നോവല്‍, കവിത, ലേഖന സമാഹാരങ്ങളിലൂടെ സമകാലീന മലയാള സാഹിത്യമുറ്റത്തു പരിചിതഭാവത്തോടെ നില്‍ക്കുന്ന ഹണി ഭാസ്‌കരന്‍ എന്ന പ്രവാസി എഴുത്തുകാരിയുടെ പുതിയ പുസ്തകങ്ങളില്‍ ഒന്നാണ് മൗണ്ട് ഫ്യുജിയിലെ ഒച്ച് ബട്ട് സ്ലോലി സ്ലോലി. അവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയ ഹൈക്കു കവിതകളുടെ സമാഹാരമാണ് പുസ്തകം. ഹണിയെ മലയാള സാഹിത്യലോകം പരിചയപ്പെടുന്നത് തന്നെ ഒരു ഹൈക്കു ആസ്വാദകയും ഹൈക്കു വിദ്യാര്‍ത്ഥിയും എന്ന നിലക്കാണ്. പിന്നീട് മലയാള ഹൈക്കു എന്ന ചെറു സാഹിത്യ ശാഖക്ക് അവരുടേതായ സംഭാവനകള്‍ നല്‍കുന്നതിന് സാക്ഷിയാവാനും കഴിഞ്ഞു. 

'O snail,
Climb Mount Fuji
but slowly, slowly'

എന്ന ഇസ്സായുടെ പ്രസിദ്ധമായ ഹൈക്കുവാണ്  പുസ്തകത്തിന്റെ  തലക്കെട്ടായിതീര്‍ന്നിരിക്കുന്നത്. ഹൈക്കുവിന്റെ എല്ലാഭാവങ്ങളും ആവാഹിച്ച അനുയോജ്യമായ തലക്കെട്ടു തന്നെ. ചുറ്റുപാടുകള്‍ക്കപ്പുറത്തേക്കുള്ള ജീവിതദര്‍ശനത്തിന്റെ ആവശ്യകത പറയുന്ന വരികള്‍.

ജപ്പാനില്‍ നിന്നും കേരളത്തിലേയ്ക്ക് 

ജാപ്പനീസ് കവിതാരൂപമായ ഹൈക്കു മലയാളിക്ക് ഇന്ന് അപരിചിതമല്ലാതായി തീര്‍ന്നിരിക്കുന്നു. മനോഹരമായൊരു പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് സ്‌നേഹസംവാദം നടത്തിയ അനശ്വരനായ നിത്യ ചൈതന്യയതിയാണ് ജീവിതാനുഭവത്തിന്റെ മനോഹര നിമിഷങ്ങളെ ആത്മാവില്‍ ആവാഹിക്കുന്ന ഹൈക്കു കവിതകളെയും ബാഷോ, ഈസാ തുടങ്ങിയ കവികളെയും മലയാളത്തിന് ആഴത്തില്‍ പരിചയപ്പെടുത്തിയത്. 

mound fujiyile ochuപിന്നീട് ഒ.വി.ഐ ഉഷ, അഷിത തുടങ്ങിയവരും ഈ വഴികളിലൂടെ സഞ്ചരിക്കുകയുണ്ടായി. ബഷോവിനെയും അദ്ദേഹത്തിന്റെ കൃതികളുടെ മലയാളം വിവര്‍ത്തനങ്ങളിലൂടെ ഹൈക്കുവിനെ വി.രവികുമാര്‍ മലയാളിക്ക് പരിചയപ്പെടുത്തി. മലയാളം കമ്പ്യൂട്ടര്‍ ലിപികളുടെയും സോഷ്യല്‍ മീഡിയയുടെയും കടന്നുവരവ് മറ്റു പല സാഹിത്യ ശാഖകള്‍ക്കുണ്ടായപോലെ ഒരു ഉണര്‍വ് ഹൈക്കുവിനും സമ്മാനിച്ചു.

ഹണി ഭാസ്‌കര്‍ അടക്കം ഏകദേശം മുപ്പതോളം വരുന്ന മലയാളി ഹൈക്കു കവികളുടെ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ഹൈക്കു കവിതകള്‍ 'കൈക്കുടന്നയിലെ കടല്‍' എന്ന പേരില്‍ 2012ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള ഭാഷയില്‍ സ്വതന്ത്രമായി രചിച്ച ഹൈക്കു കവിതകളുടെ ആദ്യ സമാഹാരമായിരുന്നു അത്. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ തന്നെ ഇത്തരത്തില്‍ ഉണ്ടായ ആദ്യസംരംഭം എന്ന നിലയ്ക്ക് ഈ പുസ്തകം പിന്നീട്  ടോക്യോവില്‍ ഉള്ള ഇന്റര്‍നാഷണല്‍ മ്യൂസിയം ഓഫ് ഹൈക്കു ലിറ്ററേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിനുശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഹൈക്കു സാഹിത്യങ്ങളില്‍ ഏറ്റവും പുതിയതാണ് ഹണിയുടേത്.

''നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം''

(ടി. പി. രാജീവന്‍ )

 

സൂഷ്മവും ധ്യാനാത്മകവുമായ മൂന്നു ചെറുവരികള്‍- പ്രകൃതിയും ഋതുക്കളും നല്‍കുന്ന ഗാഢമായ ഒരു അനുഭവം, ആഹാ നിമിഷം, എന്നിവയൊക്കെ പൊതുവെ ഹൈക്കുവിന്റെ രൂപവും പ്രകൃതവും വ്യക്തമാക്കുന്ന വിശേഷണങ്ങള്‍ ആണ്. തന്റെ കൊച്ചു കവിതകളിലൂടെ ഹണിയും ശ്രമിക്കുന്നത് ഈ രൂപഭാവങ്ങളെ പിന്തുടരാന്‍ തന്നെയാണ് ,.

ഈ ചെറുക്കുറിപ്പിന്റെ കൊക്കിലൊതൂങ്ങുന്ന ചിലവരികള്‍ എടുത്തെഴുതട്ടെ:

'അടര്‍ന്നു വീണൊരില
ധ്യാനം മുറിഞ്ഞ്
പൊയ്ക'

'ജാലക ചില്ലിലൂടെ
എത്തിനോക്കുന്നു
ഒരു ശലഭത്തിന്‍ നിഴല്‍ '

'പൊയ്കയില്‍
അടര്‍ന്നു വീണ ഒരില,
ഉറുമ്പിന് പുനര്‍ജ്ജനി '

ഈ വരികളിലൊക്കെ ഒരു ധ്യാനാന്മകത കുടിയിരിക്കുന്നുണ്ട്. ആന്തരികമായ ഒരു ഉറയൂരല്‍. അത് നല്‍കുന്ന ഒരു സര്‍ഗാത്മകത. അതില്‍ നിന്നു തെളിഞ്ഞ ചിന്തകള്‍ക്കേ ഒരു ഉറുമ്പിന് പോലും പുനര്‍ജ്ജനി നല്‍കാന്‍ സാധിക്കൂ. ശലഭത്തിന്റെ നിഴലിനെ നോക്കിക്കിയിരിക്കാന്‍ സാധിക്കൂ. ഈ നിമിഷത്തോടുള്ള പ്രണയമാണത്. ബുദ്ധന്‍  പുഞ്ചിരിക്കുന്ന പ്രണയം.

പൂര്‍ത്തീകരിക്കപ്പെടാത്ത സ്‌നേഹമാണ് ആര്‍ദ്രമായ ആവിഷ്‌കാരങ്ങള്ക്കു പ്രേരകമാകുന്നത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഇവിടെ പലവരികളിലും കണ്ട ആര്‍ദ്രത ആ വായനയെ വീണ്ടും ഓര്‍മിപ്പിച്ചു. സര്‍ഗാത്മകതയുടെ ഉറവുകള്‍ കിനിയുന്ന കാഴ്ച്ചകള്‍, അകന്നു പോകുമ്പോള്‍ നേര്‍ത്ത വേദനപകരുന്ന പദനിസ്വനങ്ങള്‍!

'കുട മറന്ന പെണ്‍കുട്ടി
മഴയ്‌ക്കൊപ്പം
വീട്ടിലേക്ക്'

എന്ന് പറയുമ്പോള്‍ നിസ്സഹായമായ ചില തിരിച്ചുനടപ്പുകളുടെ ഓര്‍മ്മകളിലേക്കുള്ള  മടക്കയാത്ര സംഭവിച്ചിട്ടുണ്ടാകാം. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും !

'മഞ്ഞിലുറഞ്ഞ ചിറകുമായ്
ചില്ലമേലൊരു
ദേശാടനക്കിളി' 

എന്ന് വായിക്കുമ്പോള്‍ അകലെയുള്ള സ്‌നേഹകൂടിനെയോര്‍ക്കാത്ത, കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ആയുസ്സിന്റെ  വിഹ്വലതയും ഒറ്റപ്പെടലിന്റെ നിസ്സഹായതയും തിരിച്ചറിയാത്ത ഏതു പ്രവാസിയാണുള്ളത്? പ്രവാസത്തിന്റെ നിറങ്ങള്‍ തേക്കാതെ ഒരു പ്രവാസി എഴുത്തുകാരിക്കും എഴുത്തിന്റെ ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാനാകില്ല.

'മണല്‍ക്കാറ്റ്
കെട്ടിടങ്ങള്‍ക്കെല്ലാം
ഒരേ നിറം ' 

എന്ന് ഹണി എഴുതിയത് വായിച്ചപ്പോള്‍ മറ്റൊരു പ്രവാസി എന്‍ പി ഷമീര്‍ എഴുതിയ ' മണല്‍ക്കാറ്റ് , ആകാശചുംബികള്‍ക്കിടയില്‍, മേല്‍വിലാസം തിരയുന്നു'' എന്ന  ഹൈക്കു ഓര്‍ത്തുപോയി. എല്ലാ പ്രവാസ വിഹ്വലതകള്‍ക്കും ഒരേ  നിറം തന്നെ. ഇതേ നിറം തന്നെ ജീവിതവഴികളില്‍ കാഴ്ച നഷ്ടപ്പെട്ടലയുന്ന എല്ലാ വിഹ്വലതകള്‍ക്കും.

'ഒരു മഴത്തുള്ളിയില്‍ ഒരുമിച്ചു
മണ്ണിലേക്കടരാന്‍ വേണ്ടി നാമിന്നീ,
ഇലത്തുമ്പത്ത്' 

എന്ന് പറയുമ്പോള്‍ അത്  ജീവിതത്തിന്റെ എല്ലാവര്‍ക്കും ബാധകമായ നശ്വരതയെപ്പറ്റിയാകുന്നു. അതിനിടയിലെ കലഹങ്ങളുടെ നിരര്‍ഥതയെകുറുച്ചുകൂടിയാകുന്നു.

ആംഗലേയ ഹൈക്കു

മലയാളത്തിലും ഇംഗ്ലീഷിലും ഒരേ പോലെ എഴുതുന്ന  അപൂര്‍വം മലയാള സാഹിത്യകാരില്‍ ഒരാളാണ് ഹണി. ഈ പുസ്തകത്തിന്റെ രണ്ടാം പകുതി ലളിതമായ ഇംഗ്ലീഷ് ഹൈക്കുവിനായി മാറ്റി വെച്ചിരിക്കുന്നു. രണ്ടു ഭാഷയില്‍ എത്തുന്ന കൃതികളെ ഉള്‍കൊള്ളിക്കുന്ന പുസ്തകങ്ങളും നമുക്കിടയില്‍ അപൂര്‍വ്വം. ദ്വിഭാഷാ പുസ്തകങ്ങള്‍ ഒരു സാംസ്‌കാരിക ദൗത്യം കൂടു നിര്‍വഹിക്കുന്നുണ്ട്, രണ്ടു ഭാഷകളെ ചേര്‍ത്ത് വെക്കുന്നതിലൂടെ. ഇപ്പോഴത്തെ കേരളത്തിലെ വിദ്യാഭാസ സമ്പ്രദായത്തിലും ഇതിനു പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് മാത്രം വായിക്കുന്ന കുട്ടികളെ മാതൃഭാഷയിലേക്കു ചേര്‍ത്ത് നിര്‍ത്താനും ഇത്തരം പുസ്തകങ്ങളും എഴുത്തുകാരും സഹായകരമായിത്തീരട്ടെ.

ഇംഗ്ലീഷ് ഭാഷയിലൂടെയാണ് ജാപ്പനീസ് ക്ലാസിക്കല്‍ ഹൈകു പോലും നമ്മളിക്കെത്തുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന തനതു ഹൈക്കു ശാഖയും ഒരു പാട് മുന്നേറിയിട്ടുണ്ട് . ജാപ്പനീസ് ഹൈക്കുവിന്റ രൂപത്തോടും നിയമങ്ങളോടും കൂടുതല്‍ അടുത്ത്  നില്‍ക്കുന്ന രചനകള്‍ സാധ്യമാകുന്നത് ആംഗലേയത്തില്‍ തന്നെ.

'Only the night can listen
The song of
Blossoming'

'രാവിന് മാത്രം കേള്‍ക്കാം പൂവിരിയുന്ന ഗീതം' എന്ന് മലയാളീകരിച്ചാല്‍ മനസ്സിലാകും ഭാഷകള്‍ക്കിടയില്‍ എന്തൊക്കെയോ നഷ്ട്ടപെടുന്നില്ലേ എന്നത്.

'Wind
Blows on her fa-ce
A gray hair shine-s '

മൂന്നു വരികളില്‍ അവളെ നിങ്ങളുടെ മുന്നിലെത്തിച്ചില്ലേ? പറയാതെ എന്തൊക്കെയോ പറഞ്ഞില്ലേ?

ഹണി  ഒരു കിളി വാതില്‍ തുറക്കുന്നു

ഓരോ സര്‍ഗസൃഷ്ടിയും നടത്തുന്ന നിശബ്ദമായ ഒരു വിനിമയം ഉണ്ട്. പറഞ്ഞു നിര്‍ത്തിയിടത്ത് യാത്ര ആരംഭിക്കുന്ന ഈ അമൂര്‍ത്തതയുടെ സൗന്ദര്യം തന്നെയാണ് ഹൈക്കുവിനെയും ധ്യാനാത്മകമായ അനുഭവമാക്കുന്നത്. വാക്കുകള്‍ക്കപ്പുറം ആരംഭിക്കുന്ന യാത്ര. (മൂന്നു) വരികള്‍ക്കിടയില്‍ പതിഞ്ഞിരിക്കുന്ന നിശബ്ദമായ ഒരു വിനിമയം. നൈസര്‍ഗികമായ ഒരു ലയം. 

നമ്മുടെ ഭാഷായുടെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ക്ക്ക്കുള്ളില്‍നിന്നുകൊണ്ട് ഹൈക്കു എന്ന ജാപ്പനീസ് പാരമ്പര്യത്തെ മലയാളത്തിലേയ്ക്ക് ആവാഹിക്കുമ്പോള്‍ നടത്താവുന്ന എല്ലാ ശ്രമങ്ങളും ഹണി തന്റെ വരികളിലൂടെ നടത്തിയിട്ടുണ്ട്. ഹണി ഒരു കിളിവാതില്‍ തുറക്കുകയാണ്. നിങ്ങളുടെ വായനാമുറിയിലേക്ക്. തീര്‍ച്ചയായും അവിടെ ഒരിടം നല്‍കുക, മൗണ്ട് ഫ്യൂജിയിലെ ഈ ഒച്ചിന്! ഇടവേളകളില്‍ ഓടിച്ചെന്നു മറിച്ചുനോക്കു, നിങ്ങള്‍ക്കുള്ളതെന്തെങ്കിലും കാണും അവിടെ!