കാത്തിരുന്നതാണ്. വന്നെന്നറിഞ്ഞു ഓടിയെത്തി. അവിടെ മറ്റൊരാളും പണം നൽകി വാങ്ങി മാറുന്നത് കണ്ടു ചിരിച്ചു. 'ജയന്റെ ആരാധകനായ മറ്റൊരു വായനക്കാരനെ കാണുന്നത് എത്ര സന്തോഷപ്രദം,' അയാൾ പറഞ്ഞു. തുറന്നു നോക്കാതെയാണ് 'ജയന്റെ അജ്ഞാത ജീവിതം' എന്ന പേരിൽ എസ് ആർ ലാൽ എഴുതിയ നോവൽ വാങ്ങിയത്. വീട്ടിലെത്തിയിട്ടും കുറേനേരം വായിക്കാതെ വെച്ചിരുന്നു. വായിച്ചു തുടങ്ങിയപ്പോൾ ജയൻ അതിൽ എവിടെയാകും വരിക എന്ന സംശയം ഉദിച്ചു. എഴുത്തുകാരനോട് പിണങ്ങി. വായന തുടർന്നു. വായന മുന്നേറവെ ജയനെ മറന്നു. ചാമി എന്ന കഥാപാത്രം കൗതമൻ എന്ന് വിളിക്കുന്ന ഗൗതമന്റെ ജീവിതത്തിലേയ്ക്കായി ശ്രദ്ധ.

മാർകേസിന്റെ രചനാതന്ത്രത്തിലെന്ന പോലെ ആഖ്യാതാവായ കഥാപാത്രവും ഞാനും ഇടയ്ക്കിടെ വെച്ചുമാറുന്ന ഗൗതമൻ എന്ന കഥാപാത്രം മാതാവ് നഷ്ടപ്പെട്ട ഒരു ബാലനായി, ടോമി എന്ന് പേരുള്ള നായയുമൊത്ത്, എന്തിൽ നിന്നോ ഒളിച്ചോടുന്ന അല്പഭാഷിയായ അച്ഛനോടൊപ്പം കാപ്പിത്തോട്ടം എന്ന എസ്റ്റേറ്റിൽ എത്തുന്നിടത്തു തുടങ്ങുകയാണ് ജയന്റെ അജ്ഞത ജീവിതം. റെയ്ഞ്ചർ എന്ന് വിളിക്കപ്പെടുന്ന ഒരു അധികായുസ്സ് ആ എസ്റ്റേറ്റും ബംഗ്ലാവും ഭരിക്കുന്നുണ്ട്. പണ്ട് പുലിയെ വെടിവെക്കാൻ വന്നവനാണ്. പിന്നെ അയാൾ അധികാരിയാകുന്നു. പുലിച്ചാണിയെന്ന പുനർജ്ജനി ഗുഹയ്ക്കുള്ളിൽ വെച്ച് കാതാടിയപ്പൂപ്പൻ എന്ന ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവനാണയാൾ. അയാളെ മാർകേസിന്റെ പിതാമഹനെപ്പോലെ കണ്ടുപോകും.

ഏറെക്കാലം മുൻപ്, ജയൻ എന്ന നടനൊക്കെ പ്രശസ്തനാകും മുൻപ് നേവിയിൽ ജോലിയുണ്ടായിരുന്ന കൃഷ്ണൻ നായർ എന്ന യുവാവ് തന്റെ മകനായ സുഭാഷ് ചന്ദ്ര ബോസിനോടൊപ്പം കാപ്പിത്തോട്ടം എസ്റ്റേറ്റിൽ വന്നിരുന്നത് റെയ്ഞ്ചർ വേലുപ്പിള്ളയ്ക്ക് ഓർമ്മയുണ്ട്. പക്ഷെ അവനാണ് ജയനാകുന്നതെന്ന് പിന്നീട് ഒരു മിന്നായം പോലെ അയാൾ ഓർക്കുന്നതേയുള്ളൂ. ഗൗതമൻ കാപ്പിത്തോട്ടത്തിൽ വെച്ചാണ് ജയൻ എന്ന നടനെ അറിയുന്നത്. ചാമിയിലൂടെ. ജയനെ അറിയില്ലെന്ന് പറഞ്ഞതിന് അബ്ദുസാറിന്റെ മുന്നിൽ പുസ്തകം വലിച്ചെറിഞ്ഞു വിദ്യാഭ്യാസം ഉപേക്ഷിച്ചവനാണവൻ. പിന്നീട് അവൻ ജയന് കാതുകൾ എഴുതുന്നു- ഗൗതമന്റെ സഹായത്തോടെ.

jayan
പുസ്തകം വാങ്ങാം

കാപ്പിത്തോട്ടം എന്ന എസ്റ്റേറ്റ് നമുക്കൊക്കെ അറിയാവുന്ന പല സ്ഥലങ്ങളും ചെന്ന് മുട്ടുന്ന സ്ഥലമാണ്. പോത്തൻകോട്, വേളാവൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നിങ്ങനെ ഉള്ള സ്ഥലങ്ങൾ. പക്ഷെ ചെന്ന് മുട്ടുമ്പോൾ അവിടം ഒരു മന്ത്രികഭൂമികയായി മാറുന്നു. അതുകൊണ്ടാണോ, വായനയുടെ ആരംഭത്തിൽ എസ്റേറ്റിലേക്കുള്ള വരവ് ജി ആർ ഇന്ദുഗോപന്റെ 'ഡിക്റ്ററ്റീവ് പ്രഭാകരനെ' അനുസ്മരിപ്പിച്ചത്. ആ മന്ത്രികഭൂമികയിൽ വെച്ച് ഗൗതമൻ ടോമി എന്ന നായയുമായി സംസാരിക്കുന്നുണ്ട്. കഥപറയാൻ കഴിവുള്ള ഒരു നായ. കഥ പറയാൻ കഴിവുള്ള ഒരാൾ കൂടിയുണ്ടവിടെ- പോസ്റ്റ്മാൻ.

ജയൻ വളരുന്ന അതെ പശ്ചാത്തലത്തിൽ ക്ഷുഭിതരായ കുറെ ചെറുപ്പക്കാർ കേരളത്തിൽ തീവ്ര രാഷ്ട്രീയത്തിന്റെ പരീക്ഷണഭൂമികയിലായിരുന്നു. അവരിലൊരാളാകാം ഗൗതമന്റെ അച്ഛൻ. അയാൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. തന്റെ പിതാവ് വന്നു കൂട്ടിക്കൊണ്ടു പോകും എന്ന് ഉറപ്പിൽ റേഞ്ചറുടെ അടുക്കൽ ഗൗതമനെ വിട്ടിട്ട് അയാൾ പോവുകയാണ്. ജയനും അങ്ങനെ അപ്രത്യക്ഷനാവുകയാണല്ലോ. ജയൻ ജയനാകുന്നതിനു മുൻപ് ഒരു അജ്ഞാത ജീവിതം ഉണ്ടായിരുന്നല്ലോ. മരിച്ചതിനു ശേഷവും ജയൻ ജീവിക്കുകയാണ്; അജ്ഞാതനായി, അങ്ങ് അമേരിക്കയിലെവിടെയോ.

ആ ജയനെ അന്വേഷിച്ചു പോകുന്ന ചാമി പിന്നീട് പല രൂപങ്ങൾ സ്വീകരിച്ചു ജോൺ അബ്രഹാമായി ന്യൂ ജേഴ്സിയിൽ ജീവിക്കുന്നു. ജയൻ വരിക തന്നെ ചെയ്യും എന്ന് അയാൾ വിശ്വസിക്കുന്നു. അതേസമയം ജയന്റെ അജ്ഞാത ജീവിതത്തിന്റെ കൂടുതൽ നിഴൽ വീണ ഭാഗമെന്നോണം ഗൗതമന്റെ ജീവിതം പുരോഗമിക്കുന്നു. പ്രണയസാഫല്യം നേടാൻ കഴിയാത്ത അംബിക എന്ന സമ്പന്നയായ യുവതി ജയന്റെ സിനിമ മാത്രം കളിക്കുന്ന ഒരു ടാക്കീസ് സ്ഥാപിച്ച ശേഷം, ജയന്റെ മരണത്തോടെ അതിനുള്ളിൽത്തന്നെ ആത്മഹത്യ ചെയ്യുന്നു. മുത്തച്ഛൻ നടത്തിയിരുന്ന 'ദ്വീപ്' എന്ന മാസികയുടെ എഡിറ്റർ ആയി മാറുന്ന സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ഗൗതമൻ തന്റെ പ്രണയിനി ആയ മീനാക്ഷിയെ വർഷങ്ങൾക്ക് ശേഷം 'ദ്വീപിലൂടെ' കണ്ടെത്തുന്നു.

ഗൗതമനും ഉണ്ട് ഒരു ജയൻ ജീവിതം; ജയന്റെ സിനിമ മാത്രം കളിക്കുന്ന അംബികാ ടാക്കീസിലെ ടിക്കറ്റ് കൊടുപ്പുകാരനായി. ഒടുവിൽ അവനും അമേരിക്കയിൽ എത്തുകയാണ്; സാഹിത്യകാരനായി. അവിചാരിതങ്ങളുടെ തുടർച്ചകളിൽ ജയനോ ജയനെ അന്വേഷിക്കുന്നവരോ കണ്ടു മുട്ടുകയാണ്. വായനയ്‌ക്കൊടുവിൽ ആര് ആരെയാണ് അന്വേഷിക്കുന്നതെന്ന് തോന്നിപ്പോകും- ജയൻ തന്റെ ആരാധകരെ അന്വേഷിക്കുകയാണോ, അതോ ആരാധകർ ജയനെ അന്വേഷിക്കുകയാണോ? ആര് ആരുടെ ജീവിതമാണ് ജീവിക്കുന്നത് എന്ന ചോദ്യം അവശേഷിക്കും.

എത്രയും തീവ്രമായ വൈകാരികഗാഢതയും ആഴങ്ങളും ഉള്ള കഥാപാത്രങ്ങളാണ് 'ജയന്റെ അജ്ഞാത ജീവിതം' എന്ന നോവലിൽ ഉള്ളത്. ജയൻ ഈ നോവലിന് ഒരു കാരണം മാത്രമാണ്. ജയൻ എന്നത് ഒരു കല്പിത കഥാപാത്രം ആയിരുന്നെങ്കിൽക്കൂടി ഈ നോവലിന് സാധുത ലഭിക്കുമായിരുന്നു. ജയൻ എന്ന മെറ്റഫറിലൂടെ ഒരു കാലത്തെയും അതിന്റെ കാമനകളെയും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. ഒപ്പം കേരളത്തിലെ ജനപ്രിയ സാംസ്‌കാരിക അബോധത്തിൽ നിലീനമായിക്കിടക്കുന്ന മിത്തുകളെയും ചരിത്രത്തെയും ഫിക്ഷന്റെ സാന്നിധ്യത്തിൽ സാധുതയുള്ള ആഖ്യാനങ്ങളായി പരിവർത്തിപ്പിക്കുന്നു. അങ്ങനെ ജനപ്രിയ സംസ്കാരത്തിന്റെ ചരിത്രത്തിനു മലയാള നോവലിന്റെ ചരിത്രത്തിനുള്ളിൽ ഒരു ഇടം ലഭിക്കുന്നു.

ഇത് കോടാമ്പക്കത്തിന്റെ കഥയല്ല. ഇത് ജയൻ എന്ന നടന്റെ ഉത്ഥാനപതനങ്ങളുടെയും കഥയല്ല. ജയൻ പശ്ചാത്തലമാകുന്ന ഒരു സാമൂഹ്യജീവിതത്തിൽ നടനെന്ന വ്യക്തിത്വത്തിൽ ഉപരിയായി മനുഷ്യൻ എന്ന അസ്തിത്വം ഉണ്ടായിരുന്ന കൃഷ്ണൻ നായർ എന്ന യുവാവിന്റെ ആരും അറിയാത്ത കഥകൂടിയാണ്. ഒരുപക്ഷെ അതായിരിക്കില്ല കൃഷ്ണൻ നായരുടെ കഥ. എന്നാൽ ഈ നോവലിന് ശേഷം എസ് ആർ ലാൽ എഴുതിയ ആ അജ്ഞാത ജീവിതം കൂടി ചേരുന്നതാണ് ജയന്റെ ജീവിതം. ഡാൻ ബ്രൗണിന്റെ നോവലുകളിലെന്ന പോലെ, പരിണാമഗുപ്തിയെ മുന്നോട്ടു നയിക്കുന്ന രഹസ്യം ഒരുപക്ഷെ ഒരിക്കലും വെളിപ്പെടുത്തപ്പെടുന്നില്ല ഈ നോവലിലും. ചാമിയ്ക്ക് ജയനോട് പറയാൻ ഒരു കാര്യമുണ്ട്. അത് ആരോടും അയാൾ പറയുന്നില്ല. ജയനോട് മാത്രം പറയാനുള്ള ആ കാര്യം ഒരിക്കലും പറയപ്പെടാനും സാധ്യതയില്ലെന്നിരിക്കെ, പറയാകാത്തതിന്റെ പറച്ചിൽ എന്ന സാധ്യത മാത്രമാണ് കഥയുടെ ആന്തരികോർജ്ജമായി നിൽക്കുന്നത്. തികച്ചും നൂതനമായ ഒരു രീതിയാണ് മലയാള നോവലിനെ സംബന്ധിച്ചിടത്തോളം ഇത്.

'എത്ര ശരി. എല്ലാ മനുഷ്യർക്കും തങ്ങൾക്ക് പ്രിയപ്പെട്ടവരോട് പറയാൻ ചിലതുണ്ടാകും. സ്വാമിനാഥന് ജയനോട്, ഗൗതമനു  അച്ഛനോട്, അംബികാമ്മക്ക് ഗൗതമനോട്, ഭാര്യയ്ക്ക് പോസ്റ്റമാനോട്, ജയന് അംബികയോട്...അത് പറയാതെയും കേൾക്കാതെയും ഏറെപ്പേരും ഭൂമി വിട്ടുപോകുന്നു. അപൂർണ്ണമായ വാക്കുകൾ, അത് എന്നെങ്കിലും എവിടെവെച്ചെങ്കിലും പൂർത്തീകരിക്കപ്പെടുമോ?' നോവലിസ്റ്റ് ചോദിക്കുന്നു. ധർമ്മൻ എന്ന് പേര് മാറേണ്ടി വന്ന ടോമി ഒടുവിൽ ചാമിയെ അന്വേഷിച്ചു റെയിവേ ട്രാക്കിലൂടെ പടിഞ്ഞാറേക്ക് നടന്നു അപ്രത്യക്ഷമാകുന്നുണ്ട്; ഗൗതമന്റെ അച്ഛനെപ്പോലെ, റേഞ്ചർ പോയത് പോലെ, ജയൻ പോയത് പോലെ. വളരെ പാരായണക്ഷമതയുള്ള നോവൽ. ജയന്റെ ജീവചരിത്രം അന്വേഷിച്ചു പോകുന്നവർക്ക് ഇച്ഛാഭംഗം ഉണ്ടാകുമെന്ന് മാത്രം.

Content Highlights: jayante ajnathajeevitham book review by johny m l