നാദികാലം മുതൽ പുരുഷൻ തന്റെയുള്ളിലെ സ്ത്രീയെ വരയ്ക്കാൻ ശ്രമിക്കുകയാണ്. തന്റെ വരയിലൊതുങ്ങാത്ത അവളെ അവൻ അഗ്നിപരീക്ഷണങ്ങൾ നല്കി വരച്ചതൊക്കുന്നുമുണ്ട്. 'ഒരു ദേശം ഓനെ വരയ്ക്കുന്നു' എന്ന മുഹമ്മദ് റാഫി എൻ.വിയുടെ ഈ നോവലിൽ ഓളാണ് ഓനെ വരയ്ക്കുന്നത്. വെയിലും മഴയും മഞ്ഞും അനുഭവങ്ങൾ തിന്നുന്ന കാലത്തിലൂടെ തന്റെ കൊന്ത്രമ്പല്ലിൽ സ്നേഹത്തിന്റെ നീലമഷി നിറച്ച് അവൾ ഓനെ വരയ്ക്കുകയാണ്.

നോവലിൽ ഒരിടത്തും നോവലിസ്റ്റ് ഓന്റെ പേരു പറയുന്നില്ല. സമീറയെന്ന പേരു മാത്രമാണ് ആദ്യാവസാനം മുഴങ്ങിക്കേൾക്കുന്നത്. ഒരുപക്ഷേ, അവളെന്ന ഏഴാനാകാശം മയങ്ങിക്കിടന്ന ഒരു ജലാശയം മാത്രമായിരിക്കാം അവൻ. അല്ലെങ്കിൽ വേർപെടുത്തി പറയാനാകാതെ അവളിൽ നിർലീനമായിരിക്കുന്ന (latent) മറ്റൊരാൾ. 'ഞി ഒരു പൊട്ടനാ.., ജന്തു, മാനംതെണ്ടി, കയ്ത' എന്നൊക്കെ കലിതുള്ളി വിളിക്കുമ്പോഴും

When you give someone your whole heart
And he doesn't want it, you cannot take it back.
It's gone forever

എന്ന പ്രസിദ്ധമായ വരികളെ ഓർമിപ്പിക്കുന്നതാണ് അവളുടെ ഇഷ്ടം. അവളുടെ ഇരട്ടപ്പല്ലായിരുന്നു അവൻ. അവളുടെ വിവാഹ റിസെപ്ഷന്റെ അന്ന് ആ ഇരട്ടപ്പല്ല് പറിഞ്ഞുപോയപ്പോഴാണ് അവനത് മനസ്സിലായത്.

'എരട്ടപ്പല്ലുവേദന നെനക്ക് ഇന്നെ കണ്ടതുമുതല് വന്നിട്ടുണ്ടാവും, നീയറിയാത്തോണ്ടാ' എന്ന് അവളുടെ ഭർത്താവ് ബവീഷും പറയുന്നുണ്ട്.

ഓന് തന്റെ ഹൃദയം കാണാനൊരു ഛായാമുഖി (നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നതുപോലൊന്ന്) ഇല്ലാത്തതിനാലാവാം ഒപ്പം നടന്നുതീർത്തവളെ അവൻ അറിഞ്ഞിരുന്നില്ല. അല്ലെങ്കിൽ അവനെന്ന മൈക്രോകോസത്തിന് ഉൾക്കൊള്ളാനാവുന്നതിലും വലിയൊരു മാക്രോകോസമാണ് അവളെന്ന തോന്നലാവാം. അവന്റെ കുട്ടിക്കുതൂഹലങ്ങൾ ക്ലാസിലെ നന്നായി പാട്ടുപാടുന്ന ശ്രീലതയ്ക്കു ചുറ്റും-അവൾ പാടുന്ന പാട്ടൊക്കെ തനിക്കുവേണ്ടിയാണെന്ന് ഓൻ കരുതിപ്പോന്നു- കൗമാരാഭിനിവേശങ്ങൾ ഉൾക്കടൽ സിനിമയിലെ നായിക ശോഭയ്ക്കു ചുറ്റുവും- നിമിഷങ്ങൾ തൻ കൈക്കുടന്നയിൽ നീയൊരു നീലാഞ്ജനതീർഥമായി എന്നൊക്കെ മൂളിപ്പറന്നത്.

സമീറയാകട്ടെ, ഒരു മഴ നനഞ്ഞ സന്ധ്യയിൽ കോളേജിലെ കാർ ഷെഡ്ഡിൽ കയറിനിന്ന ദിവസത്തിന്റെ ഓർമയിൽ പിന്നീട് ഓനോടു ചോദിക്കുന്നുണ്ട്: 'ആ വൈന്നേരേങ്കിലും എനക്ക് ന്നെ ഒന്നുമ്മവെച്ചൂടായിരുന്നോ കയ്തേ' എന്ന്'. സിൽവിയാ പ്ലാത്തിന്റെ ഈ കവിത ഇതിനോടു ചേർത്തു വായിക്കാമെന്നു തോന്നുന്നു:
Kiss me,
You will see
How important Iam...

'ഞി ഒരാങ്കുട്ട്യന്യാ..? ഉളുപ്പുണ്ടാഡാ അനക്ക് ' എന്ന് സ്നേഹശകാരം ചൊരിയുന്ന കുഞ്ഞിറായിയും ഒസാൻ അസനാര്ക്കയും മാധവിക്കുട്യേട്ത്തിയുടെ മകൻ സുനിയും ഓന് ജിന്നിന്റെ കഥകൾ പറഞ്ഞുകൊടുക്കാറുള്ള കുഞ്ഞാമിത്താത്തയും മൂത്താപ്പാരും ഗോയിന്ദേട്ടനും 'ങ്ങനെ പൊട്ടനായാ എനി ഉള്ള കാലത്ത് എങ്ങനെ കയിഞ്ഞുകൂടും' എന്ന് ഓനെപ്പറ്റി വേവലാതിപ്പെടുന്ന ഹുസാൻക്കായും സിയാദും ബാലൻമാഷും ' സമീറാന്റെ കൊന്ത്രമ്പല്ല് ഞാൻ അടിച്ചു തായഡും' എന്ന് ഓനുവേണ്ടി ഓളോടു കലഹിക്കുന്ന ഷാഹിദയും ' ഞ്ഞി ഓളെ ലൈനിട്ടോ. കൊന്ത്രമ്പല്ലത്തിയാണെങ്കിലും കാണാനെന്തോ തരം ഭംഗീണ്ട് ഓൾക്ക്' എന്ന് ഓനോടുപദേശിക്കുന്ന പ്രകാശനുമൊക്കെ ചേർന്ന് ഓനു ചുറ്റും അനുഭവിച്ച കാലത്തിന്റെ ഛായാപടങ്ങൾ കറുപ്പിലും വെളുപ്പിലും വർണത്തിലും തീർക്കുകയാണ്.

അവൾ മെഡിസിനു കിട്ടി ദൂരെപ്പോയതിനുശേഷം മെഡിക്കൽ കോളേജിൽ തന്റെ സീനിയറായ, കൂട്ടുകാരനായ ബവീഷിനെ കൂട്ടി വീട്ടിൽ വന്നുപോയതിനു ശേഷമാണ്, ഓളെ പറമ്പിലെ പൊട്ടക്കിണറ്റിലെ ഇരുട്ടുകുടിച്ചുറങ്ങുന്ന വവ്വാലുകളെപ്പോലെ ഓനിൽ ആദ്യമായി വിഷാദചിന്തകൾ കനംവെച്ചുതൂങ്ങിയത്. അതറിഞ്ഞപ്പോൾ ' ഞി ഇപ്പം ഊഡുന്ന് പോരണം' എന്നു പറഞ്ഞ് സമീറയും ബവീഷും അവനെ വന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു, ചികിത്സിപ്പിക്കാൻ.

തന്റെ വിവാഹം കഴിഞ്ഞപ്പോൾ ഓന്റെ കല്യാണം എത്രയും പെട്ടെന്നു നടത്തണമെന്ന ചിന്തയായിരുന്നു ഓൾക്ക്. ഓളുതന്നെ ഒരുത്തിയെ തപ്പിപ്പിടിച്ച് ഓന്റെ തലയിൽ കെട്ടിവെക്കുന്നതിനോടനുബന്ധിച്ചു നടത്തിയ ബാച്ചിലർ പാർട്ടിയുടെ ചെലവു മുഴുവൻ ഓളാണ് നടത്തിയത്. അതിനുവേണ്ടി അവൾ അമേരിക്കയിലെ ടെക്സാസിൽനിന്നു പറന്നുവരികയായിരുന്നു.

അന്ന് 'I want to love you, in every day, every night' എന്ന ബോബ് മെർലിയുടെ പാട്ടുപാടി ഓനോടൊപ്പം ചെലവിട്ട രാത്രിയുടെ ഓർമയിൽ അവളെഴുതി: ' ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ ഇരട്ടപ്പല്ല് പിന്നെയും വന്നു.'ഹൃദയത്തിലെ രണ്ടു പുരുഷന്മാരെ ഒരുമിച്ചു കാണിക്കുന്ന ആ ഛായാമുഖി കണ്ടുപിടിച്ചത് ആരായിരിക്കും? അത് നോവലിസ്റ്റിന്റെ ആശംസതന്നെയായിരിക്കാം: ' സമീറാ നമുക്കൊരു ഛായാമുഖി കണ്ടുപിടിക്കണം! ഒന്നിലധികം പുരുഷന്മാരുടെ സ്നേഹം കൊതിക്കുന്ന പെണ്ണുങ്ങൾക്ക് മൂളിപ്പാട്ടു പാടി മുഖം നോക്കാനുതകുന്ന ഒന്ന്!'

ടെക്സാസിൽനിന്ന് ബവീഷിനെ പിടികൂടിയ (അയാളുടെ തൊഴിൽസംബന്ധമായ കാരണങ്ങളാൽ) വിഷാദരോഗത്തിന് ചികിത്സിക്കാൻ നാട്ടിലേക്കു വരുമ്പോൾ എയർപോർട്ടിൽ കാത്തുനില്ക്കാൻ അവൾ ഓന് മെസേജ് ചെയ്യുന്നുണ്ട്. പക്ഷേ, ഓന് പോകാനാവുന്നില്ല. ഇരുട്ട് തിന്നുകയും
കുടിക്കുകയും ചെയ്യുന്ന വവ്വാലുകൾക്കിടയിൽ അവളെ കാത്തുകിടക്കുകയായിരുന്നു ഓൻ. എഴുത്തിന്റെ കരുത്തും ചന്തവും വായനയുടെ സാഫല്യവും അനുഭവിപ്പിക്കുന്നുണ്ട് ഈ നോവൽ.

പുസ്തകം വാങ്ങാം

Content Highlights : Dr MP Anitha Reviews the novel on Oru Desham oone Varakkunnu by Muhammed Rafi N V