വായനാദിനത്തില്‍ ഈ പുസ്തകം നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരുന്നതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. ഈ ദിവസം തന്നെ റഫീക്കന്റെ പുസ്തകം വായിക്കാന്‍ കഴിഞ്ഞത് എന്തോ ഒരു നിമിത്തമായിട്ടാണ് ഞാന്‍ കരുതുന്നത്. കടലിലെ കഥകളും അനുഭവങ്ങളും യാത്ര വിവരണങ്ങളും വളരെ ചുരുക്കം ഇണ്ടാവൊള്ളൂ, കരയെപ്പോലെ പെട്ടെന്ന് എല്ലാവര്‍ക്കും പോകാനും ആസ്വദിക്കാനും ആശ്രയിക്കാന്‍ കഴിയില്ല കടലെന്ന് ചുരുക്കം.  കടലില്‍ നിന്നും കടുക്ക എടുക്കുന്നതിനിടയിലാണ് ഞമ്മളുടെ ലോകത്ത് നിന്നും നക്ഷത്ര ലോകത്തേയ്ക്ക് മൂപ്പര് യാത്ര പോയത്. ശേഷം മൂപ്പരെ സുഹൃത്തുക്കളാണ് ഫെയ്സ്ബുക്കില്‍ എഴുതിയിരുന്ന ഈ അനുഭവങ്ങള്‍ മാതൃഭൂമി ബുക്‌സിന്റെ സഹകരണത്തോടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. 

ഹെര്‍മന്‍ മെല്‍വിന്‍ന്റെ ' മോബിഡിക് വായിച്ച ശേഷം കടലിനെയും ജീവിതത്തെയും ആസ്പദമാക്കിയുള്ള ഞാന്‍ വായിക്കുന്ന മറ്റൊരു പുസ്തകം ഇതാണ്. ഇത് വെറും കടലനുഭവങ്ങള്‍ മാത്രമല്ല, പച്ചയായ ഈ വരികളിലൂടെ മൂപ്പരെ ജീവിതം നമുക്ക് നേരില്‍ കാണാം. ചാലിയത്ത് ജനിച്ചു വളര്‍ന്ന നമ്മളെ എഴുത്തുകാരന്‍ പ്രാഥമിക പഠനത്തിന് ശേഷം മല്‍സ്യബന്ധനം തൊഴിലായി സ്വീകരിക്കുന്നു. ചെയ്യുന്ന തൊഴിലിനോടുള്ള സ്‌നേഹവും ആത്മാര്‍ത്ഥതയും എത്രമാത്രം മൂപ്പര്‍ക്ക് ഉണ്ടെന്ന് ഈ വാക്കുകളിലൂടെ നമുക്ക് മനസ്സിലാവും, അല്ലങ്കിലും മൂപ്പര്ക്കിത് വെറും തൊഴിലല്ല, അവരെ ജീവനാണ്, ജീവിതമാണ് ഈ കടലും കല്ലുമ്മക്കായ കച്ചോടവും. 

ആഴക്കടലില്‍ തിരമാലകളെയും കാറ്റിനെയും വെല്ലുവിളിച്ചു മത്സ്യ ബന്ധനത്തിന് പോകുന്നത് സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റാനും, അവര്‍ക്ക് സന്തോഷത്തോടു കൂടി കഴിയാനും വേണ്ടിയാണെന്ന് മൂപ്പര് ഇടയ്ക്കിടെ പറയും. പക്ഷെ ആഴക്കടലും അതിനടിയിലെ ലോകവും മൂപ്പര്‍ക്കെന്നും പ്രിയപ്പെട്ടതാണ്. പല തരത്തിലുള്ള കടല്‍  മീനുകളും, കടല്‍ പക്ഷികളും കടലാനകളെന്നു പറയുന്ന തിമിംഗലങ്ങളും മൂപ്പരെ കഥയിലെ സ്ഥിരം കഥാപാത്രങ്ങളാണ്. ' ലൈഫ് ഓഫ് പൈ' സിനിമ കണ്ട സമയത്തെ പല സീനുകളും മൂപ്പരെ കഥ വായിക്കുമ്പോള്‍ നമുക്കൊന്നുകൂടി കണ്ണില്‍ കാണാം. ആ  സിനിമയിലാണ് ഞാന്‍ പറക്കുന്ന മീനുകളെ ആദ്യമായിട്ട് കാണുന്നത്. പക്ഷെ റഫീക്ക ആ പറക്കുന്ന മീനിനെ കറി വെച്ചു കഴിച്ച മനുഷ്യനാണ്. 

കാറ്റും കോളും നിറഞ്ഞ മണ്‍സൂണ്‍ കാലത്ത് അപകടം പിടിച്ച ആഴക്കടല്‍ മത്സ്യ ബന്ധനവും, ട്രോളിംഗ് നിരോധന കാലത്തെ കടലിന്റെ മക്കളെ പട്ടിണിയും, ചാകര സമയത്തെ അവരുടെ പിറന്നാളും, മീന്‍ പിടുത്തം എങ്ങനെയാണ് ഹരമായി മാറിയതെന്നും, എങ്ങനെയാണ് ഒരു നല്ല മുങ്ങല്‍ വിദഗ്ദ്ധനും നീന്തല്‍ വിദഗ്ദ്ധനും അതിനെല്ലാമുപരി എങ്ങനെയാണ് ഒരു മനുഷ്യ സ്‌നേഹിയെന്നും മൂപ്പര് നമുക്ക് കാണിച്ചു തരും. 

പുസ്തകം വായിക്കുമ്പോള്‍ ഞാനും മൂപ്പരെ കൂടെ പോയി കടലിന്റെ അടിയില്‍ നിന്ന് കല്ലുമ്മക്കായ പറിച്ചു, ചുറ്റും നീന്തി തുടിച്ച മീനുകള്‍ക്ക് കടുക്കന്റെ ഇറച്ചി കഴിക്കാന്‍ കൊടുത്തു, തെളിഞ്ഞ രാത്രികളില്‍ തൊട്ടടുത്തു വന്ന നക്ഷത്രങ്ങളെ എണ്ണി നോക്കി, നക്ഷത്രങ്ങള്‍ മുങ്ങുന്നത് കണ്ടു. കപ്പല്‍ വരുമ്പോ ടോര്‍ച്ചെടുത്ത് സിഗ്‌നല്‍ കൊടുത്തു, സിഗ്‌നല്‍ കൊടുത്തിട്ടും അവഗണിച്ചു വന്നു വല നശിപ്പിച്ച  കപ്പലുകളെ ചീത്ത പറഞ്ഞു, കല്ലെറിഞ്ഞു, തോണിയില്‍ ലൈറ്റ് ഇട്ടു, ചാകരയ്ക്ക് വേണ്ടി കൂടെ പ്രാര്‍ത്ഥിച്ചു, ചാകര നോക്കി വലയെറിഞ്ഞു, കൂന്തലിനെയും ചെമ്മീനെയും അയക്കൂറയെയും തളമീനെയും എട്ടയെയും ഞണ്ടിനെയും കൈകൊണ്ട് പിടിച്ചു, തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉയര്‍ന്നു ചാടുന്നത് കണ്ടു, സ്രാവിനെ പിടിച്ചു, വലയില്‍ പെട്ട ഡോള്‍ഫിനെ തിരിച്ചു കടലിലേക്കിട്ടു, വലയില്‍ കുടുങ്ങിയ കടലാമയെ രക്ഷിച്ചു, ചളി വെള്ളത്തില്‍ പറയിടുക്കുകളിലേക്ക് പോയി, തെളിഞ്ഞ വെള്ളത്തില്‍ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചു, അപകടം വരുമ്പോള്‍ പടച്ചോനോട് രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, കൂടെ കടുക്ക പെറുക്കാന്‍ വര്‍ക്കലയിലേക്കും പൊന്നാനിയിലേക്കും മാല്‍പയിലേക്കും വന്നു. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അനുഭവങ്ങള്‍. 

കടലില്‍ എങ്ങനെയാണ് തോണി നിര്‍ത്തിയിടുക, എങ്ങനെയാണ് അവിടുന്ന് പാചകം ചെയ്യുക, ചാകര വന്നാല്‍ എന്താണ് കോള്, കടലിലെ അപകടങ്ങള്‍ എന്തൊക്കെയാണ്, കപ്പല്‍ എങ്ങനെയാണ് ഭീഷണിയാകുന്നത്, മഴക്കാലത്ത്  എന്തിനാണ് മീന്‍ പിടിക്കുന്നത് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കും. ഫോട്ടോ കണ്ടപ്പോള്‍ റഫീക്കനെയും മോള് ഷംനയെയും എനിക്ക് നല്ല കണ്ട് പരിചയം, അറിയില്ല ചാലിയത്ത് വെച്ച് നമ്മള്‍ കണ്ടിട്ടുണ്ടോ എന്ന്. ജീവിച്ചിരിക്കുന്ന സമയത്ത് പരിചയപ്പെടാന്‍ കഴിയാഞ്ഞത് വലിയ നഷ്ടം തന്നെയാണ്. എന്നാലും വാക്കുകളിലൂടെ മൂപ്പര് ആ ജീവിതം മുഴുവന്‍ നമുക്ക് കാണിച്ചു തന്നു. 

ഓരോ താളുകളും ആകാംഷയോട് കൂടിയാണ് വായിച്ചിരുന്നത്, അനുഭവങ്ങളുടെ ആധിക്യം കൊണ്ട് നമ്മള്‍ അത്ഭുതപ്പെടും, സാമൂഹിക സേവനത്തിനു നിങ്ങള്‍ സോഷ്യല്‍ വര്‍ക്ക് പഠിച്ചിറങ്ങേണ്ടതില്ല, നല്ലൊരു മനുഷ്യ സേന്ഹി ആയാല്‍ മതി. മാല്‍പേയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയില്‍ ഒരു നാടോടി കുടുംബത്തിന് ഭക്ഷണം വാങ്ങി നല്‍കിയതും, ഒഴുക്കില്‍ അകപ്പെട്ട രണ്ട് കുട്ടികളെ സ്വന്തം  ജീവന്‍ പോലും അപകടപ്പെടുത്തി രക്ഷിച്ചതും, ഭിക്ഷയാചിച്ചു വന്ന അനാഥ കുട്ടിയ്ക്കും അമ്മയ്ക്കും വീട് വെച്ച് നല്‍കിയതും, അനിയത്തിയുടെ ഓപ്പറേഷന് സഹായം ചോദിച്ചു വന്ന ശെല്‍വന് പണം സമാഹരിച്ചു കൊടുത്തതും കൂടെ നിന്നതും ഇതില് ചിലത് മാത്രം.

സൗഹൃദങ്ങള്‍ വേരറ്റു പോകാതെ സൂക്ഷിക്കുന്നതിലും എത്ര സ്‌നേഹത്തോടെയും മൂല്യത്തോടെയുമാണ് മൂപ്പര് ഓരോ ജീവിതങ്ങളെയും ചേര്‍ത്ത് പിടിച്ചിരുന്നത് എന്ന് കണ്ടപ്പോഴും എന്റെ കണ്ണും ഖല്‍ബും നിറഞ്ഞു. ഈ സഹായിച്ചവരോടൊക്കെ പിന്നീടും തന്റെ സൗഹൃദം നിലനിര്‍ത്തി അവരൊക്കെ എന്താണ് ഇപ്പൊ ചെയ്യുന്നത് എന്നും മൂപ്പര് പറയുന്നുണ്ട്. ഇതൊക്കെ തന്നെ മതി റഫീക്ക, പടച്ചോന്‍ നിങ്ങളെ ഖബര്‍ സ്വര്‍ഗ പൂന്തോപ്പാക്കാന്‍. ചെലപ്പോ ഞാന്‍ കരുതും ഏറ്റവും അടുത്ത് നിന്ന് കണ്ട നക്ഷത്രങ്ങള്‍ നിങ്ങളോടുള്ള സ്‌നേഹം കാരണം ഏറ്റവും അടുത്ത് വന്നു നിങ്ങളെ കെട്ടിപിടിച്ചതാണെന്ന്. ഈ ചെറിയ വലിയ ജീവിതത്തിലൂടെ, ഈ ചെറിയ വലിയ എഴുത്തിലൂടെ ഒരു മനുഷ്യന്‍ എങ്ങനെയാകണമെന്ന് നിങ്ങള്‍ പറഞ്ഞു തരുന്നുണ്ട്, പറച്ചില്‍ മാത്രമല്ല, പ്രവര്‍ത്തിയിലൂടെ നിങ്ങള്‍ കാണിച്ചു തരുന്നുണ്ട്. 

KADALIL ENTE JEEVITHAM
പുസ്തകം വാങ്ങാം

നിങ്ങള്‍ പറഞ്ഞത് വളരെ ശെരിയാണ്, നല്ലത് പറയുന്നവരെക്കാളും നമ്മള്‍ ചേര്‍ത്ത് പിടിക്കേണ്ടത് നല്ലത് ചെയ്യുന്നവരെയാണ്. പടച്ചോന്റെ ദുനിയാവിലെ കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കുന്നതിലും അനുഭവങ്ങളിലൂടെ പഠിച്ച പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലും നിങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണ്. വെള്ളപൊക്ക സമയത്ത് കേരളത്തിന്റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ എല്ലാ സമയത്തും ചേര്‍ത്ത് നിര്‍ത്തണമെന്ന് നിങ്ങള്‍ പറയുന്നു. റഫീക്ക, നിങ്ങളൊരു നല്ല മകനായിരുന്നു, ഭര്‍ത്താവായിരുന്നു,  വാപ്പയായിരുന്നു, സുഹൃത്തായിരുന്നു, രക്ഷകനായിരുന്നു, തൊഴിലാളിയായിരുന്നു, അതിനെല്ലാമുപരി മനുഷ്യ സ്‌നേഹിയായിരുന്നു. നിങ്ങളെ പോലുള്ള മനുഷ്യര് നമ്മളോട് വിട പറയുമ്പോള്‍ നാടിന് മുഴുവനും അത് തീരാത്ത നഷ്ടമാണ്.

വായനാദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് 

കടലില്‍ എന്റെ ജീവിതം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: kadalil ente jeevitham Malayalam book review