രണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ പച്ചപ്പ് തിരികെ പിടിച്ചവര്‍... നിറഞ്ഞ വേദന സമ്മാനിച്ച വില്ലന്‍ രോഗത്തെ ചിരിയോടെ നേരിട്ട് നിഷ്പ്രഭമാക്കിയവര്‍... അവരുടെ അനുഭവങ്ങളാണ് 'ഐ ആം എ സര്‍വൈവര്‍' - 108 സ്റ്റോറീസ് ഓഫ് ട്രയംഫ് ഓവര്‍ കാന്‍സര്‍' എന്ന പുസ്തകത്തിന്റെ ഓരോ താളിലും നിറയുന്നത്. ഡോ. വിജയ ആനന്ദ് റെഡ്ഡി എന്ന പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന്റെ ചികിത്സയിലായിരുന്ന 108 വ്യക്തികളുടെ അതിജീവനത്തിന്റെ കുറിപ്പുകളാണ് ഈ പുസ്തകം നിറയെ. 

ഒരിറ്റു കണ്ണുനീരും ഒപ്പം ചേരുന്ന പുഞ്ചിരിയും ജീവിതത്തെ മറ്റൊരു കോണിലൂടെ വീക്ഷിക്കാനുള്ള ധൈര്യവുമാണ് ഈ പുസ്തകം വായനക്കാരന് സമ്മാനിക്കുക. ചുറ്റും ഒരായിരം ആളുകളില്‍ കാന്‍സര്‍ എന്ന രോഗത്തിന്റെ തീവ്രത കണ്ടാലും സ്വയം അനുഭവിക്കാതെ, നേരില്‍ കാണാതെ, ആ ദൈന്യത ഒരു വ്യക്തിയുടെ ഉള്ളിലേക്ക് ചെന്നെത്തില്ല. എന്നാല്‍ ആ ഭീകരതകളെല്ലാം നേരില്‍ കണ്ട്, തോല്‍ക്കില്ലെന്ന് ഉറപ്പിച്ച് റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയും ചെയ്ത്, തളരാത്ത മനസ്സുമായി ജീവന്‍ തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് ഒടുവില്‍ ലോകത്തെ നോക്കി പുഞ്ചിരിക്കുന്ന 108 പോരാളികള്‍... ഇവരുടെ കുറിപ്പുകള്‍ വായനക്കാരന്റെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് കാന്‍സര്‍ എന്ന രോഗത്തിന്റെ യഥാര്‍ത്ഥ മുഖമാണ്. തെറ്റായ പ്രചാരണങ്ങളെ മാറ്റി നിര്‍ത്തി ശരിയായ ദിശ കാണാനും ജീവിതം എന്ന അമൂല്യ നിധിയെകുറിച്ചുള്ള കൃത്യമായ ധാരണ നല്‍കാനും 'ഐ ആം എ സര്‍വൈവര്‍' വായനക്കാരനെ പ്രാപ്തനാക്കുന്നു.

കോളേജിലെ കായികതാരമായി മാറുന്ന 24-കാരന്‍ കാര്‍ത്തിക്കിന് തനിക്ക് വന്ന തൊണ്ട വേദന അന്നനാളത്തിലെ കാന്‍സര്‍ ആണെന്ന കാര്യം ഉള്‍ക്കൊള്ളനാകുമായിരുന്നില്ല. ഫുട്ബോള്‍ ടീമിലെ മികച്ച കളിക്കാരനാവാന്‍ കൊതിച്ച കാര്‍ത്തിക്കിനോട് വീട്ടുകാര്‍ ആ സത്യം മറച്ചുവച്ചെങ്കിലും മാതാപിതാക്കളുടെ മൗനത്തില്‍ അവന്‍ അത് തിരിച്ചറിയുകയായിരുന്നു. ഓരോ നാളും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അവന്റെ അമ്മയുടെ കണ്ണീര്‍ അവനെ വീണ്ടും തളര്‍ത്തി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ ഡോ. വിജയ് ആനന്ദ് റെഡ്ഡിയുടെ അടുത്ത് ചികിത്സയാരംഭിച്ചു. ഓരോ നാളും തന്റെ ഉള്ളില്‍ രോഗത്തിന്റെ തീവ്രത വളരുന്നത് അവന്‍ മനസ്സിലാക്കി, ജീവിതത്തെ പഴിച്ചാണ് അവന്‍ ആദ്യ നാളുകള്‍ കഴിച്ചുകൂട്ടിയത്. ചികിത്സയുടെ ഭാഗമായി അന്നനാളം നീക്കം ചെയ്യേണ്ടി വന്നു.

തുടര്‍ന്ന് നടന്ന കീമോതെറാപ്പി അവന്റെ മനസ്സിനെ തളര്‍ത്തി. തന്റെ ഇരുപതുകളില്‍ തന്നെ വാര്‍ധക്യം ബാധിച്ചതായി അവന് തോന്നി. ആ നാളുകളില്‍ അവന്റെ മുന്നിലെത്തിയ കാഴ്ചയാണ് തന്റെ ജീവിതത്തിനെ തന്നെ മാറ്റിയതെന്ന് എഴുതുന്നു കാര്‍ത്തിക്. കീമോതെറാപ്പി വാര്‍ഡില്‍ തന്റെ അമ്മയെ കെട്ടിപ്പിടിക്കുന്ന കുഞ്ഞാണ് അവന്റെ മനസ്സില്‍ വെളിച്ചം വീശിയത്. അമ്മയുടെ കീമോതെറാപ്പിക്കായി കുഞ്ഞിനെ കൂടെ കൂട്ടേണ്ടതില്ലെന്ന് അവന്‍ മനസ്സില്‍ കരുതി. നിമിഷങ്ങള്‍ക്കുള്ളിലാണ് തന്റെ നേര്‍ക്ക് തിരിഞ്ഞ കുഞ്ഞിന്റെ കൈയില്‍ ഇഞ്ചക്ഷന് വേണ്ടിയുള്ള ബാന്‍ഡ് അവന്റെ കണ്ണില്‍ തെളിയുന്നത്. കുഞ്ഞിനെ കീമോതെറാപ്പിക്ക് കയറ്റാനായി കാത്തിരിക്കുകയായിരുന്നു അവന്റെ അമ്മ. 

I Am a Survivorഒരു കുഞ്ഞ് ഏറെ വേദനയിലും ചിരിക്കുമ്പോള്‍ തന്റെ കാഴ്ചപ്പാടുകളാണ് ജീവിതത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചതെന്ന് അവന്‍ തിരിച്ചറിയുകയായിരുന്നു. താന്‍ കടന്നുപോകുന്ന നിമിഷങ്ങളെ അംഗീകരിച്ച് ഇതുവരെയുള്ള നിമിഷങ്ങള്‍ക്ക് നന്ദി പറഞ്ഞ് രോഗത്തേട് പൊരുതാനും അവന്‍ ഉറപ്പിച്ചു. കീമോ തെറാപ്പിയെ കരുത്തോടെ നേരിട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് കാര്‍ത്തിക്ക് ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ രോഗം മുട്ടുമടക്കിയ കാഴ്ചയാണ് കാര്‍ത്തിക്കിന്റെ ജീവിതം വായനക്കാരന്റെ മുന്നിലേക്കെത്തിക്കുന്നത്. ഇത് കഥയോ സങ്കല്‍പ്പങ്ങളോ അല്ല. രോഗത്തിലൂടെ കടന്നുപോയവരുടെ, കാന്‍സറിനെ അതിജീവിച്ചവരുടെ യഥാര്‍ത്ഥ അനുഭവമാണ്. അവരുടെ തിരിച്ചറിവുകളാണ്. അവര്‍ ഒരു പുഞ്ചിരിയോടെ ഇന്ന് ലോകത്തെ, ഓരോ നിമിഷത്തെയും സ്വീകരിക്കുന്നു. 

സഹതാപമോ കണ്ണീരോ അല്ല മറിച്ച് കൂടെ നിന്ന് നല്‍കുന്ന നല്ല ഊര്‍ജമാണ് ഓരോ രോഗിക്കും സഹായകമാകുന്നതെന്ന് പുസ്തകം പറയുന്നു. ഒപ്പം ഡോ. വിജയ ആനന്ദ് റെഡ്ഡിയുടെ കാന്‍സറിനെ കുറിച്ചുള്ള വ്യക്തതയാര്‍ന്ന ലേഖനം എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ്. ക്രിക്കറ്റ് താരം യുവരാജ് സിങ്, നടിമാരായ മനീഷ കൊയ്രാള, ഗൗതമി എന്നിവരും തങ്ങള്‍ രോഗത്തെ നേരിട്ടതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍.

അതിജീവനത്തിന്റെ ഓരോ കുറിപ്പും ഓരോ സന്ദേശമാണ് വായനക്കാരിലേക്കെത്തിക്കുന്നത്. 108 പോരാളികളുടെ വ്യത്യസ്ത ജീവിതകഥകളും അതില്‍ നിന്ന് വായിച്ചെടുക്കാവുന്ന എണ്ണിയാല്‍ തീരാത്ത പാഠങ്ങളും... പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'ഐ ആം എ സര്‍വൈവര്‍' എന്ന പുസ്തകത്തിന് 399 രൂപയാണ് മുഖവില.

Content highlights : Dr. Palkonda Vijay Anand Reddy is a universally acclaimed oncologist. i am a survivor penned by Dr. Vijay Anand Reddy. And the book shares powerful voices and stories of cancer patients.