലും പരസ്പരം അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന അപൂര്‍വയിടങ്ങളിലേക്ക് സുലഭയോടൊപ്പമുള്ള തീര്‍ത്ഥയാത്രയാണ് എവിടമിവിടം. ആസിഡിനേക്കാള്‍ സംഹാരശേഷിയുള്ള പുരുഷനോട്ടങ്ങളില്‍ ഉരുകിയില്ലാതാകുന്ന സ്ത്രീജീവിതങ്ങളുടെ ആന്തരികസഞ്ചാരങ്ങളെ സൂക്ഷ്മതയോടും ജാഗ്രതയോടും വ്യാഖ്യാനിക്കുന്ന, ഒരുവരിപോലും ഉറങ്ങാത്ത, 'ത്രിവിക്രമ' യൗവനത്തഴപ്പാണ് ഈ നോവല്‍.

മുഖമില്ലാത്ത തലകള്‍

'ഒരമ്മ മകനോട് ചോദിക്കുന്നുണ്ട്, മോനേ, നീ എന്തു കണ്ടിട്ടാണ് അവളെ സ്‌നേഹിക്കുന്നത്. അവള്‍ക്കെന്നെ അത്രമേലിഷ്ടമാണമ്മേ. അമ്മ വീണ്ടും ചോദിക്കുന്നു, അവളില്‍ നീ എന്തു വിശേഷമാണ് കണ്ടത്? അതൊരുപാടുണ്ടമ്മേ. എന്നെ, എന്റെ പെരുമാറ്റത്തെ, എന്റെ കഴിവുകളെ, എന്റെ ഇഷ്ടങ്ങളെ, എന്റെ തമാശകളെ--പറഞ്ഞാല്‍ തീരില്ലമ്മേ--അവള്‍ക്കിഷ്ടമാണ്. അപ്പോള്‍ നിനക്കവളെ ഇഷ്ടമല്ലേ?' (പുറം, 17)

ആനന്ദത്തോടും ശ്രദ്ധയോടും പ്രചോദിത നിമിഷങ്ങളില്‍ സൃഷ്ടിക്കപ്പെട്ടവരാണ് സ്ത്രീകള്‍. നടത്തച്ചുവടുകള്‍ നൃത്തച്ചുവടുകളാക്കിയും, ഉടലുകൊണ്ട് ഉണ്മയുടെ ആഴം അളന്നും, ഭൂമിയിലെ കാത്തുനില്‍പ്പുകളുടെ ചുമതല അവര്‍ നിര്‍വഹിക്കുന്നു. കാമിച്ചവരുടെയും സ്‌നേഹിച്ചവരുടെയും കണ്ണിലൂടെയാണ് സുലഭ സ്വയം കണ്ടിരുന്നത്. ഭര്‍ത്താവായ കൊയിലാണ്ടി സ്വദേശി രവിയുടെ സ്‌നേഹം ആത്മാനുരാഗമാണെന്ന് തിരിച്ചറിയാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. പകലിനെ വേവിച്ചെടുക്കുന്നവരാണ് കുലസ്ത്രീകളെന്ന് കരുതുന്ന രവിക്ക് സുലഭയുടെ രാവിലത്തെ ഉറക്കം ആഭാസം കലര്‍ന്ന ധിക്കാരമായി. എവിടെനിന്നും കിട്ടാത്തത് കൊടുക്കാന്‍ കഴിയുന്ന ആകര്‍ഷണമുള്ള 'ചെകുത്താന്റെ' രൂപത്തിലെത്തിയ തന്റെ ആത്മസ്‌നേഹിതന്‍ വിവേകാനന്ദനുമായി സുലഭ രമിക്കുന്നതു രവി കണ്ടു. രാത്രി അവളുറങ്ങുമ്പോള്‍ ആസിഡുപയോഗിച്ച് രവി അവളുടെ മുഖം വികൃതമാക്കി. അയാള്‍ക്ക് നാലുവര്‍ഷം ജയില്‍ശിക്ഷയും, സുലഭയ്ക്ക് അവളെ കണ്ടവരും അറിയുന്നവരുമൊക്കെ ഇല്ലാതാവുന്നതുവരെ നീളുന്ന നിരാകരണത്തിന്റെ പുറമ്പോക്കിലെ പാതിവെന്ത ജീവിതവും.

സാമ്പിയയിലെ ഗോത്രവര്‍ക്കാര്‍ സുന്ദരിയായ യുവതിയെ നാടിന്റെ സ്വസ്ഥതക്കും സമൃദ്ധിക്കുംവേണ്ടി ബലി നല്‍കുന്ന പതിവുണ്ട്. അതുപോലെയാണ് ഭാര്യഭര്‍ത്തൃബന്ധത്തിന്റെ പാവനതയ്ക്കായി രവി അനുഷ്ഠിച്ച ആസിഡ് സ്‌നാനവും. ഉടലിനെ റദ്ദ് ചെയ്യാനുള്ള എളുപ്പവഴി മുഖത്തെ പൂട്ടിയിടുകയാണെന്ന് അയാള്‍ക്കറിയാം. രുചി നീങ്ങിയ ചോറുപോലെയാണ് മുഖം ഉരിഞ്ഞുകളഞ്ഞ ശരീരം. മുഖം, 'ശരീരത്തിന്റെ തുറമുഖവും', 'എവിടെയും പ്രവേശിക്കാനുള്ള അനുമതിപത്രവുമാണ്'. സ്ത്രീയുടെ ബലമായ വ്യത്യസ്ഥത മാത്രമല്ല, സ്‌നേഹിക്കപ്പെടാനും ഗൗനിക്കപ്പെടാനുമുള്ള ജീവിതത്തിന്റെ ഇരിപ്പിടവുമാണ് അയാള്‍ തട്ടിത്തെറിപ്പിച്ചത്. ജീവനുള്ളവയില്‍ സ്ത്രീക്ക് സംവരണം ചെയ്തിരിക്കുന്ന ആസിഡ് അഭിഷേകം സുലഭയെ ശ്വസിക്കുന്ന അസ്ഥിമാടമാക്കി. ആസിഡിരകള്‍ അനുഭവിക്കുന്ന നരകതുല്യമായ ശൂന്യതയുടെ വിശ്വരൂപം നോവല്‍ തീവ്രമായി ആവിഷ്‌കരിക്കുന്നുണ്ട്: 'ഒരു പുല്ലും മുളയ്ക്കാത്ത തരിശുനിലത്തിന്റെ ഏകാന്തത. പാറപ്പുറത്തു വിതച്ച വിത്തിന്റെ ഏകാന്തത'. തൊലിയോളമാണ് സ്ത്രീജീവിതമെന്ന ക്രൂരമായ യാഥാര്‍ത്ഥ്യത്തിന്റെ അകപ്പൊരുളുകളെ കല്‍പ്പറ്റ ഉപമിക്കുന്നത് അറവുശാലയുടെ മേശപ്പുറത്തെ ആട്ടിന്‍തലയോടാണ്. ആസിഡ് ഇരകള്‍, മുഖമില്ലാത്ത തലകളാണ്.

അഹല്യാമൃതം

'സന്ദര്‍ഭം കിട്ടിയപ്പോള്‍ വന്യമൃഗമായി മാറിയ ഒരു വളര്‍ത്തുമൃഗമാണ് അഹല്യ. സമ്പൂര്‍ണ്ണമായി ഡൊമസ്റ്റിക്കേറ്റ് ചെയ്യപ്പെട്ട മൃഗം സ്ത്രീയാണ്... ഉറങ്ങിക്കിടക്കുന്ന നമ്മുടെ വന്യതയ്ക്ക് ഒരവസരവുമില്ല ആവിഷ്‌കരിക്കാന്‍. അഹല്യയ്ക്കതിന് അവസരമുണ്ടായി. പാറയിലവളെ പിന്നീടു തളച്ചിട്ടതില്‍ അവളാഘോഷിച്ച വന്യതയുണ്ടാക്കിയ പ്രകോപനത്തിന്റെ തീവ്രതയത്രയുമുണ്ട്' (പുറം, 138).

പുതിയൊരു ജന്മത്തിലേക്ക് സുലഭയുടെ ഉടലില്‍ തീപ്പാലം തീര്‍ത്തത് ഭര്‍ത്താവ് രവിയാണ്. ദേഹം കത്തിയ വെളിച്ചത്തില്‍ സുലഭ പാലം കടക്കുകയാണ്. ഉടല്‍പ്പാലത്തിലൂടെയുള്ള മോക്ഷയാത്രയില്‍ സുലഭയ്ക്ക് വഴികാട്ടിയാകുന്നത് അഹല്യയാണ്. വിങ്ങിപ്പൊട്ടുന്ന എല്ലാ പാറയിലും അഹല്യയുണ്ടെന്ന കണ്ടെത്തല്‍ സുലഭയ്ക്ക് സമ്മാനിക്കുന്നത് ഒരു പങ്കാളിയെയാണ്. ഒരു രൂപവും കിട്ടാതെ നട്ടംതിരിഞ്ഞ സുലഭയ്ക്ക് കിട്ടിയ പിടിവള്ളിയാണ് അഹല്യ. ഏത് അഹല്യയാണ് ശിലയല്ലാത്തതെന്ന വെളിപ്പാട് സുലഭ കവിതയുടെ രൂപത്തില്‍ ആവിഷ്‌കരിക്കുന്നതാണ് 'അഹല്യാമോക്ഷം'. അതോടെ അവളുടെ ആകാശം തെളിയുകയാണ്. ശിലയില്‍ നിന്നും അഹല്യ മോചിതയായതുപോലെ, സുലഭയും പാതിവെന്ത ഉടലില്‍നിന്നും ഉയിര്‍ക്കുകയാണ്.

അഹല്യ ഒരു സാധ്യതയാണ്. ആണധികാരത്തില്‍ അടിസ്ഥാനപ്പെട്ടതും സ്ഥാപനവത്കരിക്കപ്പെട്ടതുമായ സദാചാര ചതുരവടിവുകള്‍ക്കും വളയങ്ങള്‍ക്കും മെരുങ്ങാതെ കുതറിമാറുന്ന ശരീരങ്ങള്‍ക്ക്. ഭര്‍ത്തൃ ഇഷ്ടം സ്വന്തം ഇഷ്ടമായി കരുതി ജീവിക്കുമ്പോള്‍ സ്ത്രീകള്‍ ദേവികളാണ്. പുരുഷനോ മകനോ ഭര്‍ത്താവോ കല്പിച്ചുനല്‍കുന്ന ദ്വന്ദ്വാത്മക സ്വത്വനിര്‍വചനങ്ങള്‍ക്ക് പുറത്തുകടക്കുന്നവര്‍ ധിക്കാരികളും, താന്തോന്നികളും, ഭയക്കേണ്ടവരുമാണ്. തന്റേടികളെ സര്‍ഗാത്മകതയുടെ പര്യായമായി 'രാക്ഷസരൂപികള്‍', (monsters) എന്നാണ് Rosi Braidotti വിശേഷിപ്പിക്കുന്നത്. 'രാക്ഷസരൂപികള്‍' മെരുങ്ങാത്ത ശരീരങ്ങളാണ്, സ്വതന്ത്ര കര്‍ത്തൃത്വങ്ങളാണ്. 'രാക്ഷസരൂപി' എന്നതിന് ഗ്രീക്ക് ഭാഷയില്‍ (teras) 'ഇടങ്ങള്‍ക്കിടയിലുള്ളവര്‍' അഥവാ 'സാധാരണയില്‍ നിന്നും വ്യത്യസ്ഥരായവര്‍' എന്നാണ് അര്‍ത്ഥം. സദാചാര തിട്ടൂരങ്ങള്‍ക്ക് ശരീരത്തെ വിട്ടുകൊടുക്കാതെ, ആണ്‍കോയ്മയുടെ അവസവാദ ഔദാര്യത്തെ നിഷേധിക്കുന്ന സുലഭ, ആണത്തങ്ങളുടെ 'ദേവാസുര'നിര്‍മ്മിതികളോട് കലഹിക്കുന്നു.

സുലഭ, 'അഹല്യ'യെന്ന മിത്തിനെ കീഴ്‌മേല്‍ മറിക്കുന്നതിലൂടെ 'ശാപാധികാരത്തില്‍' അഹങ്കരിക്കുന്ന വര്‍ത്തമാനകാല ഗൗതമന്മാരുടെ അരക്ഷിതബോധത്തെയും ഭീരുത്വത്തെയും വിചാരണ ചെയ്യുന്നു. ത്രസിക്കുന്ന പെണ്ണുടലുകളെ സാംസ്‌കാരിക സിംഹാസനങ്ങള്‍ ഭയക്കുന്നു. പെണ്‍ശിലകളിലാണ് ആണധികാരത്തിന്റെ സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുന്നത്. അവരുടെ ഉടലുകള്‍ ഉണര്‍ന്ന് വിശ്വരൂപം വെളിപ്പെടുത്തുമ്പോള്‍ അഴിഞ്ഞുവീഴുന്നത് പേശീബലത്തിന്റെ പൊള്ളത്തരങ്ങളാണ്. ഇന്ദ്രനുമൊത്ത് രമിക്കുന്ന അഹല്യയെ ഗൗതമന്‍ ശപിച്ച് ശിലയാക്കുന്നു. ഇന്ദ്രന്റെ സാന്നിധ്യത്തില്‍ അഹല്യയുടെ ഉടല്‍ നൊടിയിടകൊണ്ട് പൂത്തുലഞ്ഞു. അമരലോകത്തുപോലും കാണാത്ത വിധത്തില്‍ അഹല്യയുടെ ഉടലില്‍ വസന്തം വിരുന്നുവന്നതിനെ ഗൗതമന്‍ ഭയന്നു. ഗൗതമന്‍ ഉണരാന്‍ അനുവദിക്കാത്ത (അഥവാ ഉണര്‍ത്താന്‍ കഴിയാത്ത) 'മെരുക്കിനിര്‍ത്തിയ' അഹല്യയുടെ ശരീരത്തിന്റെ വന്യത ഇന്ദ്രസ്പര്‍ശത്തില്‍ ഉണര്‍ന്നു. സന്ദര്‍ഭം കിട്ടിയപ്പോള്‍ അഹല്യയുടെ ഉടല്‍ ഗര്‍ജിച്ചു. ശിലാതുല്യമായ വൈകാരിക മൃതാവസ്ഥയെ അവള്‍ അതിജീവിച്ചു. അരുതകളെ ആന്തരികവത്കരിക്കുന്നതാണ് ശിലാവസ്ഥ. അഹല്യയെ ഗൗതമന്‍ അചലമാക്കി. യഥാര്‍ത്ഥത്തില്‍, ഇന്ദ്രനുമൊത്തുള്ള ഇന്ദ്രാനുഭവത്തിനുമുമ്പും അതിനുശേഷവും അഹല്യ ശിലയായിരുന്നു. ആദ്യത്തേത്, 'ദേവിതുല്യമായ' ശിലാവസ്ഥ (frigidity) പിന്നീടത്തേത്, 'രാക്ഷസ' തുല്യമായ ശാപാവസ്ഥ. അഹല്യ ഇന്ദ്രനെ കാണുന്നതിനു മുമ്പും അതിനുശേഷവും ശിലയാണ്. പെണ്ണിന്റെ 'ശിലമാഹാത്മ്യ'മാണ് സുലഭ കശക്കിയെറിയുന്നത്.

പുരുഷന്‍ 'ശിലാതുല്യമായ' പെണ്ണുടലില്‍ അര്‍പ്പിക്കുന്ന ഔദാര്യത്തിന്റെ അനുഷ്ഠാനമല്ല രതി. ആണ്‍കോയ്മ വേവിച്ചെടുക്കുന്ന അടുപ്പുമല്ല ലൈംഗികത. ജ്വലിക്കുന്ന ഉടലുകളുടെ വന്യതയെ സ്വാഭാവികമായി ആഘോഷിക്കുന്ന സര്‍ഗാത്മകതയാണത്. അല്ലാതെ പുരുഷന്‍ അവന്റെ ഉടമസ്ഥതയിലുള്ള അപര ശരീരത്തിനെ മുഖപ്പട്ട കെട്ടി മെരുക്കുന്ന അഭ്യാസമല്ല. ആണ്‍ശരീരങ്ങള്‍ക്ക് സഹജമാകുന്നത് പെണ്‍ശരീരങ്ങള്‍ക്ക് നിഷിദ്ധമാകുന്നതിന്റെ യുക്തിയെ സുലഭ ചോദ്യം ചെയ്യുന്നു. സുലഭയുടെ ഭര്‍ത്താവ് രവി യൗവനാരംഭത്തില്‍ കൊല്‍ക്കത്തയിലെ ചുവന്നതെരുവില്‍ പോയിട്ടുണ്ട്. രവിയുടെ വകയിലൊരമ്മായിയാണ് അയാള്‍ക്ക് ലൈംഗിക സാക്ഷരത നല്‍കിയത്. എന്നാല്‍ രവി ധാരാളമായി ചെയ്തത് സുലഭ അയാളുടെ സുഹൃത്ത് വിവേകാനന്ദനോടൊത്ത് ചെയ്തപ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലായി. കുറ്റം ചെയ്യാനുള്ള കുത്തക ആണിന്റെതല്ല. 'തുല്യമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സമൂഹം ഇന്നത്തേതിലും മെച്ചപ്പെട്ടതായിരിക്കുമെന്നതാണ്' സുലഭയുടെ ഫിലോസഫി. 'അപകടരഹിതമായ രതി' ആചാരമാകുമ്പോള്‍, അവിഹിത രതി സ്വന്തം ഉടലിന്റെമേലുള്ള അവകാശപ്രഖ്യാപനമാണ്. ശരീരത്തിന്റെ പൂത്തുലയലാണ് മോക്ഷം. വ്യതിചലനമാണ് ഉടലിന്റെ ഉണര്‍വ്. വിലക്കുകളുടെ ചങ്ങലയില്‍ക്കിടന്ന ശിലാതുല്യമായ ശാപാവസ്ഥയില്‍നിന്ന് സ്വന്തം ശരീരത്തെ വീണ്ടെടുക്കുകയാണ് സുലഭ.

സുലഭാവതാരം

'അഹല്യയ്ക്ക് മോക്ഷം കൊടുത്ത
രാമനെങ്ങനെ സീതയെ ത്യജിച്ചു?' (പുറം, 96-97)

അഹല്യയുടെ വ്യതിചലനത്തിനുള്ള ഗൗതമന്റെ ശിക്ഷയാണ് അചലാവസ്ഥ. അവളെ ചലനമെന്ന മോക്ഷാവസ്ഥയിലെത്തിച്ചത് രാമന്റെ സ്പര്‍ശനവും. അഹല്യാമോക്ഷത്തെ സുലഭ വീണ്ടും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് തന്റെ കവിതയിലൂടെ. അഹല്യയുടെ അനുഭവത്തോട് ക്രൂരതയുടെ ഭൂപടമായിത്തീര്‍ന്ന സ്വന്തം ഉടലിനെ ചേര്‍ത്തുവയ്ക്കുമ്പോഴും  അഹല്യയ്ക്ക് മോക്ഷം കൊടുത്തത് രാമന്റെ സ്പര്‍ശനമാണെന്ന വിശ്വാസത്തെ സുലഭ വിമര്‍ശന വിധേയമാക്കുന്നുണ്ട്. പെണ്ണിന്റെ മോക്ഷത്തിന് 'രാമന്മാരുടെ' സ്പര്‍ശനമാവശ്യമില്ലെന്നതാണ് സുലഭയുടെ നിലപാട്. പുരുഷന്റെ ഭാവനയ്ക്കനുസരിച്ച് അചലവും ചലനാത്മകവുമാകാനുള്ളതല്ല പെണ്ണുടലുകള്‍. അതുകൊണ്ട് രവിയുടെ ആസിഡ് മേലെഴുത്തിലൂടെ ശിലയായ സുലഭ, മോക്ഷത്തിന് മറ്റൊരു രാമനുവേണ്ടി കാത്തിരിക്കുന്നില്ല. അവളുടെ മോക്ഷത്തിന്റെ വഴി, 'ശാപം പേറുന്ന' ഇതര പെണ്‍ശരീരങ്ങളോടുള്ള ഐക്യദാര്‍ഢ്യവും കൂട്ടായ്മയുമാണ്. ക്ഷതാംഗികളായ ശില്പയും, ശിന്നുവും, ദീനദയയും, സനൂഷയും, ചീരുത്തള്ളയുമാണ് സുലഭയുടെ മോക്ഷവഴിയിലെ സഹയാത്രികര്‍. യഥാര്‍ത്ഥത്തില്‍ സുലഭയ്ക്ക് മോക്ഷം കൊടുത്ത 'രാമസ്പര്‍ശം' പുരുഷന്റേതല്ല, ആസിഡുകൊണ്ട് മുഖം പൊള്ളിയ പതിമൂന്നുവയസ്സുകാരി ഷൗഗന്ധിയുടെതായിരുന്നു. ബസ് യാത്രക്കാരന്റെ ഛര്‍ദ്ദി കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി കുടിച്ച പയ്യനെ ഷൗഗന്ധി നെഞ്ചോട് ചേര്‍ത്തുപിടിച്ച കാഴ്ചയാണ് പ്രെമിത്തിയൂസ് കെടുത്തിയ തന്റെ ജീവിതത്തെ ആളിക്കത്തിക്കുന്നതിന് സുലഭയെ സഹായിച്ചത്.

സുലഭ സ്വീകരിച്ച വിമോചനവഴി പുരുഷവിദ്വേഷത്തിന്റേതല്ല. ഭര്‍ത്താവില്‍ നിന്നുണ്ടായ ആസിഡാക്രമണത്തിന്റെ വെളിച്ചത്തില്‍ പുരുഷസമൂഹത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ സുലഭ സാധാരണവത്കരിക്കുകയോ സാമാന്യവത്കരിക്കുകയോ ചെയ്യുന്നില്ല. പുരുഷന്മാരെല്ലാവരും രവിയല്ല. എല്ലാ രാമസ്പര്‍ശവും മോക്ഷദായകവുമല്ല. അഹല്യയെ സചലമാക്കുന്ന രാമന്‍തന്നെ ചിലപ്പോള്‍ സീതയെ അചലമാക്കാം. അതുകൊണ്ട് പുരുഷന്മാരുമായി സുലഭ സര്‍ഗാത്മക സൗഹൃദം നിലനിര്‍ത്തി. കൈക്കുളങ്ങര കുമാരനും, സുദര്‍ശനും, രവിയുടെ ഏടത്തിയുടെ മകന്‍ ശ്രീവത്‌സനും, രാമചന്ദ്രനുമെല്ലാം ക്ലോസപ്പുകളില്ലാത്ത സൗഹൃദത്തിന്റെ കണ്ണാടികളാണ്. അവസാനത്തെ ആളുടെവരെ ഉദയം കാണാന്‍ കാത്തിരുന്ന സുലഭയുടെ അമ്മയുടെ വല്യച്ഛനെയും, കൂടെ വരുന്നവരെ കൂടെയിരുത്തണമെന്ന ശാഠ്യമുള്ള സര്‍വോദയക്കാരനായ കെ. കണ്ണനെയും ഓര്‍മ്മിപ്പിച്ച, ശിക്ഷയെ റീസൈക്കിള്‍ ചെയ്ത് ഈര്‍ഷ്യ തോന്നുന്ന അനുകമ്പ പ്രകടിപ്പിക്കാത്ത രാമചന്ദ്രനില്‍ സുലഭ ഒരു കൂട്ടുകാരനെ കണ്ടെത്തി. ഒരുപാടിടങ്ങളുള്ള, ബന്ധങ്ങള്‍ക്ക് പ്രകൃതിയുടെ ആകൃതിയുള്ള ഒരിടം. അയാളുടെ തലോടലില്‍ അവള്‍ തുളുമ്പിക്കൊണ്ടിരുന്നു: 'മത്‌സ്യാവതാരത്തിലെ മത്‌സ്യത്തെപ്പോലെ കൈയില്‍ കൊള്ളാതെ, കുടത്തില്‍ കൊള്ളാതെ, പുഴയില്‍ കൊള്ളാതെ, സമുദ്രത്തില്‍ കൊള്ളാതെ'. യാതനകളെയും കാമനകളെയും ആസിഡുപാത്രങ്ങള്‍ക്കൊണ്ട് അളക്കാത്ത പുതിയൊരിടത്ത് അവള്‍ അവതരിച്ചു. സുലഭയായിത്തന്നെ.

Kalpetta Narayanan
പുസ്തകം വാങ്ങാം

പുരുഷനോട്ടങ്ങളുടെ മേലെഴുത്തുകളെ തിരുവെഴുത്തുകളായി കാണാന്‍ തയ്യാറല്ലാത്ത സ്വാതന്ത്ര്യകാംക്ഷികളായ സ്ത്രീകളെയും, അവരുടെ സമൃദ്ധമായ ഉടലുകളുടെ വന്യതയെയും ഭയക്കുന്ന സാംസ്‌കാരിക - സദാചാര സ്ഥാപനകളെ തുറന്നുകാട്ടുകയാണ് കല്പറ്റ നാരായണന്റെ എവിടമിവിടം. 'ഒരപകടവുമില്ലാത്ത' പുരുഷലോകത്തിലെ സുരക്ഷിതത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന പരമസാധുക്കളായ സ്ത്രീകളുടെ 'ആത്മാഭിമാനത്തെ' ആസിഡാക്രമണത്തിനിരയായ സുലഭ അട്ടിമറിക്കുന്നു. സുലഭ ഒരു കെട്ടുകഥയല്ല; രവിയെപ്പോലുള്ള ഭര്‍ത്താക്കന്മാര്‍ ഒറ്റപ്പെട്ട കഥാപാത്രങ്ങളുമല്ല. നവാഗതനായ മനു അശോകന്റെ 'ഉയരെ' എന്ന സിനിമ ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ജനാധിപത്യവത്കരിച്ചു. പൊള്ളിച്ചിട്ടും പൊലിയാത്ത രേഷ്മ ഖുറേഷിയും, ആഗ്രയിലെ Sheroes Hangout കഫേ തുടങ്ങിയവരും ഭ്രാന്തുപിടിപ്പിക്കുന്ന കണ്ണാടികളെ ഭയക്കാത്തവരും നിയന്ത്രിക്കാനും സംശയിക്കാനും മാത്രമറിയുന്ന ആണ്‍കോലങ്ങള്‍ ആസിഡ് ഒഴിച്ച് നിറംകെടുത്തിയിട്ടും ഉയിരിന്റെ 'ഉയരെ' പറന്ന ഉടലുകളാണ്. 

ബുദ്ധിസ്റ്റ് ദര്‍ശനങ്ങളും, അഹല്യാമോക്ഷം, പാലിയോലിത്തിക് മദര്‍ തുടങ്ങിയ മിത്തുകളുടെ നിഗൂഢതയും, ആസിഡ് ഇരകളുടെ പുസ്തകങ്ങളും, അവരുടെ സന്നദ്ധ സംഘടനകളും സുലഭയുടെ മോക്ഷയാത്രയിലെ വിളക്കുമാടങ്ങളാണ്. രാമസ്പര്‍ശമല്ല, ഇരകളുടെ ഉടല്‍മൊഴികളാണ് സുലഭയെ ശിലാവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നത്. അഹല്യയിലൂടെ സ്വയം നിര്‍വചിക്കുമ്പോഴും, സുലഭയ്ക്ക് കൂടുതല്‍ ആഭിമുഖ്യം തോന്നുന്നത് ദൈവങ്ങളെ മുലയൂട്ടാന്‍ പോന്ന മുലകളുള്ള പാലിയോലിത്തിക് മദറിനോടാണ്. ദൈവങ്ങളെ പാലൂട്ടിയവരുടെ വംശാവലിയെ ആസിഡ് ഒഴിച്ച് ശിഥിലമാക്കാനുള്ള പുരുഷന്മാരുടെ പ്രവണതകളെ അവശേഷിക്കുന്ന പ്രാണന്‍ വാരിയെടുത്ത് പ്രതിരോധിക്കുകയാണ് സുലഭ. Being Reshma എന്ന പുസ്തകത്തില്‍ എല്ലാ സുലഭമാര്‍ക്കുവേണ്ടിയും ലോകത്തോട് Reshma പറയുന്നു: 'make love, not scars'. ഇനി വ്യാസപുത്രനും നിസ്വനുമായ ശ്രീശുകനെ കാണുമ്പോള്‍ സ്ത്രീകള്‍ ലജ്ജാഭാരത്തില്‍ പുഴയില്‍ മുങ്ങിക്കിടക്കേണ്ടതില്ലെന്ന് സുലഭ രാമചന്ദ്രനോട് പറയുമ്പോള്‍ അവളുടെ ഉടലിന്റെ ആകാശത്തില്‍ നിലാവ് ഉദിച്ചിരുന്നു.

കല്പറ്റ നാരായണന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Kalpetta Narayanan New Novel Book review