പ്രേതം, ഭൂതം, യക്ഷി എന്നിങ്ങനെ പല പേരുകളില്‍ ഡ്രാക്കുള മുതല്‍ കള്ളിയങ്കാട്ട് നീലി വരെയുള്ള എക്കാലത്തെയും പേടികളില്‍ എന്തെങ്കിലും സത്യമുണ്ടോ? ഡയറക്ട് ആയിട്ട് ചോദിച്ചാല്‍ നിങ്ങള് പ്രേതത്തെ കണ്ടിട്ടുണ്ടോ? പോട്ടെ പ്രേതമുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടില്‍ ഒറ്റയ്ക്ക് ഒരു രാത്രി താമസിക്കാമോ? പ്രേതമുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും സ്ഥലവാസികള്‍ അനുഭവസാക്ഷ്യങ്ങള്‍ പങ്ക് വെയ്ക്കുന്നതുമായ സ്ഥലങ്ങളില്‍ രാത്രി ചിലവഴിച്ച ഒരാളുടെ നേരനുഭവങ്ങളടങ്ങിയ ഒരു പുസ്തകത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. ജി ആര്‍ ഇന്ദു ഗോപന്റെ പ്രേത വേട്ടക്കാരന്‍.

എഴുത്തുകാരന്‍ ജോലിയുടെ ഭാഗമായി നടത്തിയ  സാഹസിക സഞ്ചാരങ്ങളാണ് പുസ്തകത്തിന്റെ പ്രധാന ഭാഗം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ റോഡിനോട് ചേര്‍ന്ന് ആള്‍പ്പാര്‍പ്പില്ലാത്ത വലിയ ഒരു വീട്ടില്‍, കന്യാകുമാരി ജില്ലയിലെ കുഗ്രാമത്തിലുള്ള ഒരു ചെറിയ വീട്ടില്‍, തമിഴ്നാട്ടിലെ പദ്മനാഭപുരം കൊട്ടാരത്തിനടുത്തായി മയ്യക്കോട്ട എന്ന കുന്നിലൊക്കെ എഴുത്തുകാരന്‍ ഉള്ളിലൂറുന്ന പേടിയും ജിജ്ഞാസയും കോര്‍ത്തിണക്കി അങ്ങേ ലോകത്തെന്നോ പോയ ആള്‍രൂപങ്ങളെ കാത്തിരുന്നു. പകല്‍ വെളിച്ചത്തിലെത്ര ഇല്ലെന്നു പറഞ്ഞാലും ഇരുട്ടിന്റെ വിരട്ടലില്‍ നട്ടെല്ലില്‍ അരിച്ചു കയറുന്ന ഭയത്തിന്റെ വാള്‍ മുനയുരയുന്നത് താനനുഭവിച്ചെന്ന് കലര്‍പ്പില്ലാതെ പകര്‍ത്തി വെച്ചു. ശൂന്യതയില്‍ നിന്നും മനസ്സ് നെയ്തെടുക്കുന്ന ശബ്ദങ്ങളെയും രൂപങ്ങളെയും യുക്തി കൊണ്ട് ചിന്തേരിട്ട് നേരം വെളുപ്പിച്ച ആ അനുഭവങ്ങള്‍ ഒരു വിറയലോടെത്തന്നെ നമുക്ക് വായിക്കാം. യാഥാര്‍ഥ്യത്തിന്റെ ഈ കടുപ്പം അനുഭവങ്ങളില്‍ നിന്നും നേരിട്ട് കഥകളിലേക്ക് പോകുന്നില്ല പുസ്തകം. 

GR Indugopan
ജി.ആര്‍ ഇന്ദുഗോപന്‍

യാഥാര്‍ഥ്യവും ഭാവനയും ഇടകലര്‍ന്ന ഒന്നുണ്ടിതില്‍. 'ഒരു പ്രേതബാധിതന്റെ ആത്മകഥ' എന്ന് പേരിട്ടിരിക്കുന്ന ഭാഗത്ത് തിരുവിതാംകൂറിന്റെ ചരിത്രത്താളുകളിലൂടെ തുടരുന്ന ഒരു പ്രതികാര വാഞ്ജയ്ക്ക് ഭാവനയുടെ ഒരു മാന്ത്രികപശ്ചാത്തലമൊരുക്കിയിരിക്കുന്നു. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇന്നത്തെ തിരുവനന്തപുരത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ മിത്തുകളും ചരിത്രവും പുതിയ കാലത്തെ സംഭവങ്ങളും ഫിക്ഷന്റെ നൂലില്‍ കോര്‍ത്ത പുസ്തകത്തിലെ ഈ ഭാഗം ഭയത്തിന്റെയും അത്ഭുതത്തിന്റെയും ഒരു പുതിയ ദേശം തന്നെ വരച്ചിടുന്നു. ഇനിയുള്ളത് കഥകളാണ്. ഒരിക്കല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പരിചയപ്പെട്ട പ്രേത വേട്ടക്കാരനെക്കുറിച്ചെഴുതിയത് മുതല്‍ കൊച്ചിയിലെ പാട്ട് സായിപ്പിനെക്കുറിച്ചും അനശ്വര നടന്‍ ജയനെക്കുറിച്ചു വരെയുള്ള ഭീതിയുടെ കഥകള്‍. അതീന്ദ്രീയാനുഭവങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കും അനേകം പ്രേതകഥകള്‍ക്കും ശേഷവും പ്രേതമുണ്ടോ എന്നൊരു ചോദ്യത്തിന് കോണ്‍ക്രീറ്റായ ഒരുത്തരം വേണമെങ്കില്‍ ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട് പുസ്തകം. പ്രേതം എന്തുമാകാം. ഇരുട്ടിലെ ചില സഞ്ചാരങ്ങളോ, സൂക്ഷ്മമായ ഊര്‍ജ കണങ്ങളോ അങ്ങനെയെന്തും. പ്രകൃതിയില്‍ ചേരും വരെ പാവലിന്റെ വള്ളികള്‍ പോലെ പ്രീയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പിടിച്ചു നിന്ന് അവിടെ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്ന സാന്നിധ്യങ്ങള്‍. നമ്മള്‍ തേടിയാല്‍ മാത്രം നമ്മെയും തേടി വരുന്നവര്‍. ഇത് തീര്‍ച്ചയായും അന്ധവിശ്വാസത്തെ പ്രൊമോട്ട് ചെയ്യുന്ന ഒരു പുസ്തകമല്ല. ചില അനുഭവങ്ങള്‍, കഥകള്‍, കേട്ട് കേള്‍വികള്‍ എന്നിവയാണ്. യുക്തിയും അതീത ശക്തികളോടുള്ള ആദിമമായ ആകാംക്ഷകളും തരം പോലെ ഉപയോഗിച്ച് ഈ അപൂര്‍വ പുസ്തകം ആസ്വദിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

പ്രേതവേട്ടക്കാരന്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: GR Indugopan New Malayalam Book review Mathrubhumi Books