തീവ്രമായ നിശബ്ദതയായല്‍ പേടിപ്പെടുത്തുന്നതും അതേ സമയം ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാഴ്ചകളുടെ ചെപ്പ് തുറന്ന് അത്ഭുതപ്പെടുത്തുന്നതുമാണ് കാട്. കാട് ഒരു അനുഭവമാണ്. അത് അനുഭവിച്ച് തന്നെ അറിയണം. തന്റെ മാറിലേക്ക് കടന്നുവരുന്ന ഓരോരുത്തര്‍ക്കും അത് സമ്മാനിക്കുന്നതോ വ്യത്യസ്തമായ അനുഭവങ്ങളും. 

എന്‍.എ നസീര്‍ എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്ക് കാട് നല്‍കുന്നത് അതിന്റെ ഉള്ളില്‍ ഒളിപ്പിച്ച സ്‌നേഹം മാത്രമാണ്. തന്റെ എണ്ണമറ്റ കാനന യാത്രകളില്‍ അദ്ദേഹം കാടിനെ അത്രയധികം സ്‌നേഹിച്ചു. അതിന്റെ ഓരോ സ്പന്ദനവും തൊട്ടറിഞ്ഞു. ആ അനുഭവങ്ങള്‍ പകര്‍ത്തിയിരിക്കുന്ന പുസ്തകമാണ് 'കാടേത് കടുവയേത് ഞാനേത്'. 

കാടിനെ അതിന്റെ സ്വാഭാവികതയില്‍ തന്റെ ഫ്രെയിമുകളില്‍ ആവാഹിക്കാനാണ് എന്‍.എ.നസീര്‍ ഓരോ തവണയും ശ്രമിച്ചത്. ചിത്രങ്ങളുടെ പൂര്‍ണത അതിന്റെ സ്വാഭാവികതയില്‍ നിന്ന് തന്നെ അദ്ദേഹത്തിന് ലഭിച്ചു. തന്റെ ക്യാമറയുമായി കാടകങ്ങളിലേക്ക് ഓരോ തവണയും കടന്നുചെന്ന അദ്ദേഹത്തിന് കാട് സമ്മാനിച്ചത് തികച്ചും വേറിട്ട അനുഭവങ്ങള്‍ തന്നെയായിരുന്നു. അവ വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം വായനക്കാരന് മുന്നിലെത്തിക്കുകയാണ് എന്‍.എ. നസീര്‍. 

വാക്കും ചിത്രങ്ങളും ഇടകലരുമ്പോള്‍ കാടനുഭവം വായനക്കാരന് മുന്നില്‍ വാങ്മയ ചിത്രത്തിനപ്പുറം തെളിഞ്ഞുകാണുന്നു. പ്രകൃതിയുടെ തുടിപ്പുകള്‍ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമുകളും. ഇരുളും വെളിച്ചവും മാറിമറിയുന്ന ഫോട്ടോഗ്രാഫുകള്‍ക്കപ്പുറത്ത് അവ നമ്മോട് കൂടുതല്‍ എന്തെല്ലാമോ പറയുന്നുണ്ട്. 

കാടേത് കടുവയേത് ഞാനേത് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മേഘങ്ങളുടെ കുഴമറിച്ചിലുകളില്‍ നിന്നും മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ച വിവരിച്ചുകൊണ്ടാണ് നസീര്‍ തന്റെ പുസ്തകം ആരംഭിക്കുന്നത്. കാടിന്റെ മാറിലേക്ക് പെയ്തിറങ്ങുന്ന മഴ അനുഭവം ആസ്വദിക്കണമെന്ന് വായനക്കാരന് തോന്നിയാല്‍ അത് ആ അനുഭവക്കുറിപ്പിന്റെ ശക്തി തന്നെയാണ്. 

'മഴ ആരംഭിക്കുകയായി. ആകാശം മറപിടിച്ച വൃക്ഷശാഖകള്‍ ഒന്നാകെ ആദ്യത്തെ മഴത്തുള്ളികളെ താഴെ വീഴാതെ ഇലക്കുമ്പിളില്‍ ശേഖരിച്ചു. ഞാന്‍ പിന്നെയും മഴയ്ക്കായി കാത്തുനിന്നു. എങ്ങനെയോ ഇലകളില്‍ നിന്നും ചോര്‍ന്നൊരു മഴത്തുള്ളി മുഖത്ത് പതിച്ചു. ഒരു നിമിഷം പിടഞ്ഞുവോ.... അതില്‍ സാഗരഗന്ധവും ഇരമ്പലും ഞാന്‍ അനുഭവിച്ചു. പിന്നെ പൊടുന്നനെ ഇലച്ചാര്‍ത്തുകള്‍ ഉലഞ്ഞു.' 

കാടിന്റെ മാറിലേക്ക് പെയ്തു വീണ മഴനൂലുകള്‍ പോലെ തന്റെ കാടനുഭവങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വായനക്കാരന് മുന്നിലേക്ക് ഇതള്‍ വിരിക്കുകയാണ്. അതില്‍ തേവാങ്കും വരയാടും പുലിയും കടുവയും രാജവെമ്പാലയുമെല്ലാം കടന്നുവരുന്നു. വെറും അനുഭവക്കുറിപ്പുകള്‍ക്കപ്പുറത്തേക്ക് ശക്തമായ ആശങ്കയും നിരാശയും അദ്ദേഹത്തിന്റെ  കുറിപ്പുകളില്‍ കാണാം. കാടിന്റെ മേല്‍ നടക്കുന്ന ഓരോ കടന്നുകയറ്റത്തിലുമുള്ള അദ്ദേഹത്തിന്റെ ആശങ്ക കുറിപ്പുകളില്‍ വ്യക്തമാണ്.  

'ഓര്‍മയിലേക്കൊരു പാവം പക്ഷിക്കുഞ്ഞ് കടന്നുവരുന്നു. അമ്മയെയും കാത്തിരിക്കുകയാണത്. അമ്മക്കിളി ഏതോ ടൂറിസ്റ്റ് ചവച്ചുതുപ്പിയ ചൂയിങ്ഗം തീറ്റയാണെന്നു കരുതി കൊത്തിയെടുത്ത് മരക്കൊമ്പിലേക്ക് പറന്നു. കൊക്കില്‍ കുരുങ്ങിയ ആ പശ പുറത്തുകളയുവാന്‍ മരക്കൊമ്പുകളില്‍ ഉരയ്ക്കുകയും ശിരസ്സ് കുടയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ജീവനറ്റ അതിന്റെ ശരീരം അതേ മരത്തിനു കീഴേ കിടന്നിരുന്നു. വെള്ളം കുടിക്കുവാനോ ഇരപിടിക്കുവാനോ കഴിയാതെ.. പാവം.. ' 

എന്‍.എ. നസീറിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിവരണങ്ങള്‍ക്കപ്പുറത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന നസീറിന്റെ ഭാഷ എടുത്തുപറയേണ്ടതാണ്. മഴയിലൂടെ ഭൂമിയെ തൊടുന്ന ആകാശം എന്ന് ഒരിടത്ത് അദ്ദേഹം പറയുന്നുണ്ട്. അസാധാരണമായ ബിംബങ്ങളും രൂപകങ്ങളും കല്പനകളും വനദൃശ്യങ്ങള്‍ക്കൊപ്പം പീലിവിടര്‍ത്തുന്ന വാക്കിന്റെ വിസ്മയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു.

ഓരോ കാഴ്ചയ്ക്ക് ശേഷവും കാട് ഇനിയും കാഴ്ചകള്‍ അവശേഷിപ്പിക്കുന്നുവെന്ന് എം.എ.നസീര്‍ പറയുമ്പോഴും ഇനി എന്ത് കാഴ്ചയാണ് അദ്ദേഹം കാണാനുള്ളതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. കാടിന്റെ സൂക്ഷ്മാംശങ്ങളെ എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം പകര്‍ത്തിയിരിക്കുന്നത്. 'കാടേത് കടുവയേത് ഞാനേത് 'കാടനുഭവം പറഞ്ഞുപോകുന്ന വെറുമൊരു അനുഭവക്കുറിപ്പല്ല, കാനന യാത്രികര്‍ക്ക് ഒരു വഴികാട്ടിയുമല്ല. കാടിനെ കാടായി തന്നെ കാണാന്‍ ആഗ്രഹിക്കുന്ന അതിന്റെ വന്യതയില്‍ അലിയാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ ഉള്ളില്‍ നിന്നു വന്ന ഉള്‍തുടിപ്പുകളാണത്.