ഭൂമിയുടെ എഴുപതുശതമാനം കടലാണ് എന്നറിയപ്പെടുന്നു. എന്നാല്‍ നമ്മളിലധികം പേര്‍ക്കും കടല്‍ ഒരു വിസ്മയക്കാഴ്ച മാത്രമാണ്. പുലര്‍വേളകളില്‍ നനുത്ത ഓളങ്ങളില്‍ കിടന്ന് ചാഞ്ചാടുന്ന കടലിന്റെ ശാന്തത നോക്കി എത്ര നേരമിരുന്നാലും മടുപ്പ് തോന്നില്ല. അനന്തതയില്‍ കാണുന്ന ചക്രവാളത്തില്‍ സമുദ്രത്തില്‍ നിന്നെന്ന പോലെ ഉയര്‍ന്നു പൊങ്ങുന്ന സൂര്യനെ നോക്കി നമ്മില്‍ പലരും വളരെ നേരം നിന്നിരിക്കാം. സായാഹ്നങ്ങളില്‍ ഒരു കുഞ്ഞിനെപ്പോലെ ചിരിച്ച് പാല്‍പ്പത തുപ്പി കരയിലേക്കുരുണ്ട് കയറി തിരിച്ചുരുളുന്ന കടലിനെ തൊട്ടു നോക്കാനും അടുത്തുചെന്ന് ഓമനിക്കാനും തോന്നാത്തവര്‍ ചുരുക്കമാണ്. 

കടലിന് സൗമ്യഭാവങ്ങള്‍ക്കൊപ്പം രൗദ്രഭാവങ്ങളും ഉണ്ടെന്ന് കടലിരമ്പങ്ങളില്‍നിന്നും ഉയരുന്ന തിരമാലകളില്‍നിന്നും നാമൊക്കെ ധരിച്ചിട്ടുണ്ട്. എന്നാല്‍ കടലിന് സംഹാരതാണ്ഡവമാടാനും മനുഷ്യരുടെ കിടപ്പാടങ്ങളും കരയും വലിച്ചെടുക്കാനും  മത്സ്യത്തൊഴിലാളികളുടെ ജീവനപഹരിക്കാനും കഴിയുമെന്ന് നാം മനസ്സിലാക്കുന്നത് 2004 ല്‍ സുനാമിയുണ്ടായപ്പോഴും 2017  നവംബര്‍ അവസാനത്തിലും ഡിസംബര്‍ ആദ്യത്തിലുമായി ഓഖി എന്ന ചുഴലിക്കാറ്റ് കേരളക്കരയില്‍ ആഞ്ഞടിച്ച് മരണനൃത്തം നടത്തിയപ്പോഴുമാണ്.

കാറ്റിന്റെ ശക്തിയും കടലാക്രമണവും എത്ര ഭീകരമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു, മരണപ്പെട്ടവരുടേയും നഷ്ടപ്പെട്ടവരുടേയും കൃത്യമായ കണക്കുകള്‍ ഇനിയും ലഭിച്ചിട്ടില്ല. കേരളത്തിന്റെയും തമിഴകത്തിന്റെയും കടലോരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഇതെഴുതുമ്പോഴും കാത്തിരിക്കയാണ്.
ഇത്രയൊക്കെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് കെ.ആര്‍. നാരായണന്‍ എഴുതിയ കടല്‍ അനുഭവങ്ങള്‍ എന്ന പുസ്തകമാണ്.  ഇരിങ്ങാലക്കുടക്കാരനായ നാരായണന്‍ ഇരിങ്ങാലക്കുട കഥകളായ കുടയൂര്‍ കഥകള്‍ എന്ന സമാഹാരവുമായിട്ടാണ് രംഗപ്രവേശം ചെയ്തത്. 

ദീര്‍ഘകാലം കടലും കടല്‍ജീവിതവുമായി ഇടപഴകിയിട്ടുള്ള നാരായണന് ഒരു കടലോളം അനുഭവങ്ങളുണ്ട്. കടല്‍വെള്ളം മാത്രം കണ്ട് കടല്‍കണ്ടു എന്നു പറയുന്നവരുടെ കൂട്ടത്തിലല്ല,നാരായണന്‍. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കടല്‍ നൗകകളില്‍  ദീര്‍ഘദൂരം സഞ്ചരിക്കുകയും കാറ്റും കോളും കടല്‍ച്ചൊരുക്കും എന്താണെന്ന് സ്വയം അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 

കടല്‍ജീവിതത്തിനെക്കുറിച്ചും  കടല്‍ അതിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള പവിഴപ്പുറ്റുകളും മുത്തുച്ചിപ്പികളും  വിചിത്രവും വൈവിദ്ധ്യവുമാര്‍ന്ന ജൈവസാന്നിദ്ധ്യങ്ങളും  എന്തെല്ലാമാണെന്നും അവയുടെ പ്രത്യേകതകള്‍ എന്താണെന്നും ഏറക്കുറെ മനസ്സിലാക്കാനായത് നാരായണന്‍ ജന്തുശാസ്ത്രം പഠിച്ചതുകൊണ്ടും ഫിഷറീസ് വകുപ്പില്‍ വളരെക്കാലം ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടുമാണ്.

കടല്‍ അനുഭവങ്ങള്‍ കടലിനെക്കുറിച്ചുള്ള ബൃഹത്തായ ഒരു പഠനമൊന്നുമല്ല. കടലിനെ നോക്കി അത്ഭുതംകൂറുന്ന കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും  മര്‍ച്ചന്റ് നേവിയിലും  ചേര്‍ന്ന് കടല്‍ജീവിതത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും  ഉപകരിക്കാവുന്ന കുറെ അറിവുകള്‍ അനുഭവങ്ങളില്‍നിന്നും പകര്‍ന്നു കൊടുക്കുകയാണ് ഈ പുസ്തകം. തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ആര്‍ജിച്ച പല അനുഭവങ്ങളും കടല്‍യാത്രകളില്‍ നേരിടാവുന്ന വൈഷമ്യങ്ങളും  മറ്റും ലളിതമായി പ്രതിപാദിക്കുന്നുണ്ട്, പുസ്തകത്തില്‍.  

ശ്രീ നാരായണന്‍  ജോലിചെയ്തിരുന്ന ഗുജറാത്തിലെ ജാംനഗര്‍, ഓഖ, ദ്വാരക  കഛ് ദ്വീപുകള്‍ മുതലായ സ്ഥലങ്ങളിലെ കടലിന്റെ പ്രത്യേകതകളും കഛ് ദ്വീപ് സമൂഹത്തില്‍ കാണുന്ന പവിഴപ്പുറ്റുകള്‍, കണ്ടല്‍ക്കാടുകള്‍,  കടല്‍ജീവികളുടെ വൈവിദ്ധ്യം മുതലായവ  സമുദ്രശാസ്ത്രമോ ജന്തുശാസ്ത്രമോ പഠിക്കുന്ന വിദ്യാര്‍റകള്‍ക്ക് ഉപകാരപ്പെടും. കഛ് ഉള്‍ക്കടലിലാണ് ജന്തു ശാസ്ത്രജ്ഞന്മാരുടെ പറുദീസ എന്നറിയപ്പെടുന്ന പിരോട്ടന്‍ ദ്വീപ്. 

ജാംനഗറിലെ  മത്സ്യഗവേഷണകേന്ദ്രത്തില്‍  ജോലി ചെയ്യുമ്പോഴാണ്  അഞ്ചു ചതുരശ്രമൈല്‍ പോലും വിസ്തതിയില്ലാത്ത ഈ ദ്വീപ് ഒളിപ്പിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങളുടെ കവാടങ്ങള്‍ ഒന്നൊന്നായി തുറക്കുവാനും അവിടെ കണ്ട കടല്‍ രഹസ്യങ്ങള്‍ ഇപ്പോള്‍ ഈ പുസ്തകത്തിലൂടെ നമ്മളിലേക്കെത്തിക്കാനും നാരായണന് കഴിഞ്ഞത്. കടലിലെ ചിത്രശലഭങ്ങളെക്കുറിച്ചും, പറക്കുന്ന മത്സ്യങ്ങളെക്കുറിച്ചും ഡോള്‍ഫിനുകളെക്കുറിച്ചും  എന്തിന്, ബോംമ്പെ ഡക്കിനെക്കുറിച്ചും നമുക്കറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതരുന്നുണ്ട്.

ജോലിയിലായിരിക്കുമ്പോള്‍ തന്നെ നാരായണന്റെ ഗവേഷണോന്മുഖമായ മനസ്സ് പലതും കണ്ടെത്തുകയും അവ മാതൃഭൂമിയിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും വായനക്കാരിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ധാരാളം കടല്‍ അനുഭവങ്ങളും ജഞാനവുമുള്ള  കെ.ആര്‍. നാരായണന്‍  അതെല്ലാം എഴുത്തിലൂടെ പകര്‍ന്നു കൊടുക്കാന്‍  കാണിക്കുന്ന ഉത്സാഹവും  പരിശ്രമവും അഭിനന്ദനാര്‍ഹമാണ്. കടല്‍ അനുഭവങ്ങള്‍ എന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മുംബൈയിലെ പാമ്പുങ്ങല്‍ പബ്ളിക്കേഷന്‍സ് ആണ്. 

Content Highlights : malayalam book review, kadal anubhavangal