രുചിക്കുന്തോറും ആസ്വാദനം വര്‍ദ്ധിക്കുന്നു എന്നതാണ് കവിതയുടെ മഹത്വം. 'അനര്‍ഗ്ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത 'എന്ന് വേര്‍ഡ്സ് വേര്‍ത്. 'മനുഷ്യന്റെ സര്‍ഗ്ഗക്രിയയ്ക്ക് പ്രാപ്യമാവുന്ന ഏറ്റവും ആനന്ദകരവും ഭദ്രവുമായ ഭാഷണമാണ് കവിത 'എന്ന് ഷെല്ലി. വാക്കുകളെ വികാരത്തോട് ബന്ധപ്പെടുത്തി ലയാത്മകമായി പ്രയോഗിക്കുമ്പോള്‍ നമ്മള്‍ കവിതയുടെ ഗന്ധര്‍വ്വലോകത്തേക്കു പ്രവേശിക്കുന്നു. ആ ലയം നമ്മളെ ആസ്വാദനത്തിന്റെ അവിസ്മരണീയത എന്തെന്ന് ബോധ്യപ്പെടുത്തുന്നു.

കല സജീവന്റെ 'ജിപ്‌സിപ്പെണ്ണ് 'എന്ന കവിതാസമാഹാരം 'ഉന്മാദിനിയുടെ സുവിശേഷം' മുതല്‍ 'പലകാലങ്ങളില്‍, പല പെണ്ണുങ്ങള്‍ളില്‍ അവസാനിക്കുന്ന അമ്പത്തിയെട്ട് കവിതകളിലൂടെ സ്‌ത്രൈണ ലോകത്തിന്റെ ആഴങ്ങള്‍ വിഭാവനം ചെയ്യുന്നു. ഓരോ വരികളിലും ജീവിതത്തിന്റെ ഋതുക്കള്‍ ആലേഖനം ചെയ്തിരിക്കുന്നു. 'ഉന്മാദിനികളുടെ സുവിശേഷത്തില്‍' ഒരൊറ്റയൊരാളെ മാത്രം ദീര്‍ഘകാലമായി പ്രണയിക്കുകയെന്നത് വിരസമാണെന്ന് കവയിത്രി പറയുന്നു. എന്തെന്നാല്‍ സ്വേച്ഛാധിപതികളുടെ സാമ്രാജ്യം ഒരുനാള്‍ കടലെടുക്കുമെന്ന് ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, എന്ന് അടിവരയിടുന്നതിലൂടെ പ്രണയത്തിന്റെ അസ്ഥിരതയാണ് ധ്വനിപ്പിക്കുന്നത്.

'അയല്‍വീട്ടിലെ കുഞ്ഞുങ്ങള്‍' എന്ന കവിതയില്‍ കവയിത്രി ഇങ്ങിനെ പറയുന്നു. 
'കുഞ്ഞുങ്ങളെക്കുറിച്ചു മാത്രമാണ് 
എനിക്ക് വേവലാതി 
അവരുടെ ഉറക്കത്തെക്കുറിച്ചു മാത്രമാണ് 
അതിര്‍ത്തികളില്‍ ചിതറുന്ന 
ചോരയെ കുറിച്ചു മാത്രമാണ് 
'അതിര്‍ത്തിയില്‍ ചിതറുന്ന ചോരയില്‍ ഉറക്കം അലോസരപ്പെടുന്ന കുഞ്ഞുങ്ങള്‍.. മാതൃസഹജമായ ആര്‍ദ്രതയില്‍ ഉരുവം കൊള്ളുന്ന കവയിത്രിയുടെ വേവലാതിയാണ്. പ്രണയം പലഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് കലയുടെ കവിതകളില്‍. പ്രണയവുമായി  കണ്ണുപൊത്തിക്കളിക്കുകയാണ് കവയിത്രി. പ്രണയത്താല്‍ വാഴ്ത്തപ്പെട്ടവളും, അപരാധിനിയുമായിത്തീരുന്നു പലപ്പോഴും. പ്രണയിനിയുടെ പാനപാത്രം നിറയെ ഞാവല്‍ പഴചാറ് ആണെന്ന് കവയിത്രി പറയുന്നു. ഇടവേളകളില്‍ പനിനീര്‍പൂവിതള്‍ ചവയ്ക്കുന്നത് കൊണ്ടാണ് അവള്‍ പ്രണയത്തില്‍ ചുവപ്പും വിരഹത്തില്‍ കരിനീലയുമാവുന്നത്. പെണ്ണിനെ കന്യകയും ദുര്‍നടപ്പുകാരിയുമാക്കുന്ന പ്രണയങ്ങള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍. പ്രണയം തിരുമുറിവ് ആയി അവശേഷിക്കുന്നു പലപ്പോഴും.

ഒരു കറുത്ത മറുക്, ആരും കാണാത്തിടത്തെ മുറിപ്പാട്, താത്രി നീള്‍ക്കണ്ണില്‍ ഉടലോടെ പകര്‍ത്തി വെച്ചു, അങ്ങിനെയാണ് നേരമൊന്ന് ഇരുട്ടിവെളുത്തപ്പോള്‍ അറുപത്തിനാല് കലകളുണ്ടായതെന്ന് താത്രിയുടെ ശരീരചരിതത്തില്‍ നിന്നും മനോഹരമായി ശരീരരാഷ്ട്രീയം പറയുന്നു 'ബോഡി പൊളിറ്റിക്‌സ് 'എന്ന കവിതയില്‍. പല കാലങ്ങളില്‍ പല പെണ്ണുങ്ങള്‍ എന്ന കവിത ആഖ്യാതാവിന്റെയും വെര്‍ജീനിയയുടെയും നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാറ്റമില്ലാതെ നില്‍ക്കുന്ന അപര ലോകങ്ങളെക്കുറിച്ചാണ്. കാഴ്ചയില്‍ അല്ലാതെ മറ്റൊരിടത്തും നിലനില്പില്ലാത്ത തൊട്ടാല്‍ പൊടിയുന്ന ചിത്രശലഭമാണ് കവിത. അത്രമേല്‍ മൃദുലമായത്. നൂതനമായൊരിടത്തു നില്‍ക്കുമ്പോഴും പ്രാചീനയാവാനും കവിയ്ക്കു കഴിയുന്നു.

book
പുസ്തകം വാങ്ങാം

കളിക്കാന്‍ ആരുമില്ലാത്ത ഒരു ഉച്ചമയക്കനേരത്ത് പരിചയപ്പെട്ട ജിപ്‌സി പെണ്ണ്, ഒരു കൂട നിറയെ അവള്‍ മറന്നുവെച്ച യാത്രകള്‍ നില്‍ക്കപ്പൊറുതിയില്ലാതാക്കിയെന്ന് കവി പറയുന്നു. ആ നില്‍ക്കപ്പൊറുതിയില്ലായ്മയില്‍ നിന്നായിരിക്കാം 'കലാ'പരമായ, കണ്ണീരും പ്രണയപ്പുളിയും തീണ്ടി ഉന്മാദിയായ ഈ കവിതകള്‍ ഉടലെടുത്തത്. സ്‌ത്രൈണത മുറ്റി നില്‍ക്കുന്ന ആര്‍ദ്രമായ ഈ കവിതകള്‍ ജീവിതം വരച്ചിടുന്നത്. കവിതയുടെ നീണ്ട സ്വപ്നത്തില്‍ നിന്ന് കവി പുറത്തു കടക്കാതിരിക്കട്ടെ. കാലത്തിന്റെ വേവും നോവും കവിതകളില്‍ ചാലിച്ച് നമ്മളെ ഇനിയുമിനിയും നോവിക്കട്ടെ !

Content Highlights: Kala Sajeevan New Malayalam Book Review