രാള്‍ക്ക് എങ്ങനെയൊക്കെ ജീവിക്കാന്‍ സാധിക്കും? ഇതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. കാരണം ജീവിക്കുക എന്നതിന് മുമ്പ് ജീവിതം എന്താണെന്നും അതിന്റെ ഉദ്ദേശങ്ങളും അറിഞ്ഞിരിക്കണം. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ലോകത്തിലെ ഭൂരിഭാഗം ആളുകളും ഇക്കാര്യം അറിയാതെയാണ് മുന്നോട്ടുപോകുന്നത്. ജീവിതത്തിലെ ഭാണ്ഡക്കെട്ടില്‍ അവര്‍ ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം ഇട്ടുനിറയ്ക്കുന്നു. അവയൊക്കെ പരിഹരിക്കാന്‍ സമയവും ഊര്‍ജ്ജവും വ്യയം ചെയ്ത് ഒടുവില്‍ ഒന്നും പരിഹരിക്കാന്‍ സാധിക്കാതെ നിരാശനായി പട്ടടയില്‍ ഒടുങ്ങുന്നു.

സത്യത്തില്‍ ഇതാണോ വേണ്ടത്. ഇതാണോ ജീവിതം. ഇങ്ങനെയല്ല ജീവിക്കേണ്ടത്. ജീവിതം ആനന്ദപൂര്‍ണമായി അനുസ്യൂതം അവസാനം വരെ ഒഴുകേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അതിന് കാരണക്കാര്‍ നമ്മള്‍ ഓരോരുത്തരുമാണ്. അപ്പോള്‍ ശരിയായി ജീവിതം ആസ്വദിക്കാന്‍ എന്താണ് ചെയ്യേണ്ടത്. അതിനുള്ള ഉത്തരമാണ് സദ്ഗുരു ജഗ്ഗി വാസുദേവ് രചിച്ച് മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ പരിഭാഷപ്പെടുത്തിയ ഇന്നര്‍ എന്‍ജിനീയറിങ് എന്ന പുസ്തകം. 

ആത്മീയതയും ജീവിതവും തമ്മിലുള്ള അഭേദ്യതയാണ് ഈ പുസ്തകം. ഒരിക്കല്‍ സീതാന്വേഷണത്തിന് പോയ രാമനും പരിവാരങ്ങളും ദക്ഷിണ ദേശത്ത് സമുദ്ര തീരത്ത് യാത്ര അവസാനിപ്പിച്ചു. സമുദ്രത്തിന് അപ്പുറം ലങ്കയിലാണ് രാവണന്‍ സീതയെ അപഹരിച്ച് പാര്‍പ്പിക്കുന്നത്. പക്ഷെ സീതയുടെ അവസ്ഥ അറിയാന്‍ കടല്‍ കടന്ന് പോകണ്ടതായുണ്ട്. കടല്‍ ചാടിക്കടാന്‍ വാനരന്‍മാര്‍ക്ക് സാധിക്കില്ല എന്നറിഞ്ഞ് രാമനും പരിവാരങ്ങളും ഇതികര്‍ത്തവ്യമൂഢരായിരിക്കെ പരിഹാരം അന്വേഷിച്ച് ഹനുമാനും വിഷമിച്ചിരുന്നു. അപ്പോള്‍ ജാംബവാന്‍ ഹനുമാന്റെ ശക്തിയേയും സ്വരൂപത്തേയും കഴിവിനേയും കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ നടത്തിയതോടെ അദ്ദേഹം ഒറ്റച്ചാട്ടത്തിന് ലങ്കയിലെത്തി സീതയേയും കണ്ട് തിരികെ എത്തിയെന്ന് രാമായണത്തില്‍ വിവരിക്കുന്നു. 

ഇന്നര്‍ എന്‍ജിനീയറിങ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സത്യത്തില്‍ ഇതില്‍ ഹനുമാന്റെ സാഹചര്യത്തിലാണ് ഇഹത്തിലെ ഓരോ മനുഷ്യജന്മങ്ങളും. അമരത്വത്തിന്റെ അമൃത സന്താനങ്ങള്‍. വാഴ്വില്‍ അസാധ്യമായതും നേടിത്തരുന്ന കല്‍പ്പവൃക്ഷം തളിരിട്ട സുകൃതങ്ങള്‍. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്രയേറേ കരുത്തും അനുഗ്രഹീതരുമായ മനുഷ്യന്‍ തന്റെ മനസിനെ വെറും ചപലതയുടെ സ്രോതസ്സാക്കി മാറ്റി. സ്വന്തം ശക്തി വിസമരിച്ചു. ദൗര്‍ബല്യങ്ങള്‍ തങ്ങള്‍ക്ക് സഹജമാണെന്ന് നിരൂപിച്ച് ജീവിതമെന്ന മഹായാനത്തെ തുച്ഛീകരിക്കുന്നു. 

എവിടെയാണ് മോചനം? അത് നിന്റെ ഉള്ളില്‍ തന്നെയുണ്ടെന്ന് ഗുരു പറയുന്നു. അതിനെ തേടി എങ്ങും പോകണ്ട. അതിലേക്ക് വീഴു, അതില്‍ ലയിക്കൂ അതായി തീരു. അത്രമാത്രം. കാരണം ഇതൊരു വിപ്ലവമാണ്. മറ്റാരൊ കല്‍പിച്ചു തന്ന വിശ്വാസങ്ങളില്‍ നിന്ന്, അടിച്ചേല്‍പ്പിക്കപ്പെട്ട ആചാരങ്ങളില്‍ നിന്ന് മോചനമാണ്. സ്വാതന്ത്ര്യമാണ് ഗുരു നിങ്ങള്‍ക്ക് നല്‍കുന്നത്. ഈ പുസ്തകം ആത്മീയതയെന്നതിന് നിര്‍വചനം നല്‍കുന്നു. ദൈവത്തിലൊ മതത്തിലൊ വിശ്വസിക്കാന്‍ ഇവിടെ ഗുരു ആവശ്യപ്പെടുന്നില്ല. പകരം ഉത്തരവാദിത്വത്തോടെയിരിക്കാന്‍, ആതമവിശ്വാസത്തോടെയിരിക്കാന്‍ ഗുരുവചനങ്ങള്‍ നമുക്ക് കരുത്തേകും. 

inner engineeringയഥാര്‍ഥ ആത്മീയതയെന്നത് നിങ്ങള്‍ കരുതിയതിനേക്കാള്‍ പുരോഗമനമാണ്. അത് ശാസ്ത്രത്തേക്കാള്‍ ശാസ്ത്രീയവും വിപ്ലവത്തേക്കാള്‍ വിപ്ലവാത്മകവുമാണ്. അതേസമയം തന്നെ യുക്തിക്കതീതവുമാണ് അതിന്റെ അനുഭവ തലം. ഇത് ജീവിത പരിവര്‍ത്തനത്തിന്റെ ചിന്തയാണ്. വാസ്തവത്തില്‍ ഇവിടെ ഗുരു പുതിയതായി ഒന്നും നല്‍കുന്നില്ല. പണ്ടുപറഞ്ഞത് കുറച്ചുകൂടി വ്യക്തമാക്കി തരുന്നുവെന്ന മാത്രം. ആത്മചൈതന്യം വീണ്ടെടുക്കാന്‍ ജീവിതത്തിന് മേല്‍ സര്‍ഗാത്മകമായ നിയന്ത്രണം സ്ഥാപിക്കാന്‍ ജീവിതത്തെ ആദരവോടെ സമീപിക്കാന്‍ അതിന്റെ സൗന്ദര്യവും സാന്ദ്രതയും ആസ്വദിക്കാന്‍ എന്തിനധികം ഹൃദയം തുറന്നൊന്നു ചിരിക്കാന്‍ സദ്ഗുരുവിന്റെ വാക്കുകള്‍ നമ്മെ സഹായിക്കും. ഗുരു തന്റെ ഹൃദയഭാഷയില്‍ എഴുതിയതാണ് ഈ പുസ്തകം. 

ഇനി ഇതും കൂടി പറയാം. ഒരിക്കല്‍ ഒരു സെന്‍ സന്യാസി തന്റെ ഭാണ്ഡവുമേന്തി നടന്നുപോവുകയായിരുന്നു. വഴിയരികില്‍ വെച്ച് ഒരാള്‍ സന്യാസിയെ പരീക്ഷിക്കാനായി എന്താണ് സെന്‍ എന്ന് ചോദിച്ചു. ഉടന്‍ സന്യാസി തന്റെ ചുമലിലിരുന്ന ഭാണ്ഡം താഴെയിട്ടു. വന്നയാള്‍ ചോദ്യം ആവര്‍ത്തിച്ചു. സന്യാസി തന്റെ ഭാണ്ഡം വീണ്ടുമെടുത്ത് ചുമലില്‍ വെച്ചു. എന്നിട്ട് നടന്നു നീങ്ങി. ഇതാണ് ആത്മീയത. അല്ലെങ്കില്‍ ഇതിനുവേണ്ടിയുള്ളതാണ് ആത്മീയത. 


സദ്ഗുരുവിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അത് സ്വായത്തമാക്കണമെങ്കില്‍ നിങ്ങള്‍ നിവര്‍ന്നു നില്‍ക്കണം. അതിന് കര്‍മഭാരങ്ങള്‍ താഴെയിടണം. എല്ലാം വഴിയില്‍ ഉപേക്ഷിക്കണം. തോളത്തുതൂങ്ങുന്ന ഭാരവുമായി ഒരിക്കലും ഒന്നും സാധിക്കില്ല. യോഗയും ആത്മീയതയും നിങ്ങളെ ബോധപൂര്‍വം ഭാണ്ഡമെടുത്ത് ചുമലിലേറ്റാന്‍ പ്രാപ്തനാക്കുന്നു. അപ്പോള്‍ അതിന് ഭാരം തോന്നുകയില്ല. സാധാരണ ആത്മീയ പുസ്തകങ്ങള്‍ പോലെ വായിച്ചു പോകാനുള്ളതല്ല ഇത്. ഒരോ ഘട്ടവും സാധനാ പദ്ധതിയിലൂടെ കടന്നു സ്വയം പരീക്ഷിക്കാനാണ് ഗുരു ആവശ്യപ്പെടുന്നത്. കാരണം ഇതൊരു നവ നിര്‍മാണമാണ്. ജീവിതയന്ത്രത്തിനെ നിര്‍മിക്കല്‍.

Content Highlites : Inner Engineering, Jaggi Vasudev,Spirituality,Spiritual books in malayalam, Literature, Malayalam Books