2020 മെയ് മാസത്തിലാണ് ഇന്ദുമേനോന്റെ 'ജനാഫ്രസ്സ് ഒരു കൊടിയ കാമുകന്‍' മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടത്. അന്നു മുതല്‍ ആ വൈറ്റ് സ്റ്റാലിയന്റെ കുളമ്പടിയൊച്ചക്കായ് കാതോര്‍ക്കുകയായിരുന്നു. അപ്പൂപ്പന്‍ താടികളായ് വന്ന് നമ്മെ മയക്കിയെടുത്ത് പള്ളിക്കാട്ടിലേക്കുള്ള കുണ്ടനിടവഴിയിലൂടെ പാതിമയക്കത്തില്‍ നടത്തിക്കുന്നു. തീക്ഷ്ണമായ പ്രണയാലസ്യത്തില്‍ നാം മിത്തുകള്‍ക്കു പിറകിലെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി പതിനെട്ടാം നൂറ്റാണ്ടിലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സൈനികത്തലവനു പിറകെയാത്രയാവുന്നു.

പുരുഷന് പുരുഷനോടു തോന്നുന്ന അതിതീവ്രമായ പ്രണയത്തിന്റെ കഥ പറയുന്നതോടൊപ്പം സ്ത്രീ കാമനകളിലെ അതിശക്തനായ പുരുഷ സങ്കല്പമായി ജനാഫ്രസ്സ് ഒരു കൊടിയ കാമുകന്‍ നിലകൊള്ളുന്നു. സ്ത്രീയെയും പുരുഷനെയും ഒരു പോലെ ആവേശിക്കുന്ന ജനാഫ്രസ്സ്. പള്ളിക്കാടിന്റെ മയിലാഞ്ചി മണത്തോടൊപ്പം ജനാഫ്രസ്സിന്റെ കുതിരയുടെ കുളമ്പൊടിയൊച്ച കേള്‍ക്കാനായി ഋതുവായ പെണ്ണുങ്ങള്‍ കാത്തിരുന്നു. അവനു വേണ്ടി ആണും പെണ്ണും ഭേദമില്ലാതെ കാത്തിരുന്നു. 

ജനാഫ്രസ്സിനെ പ്രണയിച്ചവര്‍ക്ക് അവനായി ഉടല്‍ ഹോമിച്ചവര്‍ക്ക് പിന്നീടാരെയും പ്രണയിക്കാന്‍ കഴിഞ്ഞിട്ടില്ല. രതിയിലേര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല. ജനാഫ്രസ്സ് പ്രണയികളെയാണോ അതോ പ്രണയികള്‍ ജനാഫ്രസ്സിനെയാണോ ആവാഹിച്ചെടുത്തിരുന്നതെന്ന് വേര്‍തിരിക്കാനാവാത്ത വിധം കൊടിയ പ്രണയമാണ് നമുക്കീ നോവലില്‍ കാണാന്‍ കഴിയുക.

ഏതു പെണ്ണിനെയും മയക്കിയെടുക്കുന്ന മാന്ത്രികന്‍. ഏതു പുരുഷനെയും കാമ പരവശനാക്കുന്ന സുന്ദര യോദ്ധാവ്. അവന്റെ പ്രേമം രതിയിലേക്കു നീണ്ടുകിടക്കുന്ന ആഴവും ചുഴിയും പരപ്പും വിശപ്പുമുള്ള കടലാണെന്നാണ് കഥാകാരി പറയുന്നത്. പരപീഡാരതിയുടെയും ആത്മപീഡാരതിയുടെയും വര്‍ത്തുളാകൃതിയായ മേളനമാണ് ജനാഫ്രസ്സിന്റെ പ്രണയം. മുറിവുകളും ചോരയുടെ ഉന്മാദ ഗന്ധവും മാംസത്തിന്റെ മദിപ്പിക്കലുമുള്ള ഒരു നരഭോജിത്വം ഓരോ മനുഷ്യനിലുമുണ്ടെന്ന് ആമുഖക്കുറിപ്പില്‍ ഇന്ദുമേനോന്‍ പറയുന്നുണ്ട്. നോവലിന്റെ ആരംഭത്തില്‍ സ്രാ വെട്ടുപുരയില്‍ പാല്‍സ്രാവിനെ മുറിക്കുന്ന കാഴ്ചയും രതിയുടെയും പ്രതികാരത്തിന്റെയും മദോന്മത്തഭാവമായി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും.

ഭ്രാന്തു പിടിപ്പിക്കുന്ന പ്രണയം. വിഭ്രമാത്മകമായ രതിവര്‍ണ്ണന... രക്തമൂറ്റിക്കുടിക്കാനായി കഴുത്തു നീട്ടിക്കൊടുക്കുന്ന കാമിനി... മുലയും തുടയും കടിച്ചു പറിക്കാനാവശ്യപ്പെടുന്ന കാമിനി. രതിമൂര്‍ഛയില്‍ രക്തവും മാംസവും ഭോജ്യമായി നല്കുന്നവര്‍... നാരീ കാമനയുടെ കാണാപ്പുറങ്ങള്‍ കാണിച്ചു കൊടുക്കുന്നു കൊടിയ കാമുകന്‍.

ഗ്രീക്ക് മിത്തോളജിയില്‍ ഉര്‍വ്വരതയുടെ ദേവനാണ് പ്രിയാപ്പസ്. കര്‍ണാടകയിലെ കൊറഗര്‍ ഭൂമിയുടെ ഉര്‍വ്വരതയ്ക്കു വേണ്ടി ചെയ്യുന്ന ഒരു നഗ്‌നപൂജയുണ്ട്. ഉദ്ധൃതമായ ലിംഗവുമായി ഭൂമിയോട് സംഭോഗത്തിലേര്‍പ്പെടുന്നു എന്ന വിശ്വാസത്തോടെയുള്ള നഗ്നപൂജ. ഇവയെല്ലാം ഉള്‍ക്കൊണ്ട് കഥാകാരി സൃഷ്ടിച്ച മിത്തിക്കല്‍ സ്വഭാവമുള്ള കഥാപാത്രമാണ് ജനാഫ്രസ്സ്. ഈ കഥാപാത്രത്തിനെ തന്റെ ജീവിത പരിസരത്തിലേക്ക്, ഗ്രാമത്തിന്റെ ജൈവീകതയിലേക്ക്, ഉള്‍ത്തുടുപ്പിലേക്ക് ആവാഹിച്ചെടുക്കയാണ് കഥാകാരി ചെയ്തത്.

കെട്ടുകഥകളും മാന്ത്രിക താന്ത്രിക ആഭിചാര കര്‍മ്മങ്ങളും സാധാരണ ജീവിത യാഥാര്‍ത്ഥ്യത്തോട്, പാരിസ്ഥിതികവും സാംസ്‌കാരികവുമായ കെട്ടുറപ്പിനോട്, ഇഴപിരിച്ചെടുക്കാനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്ന ഗ്രാമമാണ് കൊണ്ടോട്ടി. കൊണ്ടോട്ടിയെന്ന ഉള്‍നാടന്‍ ഗ്രാമത്തെയും ഗ്രാമീണരെയും ലോകഭൂപടത്തിന്റെ മുന്‍നിരയില്‍ അടയാളപ്പെടുത്താന്‍ ജനാഫ്രസ്സിനു സാധിച്ചു.

നമ്മുടെ സദാചാര സങ്കല്പങ്ങള്‍ക്കതീതമാണെന്ന് നാമെല്ലാം വിശ്വസിക്കുന്നുവെന്ന് നടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് സ്വവര്‍ഗരതിയുള്‍പ്പെടെയുള്ള വിമത ലൈംഗീകത. എനിക്കില്ല, നിനക്കില്ല, നമുക്കില്ല, നമ്മുടെ നാട്ടിലേയില്ല എന്ന നമ്മുടെ കപട സദാചാര ബോധവും പൊയ്മുഖവുമാണ് കഥാകാരി അലിയെന്ന ഊത്തനിലൂടെയും മമ്മിക്കോയയിലൂടെയും വലിച്ചു കീറുന്നത്. ഇവിടെ നമ്മുടെ സാധാരണ അമ്മമാര്‍ക്കു നല്കുന്ന ഒരു സന്ദേശമുണ്ട്. നിങ്ങള്‍ നിങ്ങളുടെ പ്രായപൂര്‍ത്തിയാകാറായ പെണ്‍മക്കള്‍ക്കു നല്കുന്ന അതേ പരിഗണനയും ശ്രദ്ധയും ബോധവത്കരണവും നിങ്ങളുടെ പ്രായപൂര്‍ത്തിയാവാറായ ആണ്‍മക്കള്‍ക്കും നല്കേണ്ടതുണ്ട്.  മമ്മിക്കോയയും അലിയും നമ്മെയത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഒരു പക്ഷെ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നത് കൂടുതല്‍ സഞ്ചാരസ്വാതന്ത്ര്യമുള്ള ആണ്‍കുട്ടികളാണ്. താന്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നു വിളിച്ചു പറയാന്‍ പെണ്‍കുട്ടികളോളം ധൈര്യം അവര്‍ക്കില്ല.

കൊണ്ടോട്ടിയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും വിശക്കുന്ന പൈതങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആക്രമിക്കപ്പെടുന്നുണ്ട്. തുറന്നു പറയാന്‍ മടിക്കുന്ന സ്വവര്‍ഗ്ഗ ലൈംഗീകത സാര്‍വ്വദേശീയമായും സാര്‍വ്വകാലികമായും നിലനില്ക്കുന്ന ഒന്നാണ്. ജനാഫ്രസ്സിലെ അലി സമൂഹത്തിലെ ഊത്തന്മാരുടെ ഒരു പ്രതിനിധി മാത്രമാണ്.

Book
പുസ്തകം വാങ്ങാം

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനാഫ്രസ്സ് ജീവിക്കുകയാണ്. അങ്ങനെയൊരു പരകായപ്രവേശമാണ് മമ്മിക്കോയയില്‍ നമുക്കു കാണാനാവുക. മമ്മിക്കോയമാര്‍ ഇനിയും പുനര്‍ജ്ജനിക്കും. അവരിലൂടെ ജനാഫ്രസ്സും ജീവിക്കും.

ജനാഫ്രസ്സ് ഒരു കൊടിയ കാമുകന്‍ വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും മനസ്സിലാകും നാം എത്രത്തോളം കാത്തിരുന്നിരുന്നവരാണ് ജനാഫ്രസ്സിനെ എന്ന്. നോവലിനോളം മികച്ചതാണ് നോവല്‍ വന്ന വഴികളും.

Content Highlights; Indu Menon New Malayalam Novel Mathrubhumi Books