വൈദ്യര്‍ എന്നതിന്റെ പ്രാചീന പദമാണ് വേ ശര്, പാലി പദമാണോ എന്നറിയില്ല, വേജ്ജര് (വൈദ്യര്‍) എന്നതിന്റെ ഉച്ചാരണ ഭേദമാകാം. വേജ്ജരായര്‍ എന്നതിന് വൈദ്യരില്‍ ശ്രേഷ്ഠന്‍, എന്നാണ് വേജ്ജരായ ചരിതം എന്ന കൗതുകകരമായ നോവലെഴുതിയ ആയൂര്‍വേദ ഭിഷഗ്വരന്‍ ഡോ.പി.എം. മധു പറയുന്നത്. ഭാഷയെയും ഗ്രന്ഥ നിര്‍മ്മിതിയെയും സൂചകങ്ങളായി വിന്യസിച്ചു കൊണ്ട് വടക്കേമലബാറിന്റെ സംസ്‌കാര ചരിത്രത്തിലെ രക്തരൂക്ഷിത ഏടുകളെ വായിച്ചെടുക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിച്ചിരിക്കുന്നത്. വിജ്ഞാനത്തിന്റെ ജനകീയ പ്രചാരത്തിലും ധാര്‍മ്മികതയിലും അടിയുറച്ച ബൗദ്ധരെ ബ്രാഹ്മണര്‍ ചതിയിലൂടെ, ഉപജാപങ്ങളിലൂടെ, ഹിംസയിലൂടെ ഉന്മൂലനം ചെയ്തതിന്റെ ഫിക്ഷണല്‍ ചരിത്രം പറയുന്ന നോവല്‍ പക്ഷേ, നിഗൂഢതാ സിദ്ധാന്തത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. 

നോവലിന്റെ മുഖ വാചകമായി കൊടുത്തിരിക്കുന്നത് നിഗൂഡതാ സിദ്ധാന്തത്തെ മുന്‍നിര്‍ത്തി വിപണി വിജയം കൊയ്ത നോവലുകളെഴുതിയ ഡാന്‍ ബ്രൗണിന്റെ വാക്കുകളാണ്. History is always written by winners.When two cultures clash,the losers is oblitered and the winners writes history books. ഡാന്‍ ബ്രൗണിന്റെ ജനപ്രിയ രചനാരീതിയുമായി ഐക്യപ്പെടുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഡാവിഞ്ചി കോഡിലും അതിനെ പിന്തുടര്‍ന്ന് മലയാളത്തില്‍ ടി.ഡി രാമകൃഷ്ണനും (ഫ്രാന്‍സിസ് ഇട്ടിക്കോര) ബെന്യാമിനും പരീക്ഷിച്ച (മഞ്ഞവെയില്‍ മരണങ്ങള്‍) നിഗൂഡതാ സിദ്ധാന്തം മധുവും പിന്തുടരുന്നു. മധുവിന്റെനിഗൂഡതാ സിദ്ധാന്തം സാഹിത്യ ചരിത്രത്തിലേക്കാണെന്നു മാത്രം.

1892-ല്‍ ചേന്ന നാര്‍കേളന്‍ എന്നൊരു എഴുത്തുകാരന്‍ ബ്രാഹ്മണാധികാരത്തെ ചൊടിപ്പിച്ചു കൊണ്ട്, ബുദ്ധപ്രഭാവത്തെക്കുറിച്ച്, വേജ്ജരായ ചരിതം എന്ന നോവലെഴുതിയത്രേ, ഏതാണ്ട് സരസ്വതീ വിജയം രചിക്കപ്പെട്ട കാലത്ത്. കേളന്റെ നോവല്‍ നിരോധിക്കുകയും അയാളെ നാടുകടത്തുകയും ചെയ്തു. കേളന്‍ തമിഴ്‌നാട്ടില്‍ ഇയോതി താസ് എന്ന പേരില്‍ സാമൂഹി പ്രവര്‍ത്തകനായി ശിഷ്ടകാലം കഴിച്ചുകൂട്ടിയത്രേ.

നിരോധിക്കപ്പെട്ട നോവലിന്റെ കോപ്പി, വിവര സാങ്കേതിക യുഗത്തിലെ സാഹിത്യത്തിലും സംസ്‌കാര ചരിത്രത്തിലും തല്പരരായ യുവാക്കള്‍ക്ക് കിട്ടുന്നു. ദുര്‍ഗ്രഹവും കാലഹരണപ്പെട്ടതുമായ അതിന്റെ ഭാഷയ്ക്ക് മുന്നില്‍ അവര്‍ പെട്ടുപോകുന്നു. എന്നാല്‍ അവര്‍ നിരാശരായില്ല ചരിത്ര പണ്ഡിതനും പുരാലിഖിത വിദഗ്ദനുമായ ഡോ.ടി.പവിത്രന്‍ മാഷിന്റെ സഹായത്തോടെ ചേന്ന നാര്‍കേളന്റെ വേജ്ജരായ ചരിതം, പുതിയ കാലത്തിനായി പരാവര്‍ത്തനം ചെയ്യുന്നു.

കഥ പറയുന്ന രീതി, നമ്മുടെ ക്ഷമ പരീക്ഷിക്കുന്നതാണെങ്കിലും ശകവര്‍ഷാരംഭത്തിലെങ്ങോ, സംഘകാല സാംസ്‌കാരിക ഭൂമികയില്‍ എങ്ങോ നിബന്ധിച്ചിരിക്കുന്ന സ്ഥലകാലത്തെ സംസ്‌കാരത്തെ പ്രകൃതിയെ അനുഭൂതി തലത്തിലെത്തിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നു പറയാം. അന്തരീക്ഷ ചിത്രീകരണത്തില്‍ ബുദ്ധ സംഘങ്ങള്‍ ഗ്രാമീണ ജീവിതത്തില്‍ പ്രസരിപ്പിച്ച ജ്ഞാനത്തിന്റെ വെളിച്ചത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ ഒക്കെ സൂക്ഷ്മത പ്രകടിപ്പിക്കുന്നുണ്ട്. സംഘകാല കൃതികളില്‍ പറയുന്ന രാജ്യ തലസ്ഥാനമായ എഴിമലയും സമീപ പ്രദേശങ്ങളുടെയും ചരിത്രത്തെ പിന്തുടര്‍ന്നിരിക്കുന്നു. ഏഴിമല നാടിന്റെ തലസ്ഥാനമായിരുന്നു പാഴി. ഏഴിമലയിലെ പ്രശസ്ത രാജാവായിരുന്നു നന്നന്‍. പാഴിയുദ്ധത്തില്‍ നന്നന്‍, നാര്‍മുടിച്ചേരലിനോട് തോറ്റതും ഒക്കെയായ സൂചനകള്‍ വെച്ച്, ബുദ്ധ ധര്‍മ്മം പുലര്‍ന്നിരുന്ന നാട്ടില്‍ കദംബ ദേശത്തു നിന്നുള്ള വൈദിക ബ്രാഹ്മണര്‍, രാജാധികാരത്തെ തങ്ങളുടെ വരുതിയിലാക്കി, ബുദ്ധരെ കൊല്ലാക്കൊല ചെയ്തതിന്റെ കഥയാണ്, ചേന്ന നാര്‍കേളന്‍ എന്ന കല്പിത നോവലിസ്റ്റിലൂടെ, പി.എം മധു പറയുന്നത്. ബ്രാഹ്മണ്യം ഏതു നീചമാര്‍ഗ്ഗം ഉപയോഗിച്ചും അധികാരം തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചതിന്റെ കഥ അതിന്റെ പഴമയുടെ ഗന്ധം നിലനിര്‍ത്തിക്കൊണ്ടു പറയാനാണ് കഥാകാരന്‍ ശ്രമിച്ചിരിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രം അരക്കിട്ടുറപ്പിച്ച കേരളോല്പത്തി പോലുള്ള കൃതികളില്‍ നിന്നുള്ള ഉദ്ധരണികള്‍, സി.വി.രാമന്‍പിള്ള ശൈലിയില്‍ നല്‍കിയും അനുപദം ആഖ്യാനത്തില്‍ പഴമ നിലനിര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ചരിത്രപ്രതീതി സൃഷ്ടിക്കുന്ന നോവല്‍ എന്നു പറയാം. എങ്കിലും ഡാന്‍ബ്രൗണിയന്‍ ചെപ്പടിവിദ്യ വേണമായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. ഈ ചോദ്യം ചേന്നനാര്‍ കേളനോട് ചോദിക്കാനാവാത്തതു കൊണ്ട് ഡോ.മധുവിനോടു ചോദിക്കുന്നു.

books
പുസ്തകം വാങ്ങാം

വൈറസിന്റെ ആക്രമണം, ജനജീവിതത്തെ സ്തംഭിപ്പിച്ചെങ്കിലും സാഹിത്യത്തിന് അത് വലിയ അളവില്‍ ഗുണം ചെയ്തു. കൊറോണ വൈറസും മലയാള സാഹിത്യവും എന്ന വിഷയത്തില്‍, അറ്റകൈയ്ക്ക് ആരെങ്കിലും ഗവേഷണം ചെയ്യാന്‍ തുടങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. സാഹിത്യത്തില്‍ പ്രത്യേകിച്ച് നോവലില്‍ വന്‍തോതില്‍ ഉല്പാദനം നടക്കുകയാണ്. നമ്മുടെ നോവലിസ്റ്റുകള്‍ സൂക്ഷ്മ രോഗാണുക്കളെ പേടിച്ച്, സൂക്ഷ്മ ലോകങ്ങളിലേക്ക് പ്രയാണം തുടരുകയാണ്. നോവല്‍ വസന്തങ്ങള്‍ വിരിയട്ടെ. ലീലാവതി ടീച്ചര്‍, വെണ്മണി പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞ പോലെ, മുളങ്കാടുകള്‍ പൂക്കും പോലെ സവിശേഷ വസന്തമാകാതിരിക്കട്ടെ കോവിഡ് കാലനോവലുകള്‍. അതിജീവന ശേഷിയുള്ള എല്ലുറപ്പുള്ള കഥകള്‍ ഉണ്ടാകട്ടെ.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Dr. PM Madhu new Malayalam Novel Book Review