ബ്രിട്ടീഷ് എഴുത്തുകാരന്‍ മാര്‍ക്ക് ബീച്ചിന്റെ കവിതയെന്നു ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന wild creatures എന്ന കവിത 'Hearts are wild creatures. Thats why ribs are cages 'എന്ന  വരികളിലൂടെയാണ് ആരംഭിക്കുന്നത്. മനുഷ്യഹൃദയത്തേക്കാള്‍ വന്യമായ ചിന്തകളുള്ള മറ്റൊരു ജീവിയുണ്ടാവില്ല എന്ന ഈ വരികളുടെ ആശയം കൃത്യമായി പ്രതിഫലിപ്പിക്കപ്പെടുന്ന മലയാളത്തിലെ ഏറ്റവും പുതിയ കൃതിയാണ് അഖില്‍.കെ എഴുതിയ ' സിംഹത്തിന്റെ കഥ 'എന്ന നോവല്‍. ഇരയെയും വേട്ടക്കാരനെയും ബന്ധിപ്പിക്കുന്ന ക്രൂരകൃത്യങ്ങളെയും അതിന് പശ്ചാത്തലമാകുന്ന വനപ്രദേശങ്ങളും തെയ്യംപോലുള്ള മിത്തുകളും കഠിനമായ ആചാരങ്ങളുമെല്ലാം ചേര്‍ന്ന  ഭൂമികയും പുരാണ കഥാപശ്ചാത്തലവുമെല്ലാം ദൂരൂഹവും. അതേ സമയം ഭ്രമിപ്പിക്കുന്നതുമായ ഒരു വര്‍ണപ്രപഞ്ചത്തിലേക്ക് എകര്‍മലയും പുരപുരിയും എട്ടുനാടുമെല്ലാം ചേര്‍ന്ന ദുരൂഹഭൂമിയിലേവക്ക് വഴി നടത്തുന്നു. 

കഥയിലെ കേന്ദ്രകഥാപാത്രമായ ആദിയാണ് 'ഒരുവന്‍ തുനിഞ്ഞിറങ്ങിയാല്‍ നമുക്കവനെ തടയാനാകില്ല ' എന്ന സംഭാഷണത്തിനുടമ. ആദിയുടെയും സഹോദരന്റെയും അവരുടെ കൂട്ടാളികളുടെയും പ്രതികാരദാഹത്തിന്റെ/ അവരുടെ വിജയത്തിന്റെ കഥയാണ് സിംഹത്തിന്റെ കഥ എന്ന നോവല്‍ 215 പേജുകളില്‍ ഒരു നാടിനെ, ആ നാടിനെ രൂപപ്പെടുത്തിയെടുക്കുന്ന വിശ്വാസങ്ങളെ ആ വിശ്വാസങ്ങള്‍ കൊണ്ടു രൂപീകൃതമായ  ജനതതിയുടെ സംസ്‌കാരത്തെ, ആ സംസ്‌കാരത്തെ നിലനിറുത്താന്‍ മാത്രം രൂപം കൊണ്ടതെന്ന  പോലുള്ള മിത്തുകളെ, അവരുടെ നിസ്സഹായതകളെ, അത്യാഗ്രഹങ്ങളെ, കാമനകളെ, ഭയപ്പാടുകളെ എന്നിവയെല്ലാം ആഖ്യാനഭംഗി കൊണ്ട് നമ്മുടേതാക്കുന്ന ഒരു സാങ്കേതികത്തികവാണ് അഖിലിന്റെ ആഖ്യാനഭംഗി.

'ദൈവം പോലും ദുര്‍ബലനെയാണ് നശിപ്പിക്കുന്നത്' എന്ന വാചകമാണ് ഒരര്‍ത്ഥത്തില്‍ ഈ നോവലിനെ നയിക്കുന്നത്. ദൗര്‍ബല്യങ്ങളെ മറികടന്ന് ലക്ഷ്യത്തിലേക്ക് പാഞ്ഞടുത്ത അയാളുടെ കൂട്ടാളികളും നമ്മുടെ മുന്നില്‍ വിരിച്ചിടുന്നത് പൈതൃകമുറങ്ങുന്ന വിശാലമായൊരു സാംസ്‌കാരിക ഭൂപടമാണ്. വണ്ണാത്തിപ്പുഴയൊഴുകുന്ന വഴികളില്‍ മാത്രം സഞ്ചരിച്ചുതീരുന്ന ഈ പ്രമേയം ഗള്‍ഫില്‍ നിന്നും ഗിരിയെയും കൈലാസത്തില്‍ നിന്ന് സാക്ഷാല്‍ പരമേശ്വരനെയും ഈ ഭൂമികയിലേക്കാവാഹിച്ചു വരുത്തിയാണ് തന്റെ ഗരിമ പ്രകടിപ്പിക്കുന്നത്. ഏഴിമലയിലെ നാവികസേന അക്കാദമിയുടെ ഗാംഭീര്യവും കാലഹരണപ്പെടുന്ന വിശ്വാസങ്ങളിലെ ജനങ്ങളുടെ ആശങ്കയും, ടൂറിസം, വനം മാഫിയയുമെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന ഈ നോവല്‍ നവീനമായൊരു വായനാനുഭവം തന്നെയാണ് പങ്കുവെക്കുന്നത്. 

പ്രഹരമേല്‍ക്കപ്പെടുന്ന/കൊല്ലപ്പെടുന്ന സ്ത്രീകളല്ലാതെ സ്ത്രീസാന്നിധ്യം ഇതില്‍ കുറവാണ്. അങ്ങനെല്ലാത്തവരുടെ സ്വത്വം ചോദ്യം ചെയ്യപ്പെടുമെന്ന് സുമതിയുടെയും റഷ്യക്കാരിയുടെയും നിര്‍മിതികളിലൂടെ ബോധ്യപ്പെടുത്തി സമൂഹത്തിന്റെ സ്ത്രീവിരുദ്ധത വ്യക്തമാക്കുന്നു. 

Book Cover
പുസ്തകം വാങ്ങാം

അത്യപൂര്‍വ്വമായ മറ്റൊരു സവിശേഷത കൊലപാതകങ്ങളിലെ പങ്കാളിയായ അഖില്‍ എന്ന  കഥാപുസ്തകമെഴുതിയ ചെറുപ്പക്കാരനാണ്. കാലം കല്‍ക്കിയാക്കി മാറ്റിയൊരവതാരം എന്ന് ഈ എഴുത്തുകാരന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നോവലിസ്റ്റ് ആഖ്യാതാവായല്ലാതെ ഒരു നെഗറ്റീവ് ഗെറ്റപ്പോടെ കഥാപാത്രമായി വരുന്നത് ആദ്യാനുഭവമാണ്. നോവലിലെ മര്‍മ്മപ്രധാനമായ ഒരിടത്ത് പ്രയോഗിച്ചിരിക്കുന്ന  'ശക്തിയെ ശക്തി കൊണ്ട് എതിര്‍ക്കരുത്. ശക്തിയെ ശക്തികൊണ്ട് എതിര്‍ത്താല്‍ നമ്മുടെ ഭാഗത്തും കാര്യമായ നാശനഷ്ടങ്ങളുണ്ടാകും. ശക്തിയെ എതിര്‍ത്തുനില്‍ക്കാന്‍ ശേഷിയുള്ള ഒരേയൊരായുധം ചതി മാത്രമാണ്' എന്ന വാചകം കരുനീക്കത്തിന് പിന്നിലെ ബുദ്ധിയായി മാറുന്ന ഒരു സമകാലിക സമവാക്യമായി തന്നെ വായിക്കേണ്ടിയിരിക്കുന്നു. 

ചിതറിക്കിടക്കുന്ന കഥാംശങ്ങള്‍, കുറ്റാന്വേഷണകഥയുടെ ഉദ്വേഗത്തെ നിലനിര്‍ത്തിക്കൊണ്ട് പോകുക, അവസാനം ആ ഉത്കണ്ഠയെ വായനക്കാരന് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുക, ഇനിയും അഴിച്ചുമാറ്റാത്ത രഹസ്യങ്ങളുടെ മുഖംമൂടികളില്‍ നമ്മുടെ ആകാംക്ഷയെ ചുറ്റിക്കെട്ടുക, കണ്ണൂരിന്റെ പ്രാദേശികചരിത്രം തേടി യാത്രയാരംഭിക്കുക തുടങ്ങി ധാരാളം ഗൃഹപരിശീലനപാഠങ്ങള്‍ വായനക്കാരന് നല്‍കുന്ന ഈ നോവല്‍ എഴുത്തുകാരന് ഒരു പുതിയ സിംഹാസനം വാഗ്ദാനം ചെയ്യുന്നുണ്ട്. ആമുഖത്തില്‍ ആവശ്യപ്പെടുന്നത് പോലെ വായനയുടെ തീ കൊണ്ട് തൊടേണ്ടത് നമ്മുടെ ആവശ്യമായി മാറുന്നു.

Content Highlights: dr swapna c komboth reviews the books simhathinte kadha by akhil mathrubhumi books