ലോകത്തിന്റെ ഏത് കോണില്‍ പോയാലും സുരക്ഷിതത്വവും സമാധാനവും ആനന്ദവും നല്കുന്ന ഒരിടമായി വീട് കരുതപ്പെടുന്നു. അതിനാല്‍ തന്നെയാണ് എന്നെങ്കിലും ഒരിക്കല്‍ പിറന്നമണ്ണിലേക്ക് മടങ്ങണം എന്ന് എന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അവരുടെ മനസില്‍ വീട് കല്ലിലും മണ്ണിലും കെട്ടിപ്പൊക്കിയ വെറും കെട്ടിടങ്ങള്‍ മാത്രമല്ല, സ്‌നേഹം നിറയുന്ന സന്തോഷങ്ങള്‍ വിളയുന്ന ഇടമാണ്. 

വീടിനെക്കുറിച്ച് ഓരോരുത്തരുടെയും സങ്കല്പങ്ങള്‍ വ്യത്യസ്തമായിരിക്കും. പരമ്പരാഗതമായി മണ്‍ കുടിലുകളിലും പുല്‍ക്കുടിലുകളിലും താമസിച്ചു പോരുന്ന എത്രയോ ജനവിഭാഗങ്ങള്‍ ലോകത്തുണ്ട്. മറ്റൊരാള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതോ ഇല്ലയോ എന്നല്ല അവര്‍ക്കെല്ലാം അവരുടെ വീട് സുരക്ഷിത സ്ഥാനമാണ്. 

വീടിനെ മുന്‍ നിര്‍ത്തി ആധുനിക കാലത്ത് പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയാണ് പി. സുരേന്ദ്രന്‍ ജിനശലഭങ്ങളുടെ വീട് എന്ന നോവലില്‍. കണ്ടു മുട്ടിയ നാള്‍ മുതല്‍ രാമാനുജവും ധനലക്ഷ്മിയും പങ്കുവെച്ചത് വീടുകളെക്കുറിച്ചുള്ള സങ്കല്പങ്ങളായിരുന്നു. സായാഹ്നങ്ങളില്‍ പതിവായി പോകാറുള്ള ഖുബ്ബൂസ് എന്ന അറബിക് റസ്റ്റേറന്റിലിരുന്ന് അവര്‍ അവരുടെ വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ കൈമാറി. ഇരുവര്‍ക്കും വീട് എന്നത് ഒരു മായിക ലോകം തന്നെയായിരുന്നു. 

jinasalabhangalude-veeduഅവരുടെ ജീവിത രീതിയിലുള്ള സമാനതകള്‍ തന്നെയാകാം വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്കും ഏക സ്വഭാവം വന്നു. ഉപജീവനത്തിനായി നഗരത്തിന്റെ തിരക്കുകളിലേക്ക് കുടിയേറിയ ഇരുവരും തിരക്കുകളില്‍ നിന്നൊഴിഞ്ഞ പച്ചപ്പു നിറഞ്ഞ ഒരിടത്തേക്ക് ചേക്കേറാനാണ് ആഗ്രഹിച്ചത്. വീട് വെയ്ക്കാനുള്ള സ്ഥലം തേടിയുള്ള രാമാനുജത്തിന്റെയും ധനലക്ഷ്മിയുടെയും യാത്രയുടെ കഥയാണ് പി. സുരേന്ദ്രന്റെ ജിനശലഭങ്ങളുടെ വീട് പറയുന്നത്.

എന്നാല്‍ അത് വെറും ഒരു യാത്രയല്ലായിരുന്നു. ആ യാത്രയിലൂടെ നമ്മുടെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ പ്രശ്‌നവത്കരിക്കുകയാണ് പി. സുരേന്ദ്രന്‍ നേവലില്‍. ഈ യാത്രകളിലൊന്നും അവര്‍ക്ക് തങ്ങളുടെ സ്വപ്‌ന ഭൂമികയില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. എല്ലാ പ്രതീക്ഷകളും മങ്ങുന്ന ഘട്ടത്തിലാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ശ്രാവണപൂത്തൂരിനെ പരിചയപ്പെടുത്തിക്കൊണ്ട് ശക്തിവേല്‍ കരുണാനിധി രാമാനുജത്തിവും ധനലക്ഷ്മിക്കും മുന്നില്‍ അവതരിക്കുന്നത്. ജിനശലഭങ്ങള്‍ പാറികളിക്കുന്ന താഴ് വരയില്ക്ക് അവര്‍ക്ക് വഴി കാട്ടിയത് ശക്തിവേല്‍ കരുണാനിധിയായിരുന്നു.ശ്രാവണപുത്തൂരില്‍ അവരെ കാത്തിരിക്കുന്നതെന്താണ് എന്നതാണ് പുസ്തകം പറയുന്നത്.

എല്ലാ ജീവജാലങ്ങളുടെയും താളാത്മകമായ പൊരുത്തപ്പെടലിലൂടെ മാത്രമേ മനുഷ്യര്‍ക്കു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ എന്ന് നോവലില്‍ പി. സുരേന്ദ്രന്‍ പറയുന്നു. പ്രകൃതിയുടെ നിലനില്‍പ്പ്  ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ നമുക്കു സൗഖ്യവും ആനന്ദവും ലഭ്യമാവുന്നുള്ളു എന്നും രാമാനുജത്തിന്റെയും ധനലക്ഷ്മിയുടെയും ജീവിതസംഘര്‍ഷങ്ങളിലൂടെ നോവലില്‍ ആവിഷ്‌കരിക്കുന്നു. സമകാലിക പാരിസ്ഥിക യാഥാര്‍ഥ്യങ്ങളുടെ വികൃതമായ മുഖം വായനക്കാരന് മുന്നില്‍ തുറന്നു വെയ്ക്കുകയാണ് പുസ്തകത്തില്‍ എഴുത്തുകാരന്‍.