കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരുടെ വലിയൊരു കൂട്ടം കൂടിയുണ്ട് കുട്ടിക്കഥകളുടെ ആരാധകരായി. കടന്നുപോയ ബാല്യത്തിന്റെ നല്ല ഓര്‍മകള്‍ കയ്യില്‍ കരുതുന്നവരാണ് ഇവരില്‍ അധികവും. കുട്ടിക്കഥകളുടെ വലിയ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാമതാകും യോഹന്ന സ്‌പൈറിയുടെ 'ഹെയ്ഡി'. ആല്‍പ്‌സ് കൊടുമുടിയുടെ മുകളില്‍, മനുഷ്യനോടും ദൈവത്തോടും ഒരുപോലെ പിണങ്ങി ജീവിക്കുന്ന ആല്‍പ് അപ്പൂപ്പന്റെ ഒപ്പം താമസിക്കാനെത്തുന്ന ഹെയ്ഡിയെന്ന കൊച്ചുപെണ്‍കുട്ടിയുടെ കഥ പറയുന്ന പുസ്തകമാണിത്.

ഹെയ്ഡി അനാഥയാണ്. അവള്‍ക്ക് ഒരു വയസ്സു തികയും മുമ്പേ അച്ഛനും അമ്മയും മരിച്ചുപോയി. അമ്മയുടെ സഹോദരി ഡെറ്റിയാണ് അഞ്ചുവയസ്സുവരെ അവളെ സംരക്ഷിച്ചത്. എന്നാല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയ ജോലി ശരിയായതോടെ ഹെയ്ഡിയെ ആരെയെങ്കിലും ഏല്‍പിച്ചു പോകാന്‍ ഡെറ്റി നിര്‍ബന്ധിതയാകുന്നു. അങ്ങനെ അവര്‍ ഹെയ്ഡിയെ അവളുടെ മുത്തശ്ശന്‍ ആല്‍പ്അപ്പൂപ്പന്റെ അരികിലെത്തിക്കുന്നു.

അപ്പൂപ്പന്റെ കുടിലിലെത്തുന്ന ഹെയ്ഡി അദ്ദേഹത്തിന്റെ ഉള്ളിലും ആ പരിസരത്തും ആകെ പ്രകാശം നിറയ്ക്കുകയാണ്. ഗ്രാമവാസികള്‍ക്കെല്ലാം ആല്‍പ് അപ്പൂപ്പന്‍ ഒരു മുരടനാണ്. എന്നാല്‍ ഹെയ്ഡിയെ വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം പരിചരിക്കുന്നതും പരിഗണിക്കുന്നതും. ആല്‍പ് ചെരിവുകളില്‍ ആടുമേയ്ക്കാന്‍ പോകുന്ന പീറ്ററിനെയാണ് ഹെയ്ഡിക്ക് അവിടെ ചങ്ങാതിയായി ലഭിക്കുന്നത്. പിന്നെ അപ്പൂപ്പന്റെ രണ്ട് ആടുകളും- ഡെയ്‌സിയും ഡസ്‌കിയും.

മലയുടെ അടിവാരത്തിലാണ് പീറ്ററിന്റെ വീട്. അവന്റെ അമ്മൂമ്മയും അമ്മയുമായും ഹെയ്ഡി നല്ല ബന്ധത്തിലാണ്. രണ്ട് വര്‍ഷം ആല്‍പ് അപ്പൂപ്പന്റെ ഒപ്പം ഹെയ്ഡി അവിടെ താമസിച്ചു. ആല്‍പിലെ കുന്നും പൂക്കളും ആട്ടിന്‍കുട്ടികളുമായുള്ള ചങ്ങാത്തവും ആസ്വദിച്ചു. എന്നാല്‍ രണ്ടു വര്‍ഷത്തിപ്പുറം ഹെയ്ഡിയെ തേടി ഡെറ്റി എത്തുന്നു. അപ്പൂപ്പന്റെ അടുത്തുനിന്ന് ഹെയ്ഡിയെ കൊണ്ടുപോകുകയും ഫ്രാങ്കഫര്‍ട്ടിലെ ഒരു ധനിക കുടുംബത്തിലെ കുട്ടിക്ക് അവളെ കൂട്ടുകാരിയായി നല്‍കുകയുമായിരുന്നു ഡെറ്റിയുടെ ലക്ഷ്യം.

heidiഅപ്പൂപ്പന്റെ പ്രതിഷേധത്തിന് ചെവികൊടുക്കാതെ ഡെറ്റി ഹെയ്ഡിയുമായി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയി. അവിടെ സെസ്മാന്‍ എന്ന ധനികന്റെ വീട്ടിലാണ് ഹെയ്ഡിയെ ഡെറ്റി കൊണ്ടാക്കിയത്. സെസ്മന്റെ മകള്‍ ക്ലാര നടക്കാന്‍ സാധിക്കില്ലാത്ത കുട്ടിയായിരുന്നു. അവള്‍ക്ക് പഠിക്കാനും കളിക്കാനും പറ്റിയ ഒരാളെയായിരുന്നു അവര്‍ക്ക് ആവശ്യം. എന്നാല്‍ പന്ത്രണ്ടുകാരിയായ ക്ലാരയ്ക്ക് സുഹൃത്തായി ചെന്ന ഹെയ്ഡിയോ വെറും ഏഴുവയസ്സുകാരിയും. ഇക്കാര്യം അവര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഡെറ്റി തന്ത്രത്തില്‍ ഹെയ്ഡിയെ അവിടെയാക്കി പോയി.

ക്ലാരയ്ക്ക് സഹായത്തിനായി  മിസ് റോട്ടന്‍മെയര്‍, സെബാസ്റ്റിയന്‍, ജോണി, ടിനെറ്റ് എന്നീ പരിചാരകര്‍ അവിടെയുണ്ടായിരുന്നു. തികച്ചും ഗ്രാമീണയായ മര്യാദകളെ കുറിച്ച് വലിയ അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത ഹെയ്ഡിയുടെ വരവ് മിസ് റോട്ടന്‍മെയറെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായിരുന്നു. ഹെയ്ഡിയെ മടക്കി അയക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കുന്നുമില്ല. ക്ലാരയ്ക്ക് നല്ല സുഹൃത്താണ് ഹെയ്ഡി.

ആല്‍പിന്റെ താഴ്‌വരയില്‍ ചിതറിത്തുള്ളിയൊഴുകുന്ന അരുവിപോലെ ഒഴുകിയ ഹെയ്ഡിയെ സംബന്ധിച്ചിടത്തോളം ഫ്രാങ്കഫര്‍ട്ടിലെ ജീവിതം ദുസ്സഹമായിരുന്നു. എന്നാല്‍ അവള്‍ ഇക്കാര്യം ആരോടും തുറന്നു പറഞ്ഞില്ല. എന്നാല്‍ പിന്നീട് ഹെയ്ഡി ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന രോഗത്തിന് അടിമയായായതോടെ ഹെയ്ഡിയെ തിരികെ വീട്ടിലേക്കയ്ക്കാന്‍ സെസ്മന്‍ തീരുമാനിച്ചു. പീറ്ററിന്റെ അമ്മൂമ്മയ്ക്ക് റൊട്ടിയും മറ്റു സമ്മാനങ്ങളുമായി അവള്‍ തിരികെയത്തി.

ഹെയ്ഡിയുടെ തിരിച്ചുവരവ് ആല്‍പ് അപ്പൂപ്പനും പീറ്ററിനും അവന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ സന്തോഷം പകരുന്നതായിരുന്നു. വീണ്ടും അവള്‍ അവിടെ ആകമാനം ഉല്ലസിച്ചു നടന്നു. പിന്നീട് ഹെയ്ഡിയെ തേടി ഒരു അതിഥിയെത്തി. ഫ്രാങ്കഫര്‍ട്ടില്‍ ക്ലാരയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ക്ലോസന്‍. ആല്‍പ് അപ്പൂപ്പനും ഹെയ്ഡിയുമൊത്ത് കുറച്ചു ദിവസം താമസിച്ച ശേഷം അദ്ദേഹം തിരിച്ചു പോയി. അക്കൊല്ലത്തെ തണുപ്പുകാലത്തിനു ശേഷം ഹെയ്ഡിക്ക് മറ്റു രണ്ടു സന്ദര്‍ശകര്‍ കൂടിയെത്തി. അത് ക്ലാരയും അവളുടെ അമ്മൂമ്മയുമായിരുന്നു.

ക്ലാരയെ കുറച്ചു ദിവസത്തേക്ക് അവിടെ താമസിക്കാന്‍ അനുവദിച്ച ശേഷം അവളുടെ അമ്മൂമ്മ താഴ്‌വരയിലേക്ക് പോയി. ക്ലാര ഹെയ്ഡിക്കും ആല്‍പ് അപ്പൂപ്പനോടുമൊപ്പം താമസം ആരംഭിച്ചു. ക്ലാരയുടെ വരവ് അത്ര ഇഷ്ടപ്പെടാത്ത ഒരാള്‍ അവിടെയുണ്ടായിരുന്നു. മറ്റാരുമല്ല നമ്മുടെ പീറ്റര്‍ തന്നെ. ഹെയ്ഡിക്കൊപ്പം സമയം ചിലവഴിക്കാന്‍ അവസരം കിട്ടാത്തതായിരുന്നു അവന്റെ കോപത്തിന് കാരണം.

ആല്‍പ്അപ്പൂപ്പന്റെ കുടിലില്‍ എത്തിയതോടെ ക്ലാരയുടെ ആരോഗ്യത്തിന് കാര്യമായ പുരോഗതിയുണ്ടായി. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ എഴുന്നേറ്റു നടന്നു. ക്ലാരയുടെ അമ്മൂമ്മയ്ക്കും അച്ഛനും ആല്‍പ് അപ്പൂപ്പനുമൊക്കെ വളരെ സന്തോഷമാകുന്നു. അടുത്തവേനല്‍ക്കാലത്ത് വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഹെയ്ഡി ക്ലാരയെ യാത്രയാക്കുന്നത്. ഒരു ചെറുചിരി ചുണ്ടില്‍ വിരിയിച്ചാണ് ഹെയ്ഡി അവസാനിക്കുന്നത്.

നിഷ്‌ക്കളങ്കയായ ഒരു കൊച്ചുപെണ്‍കുട്ടി, അവള്‍ക്കു ചുറ്റിലുമുള്ളവരുടെ ജീവിതത്തെ പ്രകാശമാനമാക്കുന്നത് ഏറ്റവും മനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹെയ്ഡിയിലൂടെ യോഹന്ന സ്‌പൈറി. ഫ്രാങ്ക്ഫര്‍ട്ടിലെ കൊച്ചു കൊച്ചു തമാശകള്‍, പീറ്ററിന്റെ മുത്തശ്ശിയോടുള്ള ഹെയ്ഡിയുടെ കരുതല്‍ ഇവയെല്ലാം വായനക്കാരനെ പ്രീതിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഹെയ്ഡി ആസ്വദിക്കുന്ന ആല്‍പ്‌സിന്റെ ഭംഗി, അവള്‍ കാണുന്ന പൂക്കള്‍, ഫിര്‍മരത്തില്‍ തട്ടിയെത്തുന്ന കാറ്റ് ഇവയൊക്കെ വായനക്കാരനും അനുഭവേദ്യമാകുന്നുണ്ട്. അഷിതയാണ് പുനരാഖ്യാനം. മാതൃഭൂമി ബുക്‌സാണ് പ്രസാധര്‍. വില 200 രൂപ.