38 വയസ്സുണ്ട്. ആകെ ഒരു ബുക്കേ എഴുതിയിട്ടുള്ളൂ. പക്ഷേ അത് ബി ബെസ്റ്റ് സെല്ലര്‍ സാഹിത്യമത്സരത്തില്‍ (അതെന്തുതരം മത്സരമായാലും ഫോറിനല്ലേ.. ! ) 300 ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍നിന്നും ഒന്നാമതെത്തിയത്രേ. പുസ്തകത്തിന്റെ പേര് 'റഫ്‌ളീസിയ'. ഇന്തോനേഷ്യയിലും മറ്റും കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പൂവ്. 5 മുതല്‍ 10 കിലോവരെ ഭാരമുള്ളത്.  പക്ഷേ അടുത്തു പോകാനാവാത്ത വിധം ചീഞ്ഞ മണമുള്ളത്. ആലീസ് ഡോഡ്ജ്‌സണ്‍ എന്ന തൂലികാനാമമുള്ള ജോര്‍ജ്ജിയന്‍ എഴുത്തുകാരി എഴുതിയ ഈ കൊച്ചുനോവലില്‍ അതിസാധാരണമായ പ്രണയകഥയാണ് പറയുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി ജീവിത നിരാശ ബാധിച്ച അന്റോയിന്‍ എന്ന ഫ്രാന്‍സുകാരന്‍ കൂട്ടുകാരി ലിന്‍ഡയുടെ നിര്‍ദ്ദേശപ്രകാരം മൊറോക്കോയിലെ മരാക്കെഷില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതും അവിടെവച്ചു കണ്ട അനലിസ എന്ന സ്പാനിഷ് ചുവയില്‍ സംസാരിക്കുന്ന സ്ത്രീയുമായി പ്രണയബദ്ധനാവുന്നതും തിരിച്ചു വന്ന് ഭാര്യയെ അവളുടെ വഴിക്ക് പോകാന്‍ അനുവദിച്ച് കാമുകിയ്ക്കായി കാത്തിരിക്കുന്നതുമാണ് സംഭവം.  

കഥ ശുഭപര്യവസായി അല്ല. 118 പേജുള്ള നോവലില്‍ പ്രണയത്തിന്റെയും കാമകേളികളുടെയും നീണ്ട വിവരണങ്ങള്‍ക്കും തെരുവുവര്‍ണ്ണനകള്‍ക്കും ശേഷം നൂറ്റി പതിനെട്ടാമത്തെ പേജില്‍ ഒരു ട്വിസ്റ്റ് ഒളിപ്പിച്ചുവച്ചുകൊണ്ടായിരിക്കും ബെസ്റ്റ് സെല്ലര്‍ സാഹിത്യമത്സരത്തിലെ ജൂറിമാരെ ആലിസ് ഞെട്ടിച്ചത്. അല്ലാതെ യുക്തിയും നമ്മുടെ നാട്ടില്‍ കാണുന്നതുപോലെ സാമൂഹിക പ്രതിബദ്ധതയും പ്രത്യയശാസ്ത്രബദ്ധതയും രാഷ്ട്രീയവുമൊന്നും പ്രത്യക്ഷത്തില്‍ നോവലിനില്ല. നോവല്‍ ബഹുസ്വരമാണ്, കാര്‍ണിവലൈസേഷനാണ് തുടങ്ങിയുള്ള യോഗ്യതാ പരാമര്‍ശങ്ങളും 2016 ല്‍ ഇറങ്ങിയ ( ഫ്രെഞ്ചില്‍നിന്നുള്ള വിവര്‍ത്തനം 2020 ല്‍) നോവലിനു ചേരില്ല. വളരെ ഋജുവായ ഘടനയുള്ള ഒന്ന്. കഥാഗതിക്ക്, ഫ്രാന്‍സില്‍നിന്നു തുടങ്ങി മൊറോക്കോയിലൂടെ സ്‌പെയിന്‍വരെ പോകുന്ന ഭൂമിശാസ്ത്രപശ്ചാത്തലമായുള്ളത് രാഷ്ട്രാന്തരീയതലം നല്‍കുന്നു എന്നേയുള്ളൂ. മറ്റൊരു കാര്യം വിശദമായ ലൈംഗിക വര്‍ണ്ണനകളാണ്. സ്ത്രീയാണെഴുതുന്നത് എന്നതു വച്ചു വായിക്കുമ്പോള്‍ മൂന്നാം ലോകരാഷ്ട്രത്തിലെ (ദരിദ്രനായ) പുരുഷനുണ്ടാക്കുന്ന ഇക്കിളി മറ്റൊരു 'ആഡെഡ് അഡ്വാന്റേജാണ്'. പക്ഷേ സ്ത്രീ, പുരുഷന്റെ ലൈംഗിക ഇംഗിതങ്ങളെ വിവരിക്കുന്നതിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു സ്ത്രീയുടെ കാംക്ഷകളുണ്ട്. എത്രയൊക്കെ സൂക്ഷിച്ചാലും ആദ്യമായി എഴുതുന്ന നോവലില്‍ - ആദ്യത്തെ വിനിമയത്തില്‍ - അത് പ്രത്യക്ഷമായി പോകും. ആ പ്രശ്‌നവും ഉള്‍ക്കുളിരോടെ നമുക്കിവിടെ വായിക്കാം.

ആലിസ് തൊഴിലില്‍ ഒരു സൈക്കോളജിസ്റ്റാണ്. തന്റെ ജീവിത പരിസരത്തുനിന്നുള്ള ചില തൊഴില്പരമായ നിരീക്ഷണങ്ങള്‍ നോവലില്‍ ഉണ്ട്. അതിലൊന്ന് കുട്ടിക്കാലത്ത് വീട്ടില്‍ പാര്‍ട്ടി നടക്കുമ്പോള്‍ മേശക്കടിയില്‍ ഒളിഞ്ഞിരിക്കാനുള്ള കുട്ടികളുടെ പ്രവണതയെ അന്റോയിന്റെ പുകവലിയോടുള്ള വെറുപ്പുമായി ബന്ധപ്പെടുത്തുന്നതാണ്. സ്ത്രീകളുടെ തുടയിലേക്ക് നീളുന്ന വിരലുകളിലൊന്ന് പിതാവിന്റേതായിരുന്നതുകൊണ്ട്, മകന്‍ തന്റെ 'കളിതമാശ' കണ്ടിരിക്കും എന്നുറപ്പുള്ള പിതാവ്, നീ പ്രായപൂര്‍ത്തിയായി എന്നും പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ വച്ച് ചുരുട്ട് വായില്‍ തിരുകിക്കൊടുത്തതാണ് ആ സംഭവം. പക്ഷേ ആ തീവ്രമായ മാനസികാഘാതം അനലിസയ്ക്കു വേണ്ടി അയാള്‍ കളയുന്നു. പ്രണയം നമ്മുടെ മാനസികപ്രശ്‌നങ്ങളില്‍നിന്നു ഫീസുകൊടുക്കാതെ രക്ഷപ്പെടുത്തുന്നു എന്നല്ലേ അതിനര്‍ത്ഥം !  ഭര്‍ത്താവിനു പുറമേയൊരാളെ പ്രണയിക്കുമ്പോഴും സംഗമിക്കുമ്പോഴും ഭാര്യ മരിലീന്‍ അനുഭവിക്കുന്ന കുറ്റബോധത്തെ നാടകീയമായി പുറത്തിടുന്നതാണ് മനഃശാസ്ത്രപരമായ മറ്റൊരു വെളിപാട് സന്ദര്‍ഭം.  അനലീസയുടെ പൂര്‍വജീവിതത്തില്‍ അവള്‍ ഷെല്‍മയായിരുന്നു. മൊറോക്കോപോലെയുള്ള മൂന്നാം ലോകരാജ്യത്ത് ഒരു പെണ്‍കുട്ടി സഹോദരന്മാരില്‍നിന്ന് അനുഭവിക്കുന്ന, ഭാര്യ ഭര്‍ത്താവില്‍നിന്ന് അനുഭവിക്കുന്ന ക്രൂരമായ ലൈംഗികവും അല്ലാത്തതുമായ പീഡനങ്ങള്‍ നോവലിലെ പ്രധാന വിവരണങ്ങളിലൊന്നാണ്.  

അനലിസയുടെ രക്ഷാകര്‍ത്താവായ ഡോണ്‍ ഡിയോഗയെ (അലൈലയുടെ ഭര്‍ത്താവ്, അവരാണ് വീട്ടില്‍നിന്ന് രക്ഷപ്പെട്ടോടിവന്ന അവളെ രക്ഷിച്ച് സ്‌പെയിന്‍ പൗരത്വമുള്ളവളാക്കിമാറ്റുന്നത്) അവള്‍ സംശയിക്കുന്നതുകൂടി (പീഡനങ്ങളുടെ ഭൂതകാലം ആരെയും അങ്ങനെ വിട്ടൊഴിഞ്ഞു പോകില്ലല്ലോ) എഴുത്തുകാരിയുടെ മനഃശാസ്ത്രജ്ഞാനത്തിന്റെ ഉദാഹരണമായി ചേര്‍ത്തുവയ്ക്കാം.  കാലത്തിനു ചേര്‍ന്ന വൈകാരിക ഉപാധികള്‍ ഒന്നിച്ചുവച്ച് ഒരു സോഫ്ട് വെയറില്‍ തയ്യാറാക്കാക്കിയതുപോലെയുണ്ട് ലളിതമായ കഥാഘടനയുള്ള ഈ നോവല്‍. 

റഫ്‌ളീസിയ എന്ന പൂവിന് നോവലിലുള്ളത് രൂപകപദവിയാണ്. ദൂരെനിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുന്നത്, അടുത്തു ചെല്ലുമ്പോള്‍ അപകടകരമാംവിധം ദുരന്തവാഹിയായിരിക്കും എന്നതാണ് അത്. മനുഷ്യന്റെ കാര്യത്തിലും നമുക്ക് അടുത്തു നില്‍ക്കാനും അടുത്തറിയാനും സാധ്യമല്ലാത്ത ചിലതെല്ലാം ഉണ്ട്.  ' ഏതെങ്കിലും വ്യക്തിയെ അകലെനിന്നു നിരീക്ഷിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും  അയാള്‍ നന്നായി ജീവിക്കുന്നു എന്ന്, അയാള്‍ സന്തുഷ്ടനാണെന്നും ചരിതാര്‍ത്ഥനാണെന്നും ജീവിതം ആസ്വദിക്കുന്നുണ്ടെന്നും നിങ്ങള്‍ വിശ്വസിക്കും. എന്നാല്‍ അടുത്തു ചെന്നു നോക്കൂ. അയാള്‍ ജീവിക്കുന്നത് കപടമായ ഒരു ബാഹ്യശോഭയിലാണ്. സ്വന്തം ദുഃഖങ്ങളിലും ദുരിതങ്ങളിലും വീണു ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുകയാണ്....'' അന്റോയിനും മരിലിനും ഭാര്യാഭര്‍ത്താക്കളായി പരസ്പരം വെറുത്തു ജീവിക്കുനന്തിനെപ്പറ്റി  വൈന്‍ കുടിച്ചു പൂസായിട്ട് മരാക്കെഷില്‍വച്ച് (മൊറോക്കോ) അനലിസ പറയുന്നതാണിത്. ഇതിന്റെ നേരെ എതിര്‍വശത്ത് വന്നു നിന്നാണ് നോവല്‍ അവസാനിക്കുന്നത്. ഫ്രാന്‍സില്‍, റഫ്‌ലീസിയയുടെ മണം അന്റോയിനെ അവസാനം തേടിയെത്തുന്നത് വേറെയൊരിടത്ത് നിന്നാണ്. 

RAFFLESIA
പുസ്തകം വാങ്ങാം

ആനന്ദ് നീലകണ്ഠന്റെ രാവണനും ഡൊമിനിക് ലാപ്പിയറുടെ സിറ്റി ഓഫ് ജോയിയും വിവര്‍ത്തനം ചെയ്ത എന്‍ ശ്രീകുമാറിന്റെയാണ് പരിഭാഷ.  ആലിസ് ഇന്‍ ദ വണ്ടര്‍ ലാന്റില്‍നിന്നും ആലിസും ആ നോവല്‍ എഴുതിയ ചാള്‍സ് ലുഡ്വിഗ് ഡോഡ്ജ്‌സണില്‍നിന്ന് രണ്ടാം ഭാഗവുമെടുത്തുണ്ടാക്കിയ കള്ളപ്പേരാണ് *ആലിസ് ഡോഡ്ജസണ്‍.* മനഃശാസ്ത്രപരമായി ചെറിയൊരു ആത്മവിശ്വാസക്കുറവ് എഴുത്തുകാരിക്ക് അവിടെത്തന്നെയുണ്ട്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Georgian novel Rafflesia Malayaam book review