ശ്രീജിത്ത് കൊന്നോളി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരം 'ലയണല്‍ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങള്‍' ഡോ. പി. സുരേഷിന്റെ വായനയില്‍. 

ശ്രീജിത്ത് കൊന്നോളി....
ഇയാളെ കരുതിയിരിക്കണം! 
മലയാള ചെറുകഥയുടെ നവഭാവുകത്വത്തിന്റെ അപ്രതീക്ഷിത വളവുതിരിവുകളില്‍ഒളിഞ്ഞിരുന്നുകൊണ്ട്ഇദ്ദേഹം വായനക്കാരുടെ മുമ്പിലേക്കെറിയുന്ന പദശില്പങ്ങള്‍ ഒരു പക്ഷേ മലയാള കഥകളുടെ തലക്കുറി മാറ്റിവരച്ചേക്കാം. 

കഥകളെല്ലാം അടിസ്ഥാനപരമായി കെട്ടുകഥകളാണല്ലോ. ആ കെട്ടുകഥകള്‍ക്കകത്ത് ഇദ്ദേഹം വീണ്ടും ഫാന്റസിയുടെയും മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്റെയും അതീതയാഥാര്‍ത്ഥ്യത്തിന്റെയും ചില്ലുജാലകങ്ങളും മറ്റു ചിലപ്പോള്‍ ക്രൂര യാഥാര്‍ത്ഥ്യങ്ങളുടെ കുപ്പിച്ചില്ലുകളും നിരത്തി വെച്ചിരിക്കുന്നു. 

വാക്കുകളുടെ മാന്ത്രിക വിന്യാസത്തിലൂടെ ഇദ്ദേഹം സൃഷ്ടിക്കുന്ന ഇമേജുകള്‍ക്കു മുന്നില്‍ നമ്മുടെ പല പുതുകവികളും പരിശീലനത്തിനു പോകണം!
* ഉത്സവകാലം കഴിഞ്ഞ് മഴ തുടങ്ങിയാല്‍ പട്ടിണി ആ കുടിലിനെ കഴുത്തിനു കുത്തിപ്പിടിച്ച് ഉമിനീര് പോലും ഇറക്കാന്‍ സമ്മതിക്കാതെ ഞെരുക്കി.
*ഓര്‍മ്മകള്‍ പൊഴിഞ്ഞു വീഴുമ്പോള്‍ ഇല പാറിപ്പോയ കൊമ്പ് പോലെ നഗ്‌നരാണ് നമ്മള്‍.
*പതുങ്ങിപ്പതുങ്ങിയാണ് പീഡാകരമായ ആ രാത്രി ഇഴഞ്ഞു തീര്‍ന്നത്.
*ഓരോ ആമാശയവും ഓരോ ശ്മശാനമാണ്.
*ഉറുമ്പിന്‍ കൂട്ടില്‍ വിശപ്പിന് ശബ്ദങ്ങള്‍ ഇല്ല, പകരം പരക്കംപാച്ചിലാണ്.
*ഭൂമി അപാരമായ വേഗത്തില്‍ എങ്ങോട്ടോ ഉരുണ്ടു പോവുകയാണ്.
*ഓരോരുത്തര്‍ക്കും, നാറ്റം മൂടിവെച്ച അടപ്പുള്ള പാത്രം മാത്രമാണ് ജീവിതം.
*മലര്‍ന്നുവീണ ആ ചെറുജീവി കുറേനേരം കഷ്ടാവസ്ഥയില്‍ ദൈവസ്പര്‍ശം ആഗ്രഹിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കാലുകള്‍ ഇളക്കി കൊണ്ടിരുന്നു.
*രാത്രിമഞ്ഞിന്റെ നനുത്ത തുള്ളികള്‍ ഇലകളില്‍ വീണപ്പോള്‍ രണ്ടു മരങ്ങളിലും ശീതത്തിന്റെ ഒരായിരം സൂചിശരങ്ങള്‍ തായ്ത്തടിയിലൂടെ മണ്ണിലേക്ക് ഇറങ്ങിപ്പോയി.
*നിലാവിന്റെ ഒരളവ് വേപ്പിലകളിലൂടെ കുത്തി തെറിച്ച് ടീച്ചറിന്റെ സ്ഫടിക മൂക്കുത്തിപ്പൊട്ടിലേക്ക് വന്നു പൊട്ടി. 
*തണുപ്പ് കുഞ്ഞിന്റെ നെഞ്ചു കീറാനുള്ള ആയുധങ്ങളുമായി മൂക്കില്‍ വന്നു മുട്ടി.
*ശാന്തിട്ടീച്ചറുടെ കണ്‍പീലികളില്‍ ഉറക്കം വന്നിരുന്ന് അതിന്റെ സൂചിക്കൊക്കുകള്‍ കൊണ്ട് കൊത്തിപ്പറിച്ചു കുടഞ്ഞു. 
*ഇരുളും മുന്‍പേ ഉറക്കം ആ സ്ത്രീയെ അകത്തെ ഒരു മൂലയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ചുരുട്ടിയിടും. ചുളിഞ്ഞു പിഞ്ഞി തകര്‍ന്ന് പൊടിഞ്ഞു പോവാറായ അവരുടെ ശരീരത്തില്‍ നിന്നും പാതിരാവില്‍ ചില അസമയങ്ങളില്‍ കൂര്‍ക്കം ഒരു വന്യമൃഗത്തെപ്പോലെ ഇറങ്ങിവന്ന് ചുറ്റുപാടും കുത്തിക്കിളച്ച് മദിച്ചു നടന്നു. 

...... ഇവ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. കഥയുടെ ഭാവാന്തരീക്ഷത്തിലേക്ക് നമ്മെ കൊത്തിവലിച്ചു കൊണ്ടുപോകാന്‍ കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ ഒട്ടും കൃത്രിമമല്ല (ചില കഥാകൃത്തുക്കള്‍ വളരെ ആയാസത്തോടെ ചില വാഗ്‌സംയുക്തങ്ങള്‍ സൃഷ്ടിക്കുന്നത് കണ്ട് ചെടിപ്പു തോന്നാറുണ്ട്!). 

ശ്രീജിത്ത് കൊന്നോളി കഥകളിലൂടെ തീര്‍ക്കുന്ന ഒരു അപരലോകമുണ്ട് . അതില്‍ ഉറുമ്പും പക്ഷികളും ചെറുപ്രാണികളും മരങ്ങളും മൃഗങ്ങളും ഭൂതങ്ങളും ഇതര ജീവികളുമൊക്കെ കഥാപാത്രങ്ങളാണ്. മനുഷ്യര്‍ക്ക് അറിയാന്‍ സാധിക്കാത്ത, അവരുടെ അതീത ലോകത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങള്‍ ഒരു മാന്ത്രികനെപ്പോലെശ്രീജിത്ത് നമുക്ക് മുന്നിലേക്ക് ഇറക്കിക്കൊണ്ടുവരുന്നു. അതിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന ദാര്‍ശനികമായ ഒരു വിചാരലോകമുണ്ട്. അവയിലെ കഥാപാത്രങ്ങളെല്ലാം നമ്മള്‍ തന്നെ. എന്നാല്‍ മനുഷ്യരെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് മുനതേഞ്ഞുപോയ കഥകളുടെ ഉള്‍നിലങ്ങളില്‍ നിന്ന് മനുഷ്യേതര ലോകത്തിന്റെ വിചാരപ്പെടലുകള്‍ നമ്മുടെ ലോകജീവിതത്തെ ശീര്‍ഷാസനത്തില്‍ നിന്ന് വീക്ഷിക്കുന്നു. ശീര്‍ഷാസനയുക്തിയുടെ കഥാകാരനാണ് ശ്രീജിത്ത്. 

നിഗൂഢവും ദുരൂഹവുമായ മനുഷ്യജീവിതത്തിന്റെ ഊടുവഴികളിലൂടെയാണ് ഈ കഥാകാരന്റെ നടത്തം. മനുഷ്യരുടെ പാവം ജീവിതത്തിന്റെ എല്ലാ നിസ്സഹായതകളും ആകസ്മികതകളും കഥാകാരനെ അലട്ടുന്നുണ്ട്. ഇദ്ദേഹത്തിന്റെ കഥകള്‍ ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ സന്ദിഗ്ദ്ധതകളില്‍ ചെന്ന് മുട്ടിയാണ് അവസാനിക്കുക; മനുഷ്യരുടെയൊക്കെ അനിശ്ചിത ജീവിതം പോലെത്തന്നെ. 

രണ്ടു മരങ്ങള്‍ എന്ന കഥ നോക്കൂ. ഈ കഥ ശാന്തി ടീച്ചറുടെ കഥയാണോ ഒലീവിയര്‍ റൗബുല്‍ട്ടിന്റെ കഥയാണോ വേപ്പുമരത്തിന്റെയും പേരമരത്തിന്റെയും കഥയാണോ എന്ന് നമ്മളെ കുഴക്കും. മൂന്നു കഥകള്‍ കൂടിപ്പിണഞ്ഞ പിരിയന്‍ കോണിയില്‍ കയറിയുമിറങ്ങിയും വായനയുടെ ഭ്രമഭൂമിയില്‍ നാം ചുറ്റിത്തിരിയും. മരങ്ങള്‍ക്ക് , നമ്മുടെ കാഴ്ചവട്ടത്തെ ഇലജീവിതങ്ങള്‍ക്കടിയില്‍ മറ്റൊരു വേരുജീവിതമുണ്ടെന്ന് അവസാനം നാം കണ്ടെത്തും. മനുഷ്യര്‍ക്കുമുണ്ട് അത്തരമൊരു ജീവിതമെന്ന് നാം മനസ്സില്ലാമനസ്സോടെ തിരിച്ചറിയും. മരങ്ങളുടെ ആന്തരിക ജീവിതത്തിന്റെ അശ്രാവ്യ മര്‍മ്മരങ്ങള്‍ കഥാകാരന്‍ പിടിച്ചെടുക്കുന്നത് എത്ര വിദഗ്ദ്ധമായാണ്! 

ശാന്തിട്ടീച്ചറുടെ ബെഡ് റൂമിലേക്ക് ചില്ലകള്‍ വളര്‍ത്തിയ വേപ്പുമരം. അതിന്റെ കൊമ്പുകള്‍ക്കൊന്നും സംഭവിക്കരുതെന്ന് കരുതി ടീച്ചര്‍ ജനല്‍പാളികള്‍ അടച്ചിരുന്നില്ല.
കഥ അവസാനിക്കുന്നു: 'ടീച്ചര്‍ വീട്ടിലെത്തി മുകളിലെ മുറിയില്‍ കയറി ജനലിലേക്ക് വളര്‍ന്ന വേപ്പിന്‍ ചില്ലകള്‍ തട്ടിമാറ്റി പോളകളടച്ചു. വേപ്പ് പേരയോട് പറഞ്ഞു: 'ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല.' ടീച്ചര്‍ മുറിയിലെ ലൈറ്റുകളണച്ചപ്പോള്‍ ജനലിന്റെ ചില്ലുപാളിയിലൂടെ രണ്ട് ആള്‍നിഴലുകള്‍ മുറിയിലനങ്ങുന്നത് വേപ്പ് സൂക്ഷ്മമായി ശ്രദ്ധിച്ചു. ആരും കാണാതെ ഭൂമിക്കടിയില്‍ വേപ്പിന്റെ വേര് പേരയുടെ വേരില്‍ പിണഞ്ഞ മര്‍ന്നുകിടന്നു'. 

വേപ്പും പേരയും ഗാഢസൗഹൃദം പങ്കിടുന്നവര്‍. ഒലിവിയറും മുത്തച്ഛനും സ്‌നേഹ വാത്സല്യങ്ങളുടെ നനവൂറുന്നവര്‍. ശാന്തിട്ടീച്ചറാവട്ടെ, ചെറുപ്പം മുതല്‍ ഏകാന്ത ജീവിതവിരസതയുടെ മരുഭൂമിയില്‍ വരണ്ടു പോയവള്‍. അവരുടെ, മറുജീവിതത്തിലാണ് കഥ അവസാനിക്കുന്നത്. വാസ്തവത്തില്‍, ഏകയായിപ്പോയ മനുഷ്യജീവിതത്തിന്റെ അടക്കിപ്പിടിച്ച നിലവിളിയാണ് കഥയില്‍ നിന്നുയരുന്നത്. 'ജീവന്റെ ഒഴുക്ക് അടിയില്‍ നിന്നും മുകളിലേക്കായതുകൊണ്ട് ഇലയുടെ ഞരമ്പില്‍ നിന്നും വേരിന്റെ അറ്റത്തിലേക്ക് ഒന്നും തിരിച്ചൊഴുകുന്നുമില്ല. മരങ്ങള്‍ക്ക് രണ്ട് മനസ്സാണ്, ഭൂമിക്കടിയിലും ഭൂമിക്ക് മുകളിലും. അതുകൊണ്ടുതന്നെ രണ്ടുതരം അതിജീവന തന്ത്രങ്ങളുമായി ഒരു മരം സദാ ധ്യാനത്തിലാണ്. അടിയില്‍ നിലകൊള്ളലിന്റെയും മുകളില്‍ പ്രജനനത്തിന്റെയും'. 'ഭൂമിക്കടിയില്‍ കെട്ടിപ്പിടിക്കുന്ന' വേരുകളുടെയും മനുഷ്യരുടെയും കഥയാണ് രണ്ടു മരങ്ങള്‍. 

രാഷ്ട്രീയമാണ് പുതിയ ചെറുകഥകളുടെ ഏറ്റവും പ്രധാന പ്രമേയം. ഓരോ വാചകത്തിലും സൂക്ഷ്മ രാഷ്ട്രീയത്തിന്റെ സൂചിമുനകള്‍ ഘടിപ്പിച്ച് നമ്മുടെ ലോകാനുഭവങ്ങളെ തുന്നിയെടുക്കുന്നതെങ്ങനെ എന്നറിയണമെങ്കില്‍ ശ്രീജിത്തിന്റെ കഥകള്‍ വായിച്ചാല്‍ മതി. ലോകത്തെവിടെയും മനുഷ്യര്‍ നേരിടുന്ന ജീവിത സങ്കീര്‍ണതകള്‍ തന്നെയാണ് ശ്രീജിത്തിന്റെയും വിഷയം. അത് പറയാന്‍ അദ്ദേഹം ഏതെങ്കിലുമൊരു സവിശേഷദേശത്ത് തറഞ്ഞു നില്‍ക്കുന്നില്ല. ശ്രീജിത്തിന്റെ കഥകളില്‍ ഒരു പ്രത്യേക ദേശമില്ല.ദേശാതീതമായ മനുഷ്യാനുഭവങ്ങളാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. അതു പറയാന്‍ മനുഷ്യര്‍തന്നെ കഥാപാത്രങ്ങളാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവും ഇല്ല. 

ഫോര്‍മിസൈഡി എന്ന കഥയില്‍ ഗ്രഹാം പൈപ്പ് എന്ന ഉറുമ്പാണ് കഥാപാത്രം. ഉറുമ്പിന്റെ നിസ്സാര ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍, മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയാണ് നമുക്കു ബോധ്യപ്പെടുക. 'ജീവിതം മരിക്കുംവരെയുള്ള ആത്മനിഷ്ഠമായ ഇന്ദ്രിയാനുഭവം മാത്രമാണ്' എന്ന് തിരിച്ചറിയുന്നതുവരെ ഗ്രഹാം ജീവിച്ച ജീവിതമാണ് ഈ കഥ. അവരവരുടെ സൂക്ഷ്മമായ ആനുഭവികലോകത്തിന്റെ കൂട്ടിനുള്ളിലാണ് ഓരോ ജീവിയും. അത് മറ്റൊരു ജീവിക്ക് തിരിച്ചറിയാനാവണമെന്നില്ല. ഉറുമ്പിന്‍ കൂട് ഒരു രാജ്യമാണ് എന്ന മുഴങ്ങുന്ന വാക്യമുണ്ട് ഈ കഥയില്‍. ഉറുമ്പിന്‍ കൂട്ടിലെ റാണി ഏകാധിപതിയെപ്പോലെ പോലെ പെരുമാറുന്നുണ്ട് എന്ന് ഗ്രഹാം പൈപ്പ്സംശയം പ്രകടിപ്പിച്ചപ്പോള്‍ സുഹൃത്തായ റിച്ചാര്‍ഡ്, ഗ്രഹാമിനെ ഉപദേശിക്കുന്നുണ്ട് : 'നമ്മുടെ രാജ്യത്ത് ഒരിക്കലും അലങ്കോലങ്ങള്‍ ഉണ്ടാകരുത്. റാണിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ സ്വകാര്യമായി പറയുന്നതും കോപ്പുകൂട്ടുന്നതും വലിയ തെറ്റാണ്. ഭൂമിയില്‍ ഉറുമ്പുകള്‍ക്ക് എന്നല്ല ഒറ്റ ജീവികള്‍ക്കും തുല്യമായ അവകാശങ്ങളോ അധികാരങ്ങളോ പങ്കുവയ്ക്കാന്‍ പറ്റില്ല .തുല്യതക്കുവേണ്ടി ഭൂമിയിലെ എല്ലാ ജീവികളും പൊരുതുന്ന ഒരു ദിവസത്തെക്കുറിച്ച് നീ ആലോചിച്ചു നോക്കൂ. അത് എത്ര ഭീകരമായിരിക്കും. അന്ന് ഈ ഭൂമി ഇല്ലാണ്ടാവുകയും ഇവിടം മുഴുവന്‍ ഇരുട്ടാവുകയും ചെയ്യും.' 

Book cover
പുസ്തകം വാങ്ങാം

വിരുദ്ധോക്തിയിലുള്ള മൂര്‍ച്ചയേറിയ ഒരു രാഷ്ട്രീയ പ്രസ്താവനയായി റിച്ചാര്‍ഡിന്റെ വാക്കുകള്‍ മാറുന്നു. 

ജന്മവാസനകളുടെ കിളിക്കൂട്ടില്‍ മാത്രം കഴിയേണ്ടിവന്നകാനറിപ്പക്ഷിക്കുഞ്ഞുങ്ങള്‍ക്കു മുമ്പില്‍ഗ്രഹാം പൈപ്പ് ഒരു ഇര മാത്രമായിരുന്നു. 'ഗ്രഹാമിന്റെ പിന്നിലെ രണ്ട് കാലുകള്‍ മുറിഞ്ഞു തെറിച്ചുപോയി. വേദന കണ്ണുകളില്‍ വന്നു മിന്നി. അമ്ലസഞ്ചിയുടെ മൂല പൊട്ടിയൊലിച്ചു... ആത്മാവിന്റെ ഒരു കണം പോലെ ഗ്രഹാം അന്തരീക്ഷത്തിലൂടെ പാറി പുഴയരികിലെ ഒരു ഉരുളന്‍ കല്ലില്‍ തലയടിച്ചു വീണു. ഗ്രഹാമിന്റെ ഓര്‍മകളും ബോധവും ഭൂമിയിലെ എല്ലാ ഇടപാടുകളും അവസാനിപ്പിച്ചു' എന്ന് ശ്രീജിത്ത് ഉറുമ്പിന്റെ പതനത്തെക്കുറിച്ചെഴുതുന്നു. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്:
'രണ്ടു ഓന്തുകള്‍ പുഴയോരത്ത് വെയില്‍ കായാന്‍ ഇറങ്ങി. അമ്മ കാനറി ആകാശത്തിലൂടെ കൂട്ടിലേക്ക് പറന്നു . മഞ്ഞവരയന്‍ പാമ്പ് പടം പൊഴിച്ച് ജീവിതം ഒന്നുകൂടി ക്രമപ്പെടുത്തി'
ഒരു ഫേബിളിന്റെ ലളിത ഘടനയെ പൊളിച്ചു കളഞ്ഞു കൊണ്ട് ജീവിതത്തിന്റെ സ്വയം നിര്‍ണയാവസ്ഥയെക്കുറിച്ച് ദാര്‍ശനികമായ വിതാനത്തിലേക്ക് വികസിക്കുകയാണ് ഈ കഥ. 

നായ എന്ന ഒരു കഥയുണ്ട് ഈ സമാഹാരത്തില്‍. നായയെക്കുറിച്ച് നിരവധി കഥകള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. തകഴിയുടെ വെള്ളപ്പൊക്കത്തില്‍, ടി.പത്മനാഭന്റെ ശേഖൂട്ടി, ബഷീറിന്റെ ടൈഗര്‍ എന്നിവ ഏറെ പ്രസിദ്ധം. തന്റെ കഥയ്ക്ക് വിശേഷണങ്ങളും അലങ്കാരങ്ങളുമില്ലാതെ 'നായ' എന്നാണ് ശ്രീജിത്ത് പേരിട്ടിരിക്കുന്നത്. അത് ബോധപൂര്‍വ്വമായ ഒരു രാഷ്ട്രീയ തീരുമാനമാണെന്നതില്‍ സംശയമില്ല. ടോമി നായയാണ് എന്ന വാചകത്തോടെയാണ് കഥ ആരംഭിക്കുന്നത്. ക്ലാര എന്ന അറുപത്തഞ്ചുകാരിയുടെ വീട്ടിലാണ് അവന്റെ ജീവിതം. 'മുളയ്ക്കാത്ത വിത്തു പോലെ നായജീവിതം ആ വീടിനു ചുറ്റും വാലാട്ടിക്കൊണ്ടു നടന്നു'' എന്നെഴുതുന്നുണ്ട് ശ്രീജിത്ത്. തന്റെ നായത്വത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള സന്ദേഹങ്ങളില്‍ അസ്വസ്ഥനാവുന്ന ടോമി താന്‍ അനുഭവിച്ചു തീര്‍ക്കുന്ന അടിമ ജീവിതത്തില്‍ അസ്വസ്ഥനാവാന്‍ തുടങ്ങുന്നു. പക്ഷേ, തന്റെ ആത്മാവിന്റെ സ്വതന്ത്രാവിഷ്‌കാരം ഏതു തരത്തിലാണ് സാധ്യമാവുക എന്ന് നായക്കറിയില്ലായിരുന്നു. അവസാനം, 'ക്ലാരയെ കടിക്കണം' എന്ന തീരുമാനത്തില്‍ നായ എത്തിച്ചേരുന്നു. 

അധികാരത്തിനു മുന്നില്‍ വാലാട്ടി നിന്ന്, അത് തങ്ങളുടെ ജീവിതത്തിന്റെ അനിവാര്യതയും കടമയുമാണെന്ന് ധരിച്ചു പോകുന്ന ശീലവല്‍ക്കരണത്തിന്റെ അടിമകളാണ് മനുഷ്യരില്‍ പലരും. എന്‍.എന്‍.കക്കാടിന്റെ പോത്തു പോലെ തന്റെ ജീവനിലിഴുകിയ ഭാഗ്യമിതെന്തു ഭാഗ്യം എന്ന് ചേറില്‍ കിടന്ന് പോത്ത് തന്റെ അടിമ ജീവിതത്തില്‍ ആനന്ദിക്കുന്നതു പോലെ നാം നുകത്തിനു കീഴില്‍ അഭിമാനത്തോടെ തലകുനിച്ചു കൊടുക്കുന്നു. ഭരണകൂടത്തിനെതിരെ പ്രത്യക്ഷധീരത പ്രകടിപ്പിക്കാന്‍ കഴിയാത്ത ഭീരുതയാല്‍ സമൃദ്ധമായ ഇന്ത്യയില്‍ ഇരുന്നു കൊണ്ട് ഈ കഥ വായിക്കാം. നിങ്ങളുടെ നട്ടെല്ലിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു പോകും. നായജന്മത്തിന്റെ നിര്‍ലജ്ജമായ ജീവിതം ഒന്നു കുരയ്ക്കാന്‍ പോലുമാകാതെ മുട്ടിലിഴയുന്നതോര്‍ത്ത് നാം തലകുനിക്കും. ശ്രീജിത്തിന്റെ നായ എന്ന കഥ ദുഃസ്വപ്നത്തിലും ജാഗ്രത്തിലും നമ്മെ കടിച്ചു കുടയും!

കഥയുടെഅവസാനം ശ്രീജിത്ത് ഇങ്ങനെ എഴുതുന്നു: 'അതിനിടയില്‍ മുറ്റത്ത് ഒരു കിളി എന്തോ കൊത്തിപ്പെറുക്കി നടക്കുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടു. നായക്ക് സിംഹത്തിന്റെ ദേഷ്യം വന്നു. ഒറ്റച്ചാട്ടത്തിന് അവന്‍ കിളിയെ റാഞ്ചിയെടുത്ത് അതിന്റെ കഴുത്ത് കടിച്ചുകുടഞ്ഞു. അവന്റെ മൂര്‍ച്ചയേറിയ ദന്തക്ഷതങ്ങളേറ്റ് മൃദുലമായ തൂവലുകളുള്ള ആ കിളി മരിച്ചു.' ആരാണ് യഥാര്‍ത്ഥ ശത്രു എന്നും ആരാണ് യഥാര്‍ത്ഥ ഇര എന്നും തിരിച്ചറിയപ്പെടാതെ പോകുന്ന ഇന്ത്യനവസ്ഥയുടെ ദാരുണമായ ഒരു കരച്ചില്‍ ആ 'ഇന്ത്യന്‍നായ'യുടെ തൊണ്ടയില്‍ കുരുങ്ങിക്കിടപ്പുണ്ടാവും. 

'സതീശന്‍ ഡോക്ടറുടെ വീട്ടിലെ നായ ആയാല്‍ മതിയായിരുന്നു 'എന്ന ആഗ്രഹത്തില്‍ തുടങ്ങി, 'എനിക്കിപ്പം രമണി അമ്മായിയുടെ വീട്ടിലെ ആടായി ജനിച്ചാല്‍ മതിയായിരുന്നുഎന്നൊരാഗ്രഹം. പുല്ലും പ്ലാവിലയും തിന്ന് കാപ്പിക്കുരു പോലെ ഒറ്റയായും കുലയായും മലബന്ധമില്ലാതെ തൂറി ജീവിക്കാലോ 'എന്ന ആഗ്രഹത്തില്‍ അവസാനിക്കുന്ന കഥയാണ് 'ലയണല്‍ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങള്‍'.
'എനിക്ക് മനുഷ്യരോടിപ്പോ അസൂയയില്ല. ഈയിടെ നായകളോടാണ് എന്റെ മത്സരം. ഭൂമിയിലെ ഒറ്റ നായ്ക്കളും എന്നെക്കാള്‍ സന്തോഷിക്കരുത്. അത്രയേയുള്ളൂ' എന്ന് പറയുമ്പോള്‍ കോക്കാച്ചിന്റവിട സുനില്‍ അനുഭവിച്ചിരിക്കാവുന്ന അപമാനബോധത്തിന്റെ ആഴം എത്രയായിരിക്കും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഈ കഥ നിങ്ങളോട് രാഷ്ട്രീയം സംസാരിക്കും. 

അയാളുടെ മുത്തച്ഛനായിരുന്ന കൈതപ്പറമ്പില്‍ കോരന്‍ എന്ന കോറയിലേക്ക് കഥാകൃത്ത് നമ്മെ വഴി നടത്തുന്നു. അയാള്‍ ബ്രിട്ടീഷ് ഭരണകാലത്ത് ലീ സായിപ്പിന്റെ സില്‍ബന്തിയും അടിമയുമായിരുന്നു. 'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് അടിമപ്പെടുന്നതിന്റെ ആത്മാഭിമാനം അയാള്‍ ആ നാട്ടിലെ ഓരോരുത്തരെയും സ്‌നേഹത്തോടെ പറഞ്ഞു പഠിപ്പിച്ചു'. സായിപ്പ് പോയപ്പോള്‍ ഉണ്ടയില്ലാത്ത തോക്ക് മിനുക്കി, അതിന്റെ പാത്തി കൊണ്ട് കോലായിലേക്ക് കയറി വരുന്ന ഉറുമ്പുകളെ അടിച്ചമര്‍ത്തുക യായിരുന്നു കൊറേ ചെയ്തത്.പറമ്പില്‍ കണ്ട പാമ്പുകളെ അയാള്‍ തല്ലിക്കൊന്നു.പക്ഷികളെയും പൂച്ചകളെയും അയാള്‍ ശപിച്ചു. തരം കിട്ടിയപ്പോള്‍ എല്ലാ സൂക്ഷ്മജീവികളും അയാള്‍ ആ വീട്ടില്‍ നിന്ന് ആട്ടിപ്പായിച്ചു. അത്രയേ കോറയ്ക്ക് കഴിയുമായിരുന്നുള്ളൂ. ക്ലാരയുടെ നായ ചെയ്തതും ഇതു തന്നെ. യജമാനത്തിയെ കടിക്കാന്‍ കഴിയാത്ത നായ ഒരു പക്ഷിയെയാണ് കടിച്ചു കുടഞ്ഞത്. ഈജിപ്ഷ്യന്‍ ഫറവോയുടെ ഭൃത്യനാണ് താനെന്ന് ഒരിക്കല്‍ സുനില്‍ വിചാരിക്കുന്നുണ്ട്. 

അധികാരത്തിന്റെയും അടിമത്തത്തിന്റെയും ജനിതകവേരുകളിലേക്കാണ് ശ്രീജിത്ത് ഈ കഥയിലൂടെ നോക്കുന്നത്. എന്നാല്‍ അധികാരിയും അടിമയും ജനിതകമായ സ്വാഭാവിക ജൈവപരിണാമത്തിന്റെ നിഷ്‌കളങ്കമായ പ്രതിരൂപങ്ങളല്ലെന്നും വ്യവസ്ഥയുടെ ഭീമാകാരമായ യന്ത്രം രൂപപ്പെടുത്തിയ സാമൂഹിക ക്രമത്തിന്റെ പ്രതിഫലനമാണ് അടിമബോധമെന്നും കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. ജാതീയവും വംശീയവുമായ അപരവല്‍ക്കരണത്തിനിരകളായവരുടെ നിസ്സഹായമായ ജീവിതങ്ങള്‍ ശ്രീജിത്തിന്റെ കഥകളില്‍ ഉടനീളം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട്. 

മനുഷ്യ ജീവിതത്തിന്റെ ഒരോ അടരിലും പറ്റിക്കിടക്കുന്ന അതി സങ്കീര്‍ണ്ണമായ അനിശ്ചിതാവസ്ഥകളും വിസ്മയങ്ങളും നിരാലംബമായ വിതുമ്പലുകളുമൊക്കെ, കുഴമറിഞ്ഞു കിടക്കുന്ന ജീവിത സന്ദര്‍ഭങ്ങളില്‍ നിന്ന് വിദഗ്ദ്ധമായി കണ്ടെടുക്കുന്ന സൂക്ഷ്മ നോട്ടങ്ങളായി ശ്രീജിത്തിന്റെ കഥകള്‍ മാറുന്നു. 

ഇനിയുമുണ്ട് കഥകള്‍. ഗോള്‍ഡന്‍ഗേറ്റ് പാലത്തിലെ ആത്മഹത്യ, പാവ , പുകവലിക്കുമ്പോള്‍ ചിന്തിക്കുന്നത്, പൂക്കള്‍ വരയ്ക്കുന്നവരുടെ കാമുകിമാര്‍, സ്വപ്നങ്ങള്‍ അടയാളങ്ങള്‍, തട്ടിന്‍പുറത്ത് ആള്‍വലുപ്പത്തില്‍ ഒരു മുയല്‍ ജീവിക്കുന്നു, ഭൂതപലായനം എന്നീ കഥകളെല്ലാം പ്രമേയ വൈവിധ്യം കൊണ്ടും കഥന വൈഭവത്തിന്റെ തച്ചുശാസ്ത്രം കൊണ്ടും സമകാലിക മലയാള കഥയിലെ അതിശയശില്പങ്ങളായി മാറുന്നവയാണ്. 

മനഷ്യര്‍ തന്നെയാണ് ശ്രീജിത്ത് കൊന്നോളിയുടെ പ്രമേയം. ഉത്തരാധുനിക കാലത്ത്, സന്ധിബന്ധങ്ങളഴിഞ്ഞ് ശിഥിലമായിപ്പോയ മനുഷ്യര്‍....
'കണ്ണുകളില്‍ പറ്റിയ ഈച്ചകളെ വടിച്ചെടുത്തു കൊണ്ട് അഖീല്‍ കുമാറിനോട് പറഞ്ഞു: 'നമ്മള്‍ വല്ലാതെ അഴുകിപ്പോയെന്നു തോന്നുന്നു' 
അപ്പോള്‍ കുമാര്‍ ഓരോ ഈച്ചകളെയും കണ്‍പോളകളില്‍നിന്ന് ഊരിയെടുക്കുകയായിരുന്നു' എന്നിങ്ങനെയാണ് പുകവിക്കുമ്പോള്‍ ചിന്തിക്കുന്നത് എന്ന കഥ അവസാനിക്കുന്നത്. 

അതെ, അഴുകിപ്പോയ ആത്മവുമായി ജീവിക്കുന്നവരെയാണ് ഈ കഥാകൃത്ത് നോട്ടമിടുന്നത്. നമ്മെ അഴുകാനനുവദിച്ച ഈ ലോകത്തെ അയാള്‍ തനിക്കാവും വിധമെല്ലാം കീറിമുറിക്കുന്നുണ്ട്. 
ശ്രീജിത്തിന്റെ കഥാലോകം കീറിമുറിക്കപ്പെട്ട ലോകത്തിന്റെയും അഴുകിപ്പോയ മനുഷ്യരുടെയും ഞരക്കങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

Content Highlights : Dr.P Suresh reviews the book lional messyyude chila janithakaprasnangal written by Sreejith Konnoli