ഞ്ചാരസാഹിത്യത്തിന് വിവിധമുഖങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരിക്കലും മലയാളത്തിന് കഴിഞ്ഞിട്ടില്ല. ആ സാഹിത്യശാഖ എക്കാലത്തും ഒരേ പാതയിലൂടെ തന്നെയായിരുന്നു കേരളത്തില്‍ സഞ്ചരിച്ചിരുന്നത്. പൊറ്റെക്കാട് എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചുവോ അതില്‍ നിന്ന് ഏറെയൊന്നും മുന്നേറി വരാന്‍ അതിന് സാധിച്ചിട്ടില്ല. ഈ രംഗത്ത് നൂതനത്വത്തിന് വേണ്ടിയുള്ള നിരന്തരമായ അന്വേഷണങ്ങളോ, പരീക്ഷണങ്ങളോ നടക്കാതിരുന്നതും ഈ ശാഖയെ ഒരു നിര്‍ജ്ജീവമേഖലയാക്കി മാറ്റി. ഈ ഒരു സന്ദര്‍ഭത്തിലാണ് എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന ഗ്രന്ഥം ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും, ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയമാവുന്നത്.

അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരു ഹിമാലയന്‍ സഞ്ചാരാനുഭവവിവരണം നല്‍കുന്ന ഈ ഗ്രന്ഥം ഭാവിയില്‍ ഒരു കാലസൂചകമായി മാറിയേക്കാം. കാഴ്ചപ്പാടുകളില്‍ ഉടലെടുക്കുന്ന വിദൂരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നുവരുമെങ്കില്‍ കൂടി ഇത്തരത്തിലുള്ള ഒരു സാധ്യത പോലും ഈ പുസ്തകത്തിന് തള്ളിക്കളയാനാവില്ല. കാലിഡോസ്‌കോപ്പിലെ കാഴ്ചകള്‍ നല്‍കുന്ന ദൃശ്യാനുഭവത്തെപ്പോലെ പല തലങ്ങളിലുള്ള പലവര്‍ണ്ണങ്ങളുടെ കാഴ്ചകളാണ് ഗ്രന്ഥകാരന്‍ നമുക്ക് ഇതിലൂടെ സാധ്യമാക്കിത്തരുന്നത്.

ഹിമാലയസാനുക്കളിലെ യാത്രകളും, അനുഭവങ്ങളും കാവ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുക വഴി ഗ്രന്ഥകാരന് ഈ മേഖലയില്‍ ഒരു പുതുചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മീയമായൊരു വികാരവേഗത്തില്‍ അനുഭൂതിപ്രകാശനം നടത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ രചയിതാവ് നടത്തിയിരിക്കുന്നത്. യാത്രയില്‍ താന്‍ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങളെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യത്തോടും കൂടി പ്രതിഫലിപ്പിക്കുകയാണിവിടെ. അത് വായനക്കാരനിലേക്ക് പകരുമ്പോള്‍ മാര്‍ഗ്ഗദര്‍ശമായ ഒരു പുതിയ മുഖമുള്ള സഞ്ചാരസാഹിത്യശാഖയാണ് സൃഷ്ടിക്കപ്പെടുന്നത്.

ഓരോ പുസ്തകത്തിനും അതിലൂടെ ഓരോ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് വായനക്കാരനെ രസിപ്പിക്കുന്നതിനേക്കാളപ്പുറം ചിന്തോദ്ദീപനം ആയിട്ടുണ്ടെങ്കില്‍  അതായിരിക്കും ആ എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. ഇവിടെ ഹിമാലയത്തിലെ സഞ്ചാരാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു ആത്മീയതലത്തിലേക്ക് കൊണ്ടുപോകാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. ആ ആത്മീയതലം ഒരാവേശമായി വായനക്കാരന്റെ ഉള്ളില്‍ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞതുപോലെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും കൂടി എഴുതപ്പെട്ടതുകൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ടെല്ലാം തന്നെ പ്രകടമായ ഒരു കാഴ്ചയിയിലൂടെ മറഞ്ഞുകിടക്കുന്ന പല കാഴ്ചകളും നമുക്ക് കാട്ടിത്തരാന്‍ എഴുത്തുകാരന് സാധിക്കുന്നു.

ഹൈമവതഭൂവിലിനെ ജര്‍മ്മന്‍ തത്വചിന്തകനായ കൈസര്‍ ലാന്റെ 'ദി ട്രാവല്‍ ഡയറി ഓഫ് എ ഫിലോസഫര്‍' എന്ന പുസ്തകത്തോട് ചേര്‍ത്ത് വച്ച് സുകുമാര്‍ അഴീക്കോട് മുന്‍പ് എഴുതിയിരുന്നു. എന്നാല്‍ അതിനേക്കാളേറെ ഈ പുസ്തകം അടുത്ത് നില്‍ക്കുന്നത് ബ്രിട്ടീഷ് തത്വചിന്തകനായ പോള്‍ ബ്രണ്ടന്റെ 'എ ഹെര്‍മിറ്റ് ഇന്‍ ദി ഹിമാലയ' എന്ന പുസ്തകത്തോടാണ്. 1930കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ആന്തരികമായ മൗനം ആത്മാവിന് നല്‍കുന്ന പുത്തനുണര്‍വ്വിനെ കുറിച്ചും മറ്റും പറയുന്നു. അതില്‍ പ്രകൃതിരമണീയതയ്ക്കും കാലാവസ്ഥയ്ക്കും യാതൊരു പങ്കുമില്ലെന്നും അവിടെ നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അതിനെ മാറ്റിമറയ്ക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യന്‍ യോഗിമാരെ നിരന്തരം വീക്ഷിക്കുകയും അവരുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്ത് പൗരാണിക ഇന്ത്യയുടെ വഴികള്‍ താണ്ടാന്‍ ശ്രമിച്ച ഒരു യോഗി കൂടിയാണ് പോള്‍ ബ്രണ്ടന്‍ എന്നത് അദ്ദേഹത്തെ ഈ പുസ്തകവുമായി കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.

ഒരു രാജ്യത്തിന്റെ ചരിത്രപരമായ സത്യങ്ങളുമായി ഒരു കൃതി അഭേദ്യമാംവണ്ണം ബന്ധിതമായിരിക്കുന്നു. ആ ബന്ധത്തിലൂടെയാണ് ഈ ഗ്രന്ഥത്തിന്റെ സഞ്ചാരം. അതിലൂടെയാണ് ഇതിന്റെ അന്വേഷണം. ജിവിക്കുന്നവനേ ജിവിതം എന്തെന്നറിയൂ എന്ന് പറഞ്ഞ പോലെ, അറിയാനുള്ള ത്വരയുള്ളവനേ അന്വേഷണത്തിന് മുതിരൂ. ജിവിക്കാന്‍ വേണ്ടി നിരന്തരം പൊരുതിയവന്റെ, ചതിക്കപ്പെട്ടവന്റെ, അതിജീവിച്ചവന്റെ, സഹിച്ചവന്റെ കഥകളാണ് ഭാരതത്തിന്റെ ചരിത്രം.

ഒന്ന് മറ്റൊന്നിന് മേല്‍ അന്തിമമായ വിജയം കൈവരിക്കുന്നതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ അതെവിടെയും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന പലതും നാളെയുടെ ചരിത്രസത്യങ്ങളായി അവശേഷിക്കും. അതെന്നും അങ്ങനെയാണ്, ഒരു പ്രതിഭാസം. ഭാരതത്തിന്റെ കഥ ഇങ്ങിനെയെല്ലാമാണ്. നമ്മെ അത്ഭുതത്തിലും, ആനന്ദത്തിലും അതിലുപരി ആകാംക്ഷയിലുമെത്തിക്കുന്ന ചരിത്രകഥ. അത്തരത്തിലുള്ള കഥകളിലൂടെ വളര്‍ന്നുവന്ന/അന്വേഷിച്ചുവന്ന ഈ പുസ്തകത്തിന് ഈ നാടിന്റെ ചരിത്രത്തിന്റെ പ്രതീകമല്ലാതെ മറ്റെന്താണ് ആവാന്‍ കഴിയുക.

താന്‍ അനുഭവിച്ചറിഞ്ഞ യാത്രയുടെ സങ്കീര്‍ണ്ണഭാവങ്ങളെ നിര്‍മമതയോട് കൂടി ആവിഷ്‌കരിക്കുകയും ആ ഉത്പന്നം സാധാരണക്കാരായ ആളുകള്‍ക്ക് ലാഘവത്തോടെ വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്നുള്ളത് നിസാരമായ ഒരു കാര്യമല്ല. ഇന്ദ്രിയങ്ങളുടെ നിഗൂഢതലങ്ങളെ മലര്‍ക്കെ തുറന്നു കാട്ടാന്‍ തത്വശാസ്ത്രങ്ങളെ പലപ്പോഴും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അതുവഴി വാക്കുകളുടെയും ചരിത്രസത്യങ്ങളുടെയും സൗന്ദര്യാത്മകത കൊണ്ട് കാലങ്ങളോളമായി തപം ചെയ്തുകൊണ്ടിരുന്ന പല കാഴ്ചകളുടെയും മൗനമുടയ്ക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു.

haimavathaboovilതപോവനസ്വാമികളുടെ കൈലാസയാത്ര, ഹിമഗിരി വിഹാരം എന്നീ ഗ്രന്ഥങ്ങളാണ് മുന്‍പ് മലയാളി പരിചയിച്ചിട്ടുള്ള ഹിമാലയയാത്രാവിവരണങ്ങള്‍. ഇവയെല്ലാം യാത്രാവിവരണം എന്നതിനുമപ്പുറം അദ്ധ്യാത്മികമായ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഏതൊരു സാധനകളുടെ അഭ്യാസം വഴിയാണോ അദ്ധ്യാത്മമാര്‍ഗ്ഗം സരളമായി, സുഗമസഞ്ചാരയോഗ്യമായിത്തീരുന്നത്, ആ സാധനകളാണ് കൈലാസയാത്രയെ വിവരിക്കുക എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വരൂപചിന്തനത്തിലും, ഭക്തിക്രിയകളിലും ഊന്നിക്കൊണ്ട് സ്വാമികള്‍ ഈ പുസ്തകം രചിച്ചതിനെയോ അതിന്റെ ഉദ്ദേശശുദ്ധിയെയോ ചോദ്യം ചെയ്യുവാന്‍ കഴിയില്ല.

1928 ലാണ് അദ്ദേഹത്തിന്റെ കൈലാസയാത്ര എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുകഴിഞ്ഞാണ് ഹിമഗിരി വിഹാരം ഇറങ്ങുന്നത്. ഇവയ്ക്ക് രണ്ടിനുമിടയില്‍ വരുന്ന കാലയളവിന്റെ മാറ്റങ്ങള്‍ ഭൂപ്രകൃതി, ജനജീവിതം, കാലാവസ്ഥ ഇവയിലെല്ലാമുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഈ രണ്ട് കൃതികളിലൂടെയും നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഇതിനും അറുപത് വര്‍ഷത്തിന് ശേഷമാണ് ഹൈമവതഭൂവില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയിലും ഭൗമപ്രകൃതിയിലും ഇന്ത്യയ്ക്ക് ഈ കാലയളവിനിടയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് ഇതിലൂടെ കണ്ടെത്താനാവും.

ഓര്‍മ്മയുടെ എല്ലാ സംസ്‌കാരങ്ങളും എഴുത്താണെന്ന ഫ്രോയ്ഡിന്റെ വാക്കുകളെ ഞാനിവിടെ ഓര്‍ക്കുന്നു. ഈ ഗ്രന്ഥത്തില്‍ വാക്കുകള്‍ക്ക് കൈവരുന്നത് നിരന്തരോപയോഗത്തിലൂടെ അവയാര്‍ജ്ജിക്കുന്ന സംസ്‌കാരമാണ്. ഇവിടെ വാക്കുകള്‍ വെറും വസ്തുക്കളല്ല, അക്ഷരങ്ങളടങ്ങുന്ന അനന്തസാധ്യതകളാണ്. അതില്‍ അന്തര്‍ലീനമായിരിക്കുന്നതെല്ലാം ഒരു ജനതയുടെ ശേഷിപ്പുകളാണ്. 'ചര്‍വ്വണത്തിന്റെ പ്രത്യേകത അത് ചവയ്ക്കലാണ്, തിന്നലല്ല. എങ്ങിനെ തിന്നാതെ ചവയ്ച്ചുകൊണ്ടിരിക്കാം എന്നത് പ്രാചീനമായൊരു അന്വേഷണമാണ്. അനശ്വരതയ്ക്കുള്ള അന്വേഷണം' എന്ന എം.എന്‍.വിജയന്‍ പറഞ്ഞതിനെ ഈ പുസ്തകത്തോട് ചേര്‍ത്തുവയ്ക്കാം. ഒരൊറ്റ വായനയോടെ അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം ഒരു മുനയില്‍ നിന്ന് പല മുനകളുടെ അനുഭവത്തിന്റെ അപൂര്‍വ്വമേഖലകളിലേക്കാണ് ഗ്രന്ഥകാരന്‍ നമ്മെ യാത്രയാക്കുന്നത്.

ഹിമാലയം എന്ന പ്രദേശം എന്തുകൊണ്ട് ഒരുപാട് യാത്രാവിവരണങ്ങള്‍ക്ക് കാരണമായി എന്ന് ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവാന്‍ തരമില്ല. അതിന്റെ വിശാലത ഒരുപക്ഷേ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ല, പുരാണങ്ങളിലെ പ്രാമുഖ്യമാണ് ഹിമാലയത്തിന് ഈ പ്രത്യേകത നല്‍കിയത് എന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നുണ്ട്. എന്തൊക്കെയായാലും തദ്ദേശീയരും വിദേശീയരുമായ ഒരുപാട് ആളുകള്‍ ഹിമാലയന്‍ യാത്രാവിവരണങ്ങളിലൂടെ ശ്രദ്ദേയരായിട്ടുണ്ട്. ഇതില്‍ എണ്‍പത് ശതമാനം ആളുകളും ആത്മീയയാത്രയായാണ് ഹിമാലയസഞ്ചാരത്തെ ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ തത്വബോധാധിഷ്ഠിതമായി ഈ യാത്രയെ സമീപിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ഒരുപാട് സാധ്യതകള്‍ ആ യാത്രയില്‍ മറഞ്ഞുകിടന്നിരുന്നു എന്ന് തെളിയിച്ചത് ഈ ഗ്രന്ഥമാണ്.

മനുഷ്യമഹത്വം, ശാസ്ത്രഗതി, സംസ്‌കാരം, പാരിസ്ഥിതികം, സാഹിത്യാദികലകള്‍, അര്‍ത്ഥശാസ്ത്രം, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതത്തോട് ബന്ധപ്പെട്ട സമസ്തമേഖലകളും ഇവിടെ ഗ്രന്ഥകാരന്റെ അന്വേഷണപരിധിയില്‍ പെടുന്നു. ഇതില്‍ ഏതു വിഷയമായാലും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് അത് സംക്ഷിപ്തമായി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. വിഷയം എത്ര ഗഹനമായാലും സാധാരണക്കാര്‍ക്കും മനസ്സിലാവണം എന്ന ഉദ്ദേശത്തോടെ അതിലളിതമായാണ് എല്ലാ വസ്തുതകളും ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ വിവരിച്ച് പോവുന്നത്.

എന്നെപ്പോലെ പുതിയ തലമുറയില്‍ പെട്ട ഒരാള്‍ക്ക് ആത്മീയതയും യാത്രാവിവരണങ്ങളും ഒന്നും തന്നെ ആകര്‍ഷണീയമായ ഒരു കാര്യമല്ല. എന്നാല്‍ ആത്മീയതയുടെ സിരകളില്‍ കൂടി ഒഴുകുന്ന ഭാരതീയചരിത്രത്തെ നിലനിര്‍ത്താന്‍ എഴുത്തുകാരന്‍ കാണിച്ച ഒരു രാസപ്രക്രിയ കൂടിയായി മാറുന്നുണ്ട് ഈ പുസ്തകം. പ്രതിപാദനത്തിലെ പ്രതിഭ കൊണ്ട് ന്യൂജനറേഷനില്‍ ഇന്ത്യന്‍ ചരിത്രത്തെ സ്ഥായിയായി നിലനിര്‍ത്താനും ഈ പുസ്തകത്തിലൂടെ കഴിഞ്ഞു എന്നതില്‍ ഗ്രന്ഥകാരന് അഭിമാനിക്കാം.

കഥകളും കവിതകളും വായിക്കുന്നതില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഒരു വലിയ തലമുറ ഇന്ന് വായനയ്ക്ക് പരിഗണിക്കുന്നത് സ്വന്തം അറിവ് വര്‍ദ്ധിപ്പിക്കാനുതകുന്ന/മത്സരപരീക്ഷകള്‍ക്ക് സഹായകമാവുന്ന പുസ്തകങ്ങള്‍ മാത്രമാണ് എന്നുള്ളതാണ് വസ്തുത. അതില്‍പോലും വളരെയധികം സോര്‍ട്ടിങ്ങ് അവര്‍ നടത്തുന്നുണ്ടെന്നത് അക്കാര്യത്തില്‍ അവര്‍ എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്നതിന്റെ തെളിവാണ്. ഇത്തരത്തിലുള്ളവര്‍ക്ക് ഒരു റഫറല്‍ ഗ്രന്ഥമായി പോലും ഉപയോഗിക്കാന്‍ തക്ക ഉള്ളടക്കം ഹൈമവതഭൂവിലിന് ഉണ്ട് എന്നുള്ളത് അതിനെ ചരിത്രപരമായ രീതിയില്‍ സമീപിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു യാത്രാവിവരണം എന്ന ചട്ടക്കൂടിനെ ഭേദിക്കാന്‍, വേറിട്ട ഒരസ്തിത്വത്തെ പ്രതിനിധാനം ചെയ്യാന്‍ അതുവഴി ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. മറഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാലത്തിന്റെ അടയാളമാകാനുള്ള ഒരു ആന്തരികശക്തി കൈവരിച്ചിട്ടുള്ള ഇതിന്റെ ഉള്ളടക്കത്തിന് ഒരു എപിക് ഫിക്ഷന്റെ പശ്ചാത്തലമുള്ളതുകൊണ്ട് തന്നെ അതിന്റെ വായന അത്യന്തം രസകരമായി പോകുകയും ചെയ്യുന്നു.

haimavathabhoovilകാമുകന്റെ ഭാവാവേശത്തിനെന്നപോലെ യാത്രികന്റെ കാവ്യാഭിനിവേശത്തിനും ഒരു ഉന്മാദത്തിന്റെ സ്വഭാവമുണ്ട്. സ്വപ്നം, സിരാരോഗം, ഉന്മാദം എന്നിവയിലെല്ലാം അടിച്ചമര്‍ത്തിയ കാമത്തിന്റെ വൈകൃതങ്ങള്‍ ദര്‍ശിക്കുന്ന ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനശാസ്ത്രം നമുക്ക് ഇവിടെ പ്രയോഗിക്കാം. യാത്രികന്റെ സ്വപ്നങ്ങള്‍, ഉന്മാദം, അവന്റെ ആന്തരികമായ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം അവനില്‍ അടിച്ചമര്‍ത്തപ്പെട്ട ചില വികാരങ്ങളെ എഴുത്തിലൂടെ പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തന്റെ ബോധമണ്ഡലത്തിന് കീഴില്‍ നിന്നുകൊണ്ട് മാത്രമെ അദ്ദേഹം അതിന് ശ്രമിക്കുന്നുള്ളൂ എന്നതുകൊണ്ട് അസമ്പൂര്‍ണ്ണങ്ങളോ അധഃകൃതങ്ങളോ ആയ വികാരങ്ങള്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നില്ല. അവയെല്ലാം എഴുത്തിലേക്ക് വരാതെ തന്റെ ഉപബോധമനസ്സില്‍ തന്നെ എഴുത്തുകാരന്‍ സൂക്ഷിച്ചുവയ്ക്കുന്നു.

ഈ കൃതി ഒരിക്കലും ഏകമുഖമായ ഒരു യാത്രാനുഭവമായി മാറുന്നില്ല. അത് ഭാരതീയസംസ്‌കൃതിയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ വംശാവലിയുടെ ചരിത്രപാഠം കൂടിയായി മാറുകയാണ്. എഴുത്തുകാരന്റെ യാത്രാനുഭവങ്ങളിലൂടെ വായനക്കാരനെത്തിച്ചേരുന്നത് ഐതിഹാസികഭൂമിയില്‍ നിന്നും സമകാലികജീവിതപരിസരങ്ങളിലേക്കാണ്. ചരിത്രാതീതകാലത്തെ മണ്‍പുറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മണിമാളികയാണ് ഈ കൃതി. പുതിയ എഴുത്തുവഴികളിലൂടെയും സത്രങ്ങളിലൂടെയുമുള്ള സഞ്ചാരം ഈ പുസ്തകത്തിന് നല്‍കുന്ന പരിവേഷം ഒരു വിമതന്റേതാണ്. ആ വിമതത്വമാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയമായി മാറുന്നത്.

ഭരണപരിഷ്‌കാരങ്ങളുടെയും, പടയോട്ടങ്ങളുടെയും വിരസമായ പഠനങ്ങള്‍ക്ക് പകരം രണോത്സുകരായ രജപുത്രരുടെയും, മൗര്യരുടെയും, മുഗളരുടെയും വംശാവലിയുടെ വിവരണം യാത്രാനുഭവം പോലെത്തന്നെ ഹൃദ്യമായ ഒരനുഭവമായി മാറുന്നു. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഐതിഹാസികമാനത്തില്‍ നിന്നും തലസ്ഥാനനഗരിയായ ദില്ലിയുടെ വര്‍ത്തമാനകാലഘട്ടത്തിലെത്തുമ്പോഴേക്കും വിവിധ രാജവംശങ്ങളുടെയും, പടയോട്ടങ്ങളുടെയും, ഭരണമാറ്റങ്ങളുടെയും, അധികാരക്കൊതിയുടെയും, പ്രണയതീവ്രതയുടെയും, കഥകള്‍ നമുക്ക് വായിച്ചെടുക്കാം. അതുപോലെത്തന്നെ വ്യാസകാലത്തു നിന്നും ആധുനിക ഇന്ത്യയിലെത്തുമ്പോഴേക്കും ഒരു ജനതയുടെ/രാജ്യത്തിന്റെ നീണ്ട ചരിത്രപാഠം വായനക്കാരന് സ്വാംശീകരിച്ചെടുക്കാം.

മക്കളാല്‍ തടവിലാക്കപ്പെട്ട പിതാക്കന്മാര്‍, യമുനാതീരത്തെ ദു:ഖപുത്രികളായ രാജകുമാരിമാര്‍ തുടങ്ങി ശിഥിലവും അസ്ഥിരവുമായ മറ്റുചിലപ്പോള്‍ ദൃഢവും സുസ്ഥിരവുമായ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. അത്തരം കഥാപാത്രങ്ങളെയെല്ലാം ഒരടഞ്ഞ ക്രമത്തിനുള്ളിലെ ഉള്ളടക്കമായി മാറ്റാതെ ജൈവികതയുടെയും, പാരമ്പര്യത്തിന്റെയും, നീതിനിഷേധത്തിന്റെ പ്രതിരോധത്തിന്റെയും പ്രതീകങ്ങളായി ഇണചേര്‍ത്ത് ഒരു വലിയ പ്രതലത്തില്‍ അവതരിപ്പിക്കാന്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. അങ്ങനെ സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും വ്യവസ്ഥാപിതമായ ഒരു നിര്‍മ്മാണരീതിയുടെ വേരരിഞ്ഞിട്ടാണ് എഴുത്തുകാരന്‍ മുന്നേറുന്നത്.

ജോര്‍ജ്ജ് അഞ്ചാമന്‍ കിരീടധാരണം നടത്തിയ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി, സ്വതന്ത്രാനന്തര ഇന്ത്യന്‍ തലസ്ഥാനമായ ദില്ലി, ഇന്ത്യയിലെ െ്രെകം സിറ്റിയായ ഗാസിയാബാദ്,... ഇങ്ങനെ വൈവിധ്യതയുടെ മുഖമുദ്രയണിഞ്ഞ ഇന്ത്യന്‍ തലസ്ഥാനനഗരിയുടെ വിവരണങ്ങളാണ് എഴുപതോളം പേജുകളിലൂടെ അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്.

ഹരിദ്വാറിന്റെ സ്‌നാനഘട്ടത്തില്‍ നിന്ന് നിളാതടത്തിലേക്കും സാമൂതിരി രാജവംശത്തിലേക്കും എഴുത്തുകാരന്‍ നടത്തുന്ന പ്രയാണം കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന വി.ടി യുടെ കര്‍മ്മഭൂമിയില്‍ എത്തി നില്‍ക്കുന്നുണ്ട്. നാല്പത്തഞ്ചോളം പേജുകള്‍ വരുന്ന തൃത്താല എന്ന ഗ്രാമത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങള്‍ തദ്ദേശവാസികൂടിയായ എനിക്ക് ഒരുപാട് പുത്തനറിവുകളാണ് സമ്മാനിച്ചത്. സ്വന്തം നാടിനെക്കുറിച്ച് പറയുന്ന പല കാര്യങ്ങളിലും ഞാന്‍ ഒരു അജ്ഞനാണെന്ന് അറിയുന്നത് ഈ പുസ്തകത്തിന്റെ വായനയിലൂടെയാണ്. നിഗൂഢവും യോഗാത്മവുമായ പൗരാണികവിശ്വാസത്തിന്റെ ഘടനയിലാണ് ഈ നാടിന്റെ ചരിത്രമെന്നുള്ളത് അതിവ്യാഖ്യാനങ്ങളില്ലാതെ ഒരു ഭൂപടം പോലെ വരച്ചുകാണിക്കുകയാണിവിടെ.

കാവടികളിലേന്തിയ ഗംഗാജലത്തിന്റെ വിശുദ്ധകണങ്ങളില്‍ നിന്ന് വിഷമുക്തമായ നദികളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്ലാച്ചിമട സമരഭൂമിയിലേക്ക് എഴുത്തുകാരന്‍ എത്തുമ്പോഴേക്കൂം ജീവജല സംരക്ഷണ സമരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സമഗ്രവിവരം ലഭ്യമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥകാരന് കലുഷിതമായ ഏത് പ്രതിരോധഭൂമിയിലെത്തുമ്പോഴും ഇരകളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് ഇതിലെ അവതരണശൈലി വെളിവാക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാമിടയില്‍ സംസ്‌കൃതസാഹിത്യത്തില്‍ ശ്രദ്ധേയനായ ഭര്‍തൃഹരിയുടെ ജീവിതചിത്രത്തിലൂടെയും സാഹിത്യചരിത്രത്തിലൂടെയും എഴുത്തുകാരന്‍ നമ്മെ സാമൂതിരി രാജാവിലേക്കെത്തിക്കുന്നു. തുടര്‍ന്ന് ഭര്‍തൃഹരിയുടെ സഹോദരന്‍ വരരുചിയിലേക്കും അതുവഴി കേരളഭൂമിയിലേക്കും സഞ്ചരിക്കുന്നു. പറയി പെറ്റ പന്തിരുകുലത്തിലൂടെ ജാതിചിന്തകളുടെ ഉയര്‍ച്ച താഴ്ചകളുടെ വ്യര്‍ത്ഥതയെ സൂചിപ്പിക്കുന്ന നിളാതീരഭൂമിയിലേക്കെത്തിച്ചേരുന്നു. ഈ പ്രയാണത്തിലൂടെ ഭാരതത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മിലുള്ള ബന്ധം ഇവിടെ വെളിവാകുന്നുണ്ട്. അതുപോലെത്തന്നെ ഒരൊറ്റ കൃതിയിലൂടെത്തന്നെ സമാന്തരവായനകളും സൗകര്യപ്രദമായി എവിടെ നിന്നും വായിക്കാനുള്ള സാധ്യതകളും തുറന്നിട്ടുകൊണ്ട് പുസ്തകം എന്ന ആശയത്തെ എഴുത്തുകാരന്‍ ഇവിടെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

യമുനാനദിയുടെ അഭൗമസൗന്ദര്യത്തില്‍ നിന്ന് കൃഷ്ണകഥയിലേക്കും പുരാണേതിഹാസങ്ങളിലേക്കും ഗീതാതത്വത്തിലേക്കും കയറിയിറങ്ങി നമ്മുടെ വായന ജയദേവന്‍, മേല്പത്തൂര്‍, ചങ്ങമ്പുഴ തുടങ്ങിയ സാഹിത്യനായകരിലേക്കും ചെന്നെത്തുന്നു. ഐതിഹ്യങ്ങളും നാടോടിക്കഥകളും നിറഞ്ഞുനില്‍ക്കുന്ന ഗഡ്‌വാളിന്റെ തലസ്ഥാനമായ തെഹ്‌രി അധികാരികളുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭനഗരിയായതിനെപ്പറ്റിയും അതുവഴി ലോകരാജ്യങ്ങളിലെ വന്‍കിട അണക്കെട്ടുകളെപ്പറ്റിയും അവയ്‌ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന പാരിസ്ഥിതിക ജാഗ്രത ഈ പുസ്തകത്തിലെ മറ്റ് പല ഭാഗങ്ങളിലും പ്രകടമായി തന്നെ കാണാന്‍ കഴിയും.

ഹിമാനികളുടെ മനോഹാരിതയില്‍ നില്‍ക്കുമ്പോള്‍ തന്നെ ആഗോളതാപനത്തെക്കുറിച്ചും വരാനിരിക്കുന്ന ഹിമാനികളുടെ തകര്‍ച്ചയെക്കുറിച്ചും വളരെ അപഗ്രഥനാത്മകമായി വിവരിക്കുമ്പോള്‍ എഴുത്തുകാരന്റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന സാമൂഹ്യജീവിയുടെ പ്രതിരോധത്തിന്റെ സ്വരമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഭാരതീയസംസ്‌കൃതിയില്‍ ലയിച്ച് ചേര്‍ന്ന നിരവധി മിത്തുകള്‍ ഓരോ സന്ദര്‍ഭത്തിലും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ചിത്രകഥകളിലൂടെയും സീരിയലുകളിലൂടെയും ആംശികമായി മാത്രം പുതുതലമുറ പരിചയപ്പെടുന്ന പല കഥകളുടെയും വിശദവും വ്യക്തവുമായ വിവരണമാണ് ഈ കൃതിയില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യയൊട്ടാകെ ഒരുകാലത്ത് അലയടിച്ചിരുന്ന ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളും അവയുമായി ബന്ധപ്പെട്ട സാഹിത്യകൃതികളും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ബുദ്ധ ജൈന മതങ്ങളുടെ സ്ഥാപകരെപ്പറ്റി മാത്രമറിയുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് വിപുലമായ ഒരു സാഹിത്യസാമ്രാജ്യത്തിന്റെ കൂടി ഉല്പത്തിസ്ഥാനങ്ങളാണവ എന്ന തിരിച്ചറിവുണ്ടാക്കാനും ഈ കൃതി സഹായകമാണ്. ജൈനസാഹിത്യത്തെക്കുറിച്ച് വിവരണാത്മകമായ ഒരു പഠനം തന്നെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും.

യാത്രാവിവരണാഖ്യാനത്തിന്റെ രേഖീയക്രമം തെറ്റിച്ചുകൊണ്ട് യാത്രാവിവരണത്തെ പുതിയവഴിയിലേക്ക് നയിക്കാനുള്ള ഒരു ശ്രമമാണിത്. ഗ്രന്ഥകാരന്റെ ഇച്ഛയ്ക്കനുസരിച്ച് നടക്കുന്ന എഴുത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു പുസ്തകം കൂടിയാണിത്. മൗലികമായ വീക്ഷണത്തിന്റെയും, ആവിഷ്‌കാരത്തിന്റെയും കരുത്തുകാട്ടുന്ന ഈ കൃതിയെ ഹോപ്‌സ്‌കോച്ചിന്റെ വാക്കുകളില്‍ ഞാന്‍ സംഗ്രഹിക്കുന്നു. 'വായനക്കാരന്റെ സുഹൃത്താവുക, ഒരു സഹയാത്രികന്‍. വായന വായനക്കാരന്റെ സമയം ഇല്ലാതാക്കി എഴുത്തുകാരന്റേതിന് പകരം വയ്ക്കുന്നു. അങ്ങനെ വായനക്കാരന്‍ കൃതി കൈമാറുന്ന അനുഭവത്തിന്റെ പങ്കാളിയും സഹപീഢിതനുമാകുന്നു, അതേ നിമിഷത്തില്‍ അതേ രൂപത്തില്‍. ഇതു നേടിയെടുക്കാന്‍ ഒരു കലാതന്ത്രം കൊണ്ടും കഴിയില്ല. പ്രയോജനകരമായ കാര്യം ഒന്ന് മാത്രമാണ്, പരീക്ഷണത്തിന്റെ ആസന്നത'.