അധികാരഗര്വ്വിന്റേയും അടിമത്തത്തിന്റേയും തടവറകളില്‍ തളയ്ക്കപ്പെട്ട മനുഷ്യരുടെ ഉള്ളിലേക്ക് കരുത്തിന്റേയും കരുണയുടേയും ലോഹമുരുക്കിയൊഴിക്കുകയാണ് സാറാ ജോസഫ് 'എസ്തേര്‍' എന്ന നോവലിലൂടെ. ബൈബിള്‍ പഴയനിയമത്തില്‍നിന്നും ചീന്തിയെടുക്കുക യായിരുന്നു അതിസുന്ദരിയായ എസ്തേറിനെ. പറഞ്ഞുപഴകിയ കഥയുടെ പിന്നാമ്പുറത്തുകൂടി നടന്നപ്പോള്‍ അരിച്ചിറങ്ങിയ വെട്ടം എസ്തേറിന്റെ കണ്ണിലെ കരുണയുടേതാണെന്ന തിരിച്ചറിവായിരുന്നു ഈ പുസ്തകത്തിന്റെ കാതല്‍. കലഹത്തിന് കാരണക്കാരിയായ എസ്തേറിനെയാണ് ഇക്കാലമത്രയും കേട്ടിരുന്നതെങ്കില്‍, അനാഥബാലികയായ എസ്തേറിന്റെ ജീവിതത്തിലെ ഇരുളും വെളിച്ചവും കലര്‍ന്ന വഴികളിലേക്കാണ് സാറാജോസഫ് വെളിച്ചം വീശിയത്.
യഹൂദനായ മൊര്ദ്ദെഖായിയുള്പ്പെടെ കുറെ മനുഷ്യരെ ബാബേല്‍ രാജാവായ നെബുഖദ്നേസര്‍ യെരൂശലേമില്‍നിന്ന് പ്രവാസികളുടെ കൂട്ടത്തില്‍ പിടിച്ചുകൊണ്ടുപോയിരുന്നു. മൊര്‍ദ്ദെഖായിയുടെ ചിറ്റപ്പന്റെ മകള്‍ ഹദസ്സെയെന്ന എസ്തേര്‍ അനാഥയായതിനാല്‍ മൊര്‍ദ്ദെഖായി അവളേയും കൂട്ടത്തില്‍ കൂട്ടി. സൗന്ദര്യത്തിന്റെ പര്യായമായിരുന്നു എസ്തേര്‍. ഹിന്ദ് മുതല്‍ കുശ് വരെ നൂറ്റിയിരുപത്തിയേഴ് സംസ്ഥാനങ്ങളുടെ ഭരണാധിപനായ അഹശ്വേരോശിന്റെ ഭരണകാലത്താണ് മോര്ദ്ദെഖായിയും എസ്തേറും ആ രാജ്യത്ത് ജീവിച്ചിരുന്നത്. യഹൂദരായ ഒറ്റപ്പെട്ട ജനതയ്ക്ക് അതിതീവ്രമായ മാനസികസംഘര്‍ഷത്തിലും അതിജീവനത്തിന്റെ യാതനയിലും സാഹസികമായി ജീവിതം നയിക്കേണ്ടിവന്നു. അപ്പോഴും എസ്തേര്‍ മൊര്‍ദ്ദെഖായിയുടെ വളര്‍ത്തുമകളായി, അവളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളുടെ ഒപ്പം ജീവിച്ചു. യോഹാന്റെ മുറ്റത്തേയ്ക്ക് വിശക്കുന്നവന്റെ അന്നവുമായി എത്തുന്ന എസ്തേര്‍ ദയയുടെ ആള്‍രൂപമായാണ് അവതരിപ്പിയ്ക്കപ്പെടുന്നത്. അപ്രതീക്ഷിതമായി അഹശ്വേരോശ് രാജാവിന്റെ സ്വകാര്യജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍മൂലം രാജാവിന് പുതിയ പത്നിയെ തെരഞ്ഞെടുക്കേണ്ടി വരുന്നു. ആഢംബരവും ആഘോഷവും നിറഞ്ഞ കൊട്ടാരത്തിലേക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ യെത്തിച്ചു. അതില്‍നിന്നാണ് പുതിയ റാണിയെ തെരഞ്ഞെടുക്കുക. മൊര്‍ദ്ദെഖായി എസ്തേറിനെ ആ കൊട്ടാരത്തിലേയ്ക്കെത്തിയ്ക്കുന്നു. അന്നുമുതലാണ് എസ്തേറിന്റെ ജീവിതം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായത്.
സ്വപ്നങ്ങളും ആഗ്രഹങ്ങളും മറ്റാരുടെയൊക്കെയോ ഇംഗിതത്തിനുവഴങ്ങി അമര്‍ച്ച ചെയ്യപ്പെടേണ്ടിവരുന്ന സ്ത്രീകളുടെ പ്രതീകമായി മാറി എസ്തേര്‍. സ്വപ്നസമാനമായ സുഖഭോഗങ്ങള്‍ക്ക് നടുവിലും കടുത്ത ഏകാന്തതയില്‍ തടവറ ജീവിതം നയിച്ച അവള് നിശബ്ദമായി സഹിച്ചു. എന്താണവള്‍ക്ക് വേണ്ടത് എന്ന ചോദ്യത്തിന് എഴുത്താണിയും മഷിക്കുപ്പിയും ആവശ്യപ്പെട്ട എസ്തേര്‍ ചിന്തിക്കുന്ന സ്ത്രീയായി അടയാളപ്പെടുത്തുന്നു. പരിഗണനയ്ക്കും ശൂശ്രൂഷയ്ക്കുമപ്പുറം വലുതാണ് സ്വാതന്ത്ര്യമെന്ന തിരിച്ചറിവിലേയ്ക്ക് വളരുന്ന എസ്തേര്‍ നിസ്സംഗതയോടെ തന്റെ ജീവിതം നോക്കിക്കാണുന്നു.
ഒടുവില്‍ എസ്തേര്‍ തന്നെ മഹാറാണിയായിത്തീരുന്നു. തികഞ്ഞ സൗന്ദര്യവും സൗമ്യതയും രാജാവിനെ എസ്തേറിലേയ്ക്ക് ആകര്‍ഷിക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങള്‍ വംശീയതയുടേയും വര്‍ഗ്ഗങ്ങളുടേയും പേരില്‍ നടക്കുന്ന കലാപങ്ങളും അഭയാര്‍ത്ഥികളുടെ അരാജകത്വവുമാണ്. അവിടെ രാജാവിന്റെ പ്രധാന ഉപദേഷ്ടാവായ ഹാമാന് യഹൂദര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താനുള്ള അനുമതി രാജാവിന്റേയും റാണിയുടേയും പക്കല്‍നിന്ന് തന്ത്രപരമായി വാങ്ങുന്നു. അപ്പോഴും താന്‍ യഹൂദവംശജയാണെന്ന് പറയാനാവാതെ ഉള്ളിലടക്കിയ ഭാരവുമായ എസ്തേര്‍ കൊട്ടാരത്തില്‍ വീര്പ്പൊതുക്കി കഴിയുന്നു. സ്വത്വം നഷ്ടപ്പെട്ടവളുടെ അടക്കിയ വിലാപങ്ങള്‍ പൗരാണികകാലം മുതല്‍ കേട്ടിരുന്നതായി നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.
യോഹവയുടെ ആജ്ഞകള്‍ക്കനുസരിച്ച് മാത്രം ജീവിക്കുന്ന മൊര്‍ദ്ദെഖായി തന്ത്രപൂര്ണ്ണമായി ഇടപെട്ട് ഹാമാന്റെ അധികാരം ഇല്ലാതാക്കി, അയാളെയും കുടുംബത്തേയും ഉന്മൂലനം ചെയ്യുന്നു. അധികാരവ്യവസ്ഥിതിയില്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന ഇടനിലക്കാരുടെ ശക്തിയും ബുദ്ധിയും ഒരു രാജ്യത്തെ ഏതുതരത്തില്‍ അരക്ഷിതമാക്കുമെന്ന് നോവലില്‍ പ്രതിപാദിയ്ക്കുന്നു. യഹൂദരുടെ സംരക്ഷണവും മറ്റ് വിഭാഗങ്ങളെ കൊലചെയ്യുവാനുള്ള അധികാരവും എസ്തേറിനെ ഭയപ്പെടുത്തിയും അനുനയിപ്പിച്ചും മൊര്‍ദ്ദെഖായി നേടിയെടുക്കുന്നു. സംരക്ഷകന്റെ മുന്നില്‍ വിധേയത്വം കാണിക്കേണ്ടതിന്റെയും സാധാരണക്കാരുടെ കൂട്ടകൊലയ്ക്ക് കാരണമാകേണ്ടി വന്നതിന്റേയും കുറ്റബോധം എസ്തേറിനെ വലയ്ക്കുന്നു. രാജാവില്‍നിന്നും അവള്‍ക്ക് അകന്നുമാറേണ്ടതായി വരുന്നു. മഹാറാണിയാണെങ്കിലും ആരുടെയോ പാവയാവേണ്ടിവന്ന ദുരന്തജീവിതം ഏതുകാലത്തും സ്ത്രീയ്ക്ക് പുതിയതല്ലെന്ന സൂചനയും നോവലിന്റെ ആന്തരികഭാവമാണ്.
വ്യത്യസ്ത മതവിഭാഗങ്ങള്വസിക്കുന്ന രാജ്യത്ത് ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിന് അധികാരവ്യവസ്ഥിതിയ്ക്ക് ഒത്താശചെയ്യുന്ന ദല്ലാള്‍മാരെ ചൂണ്ടിക്കാണിക്കുക കൂടിയാണ് എഴുത്തുകാരി. വേദപുസ്തകത്തിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും അടിയൊഴുക്കുകളൊന്നുതന്നെ. യഹോവയുടെ നാമത്തിലാണ് അവളെ മൊര്‍ദ്ദെഖായി ഭയപ്പെടുത്തിയിരുന്നത്. വിശ്വാസമൊരു ഭയപ്പെടുത്തലാണെന്ന തിരിച്ചറിവിലൂടെയാണ് എസ്തേറിന്റെ കണ്ണുതുറക്കപ്പെടുന്നത്. ഇത്രയും പകയുള്ള രക്തദാഹിയായ, യുദ്ധാസക്തനായ യഹോവയെ എങ്ങനെയാണ് അനുസരിക്കേണ്ടത് എന്നവള്‍ ആശങ്കാകുലയാകുന്നു.
യുദ്ധങ്ങള്‍ സൃഷ്ടിയ്ക്കുന്ന ദുരന്തമുഖത്ത് കരുണയോടെയും വേദനയോടെയും നോക്കിനില്ക്കുന്ന എസ്തേര്‍ കാലത്തിന്റെ പ്രതിനിധിയാണ്. തിരുത്തുവാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുവര്ക്കുള്ള മറുപടി കൂടിയാണ് എസ്തേര്‍. യുദ്ധങ്ങള്‍ എന്നും വേദനയും ദുരിതവുമാകുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധജനങ്ങള്ക്കുമാണ്. പാപം ചെയ്യാത്തവര്‍ പകയില്‍ എരിഞ്ഞുതീരുന്നത് പുരാതനകാലം മുതല്‍ കണ്ടുമടുത്ത കാഴ്ചകളാണ്. അതുകൊണ്ടുതന്നെയാണ് എസ്തേര്‍ തന്റെ അടിമത്തത്തില്‍നിന്നും ഉയിര്ത്തെഴുന്നേല്ക്കുന്നത്. തന്ത്രത്തിലൂടെ അതിസമര്‍ത്ഥമായി സമാധാനം തിരിച്ചുപിടിക്കുന്നവരുടെ പ്രതീകമായി അവളെ സാറാജോസഫ് അവതരിപ്പിയ്ക്കുന്നു.

മൊര്‍ദ്ദെഖായി ആക്രമിച്ചവരുടെ ഭവനങ്ങളില്‍ സമ്മാനങ്ങളും സാന്ത്വനവുമായി കടന്നു ചെല്ലുമ്പോള്‍ രാജ്യം സമാധാനത്തിലേയ്ക്ക് വഴിതുറക്കും. ജന്മനാല് എസ്തേറിന്റെ കണ്ണില്‍ തിളങ്ങിയ കരുണകൊണ്ട് അഹന്തയുടേയും അസഹിഷ്ണുതയുടേയും രാജമാര്ഗ്ഗങ്ങളെ ഉന്മൂലം ചെയ്യാനാകുന്ന എസ്തേര്‍ പുതിയ പാഠമാവുകയാണ്. വേദപുസ്തകത്തിലെ എസ്തേറിന്റെ കഥയ്ക്ക് നോവല്‍രൂപം നല്കിയപ്പോള് സാറാജോസഫ് അധികാരം കൈയ്യിലുള്ള സ്ത്രീയായാലും തികച്ചും അഭ്യന്തരമായ ലോകത്തെ സംഘര്‍ഷങ്ങളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
Content Highlights: Esther Malayalam Novel by Sarah Joseph book review