'Live your life by a compass not a clock.'
                                                                 - Stephen Covey

രോ മണല്‍ത്തരിയിലും ഓരോ പുല്‍ച്ചെടിയിലും നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാകാത്ത രഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്. കാലടി കൊണ്ട് ചവിട്ടിയമര്‍ത്തിയാലും വേരോടെ പിഴുതെടുത്താലും പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പ്രത്യാശയുടെ ആത്മബലം അവയ്ക്കുണ്ട്. ഓരോ യാത്രയും പ്രത്യാശയുടെ അടയാളങ്ങള്‍ യാത്രക്കാരനില്‍ അവശേഷിപ്പിക്കുന്നു. ഒപ്പം ആത്മബലത്തിന്റെ വിത്തുകള്‍ മനസ്സില്‍ മുളപ്പിക്കുകയും ചെയ്യുന്നു. സോര്‍ബയോടൊപ്പമുള്ള സഞ്ചാരങ്ങള്‍, പല ലോകങ്ങളിലേക്കുള്ള യാത്രകള്‍ എന്ന അസാധ്യരചന വായനക്കാരുടെ മനസ്സിലും ഇത്തരം വിത്തുകള്‍ മുളപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. 

അനേകം രാജ്യങ്ങള്‍, ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകള്‍, ചരിത്രവും കാലവും സംസ്‌കാരവുമെല്ലാം കാഴ്ചകളോടൊപ്പം കൂട്ടു വരുന്ന കാഴ്ചയുടെ അവശേഷിപ്പുകള്‍ . 198 പേജുകളില്‍ ലോകം പല മനുഷ്യരുടെ വേഷത്തില്‍ , പലമയുടെ ഭാഷയില്‍  നമ്മോടു സംസാരിക്കുന്നു. അലയുന്നവന്റെ ആത്മഭാഷണങ്ങള്‍ എന്ന ആ മുഖക്കുറിപ്പ് തന്നെ യാത്ര എന്ന സൗഭാഗ്യത്തിന്റെ വേറിട്ട നിര്‍വചനങ്ങളിലേക്കു വഴി നടത്തുന്നുണ്ട്. നമ്മള്‍ കണ്ടതൊന്നും കാഴ്ചയല്ലെന്നും കാണേണ്ട രീതിയിലല്ല നമ്മളവയെ കണ്ടതെന്നും ശ്രീകാന്ത് കോട്ടക്കലിന്റെ കാഴ്ചാനുഭവങ്ങള്‍ വിമര്‍ശനബുദ്ധ്യാ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

വ്യക്തികളിലൂടെ ശ്രീകാന്ത് പരിചയപ്പെടുത്തുന്നത് അത്യപൂര്‍വ വിജയ/പരാജയ ഗാഥകളെയാണ്. മൂന്നുവയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട, നാരങ്ങാഅല്ലി കച്ചവടത്തില്‍ നിന്ന് ഒട്ടനേകം രാജ്യങ്ങളില്‍ ബിസിനസ്സ് സാമ്രാജ്യങ്ങളുള്ള പത്താം ക്ലാസ് വരെ മാത്രം പഠിച്ച ഫാക്കി ഒരു പ്രതിഭാസമാണ്. കച്ചവടക്കാരാണ് ലോകം സൃഷ്ടിച്ചിരിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫാക്കിയുടെ ദര്‍ശനങ്ങള്‍ ഒരു വിജയിയുടെ അനുഭവസമ്പന്നതയാണ്. അധ്വാനിച്ചു ജീവിക്കുന്ന സ്ത്രീകളുടെ നഗരമായി ബാങ്കോക്കിനെ പുനര്‍നിര്‍വചിക്കുന്ന യാത്രികനെ ആദ്യ ലേഖനം പരിചയപ്പെടുത്തുന്നു. പോള്‍പോട്ടിന്റെ കശാപ്പുശാലയും വിയറ്റ്‌നാം അതിര്‍ത്തിയിലെ ഒരിക്കല്‍ ഇരുമ്പുതാഴിട്ടാല്‍ പിന്നെ അന്നുതുറക്കാത്ത കവാടവും വെറും നിര്‍മിതി എന്ന മട്ടിലല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. അവയുമായി ബന്ധപ്പെട്ട മനുഷ്യത്വനിരാസങ്ങളെയാണിവിടെ ചൂണ്ടിക്കാണിക്കുന്നത്. അതുമായി ബന്ധപ്പെട്ട വേദനകളെ അദ്ദേഹം വാക്കുകളിലൂടെ ചേര്‍ത്തുവെക്കുന്നു. ആരുടെയും മനസ്സലിയിപ്പിക്കുന്ന വിധത്തില്‍. ആദിമധ്യാന്തം രുചിയും ഗന്ധവും നിറങ്ങളും ലഹരിയും ചേരുംപടി ചേര്‍ക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.

കാട്ടുതുളസി മണക്കുന്ന മഴയിലേക്ക്, അപരിചിതമായ കാഴ്ചകളിലേക്ക്, പ്രഭാതത്തിന്റെ വശ്യതയിലേക്ക്, നാട്ടുപാതയുടെയും നഗരപാതയുടെയും തുടിപ്പുകളിലേക്ക്, കടല്‍ത്തീര പ്രണയത്തിളപ്പുകളിലേക്ക് കൈപിടിച്ചു നടത്തുമ്പോഴും ശ്രീലങ്കയെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുന്ന ചുവന്ന വ്യാളിയെ ചൂണ്ടികാണിച്ചു തരുന്ന ഒരു ആഗോളരാഷ്ട്രീയ നിരീക്ഷകനെ തന്നെയാണ് ഒരു യാത്രികന്റെ വേനല്‍ക്കിനാവില്‍ ഭൂട്ടാനില്‍ വെച്ചു കാണുന്നതും. പല കാഴ്ചകളിലെയും കാഴ്ചപ്പാടുകളിലെയും ബംഗാളും മഞ്ഞപ്പൂന്തോട്ടമായ അരാകുവും ലഹരിയാകുന്ന ലങ്കാവിയും യാത്രികന്റെ സര്‍ഗാത്മകതയെ അതിവിദഗ്ധമായി അടയാളപ്പെടുത്തുന്നു. ദണ്ഡിപഥിലൂടെ ഗാന്ധിജിയെ തേടിയലുന്ന ഇന്ത്യാക്കാരനും കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയുമെല്ലാീ സമകാലിക രാഷ്ട്രീയത്തെ കൃത്യമായി നിരീക്ഷിക്കുന്ന, ആശങ്കകളുള്ള ഒരു ഇന്ത്യക്കാരന്റെ വീക്ഷണത്തെക്കൂടി ചേര്‍ത്തുപിടിക്കുന്നു. 'മനുഷ്യന്റെ ഭയം അവന്റെ വിശ്വാസമായി ' തീരുന്ന സുന്ദര്‍ബന്‍ കാഴ്ചകളെ ഇതിലും ഭീതിദമായി ആര്‍ക്കു വിവരിക്കാനാവില്ല.

Book cover
പുസ്തകം വാങ്ങാം

ബോബിയ എന്ന ഒരൊറ്റ ലേഖനത്തിലൂടെ അതിര്‍ത്തി ഗ്രാമങ്ങളുടെ മരണം പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ജീവിതത്തിലേക്കാണ് ശ്രീകാന്ത് കൂട്ടിക്കൊണ്ടുപോകുന്നത്. വീര്‍ ജവാന്‍ അമര്‍ ഹെ എന്ന് മനസ്സുകൊണ്ട് ആര്‍ത്തുവിളിച്ചു പോകുന്ന എഴുത്ത്. 

ഒരൊറ്റ ചിത്രം പോലും ചേര്‍ക്കാതെ ചിത്രങ്ങളെ വെല്ലുന്ന വിശദീകരണത്തിലൂടെ വാക്കോ ചിത്രമോ കൂടുതല്‍ മഹത്തരം എന്ന ചോദ്യമുയര്‍ത്തുന്ന രചന. സാഹിത്യവും സിനിമയും പാട്ടുകളുമെല്ലാം കിറുകൃത്യമായി ചേര്‍ന്നൊരു സുന്ദരവിഭവമായി മാറ്റുന്ന നളനാണ് ശ്രീകാന്ത്. ഏതുയാത്രയിലും പിന്‍വിളിയായെത്തുന്ന കുടുംബസ്‌നേഹത്തിന്റെ ലഹരിയും  പതഞ്ഞുപൊന്തുന്ന വീഞ്ഞിന്റെ വീര്യവും, യാത്രയുടെ കുളിരും ചേര്‍ന്ന അപൂര്‍വ സുന്ദരമായ യാത്രാനുഭവം. 

ഖമര്‍റൂഷില്‍ നിന്ന് തിരിഞ്ഞുനടക്കുന്ന വേളയില്‍ 'മനുഷ്യനെക്കുറിച്ചുള്ള കടകവിരുദ്ധമായ വിചാരങ്ങളുടെ അസഹ്യമായ കടച്ചിലുമായി ഞാന്‍ ആ സ്‌കൂളിന്റെ മതിലകത്തുനിന്ന് പുറത്തേക്കിറങ്ങി. പിന്‍തിരിഞ്ഞു നോക്കാന്‍ ധൈര്യപ്പെടാതെ' എന്നു  ശ്രീകാന്ത് തന്നെ പറയുന്നു. മലയും കടലും മരുഭൂമിയും കടന്ന് നടന്നും, സ്‌കൂട്ടറിലും, ബസിലും, ട്രെയിനിലും, വിമാനത്തിലും കയറി ശ്രീകാന്ത് കണ്ട പ്രകൃതി ദൃശ്യങ്ങളിലും വിസ്മയകരങ്ങളായ മനുഷ്യനിര്‍മിതികളിലുമെല്ലാം മനുഷ്യനുണ്ടായിരുന്നു. ശ്രീകാന്തിന്റെ കാഴ്ചകളിലെല്ലാം സാധാരണ മനുഷ്യന്റെ ചുളിവുകളും തേഞ്ഞുതീര്‍ന്ന കാലുകളും കനം തൂങ്ങിയ മനസ്സുമുണ്ടായിരുന്നു. എല്ലാ കാഴ്ചകളും മനുഷ്യനില്‍ തുടങ്ങി മനുഷ്യനിലവസാനിക്കുന്നു എന്നതാണ് മറ്റു യാത്രാവിവരണങ്ങളില്‍ നിന്ന് ഈ കൃതിയെ വ്യതിരിക്തമാക്കുന്ന രഹസ്യമായ രസക്കൂട്ട്!

Content Highlights: dr swapna c kombath reviews  zorbayodoppamulla sancharangal by sreekanth kottakkal