'വായന എന്നത് വാക്കുകള്‍ക്കു മുകളില്‍ കൂടിയുള്ള നടത്തം അല്ല അവയുടെ ആത്മാവ് ഗ്രഹിക്കലാണ്'. പൗലോ ഫെയറിന്റെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നു ജിസ ജോസിന്റെ മുദ്രിത എന്ന നോവല്‍. നോവലിലെ ഒരോ കഥാപാത്രങ്ങളുടേയും ആത്മാംശത്തെ തന്നോട് ചേര്‍ത്തുനിര്‍ത്തി കഥയുടെ ഇതള്‍ വിരിയിച്ചെടുക്കുന്നു നോവലിസ്റ്റ്. അതേ ത്രീവതയോടെ വായനക്കാരനും അത് അനുഭവവേദ്യമാവുന്നു എന്നത് ഈ നോവലിന്റെ വിജയമാണ്.
     
ഒരു മാന്‍ മിസ്സിങ്ങിന്റെ അന്വേഷണ ചുമതല വനിത എന്ന കോണ്‍സ്റ്റബിള്‍ സ്വയം ഏറ്റെടുക്കുന്നത് അല്പം കൗതുകത്തോടെ തന്നെയാണ്. 'കാണാതെ പോയവള്‍' എന്ന് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തപ്പോള്‍ വനിത വിചാരപ്പെടുന്നുണ്ട്; സ്വയം കണ്ടെത്താനായി അപ്രത്യക്ഷമായതാവാം. പക്ഷേ അവനവനെ തന്നെ കണ്ടെത്താനായി അപ്രത്യക്ഷരായ കൂട്ടത്തില്‍ സ്ത്രീകളില്ല. ഇത് അന്‍പതു കഴിഞ്ഞ സ്ത്രീ കൊലപാതകം, സ്വത്തു തര്‍ക്കം... സാധ്യകള്‍ ഏറെയാണ്. പരാതിപ്പെട്ട അനിരുദ്ധന്‍ എന്ന ചെറുപ്പക്കാരനാവട്ടെ അവരെ നേരില്‍ കണ്ടിട്ടുപോലുമില്ല. ഹിമാദ്രി ടൂര്‍ ആന്റ് ട്രാവല്‍സിന്റെ നമ്പറിലേക്ക് യാദൃശ്ചികമായിട്ടാണ് ഒറീസയിലേക്ക് ഒരു ടൂര്‍ സംഘടിപ്പിക്കണം എന്ന ആവശ്യവുമായി ഒരു ഫോണ്‍ വിളി എത്തുന്നത്. അതാണ് അരവിന്ദനും മുദ്രിതയുമായുള്ള ആദ്യ പരിചയം.

പത്തു സ്ത്രീകള്‍ മാത്രമാണ് യാത്രാസംഘത്തിലുള്ളത്. ഒറീസയില്‍ കാണേണ്ട കാഴ്ചകളും യാത്രാ വഴികളും എല്ലാം വിശദമായി മുദ്രിതയ്ക്കു തന്നെ വ്യക്തയുണ്ടായിരുന്നു. അതെല്ലാം അനിരുദ്ധനെ അറിയിക്കാന്‍ ഫോണ്‍ വിളികളും ഇമെയില്‍ സന്ദേശങ്ങളും മാത്രം. എന്നാല്‍ യാത്ര തുടങ്ങുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് മുദ്രിതയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്നു എക്കാലത്തേക്കുമായി.

വനിതയുടെ അന്വേഷണങ്ങള്‍ മുന്നോട്ടു പോകുന്നത് അനിരുദ്ധന്റെ നോട്ടുപുസ്തകങ്ങളിലൂടെയാണ്. വായന അതിന്റെ ആത്മാവ് വായനക്കാരനെ ഗ്രഹിപ്പിക്കുന്ന ഇന്ദ്രജാല വഴക്കമാണ് നോവലിസ്റ്റിന്റെ ഭാഷയ്ക്കുള്ളത്. ഓരോ സ്ത്രീത്വങ്ങളും സ്വയം അനുഭവിക്കുന്നതെല്ലാം തന്മയത്വത്തോടെ, ഹൃദ്യമായും യുക്തിഭദ്രമായും അവതരിപ്പിക്കുന്നതാണ് നോവലിനെ നമുക്ക് അനുഭവവേദ്യമാക്കിത്തരുന്ന 
മറ്റൊരു ഘടകം. ബൈബിളും ഖുറാനും ഭാരത കഥകളും കല്പിതകഥാപാത്രങ്ങളും ഉള്‍ച്ചേര്‍ക്കുന്നിടത്ത് നോവലിസ്റ്റിന്റെ രചനാവൈഭവം എടുത്ത് പറയേണ്ടതാണ്. ഒറീസയുടെ വര്‍ണ്ണന ഒരു യാത്രാ അനുഭവം തന്നെ നമുക്ക് തന്ന് ‌വായനയെ കാമ്പുറ്റതാക്കുന്നു മുദ്രിത.

സര്‍വരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാ നാരായണി, ബേബി, വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയ നളിനി, മധുമാലതി... യാത്ര സംഘത്തിലെ അംഗങ്ങളുടെ പേരുകളുടെ തെരഞ്ഞെടുപ്പിലും നോവലിസ്റ്റ് വ്യക്തമായ ചിത്രണം നടത്തിയിട്ടുണ്ട്. കഥാപാത്രങ്ങളെ അത്രയേറെ മിഴിവോടെ തന്നെ വായനക്കാരന്റെ ഉള്ളില്‍ ജ്വലിച്ചു നിര്‍ത്താന്‍ സാധിച്ചതും അതുതന്നെയാണെന്നു പറയാം. 'മുദ്രിത ' മുദ്രണം ചെയ്യപ്പെട്ടവള്‍ തന്നെയോ സ്വയം അടയ്ക്കപ്പെട്ടവളോ തന്നെയാണെന്ന് ഒടുവില്‍ പറഞ്ഞു വയ്ക്കുമ്പോഴും വായനക്കാരന്റെ മനസില്‍ അനേകം മുദ്രകളാണ് ആലേഖനം ചെയ്യപ്പെടുന്നത്. 

സ്ത്രീ കഥാപാത്രങ്ങള്‍ ആണ് നോവലില്‍ ഏറെയും. പക്ഷേ പുരുഷാധികാരത്തെ പ്രത്യക്ഷമായി ചോദ്യംചെയ്യുന്നതിനു പകരം സമര്‍ത്ഥമായ സൂചനകളിലൂടെയാണതു ചെയ്യുന്നത്. സ്ത്രീകള്‍ക്കു തങ്ങളോടുള്ള മമതയും സ്‌നേഹവും പ്രണയമായും കാമമായും മാത്രമാണവന്‍ കാണുന്നത്. തനിക്ക് ഉടമസ്ഥാവകാശം ഉള്ള സ്ത്രീയ്ക്കാകട്ടെ ഈ രണ്ടു വികാരവും ഇല്ലെന്നും ഉറപ്പിച്ചു വയ്ക്കുന്നു ആണധികാരം. എന്നാല്‍ ലിംഗം മാത്രമല്ല തലയും ചിലപ്പോഴവന് ബലാത്കാരത്തിനുള്ള ഉപാധിയാവാറുണ്ട്. ശരീരം മുഴുവന്‍ കൊണ്ടും ഹിംസിക്കുന്നവന്‍. തുളച്ചുകയറുന്നവന്‍. പുരുഷാധികാരത്തിന്റെ ധാര്‍ഷ്ട്യത്തെ അഹന്തയെ ഇത്തരത്തില്‍ ശക്തമായി തുറന്നെഴുതുന്നുണ്ട് നോവലിസ്റ്റ്.

സ്ത്രീയ്ക്കാകട്ടെ ജീവിതമാണ് ദുസ്സഹം. ജീവിച്ചിരിക്കലാണ് പീഢ. സ്ത്രീക്ക് ഏതു പ്രായവും ആത്മഹത്യ ചെയ്യാനുള്ളതുകൂടിയാണ് എന്ന് ഇതിഹാസങ്ങളിലെയും വിവിധ കാലങ്ങളിലെയും പെണ്‍ജീവിതങ്ങളെ ഉദാഹരിച്ചു നോവലിസ്റ്റ് പറയുന്നു. മുദ്രിതയിലെ കഥാപാത്രങ്ങള്‍ ഓരോന്നും സ്വയം കരുത്താര്‍ജ്ജിച്ച്  ജീവിതത്തെ തനിക്കു കൂടി വേണ്ടിയുള്ളതാക്കി മാറ്റുന്ന പെണ്‍കരുത്തിന്റെ ശക്തി നോവലില്‍ മിഴിവോടെ ജ്വലിച്ചു നില്‍ക്കുന്നത് എന്നു പറയാം. യാത്രാ സംഘത്തിലെ ഓരോ  ജീവിതങ്ങളെയും അനാവരണം ചെയ്യുമ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ അത് പറഞ്ഞ് വയ്ക്കുന്നുമുണ്ട് നോവലിസ്റ്റ്. ശക്തമായ ഭാഷ കൊണ്ടും പുതുമയുള്ള പ്രമേയം കൊണ്ടും എഴുത്തിന്റെ വശ്യമായമന്ത്രികത കൊണ്ടും ഹൃദ്യമായ ഒരു വായനാനുഭവം തന്നു ജിസ ജോസിന്റെ മുദ്രിത എന്ന് നിസ്സംശയം പറയാം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Jisa Jose Malayalam Novel Book Review Mathrubhumi Books