ലയാളത്തിലെ ആദ്യകാല നോവലുകള്‍ പഠനവിധേയമാക്കിയിടത്തൊന്നും കണ്ടിട്ടില്ലാത്തൊരു പേര്. നിരോധിക്കപ്പെട്ട ആദ്യത്തെ മലയാള നോവല്‍, ക്രൂരമായി കൊല്ലപ്പെട്ട നോവലിസ്റ്റ്. ആകാംക്ഷയോടെയാണ് മാതൃഭൂമി ബുക്‌സിന്റെ പുതിയ നോവല്‍ 'വേജ്ജരായ ചരിതം' വായിക്കാന്‍  തുടങ്ങിയത്. ഒടുക്കം വരെ ഏറിയേറി വന്ന ആകാംക്ഷയും വാക്കുകള്‍ വരച്ചിട്ട അപൂര്‍വ്വമായ  ദൃശ്യവിസ്മയങ്ങളും ഇടകലര്‍ന്ന് വേറെയേതോ ഒരു ലോകത്തിലെത്തിയ പ്രതീതി. ഒടുവില്‍ തിരിച്ചറിഞ്ഞു. അത് നമ്മുടെ തന്നെ പൂര്‍വ്വകാലമായിരുന്നുവെന്ന്. നമ്മുടെ വിശ്വാസങ്ങളെയും ആരാധനകളെയും ആചാരാനുഷ്ഠാനങ്ങളെയും കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ് ഒരു അപസര്‍പ്പക കഥയുടെ നിഗൂഢ സൗന്ദര്യത്തോടെ ചുരുള്‍ നിവര്‍ത്തിയത്.

'ഉയിരറിവ് ' എന്ന ആദ്യ നോവല്‍ കൊണ്ടു തന്നെ ശ്രദ്ധേയനായ ഡോ. പി.എം. മധുവിന്റെ രണ്ടാമത്തെ നോവലാണ് വേജ്ജരായ ചരിതം. വൈദ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഇടകലര്‍ന്ന ശൈലിയായിരുന്നു ഉയിരറിവിലെങ്കില്‍ ആദ്യ കാല മലയാള നോവല്‍ ഭാഷാശൈലി കേന്ദ്രീകരിച്ചാണ് വേജ്ജരായചരിതം മുന്നോട്ട് നീങ്ങുന്നത്. കൂട്ടത്തില്‍ സമൃദ്ധമായി കലര്‍ന്നുവരുന്ന സംഘകാല കൃതികളുടെ വഴക്കങ്ങളുമുണ്ട്.

സരസ്വതി വിജയം എഴുതിയ പോത്തേര കുഞ്ഞമ്പുവിന്റെ ആശ്രിതനായിരുന്ന ചേന്നനാര്‍ കേളനാണ് വേജ്ജരായ ചരിതം രചിക്കുന്നത്. വടക്കേ മലബാറില്‍ സംഘകാലത്ത് നടന്ന, ഇരുളിലാണ്ടുപോയ ഐതിഹാസികമായ ചില ചരിത്രമുഹൂര്‍ത്തങ്ങളാണ് അദ്ദേഹം വീണ്ടെടുക്കുന്നത്. പക്ഷേ നോവല്‍ പുറത്തു വന്ന കാലത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ അത് നിരോധിക്കപ്പെടുകയും ചേന്നനാര്‍ കൊല്ലപ്പെടുകയും ചെയ്യുകയാണ്.

വളപട്ടണം, ആന്തൂര്‍,ചുടല, വൈതല്‍മല, കാഞ്ഞിരങ്ങാട്, പരിയാരം, കൊട്ടില, അടുത്തില, മാടായി, പഴയങ്ങാടി, കുഞ്ഞിമംഗലം, പെരുമ്പ, കൊക്കാ നിശ്ശേരി, ഏഴിമല, പെരിങ്ങോം തുടങ്ങിയ വടക്കേ മലബാര്‍ പ്രദേശങ്ങളുടെ സംഘകാല ചരിത്രമാണ് കഥാ പശ്ചാത്തലമായി വരുന്നത്. വൈദ്യം പ്രചരിപ്പിക്കാനെത്തിയ ബൗദ്ധര്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഢനങ്ങള്‍, പൗരോഹിത്യം അധീശത്വം നേടിയതിന്റെ നാള്‍വഴികള്‍... എല്ലാം വിസ്മയത്തോടെ തിരിച്ചറിയാറാകുന്നു.

books
പുസ്തകം വാങ്ങാം

തളിപ്പറമ്പിലെ പ്രമുഖ ദേവസ്ഥാനങ്ങളായി കണക്കാക്കപ്പെടുന്ന രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം എന്നിവയെക്കുറിച്ച് നിലനില്ക്കുന്ന ഐതിഹ്യങ്ങളെ തകിടം മറിക്കുന്ന മറ്റൊരു കഥയാണ് തുറന്നു കാട്ടുന്നത് എന്നൊരു സവിശേഷത കൂടി ഈ നോവലിനുണ്ട്. ഐതിഹ്യങ്ങളും ചരിത്ര രേഖകളുമുണ്ടാക്കിയത് വിജയികളാണെന്നും പരാജയപ്പെട്ടവരുടെ പഴങ്കഥകള്‍ ആരും ഓര്‍ക്കാറില്ലെന്നുമുള്ള ഡാണ്‍ ബ്രൗണിന്റെ വചനങ്ങള്‍ മുഖക്കുറിയാക്കിയ വേജ്ജരായ ചരിതം വായിച്ചു തീരുമ്പോള്‍ പരാജിതരുടെ ആ ചരിത്രം തന്നെയാണ് നമ്മുടെയൊക്കെ ഭൂതകാലം എന്ന തിരിച്ചറിവിലേക്കാണ് വാതില്‍ തുറക്കുന്നത്..

Content Highlights: DR PM Madhu New Malayalam Novel Book Review Mathrubhumi Books