ഖ്യാനത്തിലുടനീളം ഉദ്വേഗമൊളിപ്പിച്ചു വെച്ച ചടുലമായ ഘടനയാണ് ഹവാന ക്ലബ്ബ് എന്ന റിജോ ജോര്‍ജിന്റെ നോവലിനുള്ളത്. 2019 നവംബറിലെ പത്തു ദിവസങ്ങളാണ് കഥാകാലം. ജെയിന്‍ ഡാര, മിഷിയ എന്നീ റോ ഏജന്റുകള്‍ കഥയുടെ ഗതി നിയന്ത്രിക്കുന്നു. ഒപ്പം ചൈനീസ് ചാരസംഘടനയായ എം.എസ്.എസുകാരും കളിക്കളത്തിലുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ഡോ. അന്‍സാരി വഖിയുദ്ദീനെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇന്ത്യന്‍ ചാരസംഘടനയായ റോ അന്വേഷണം ഏറ്റെടുക്കുന്നു. ജെയിന്‍ ഡാര്‍വിന്‍കോര എന്ന സമര്‍ത്ഥനായ ഏജന്റാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡോ. അന്‍സാരി വഖിയുദ്ദീന്‍ രാസ വിഷമേറ്റാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ നിര്‍ണായക കണ്ടുപിടുത്തങ്ങളിലൊന്നായ സൂപ്പര്‍ കോസ്മിക് മിസൈലിന്റെ രഹസ്യങ്ങളടങ്ങിയ ബ്രീഫ്‌കേസ് മോഷ്ടിക്കപ്പെട്ടുവെന്നും ജെയിന്‍ ഡാര മനസ്സിലാക്കുന്നു. സിഫര്‍ടെക്സ്റ്റുകള്‍ ബുദ്ധിപൂര്‍വ്വം ഡീക്രിപ്റ്റ് ചെയ്യുന്നതിലൂടെ ഈ കൃത്യം നടത്തിയത് ചൈനീസ് ചാരസംഘടനയാണെന്ന് കണ്ടെത്തുന്നു. മിഷിയ എന്ന സഹ ഏജന്റിനൊപ്പം ജെയിന്‍ ചൈനയിലേക്ക് തിരിക്കുന്നു.

നോവലിലെ സംഭവബഹുലമായ പത്തു ദിവസങ്ങള്‍ തുടങ്ങുന്നതിങ്ങനെയാണ്. ഇന്ത്യയില്‍ വന്ന് കൊലപാതകവും മോഷണവും നടത്തിയ ഗൂഢസംഘത്തിന്റെ പേരാണ് ഹവാന ക്ലബ്ബ്. ആ രണ്ടു വാക്കിനുള്ളില്‍ രഹസ്യങ്ങളുടെ അനേകം താക്കോലുകളുണ്ട്. ദൗത്യം നിര്‍വ്വഹിച്ചവര്‍ സിഡ്ര, കാവ, റസോലി, ടോറസ് എന്നീ കോഡ് നെയിംസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയെല്ലാം സ്‌പെയിനിലെ ചില മദ്യങ്ങളുടെ പേരാണ്. പ്രശസ്തമായൊരു ക്യൂബന്‍ റമ്മാണ് ഹവാന ക്ലബ്ബ്. ഇതില്‍ നിന്നെല്ലാം ഡീക്രിപ്റ്റ് ചെയ്‌തെടുത്ത വിവരങ്ങളുമായി റോ ഏജന്റ്‌സ് സാഹസിക ദൗത്യം തുടരുന്നു. പ്രോസ്‌തെറ്റിക് മുഖം മൂടിക്കാണ് ഈ ഓപറേഷനിലെ താരം. അതു മുഖത്ത് പറ്റിച്ചേര്‍ത്താല്‍ നിങ്ങള്‍ക്ക് ഏതു രാജ്യത്തെ മുഖവും ലഭിക്കും. നിങ്ങളുടെ താല്‍പ്പര്യപ്രകാരം ഏതു വംശക്കാരുമായി രൂപം മാറാം. പിന്‍ യിന്‍ അക്ഷരമാല വഴിയും ഗിബ്ബരിഷ് ഏഷ്യന്‍ ലിപി വഴിയും ഷിഫ്റ്റ് സിഫര്‍ വഴിയുമൊക്കെ കൊലയാളികളുടെ സന്ദേശങ്ങള്‍ ഡീ ക്രിപ്റ്റ് ചെയ്ത് പിന്തുടരുക എന്ന അതിസാഹസികമായ പ്രവൃത്തിയില്‍ ഏജന്റ്‌സിനൊപ്പം വായനക്കാരും ശ്വാസമടക്കിപ്പിടിച്ച് പങ്കാളികളാകുന്നു. സൈലന്‍സര്‍ ഘടിപ്പിച്ച പിസ്റ്റല്‍പോലെ കൗതുകം ജനിപ്പിക്കുന്ന ലിപ്സ്റ്റിക് പിസ്റ്റളും ദൗത്യനിര്‍വ്വഹണത്തിനായി റോഏജന്റ് സ് ഉപയോഗിക്കുന്നുണ്ട്.

Havana
പുസ്തകം വാങ്ങാം

വിവര സാങ്കേതിക വിദ്യയുടെ സമര്‍ത്ഥമായ ഉപയോഗം, അന്താരാഷ്ട്ര വിപണിയിലെ വമ്പന്‍ ബ്രാന്‍ഡുകള്‍, വന്‍കിട ഹോട്ടല്‍ സമുച്ചയങ്ങള്‍, ടൂറിസ്റ്റ് സ്‌പോട്ടുകള്‍ എല്ലാം ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുന്ന കഥാ ഘടകങ്ങളായി നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.  ചെസ് ബോര്‍ഡിലെ കരുനീക്കങ്ങള്‍ പോലെ ഒരേ സമയം ബുദ്ധിയും തന്ത്രവും പ്രയോഗിച്ചു കൊണ്ടൊരു ജീവന്‍മരണ പോരാട്ടം തന്നെ. ഓരോ സംഭവവും സ്‌ക്രീനിലെന്ന പോലെ മിന്നിമറയുന്നു. നോവല്‍ തീരും വരെ ഒരോ സംഭവത്തിനുള്ളിലും  ആകാംക്ഷ നിറച്ചു വെയ്ക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. വേഗത്തിന്റെ കാലത്തെ അതിവേഗ ബുദ്ധിയുടെ പരീക്ഷണശാലയെന്നിതിനെ പറയാം. പഴുതുകളടച്ചു കൊണ്ടുള്ള സമര്‍ത്ഥമായ ഭാഷാശൈലി നോവല്‍ വായനയെ ത്രസിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്നു. നീതിയും അനീതിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാണെന്നു മാത്രമല്ല പലപ്പോഴും അദൃശ്യവുമാണെന്ന് നോവലില്‍ സൂചനയുണ്ട്. ആത്യന്തികമായ ജയം മാത്രമാണ് അതിജീവന തന്ത്രമെന്ന പുതിയ കാലത്തിന്റെ തെരഞ്ഞെടുപ്പിനെ നോവല്‍ ശരിവെയ്ക്കുന്നു. വായിച്ചു കഴിഞ്ഞാലല്ലാതെ മാറ്റിവെയ്ക്കാനാവാത്ത വിധം വായനക്കാരെ പിടിച്ചു വെയ്ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഹവാന ക്ലബ്ബിനെയും ഉള്‍പ്പെടുത്താവുന്നതാണ്.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Havana Club Malayalam novel Book review