യു.എന്‍. ഉച്ചക്കോടിയില്‍ ലോകനേതാക്കള്‍ക്കുമുന്നില്‍ വികാരഭരിതയായി തന്റെ തലമുറയെ ഹരിതഗൃഹവാതകങ്ങള്‍ വമിക്കുന്ന ലോകത്തേക്ക് തള്ളിവിട്ടതിലുള്ള നിരാശപ്രകടിപ്പിച്ച ഒരു പെണ്‍കുട്ടി- ഗ്രേറ്റ ട്യുന്‍ബെര്‍ഗ്. പ്രകൃതിക്കുവേണ്ടിയും മുഴുവന്‍ മനുഷ്യരാശിക്കുവേണ്ടിയും അവള്‍ നിരന്തരം ഒച്ചയുതിര്‍ത്തു. ഭൂമി അപകടത്തിലാണെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ ആ പെണ്‍കുട്ടി വെള്ളിയാഴ്ചകള്‍ പഠിപ്പുമുടക്കി സമരത്തിനിറങ്ങി. തുടരെത്തുടരെ അവളുടെ ഉദ്യമത്തിന് ലോകശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് ലോകം ആ പെണ്‍കുട്ടിയില്‍ ഉറ്റുനോക്കുകയാണ്. അവളുടെ മുരടനക്കലിനായി, ശബ്ദത്തിനായി. തന്റെ അസാധാരണ ജീവിതകഥ പരിചയപ്പെടുത്തുകയാണ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ്: ഭൂമിക്കുവേണ്ടി ഒരു സ്‌കൂള്‍കുട്ടിയുടെ പോരാട്ടം എന്ന പുസ്തകത്തിലൂടെ. പി.എസ്. രാകേഷ് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്. 

സ്വീഡനിലെ പ്രശസ്ത ഒപ്പെറ ഗായിക മലേന ഏണ്‍മാന്‍- നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ സ്വാന്റെ ട്യുന്‍ബെര്‍ഗ് ദമ്പതികള്‍ക്ക് 2003 ജനുവരി 3ന് ഗ്രേറ്റ എന്ന പുത്രി ജനിച്ചു. തെളിച്ചമുള്ള കുട്ടിക്കാലമായിരുന്നില്ല ഗ്രേറ്റയുടേത്. അധികമാരോടും സംസാരിക്കാതെ ഉള്‍വലിഞ്ഞ പ്രകൃതം. മ്ലാനത ഘനീഭവിച്ച മുഖം മിക്കപ്പോഴും ഗാഢമായ ചിന്തയിലും ഗഹനമായ വായനയിലുമായി കഴിഞ്ഞു. പതിയെ പതിയെ ഇഷ്ടമുള്ള കാര്യങ്ങളില്‍നിന്നുപോലും കൂട്ടുവെട്ടി ഗ്രേറ്റ, വിഷാദത്തിന്റെ കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. 

ഈ കാലങ്ങളില്‍ ഒട്ടിസത്തിന്റെ വകഭേദമായ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഗ്രേറ്റയെ വന്നുമൂടി. അതുകൊണ്ടുതന്നെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തയാവുകയായിരുന്നു അവള്‍. ലോകത്തിന്റെ അഡ്ജസ്റ്റ്‌മെന്റ് സമ്പ്രദായത്തോട് പാകപ്പെട്ടുപോകുവാന്‍ അവളുടെ ഈ മാനസികാവസ്ഥ കൂട്ടാക്കിയില്ല. ചില പ്രത്യേക വിഷയങ്ങളില്‍ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉള്ളവര്‍ താത്പര്യം കാണിക്കുമെന്നതിനാല്‍ ഗ്രേറ്റയില്‍ അത് പ്രകടമായത് പരിസ്ഥിതി വിഷയങ്ങളോടായിരുന്നു. സദാചിന്തയില്‍ മുഴുകിയും കൂടുതല്‍ കൂടുതല്‍ വായിച്ചും ഗ്രേറ്റ പാരിസ്ഥിതികവിഷയങ്ങളില്‍ അറിവുനേടി. രക്ഷിതാക്കള്‍ പൂര്‍ണ്ണപിന്തുണയുമായി കൂടെ നിന്നു. പ്രശ്‌നം മകള്‍ക്കല്ലെന്നും മാറേണ്ടത് ജീവിതശൈലിയാണെന്നും അവര്‍ തീര്‍ച്ചപ്പെടുത്തി. 

അടുത്ത ചുവടെന്ന നിലയ്ക്ക് 2018 ഓഗസ്റ്റ് 20ന് സ്വീഡന്റെ പ്രൗഢഗംഭീരമായ പാര്‍ലമെന്റുമന്ദിരത്തിന്റെ (റിക്‌സ്ഡാഗ്) കല്ലുപാകിയ നിരത്തില്‍, സ്‌കൂള്‍യൂണിഫോംധാരിയായ ഗ്രേറ്റ കൈയ്യില്‍ കരുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി സമരം ആരംഭിക്കുന്നതോടുകൂടി, അവളുടെ പേരില്‍ ചരിത്രം പുതിയൊരു നാഴികക്കല്ല് പാകി. രാവിലെ 8.30 മുതല്‍ വൈകീട്ട് 3വരെ ക്ലാസിലിരുന്നു പഠിക്കേണ്ട ഗ്രേറ്റ മുഴുവന്‍ സമയവും പ്ലക്കാര്‍ഡും കയ്യിലേന്തി പാര്‍ലമെന്റിനു മുന്നില്‍ സമരം ചെയ്തു. ആദ്യമാദ്യം ശ്രദ്ധിക്കപ്പെടാതെപോയ ആ കൊച്ചുകുട്ടിയുടെ ഉദ്ദ്യമം പിന്നീട് ചര്‍ച്ചയാകാന്‍ തുടങ്ങി. ഒരു പതിനഞ്ചുകാരി നടത്തുന്ന സ്‌കൂള്‍സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നുതുടങ്ങി. ദ ഗാര്‍ഡിയന്‍ ഗ്രേറ്റയെക്കുറിച്ച് ലേഖനമെഴുതി. അതോടെ ലോകത്തിന്റെ നാലുദിക്കുകളില്‍നിന്നും പലവിധമാളുകളുടെ പിന്തുണ സോഷ്യല്‍മീഡിയ വഴിയും അല്ലാതെയും ഗ്രേറ്റയ്ക്കു ലഭിച്ചു.              

ഗ്രേറ്റ പറഞ്ഞു, 'കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ നമ്മളെല്ലാവരും കാര്‍ബണ്‍ബഹിര്‍ഗമനം കുറയ്ക്കണം എന്നതാണ്. അതു വളരെ മുന്‍പേ ചെയ്യേണ്ടതായിരുന്നു. ഇനി ബര്‍ഹിര്‍ഗമനം കുറച്ചിട്ടൊന്നും ഒരു കാര്യവുമില്ല. താപനില ഒന്നര-രണ്ട് ഡിഗ്രി കൂടുന്നത് തടയണമെങ്കില്‍ കാര്‍ബണ്‍ബഹിര്‍ഗമനം പൂര്‍ണമായി അവസാനിപ്പിച്ചേ പറ്റൂ. 'ബഹിര്‍ഗമനം കുറയ്ക്കല്‍' വേണ്ടതുതന്നെയാണ്, ഇപ്പോഴേ എല്ലാവരുമത് തുടങ്ങിയാല്‍ മാത്രമേ ഒരു പതിറ്റാണ്ടിനുള്ളില്‍ ബഹിര്‍ഗമനം പൂര്‍ണമായി നിര്‍ത്താനാവൂ. പൂര്‍ണമായി എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത് 'പൂജ്യം' എന്നതാണ്. പിന്നീടത് നെഗറ്റീവിലേക്കു പോകണം. എന്നാല്‍ മാത്രമേ നമുക്കീ കെടുതികളില്‍ നിന്ന് രക്ഷപ്പെടാനാവൂ' 

- ലണ്ടന്‍ പാര്‍ലമെന്റ് ഹാളില്‍ 2019 ഏപ്രില്‍ 23ന് ഗ്രേറ്റ നടത്തിയ പ്രസംഗത്തില്‍ നിന്ന്. 

greta
പുസ്തകം  വാങ്ങാം

മഹാത്മാഗാന്ധിയെപ്പോലെ ജീവിതംകൊണ്ടു മാതൃകയാവുകയായിരുന്നു ഗ്രേറ്റയും. കാലാവസ്ഥാമാറ്റത്തിന്റെ ആശയപ്രചരണാര്‍ഥം യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്യേണ്ടിവന്ന ഗ്രേറ്റ തിരിഞ്ഞെടുത്തമാര്‍ഗം ഇലക്ട്രിക് കാര്‍ സവാരിയും ട്രെയിന്‍മാര്‍ഗവുമാണ്. ഉയര്‍ന്നതോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്ന വിമാനയാത്രകള്‍ ഗ്രേറ്റ ഒഴിവാക്കി. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പായ്ക്കപ്പലിലൂടെ സഞ്ചരിച്ചും തന്റെ സമരത്തോട് ഗ്രേറ്റ നീതി പുലര്‍ത്തി.  

ടൈം മാഗസിന്‍ 2018-ല്‍ ലോകത്തില്‍ സ്വാധീനിച്ച കൗമാരക്കാരുടെ പട്ടികയില്‍ ഗ്രേറ്റയും സ്ഥാനംപിടിച്ചു. കാലാവസ്ഥയ്ക്കുവേണ്ടി യുദ്ധക്കളത്തിലിറങ്ങിയ 'ജോന്‍ ഓഫ് ആര്‍ക്ക്' എന്ന് ന്യൂയോര്‍ക്ക് ടൈംസും 'ഈ കാലഘട്ടത്തിന്റെ നേതാവ്' എന്ന് പ്രശസ്ത ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ഗ്രേറ്റയെ വിശേഷിപ്പിച്ചു. 

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ തുറകളില്‍ ഗ്രേറ്റ നടത്തിയ ഇടപ്പെടലുകളും പ്രസംഗങ്ങളും ആ പെണ്‍കുട്ടിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഉപാധിയായിട്ടാണ് ഗ്രന്ഥകാരന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ഡെമോക്രസി നൗ ന്യൂസ് ചാനലിനുവേണ്ടി പ്രശസ്തപത്രപ്രവര്‍ത്തക എമി ഗുഡ്മാന്‍ ഗ്രേറ്റയുമായി നടത്തിയ ദീര്‍ഘസംഭാഷണവും ആ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, ഏതൊരു പ്രായക്കാര്‍ക്കും ഇതൊരു പാഠപുസ്തകമാണെന്നതില്‍ സംശയമില്ല.

ഗ്രേറ്റ ട്യുന്‍ബെര്‍ഗ്: ഭൂമിക്കുവേണ്ടി ഒരു സ്‌കൂള്‍കുട്ടിയുടെ പോരാട്ടം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Greta Thunberg Malayalam book review