'ഓരോ വിജയവും ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു. വിജയം കൊയ്യുന്നവര്‍ ലോകത്തെ ജീവിക്കാന്‍ പറ്റാത്ത ഒരിടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നു തോന്നും' (ജ്ഞാനഭാരം, പുറം 153).

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപപ്പെട്ട വംശീയവിരുദ്ധ പ്രക്ഷോഭങ്ങളുടെ സുപ്രധാന അടയാളം പ്രതിമാഭഞ്ജനങ്ങളായിരുന്നു. ആധിപത്യത്തിന്റെ ശിലാസ്തംഭങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ ആദ്യം കടപുഴകിയത് ബ്രിസ്റ്റോള്‍ നഗരത്തിലെ അടിമകച്ചവടത്തിന്റെ പ്രതീകമായ എഡ്വേഡ് കൊളസ്റ്റണിന്റെ പ്രതിമയാണ്. വെള്ള ദേശീയതയുടെ ആള്‍രൂപമായിരുന്ന ചര്‍ച്ചിലിന്റെ പ്രതിമക്കെതിരെയും പ്രതിഷേധം ഉണ്ടായി. കോളോണിയല്‍ അധീശത്വ പുരാവൃത്തം ആലേഖനം ചെയ്ത ബോസ്റ്റണിലെ ക്രിസ്റ്റഫര്‍ കൊളംബസിന്റെ ശിലാസ്തൂപം പ്രതിഷേധക്കാര്‍ തകര്‍ത്തു. വെര്‍ജീനിയയിലെ റിച്ച്മൗണ്ടിലെ കൊളംബസിന്റെ അധിനിവേശ ചരിത്രത്തെ 'സ്മൃതിവല്‍ക്കരിക്കുന്ന' പ്രതിമ വംശീയവിരുദ്ധ പ്രക്ഷോഭക്കാര്‍ വലിച്ചിഴച്ച് തടാകത്തില്‍ എറിഞ്ഞു. സമാനമായ പ്രതീകാത്മക പ്രക്ഷോഭമാണ് ഇ. സന്തോഷ്‌കുമാര്‍ 'ജ്ഞാനഭാരം' നോവലില്‍ നിര്‍വ്വഹിക്കുന്നത്. ആധുനിക വൈജ്ഞാനികതയുടെ പ്രതാപരൂപമായ വിജ്ഞാനകോശത്തെ മുംബെയിലെ ജ്ഞാനമാളികയില്‍ നിന്നും കൊല്‍ക്കത്തയിലെ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന തെരുവിലേക്ക് 'വലിച്ചിഴക്കുന്നു.' വിജ്ഞാനകോശമെന്ന 'വിശുദ്ധപശുവിനെ' സ്ഥാനഭംഗത്തിലൂടെ അപവിത്രീകരിക്കുന്ന രാഷ്ട്രീയമാണ് 'ജ്ഞാനഭാരം.'

ജ്ഞാനം തേനീച്ചക്കൂടാണോ കടന്നല്‍ക്കൂടാണോ? അതോ 'ഭൂതബാധയ്ക്കെതിരെ ഉറക്കത്തില്‍ സൂക്ഷിക്കുന്ന കുരിശുപോലെ' ഒന്നാണോ? 'സോളമന്റെ തേനീച്ചകളെപ്പോലെ' തേനൂറുന്ന നിഷ്‌ക്കളങ്കത ജ്ഞാനത്തിന്റെ സത്തയല്ല. ജ്ഞാനം ഒരു അധികാരരൂപകവും ആധിപത്യ മൂലധനവുമാണ്. സ്വതന്ത്രമായൊരു നിലനില്‍പ്പ് ചരിത്രത്തിലൊരിക്കലും ജ്ഞാനത്തിന് ഉണ്ടായിട്ടില്ല. ആധിപത്യം സ്ഥാപിക്കാനും നിലനിറുത്താനുള്ള പൊതുസമ്മതിയാണ് രേഖപ്പെടുത്തപ്പെട്ട ജ്ഞാനം. അധികാരികള്‍ക്ക് നല്‍കുന്ന ഇരകളുടെ സമ്മതപത്രമാണ് ജ്ഞാനത്തിന്റെ സ്വീകരണം. അധീശത്വയുക്തിയാണ് ജ്ഞാനത്തിന്റെ 'അകവും' 'പുറവും' തീരുമാനിക്കുന്നത്. ജ്ഞാനം ഉല്പാദിപ്പിക്കുന്ന വ്യവഹാരങ്ങളെ നിശ്ചയിക്കാനും നിയന്ത്രിക്കാനുമുള്ള ശേഷിയുടെ മറുപേരാണ് രാഷ്ട്രീയ-സാംസ്‌കാരിക അധികാരം. ജ്ഞാനോല്പാദനത്തിന്റെ പിന്നാമ്പുറങ്ങളും ഭ്രമണപഥങ്ങളും സാത്വികമല്ല. ജ്ഞാനം അതിന്റെ ഉല്പാദകരെ അനുഗ്രഹിക്കും, അതിന്റെ വ്യവഹാരവിഭവങ്ങളെ നിഗ്രഹിക്കും. 'വിജ്ഞാനകോശങ്ങള്‍' പാര്‍ക്കുന്ന ചില്ലുമേടകളിലേക്ക് ചോദ്യങ്ങളെറിയുമ്പോഴാണ് അവിടെയുള്ളത് തേനീച്ചകളല്ല, കടന്നലുകളാണെന്നറിയുന്നത്. ജ്ഞാനത്തിന്റെ പരീക്ഷണശാലകളില്‍ സൃഷ്ടിക്കുന്നത് പറുദീസയല്ല പാതാളമാണെന്ന് തിരിച്ചറിയുന്നത് വിജ്ഞാനത്തിന്റെ കോശങ്ങളെ വിചാരണ ചെയ്യുമ്പോള്‍ മാത്രമാണ്. വിജ്ഞാനത്തിന്റെ 'വാമന' അവതാരങ്ങളെ വിസ്തരിക്കുന്ന രാഷ്ട്രീയ നിയോഗമാണ് 'ജ്ഞാനഭാരത്തിലൂടെ' സന്തോഷ്‌കുമാര്‍ ഏറ്റെടുക്കുന്നത്. നോവലിന്റെ ഭാവുകത്വഗതികളെ മൂന്നായി അടയാളപ്പെടുത്താവുന്നതാണ്.

ജ്ഞാനാധികാരത്തിന്റെ കടലാസുഭൂപടങ്ങള്‍

2015-ന്റെ അവസാനത്തിലാണ് നോവലിസ്റ്റ് ജോലിസ്ഥലം മാറി മുംബൈയിലെത്തിയത്. ഒരു താമസസ്ഥലം തരപ്പെടുന്നതുവരെ ഏതാണ്ട് ഒരു മാസം ലോകത്തിലെ തന്നെ ഏറ്റവും ഭൂമിവിലയുള്ള മലബാര്‍ ഹില്‍സിലെ ഇല്‍ പലാസോ കെട്ടിടത്തിലെ കമ്പനി ഫ്ളാറ്റിലാണ്  താമസിച്ചത്. ഇന്ത്യയിലെ പല കോടീശ്വരന്മാരുടെ വീടുകളും ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വസതികളും, ജിന്നാഹൗസും മലബാര്‍ ഹില്‍സിലാണ്. ഇല്‍ പലാസോയുടെ തൊട്ടുമുന്നിലുള്ള കമലാ നെഹ്റു പാര്‍ക്കില്‍ അതികാലത്ത് ധാരാളം നടത്തക്കാരുണ്ട്. മുന്തിയ ഇനം ഷൂസും ബ്രാന്‍ഡ് വസ്ത്രങ്ങളും ധരിച്ച സമൂഹത്തിലെ ക്രിമിലെയറില്‍ ഉള്‍പ്പെട്ടവരാണെല്ലാവരും. വ്യായാമങ്ങളും, യോഗാഭ്യാസവും, വട്ടംകൂടി നിന്നുള്ള കൃത്രിമ പൊട്ടിച്ചിരിയുമെല്ലാം നിത്യകാഴ്ചയാണ്. ഇതിലൊന്നും പങ്കെടുക്കാതെ ഉയരമുള്ള, മെല്ലിച്ച, അയഞ്ഞ ഷര്‍ട്ടും ഇറക്കം കൂടിയ ഷോര്‍ട്സും വീടിനുള്ളില്‍ ഇടുന്ന ചെരിപ്പും ധരിച്ച, കുഴിഞ്ഞ കണ്ണും നരച്ച മുടിയുമുള്ള ഒരാള്‍. പാര്‍ക്കിലെ പൊട്ടിച്ചിരിയും ശ്വസനമുറകളും അയാള്‍ ശ്രദ്ധിക്കുന്നില്ല. അയാളും ഇല്‍ പലാസോയിലാണ് താമസം. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം രാവിലെ നടക്കുന്നതിനിടയില്‍ അയാള്‍ കുഴഞ്ഞു താഴെ വീഴുന്നതുകണ്ട് നോവലിസ്റ്റ് എഴുന്നേല്‍പ്പിച്ചു. അയാളെ ലിഫ്റ്റില്‍ കയറ്റി പത്താം നിലയിലുള്ള ഫ്ളാറ്റിലെത്തിച്ചു. കൈലാസ് പാട്ടീല്‍ എന്നായിരുന്നു അയാളുടെ പേര്. അവരുടെ സൗഹൃദവും സംഭാഷണങ്ങളുമാണ് കഥാപരിസരം. മുംബൈയും പൂനെയും കൊല്‍ക്കത്തയും സ്ഥലഭൂപടവും.

ഒരവധിദിവസം നോവലിസ്റ്റ് കൈലാസ് പാട്ടീലിനെ സന്ദര്‍ശിച്ചു. മുംബെയിലെ വിവിധ സ്ഥലങ്ങള്‍ പരാമര്‍ശിക്കുന്നതിനിടയില്‍ മലബാര്‍ ഹില്‍സിനടുത്തുള്ള 'ടവര്‍ ഓഫ് സൈലന്‍സ്' എന്ന പേരുള്ള പാഴ്സികളുടെ ശ്മശാനം കാണണമെന്ന് നിര്‍ദ്ദേശിച്ചു. ശവങ്ങള്‍ സംസ്‌ക്കരിക്കുന്നതിനു പകരം കഴുകന്മാര്‍ക്ക് തീറ്റയായി നല്‍കുന്നതാണ് പാഴ്സികളുടെ വിശ്വാസ സമ്പ്രദായം. പിന്നീട് ചരിത്രപുസ്തകം വായിച്ചുകേള്‍പ്പിക്കുന്ന ലാഘവത്തിലും ആധികാരികതയിലും സൂക്ഷ്മതയിലും അവരുടെ ചരിത്രം വിവരിച്ചു. മറ്റൊരിക്കല്‍, ചായ കുടിക്കുന്നതിനിടയില്‍ അതിന്റെ രുചിവഴികളും വിശദീകരിച്ചു. അയാള്‍ ചരിത്രാധ്യാപകനാവുമെന്ന് ഊഹിച്ചു. സ്വീകരണമുറിയില്‍ പക്ഷേ നിറയെ തടിച്ച നിയമപുസ്തകങ്ങളും. എന്നാല്‍ അയാള്‍ ഒരു വക്കീല്‍ ഗുമസ്തനായിരുന്നു. ഇപ്പോള്‍ ഫ്ളാറ്റിന്റെയും, പിന്നെ വലിയ പ്രയോജനമില്ലാത്ത കുറെയേറെ വിവരങ്ങളുടെ കാവല്‍ക്കാരനും.

ഒരു ദിവസം രാവിലെ കൈലാസിനെ കണ്ടപ്പോള്‍ പാഴ്സികളുടെ ശ്മശാനത്തിലേക്ക് പ്രവേശനമില്ലെന്ന കാര്യം പറഞ്ഞു. അയാള്‍ പക്ഷേ, ഒരിക്കലും അവിടെ പോയിട്ടില്ല. ഒരിക്കലും കൈലാസ് പാട്ടീല്‍ അതിനു ശ്രമിച്ചിട്ടുമില്ല. പാഴ്സികളുടെ ചരിത്രം ഇത്ര വിശദമായി അറിയുന്നയാള്‍ എന്തുകൊണ്ടാവും ശ്മശാനം കാണാന്‍ ശ്രമിക്കാതിരുന്നത്? ഒരു നൂറ്റാണ്ടു പിറകിലാണ് കൈലാസിന്റെ അറിവുകള്‍. ഇരുപതാം നൂറ്റാണ്ടിനു ശേഷമുള്ള പാഴ്സികളുടെ ചരിത്രം അറിയില്ല, ചില കേട്ടുകേള്‍വികളല്ലാതെ.

സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ മുംബൈ നഗരത്തിലെ ഏറ്റവും പ്രശസ്തനും പ്രതിഭാശാലിയുമായ ഭുവന്‍ ദേശായി വക്കീലിന്റെ ഗുമസ്തനായിരുന്നു കൈലാസിന്റെ അച്ഛന്‍ കമലേഷ് പാട്ടീല്‍. ഗുജറാത്തിലെ കച്ച് പ്രദേശത്തുള്ള ഹുണ്ടിക വ്യാപാരിയായിരുന്ന അച്ഛനോട് പിണങ്ങിയാണ് ഭുവന്‍ മുംബൈയിലെത്തിയത്. അച്ഛന്‍ ഭയന്നതുപോലെ ഭുവന്‍ ദേശീയ പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു. പഠനത്തിനുശേഷം കുറച്ചുകാലം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുമായി അടുപ്പമുണ്ടായിരുന്ന വ്യവസായ കുടുംബത്തിന്റെ അഭിഭാഷക ജോലി ഉപേക്ഷിച്ച് സ്വന്തമായി പ്രാക്ടീസ് തുടങ്ങി. നിയമ കാര്യങ്ങളില്‍ അതിസമര്‍ത്ഥനായിരുന്നു ഭുവന്‍ വക്കീല്‍. ബ്രിട്ടീഷുകാരായ ജഡ്ജിമാര്‍ പോലും ഭുവന്റെ നിയമനിപുണതയെയും വാഗ്വൈഭവത്തെയും വാഴ്ത്തിയിരുന്നു. സ്വയം ഒരു പ്രതിപക്ഷമായി അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ അധികാരത്തിനും പദവികള്‍ക്കും പണത്തിനും ഭുവന്‍ വഴങ്ങിയില്ല. അദ്ദേഹത്തിന്റെ കേസുകള്‍ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി. ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി ഫീസ് വാങ്ങാതെ വാദിച്ചു.

ഭുവന്‍ ദേശായിയോടുള്ള ആരാധനകൊണ്ടാവണം മകന്‍ കൈലാസിനെയും വക്കീലാക്കണമെന്ന് കമലേഷ് പാട്ടീല്‍ ആഗ്രഹിച്ചത്. പലപ്പോഴും രഹസ്യമായിട്ടാണെങ്കിലും, മകനോട് അത് സൂചിപ്പിച്ചിട്ടുമുണ്ട്. പരസ്യമായി പറഞ്ഞാല്‍ അഹങ്കാരമാകുമെന്ന കരുതി. അത് വിനയമല്ല, അപകര്‍ഷതാബോധം ആയിരുന്നിരിക്കണം. വക്കീല്‍ ഗുമസ്തന്റെ ആഗ്രഹങ്ങളുടെ ആകാശത്തിന്റെ വലുപ്പം സംബന്ധിച്ച പ്രബലമായ ജ്ഞാന നിര്‍മ്മിതിയുണ്ട്. ആഗ്രഹങ്ങള്‍ അഹങ്കാരമാണെന്ന് ദരിദ്രരും ദുര്‍ബലനും സ്വാഭാവികമായി തോന്നുന്നിടത്താണ് അധികാരവര്‍ഗ്ഗത്തിന്റെ ജ്ഞാന ഉല്പാദനത്തിന്റെ രാക്ഷസീയത വിജയം കാണുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആത്മീയവിശ്വാസക്കുറവ് കഴിവില്ലായ്മയല്ല. ഉപരി/വരേണ്യ വിഭാഗത്തിന്റെ സാമൂഹിക സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കണമെങ്കില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ 'നാണം' അവര്‍ക്ക് സ്വാഭാവികതയായി അനുഭവപ്പെടണം. അതിനു സഹായകരമായ ജ്ഞാന വ്യവഹാരങ്ങളും ഉണ്ടാകണം. അത് നിര്‍മ്മിക്കാനുള്ള അധികാരത്തിന്റെ രൂപകമാണ് ഭുവന്റെ ചില്ലുമേടയിലെ വിജ്ഞാനകോശം.

കമലേഷ് തന്റെ മകനെ ബിരുദത്തിനായി കോളജിലെ ഹോസ്റ്റലില്‍ ചേര്‍ത്തു. ഒരു അവധി ദിവസം രാവിലെ ഹോസ്റ്റലിലെ മുറിയില്‍ മകന് പഠിക്കാന്‍ കുറെ പുസ്തകങ്ങളുമായി എത്തി. സ്വന്തം പേരെഴുതി ഒപ്പിടാനോ തനിക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍ ഏതെന്നോ അറിയാത്ത ഗ്രാമീണനായ അച്ഛന്‍ പറയുന്നതുകേട്ട് കൈലാസ് അമ്പരുന്നു. ഏറെ പുസ്തകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഹോസ്റ്റല്‍ മതില്‍ക്കെട്ടിനു പുറത്ത് കിടക്കുന്ന ഭുവന്‍ ദേശായിയുടെ കാറിനടുത്ത് എത്തി. കാറിന്റെ ഡിക്കി തുറന്നപ്പോള്‍ കണ്ടത് എന്‍സൈക്ലോപീഡിയയുടെ പഴയ എഡിഷന്‍, പന്ത്രണ്ട് വാള്യങ്ങള്‍. ഭുവന്‍ സാബ് തന്നതാണെന്ന് കമലേഷ് അഭിമാനത്തോടെ പറഞ്ഞു. ഈ പുസ്തകങ്ങള്‍ വായിച്ചാണ് ഭുവന്‍ വലിയ വക്കീലായത്. ഇതില്‍ ലോകത്തിലുള്ള എല്ലാ കാര്യങ്ങളും ഉണ്ടെന്നാണ് ഭുവന്‍ പറഞ്ഞത്. അദ്ദേഹത്തെ രാഷ്ട്രീയക്കാരും സിനിമാക്കാരും വ്യവസായികളും ബഹുമാനിക്കുന്നത് ഇതെല്ലാം വായിച്ചിട്ടുള്ളതുകൊണ്ടാണ്. സംശയമുള്ളപ്പൊഴെല്ലാം ഇവ പുസ്തക അലമാരയില്‍ നിന്നും എടുത്ത് നോക്കുമായിരുന്നു. ഭുവന്റെ അധികാരത്തിന്റെയും സാമര്‍ത്ഥ്യത്തിന്റെയും പണത്തിന്റെയും രഹസ്യമാണ് തനിക്ക് കൈമാറിയതെന്നാണ് കമലേഷ് കരുതിയത്. തടിച്ച പുസ്തകങ്ങളുടെ മൂല്യത്തിലും ഭുവന്റെ ഔദാര്യ ധാരാളിത്തത്തിലും കമലേഷ് വികാരഭരിതനായി. ഭുവന്‍ തന്ന പുസ്തകങ്ങള്‍ തന്റെ മകനെ മറ്റൊരു ഭുവനാക്കും. തനിക്ക് അപ്രാപ്യമായിരുന്ന ജ്ഞാനത്തിന്റെ രാവണന്‍ കോട്ടയില്‍ കയറാനുള്ള താക്കോണ് അവയെല്ലാം. ഇതുവരെ തന്നെയും മകനെയും അധികാരത്തിന് പുറത്തു നിര്‍ത്തിയതും ഇപ്പോള്‍ അകത്തേക്ക് വഴികാണിക്കുന്നതും വിജ്ഞാനത്തിന്റെ ഈ ഭൂപടങ്ങള്‍ തന്നെയാണ്. അറിവിന്റെയും ആദരവിന്റെയും സിംഹാസനങ്ങളിലേക്കുള്ള ഏണിപ്പടികളാണ് ഭുവന്‍ തന്റെ മകന് നല്‍കിയതെന്ന് കമലേഷ് ഉറച്ചുവിശ്വസിച്ചു. പൂജക്കാലത്തെ ഗണപതി വിഗ്രഹംപോലെ ഭുവന്‍ നല്‍കിയ പുസ്തകങ്ങള്‍ കമലേഷ് മകന് കൈമാറി.

കൈലാസിന്റെ ഹോസ്റ്റല്‍ മുറിയില്‍ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. അരാജകമായൊരു ഉദ്യാനംപോലെ അലസമായിരുന്നു ആ മുറി. ബംഗാളിയായ ദത്തു ചാറ്റര്‍ജിയാണ് കൈലാസിന്റെ മുറി പങ്കിട്ടിരുന്നത്. ദത്തുവിന്റെ കുഴഞ്ഞുമറിഞ്ഞ കിടക്കയും, വലിച്ചെറിഞ്ഞ പുസ്തകങ്ങളും, ഡിറ്റക്ടീവ് നോവലുകള്‍ വായിക്കുന്നതിന് രാത്രിമുഴുവനും വലിച്ചുകൂട്ടിയ സിഗററ്റുകുറ്റികളും മുറി  കൂടുതല്‍ അലങ്കോലമാക്കി. വിജ്ഞാനകോശങ്ങള്‍ ചിലത് എടുത്ത് ദത്തു തലയിണയുടെ ഉയരം കൂട്ടിയെടുത്തു. ഹോസ്റ്റലില്‍ കാണാന്‍ വരുമ്പോഴൊക്കെ ഭുവന്‍ സാബിന്റെ പുസ്തകങ്ങള്‍ പഠിക്കാന്‍ കമലേഷ് മകനെ ഉപദേശിച്ചു. ഒരിക്കല്‍ കമലേഷ് മുറിയിലെത്തിയപ്പോള്‍ തടിച്ച പുസ്തകങ്ങളെല്ലാം എടുത്തുകൊണ്ടു പോകാന്‍ ദത്തു ആവശ്യപ്പെട്ടു. അവ മകന് പഠിക്കാനുള്ളതാണെന്ന് പറഞ്ഞപ്പോള്‍ ദത്തു ഉറക്കെ പരിഹസിച്ചു. മകനും ദത്തുവിന്റെ പരിഹാസത്തില്‍ ചേര്‍ന്നത് കമലേഷിനെ നിരാശനും കുപിതനുമാക്കി. പരീക്ഷയ്ക്ക് പ്രയോജനപ്പെടാത്തതുകൊണ്ട് പുസ്തകങ്ങളെല്ലാം വീട്ടില്‍ കൊണ്ടുപൊയ്ക്കൊള്ളാന്‍ കൈലാസും ആവശ്യപ്പെട്ടു. അത് കമലേഷിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അന്നു രാത്രി ഭുവന്‍ വക്കീലിന്റെ കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് കമലേഷ് മരിച്ചു. കമലേഷിന്റെ മരണത്തോടെ നോവലിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നു.

'വിജ്ഞാനകോശവധം'

മുംബൈയില്‍ നിന്നും കുറെ വടക്ക് പാല്‍ഗര്‍ എന്നൊരു കുഗ്രാമത്തിനടുത്തുള്ള ചെറിയ കുടിലിലായിരുന്നു കമലേഷും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്റെ അപ്രതീക്ഷിത മരണം കൈലാസിനെയും അമ്മയെയും വിലയൊരു പ്രതിസന്ധിയിലാക്കി. ദത്തുവിന്റെ പരിഹാസത്തേക്കാള്‍  അച്ഛന് വിജ്ഞാനകോശത്തിലുണ്ടായിരുന്ന വിശ്വാസത്തെ താന്‍ നിസ്സാരമാക്കിയതിന്റെ വിഷമം കൊണ്ടാണ് അച്ഛന്‍ അപകടത്തില്‍പ്പെട്ടതെന്ന് കൈലാസ് ഉറച്ചുവിശ്വസിച്ചു. നിഷ്‌ക്കളങ്കനായ ഒരു ഗ്രാമീണനെന്ന പരിഗണനപോലും നല്‍കാതെ കൂടുതല്‍ യുക്തി ഉപയോഗിച്ച് എന്‍സൈക്ലോപീഡിയ വായിക്കുന്നതിന്റെ നിഷ്ഫലത സ്ഥാപിക്കുകയാണ് കൈലാസ് ചെയ്തത്. ഭൂമിയിലെ മിക്ക സത്യങ്ങളും പ്രയോജനമില്ലാത്തതോ മനുഷ്യരെ വേദനിപ്പിക്കുന്നതോ ആണ്. മനുഷ്യരെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ നുണകളെക്കാള്‍ അപകടകരമാണ്. 'മനുഷ്യരെ ദു:ഖിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല; അത് ഏതു സത്യത്തിന്റെ പേരിലാണെങ്കിലും.' സത്യം പറയണമെന്ന ചെറുപ്പം മുതലേയുള്ള ശാഠ്യത്തിന്റെ രക്തസാക്ഷിയാണ് തന്റെ അച്ഛനെന്ന ചിന്തയുടെ അസഹനീയ ഭാരം ഒരെറുമ്പിനെപ്പോലെ കൈലാസിനെ ഞെരുക്കി.

ഒരു ദിവസം ഭുവന്‍ ദേശായി വലിയ നിര കാറുകളുടെ അകമ്പടിയോടെ കൈലാസിന്റെ കുടിലിനു മുമ്പിലെത്തി. കമലേഷിന്റെ മകനെ അനാഥനാക്കില്ലെന്ന ഉറപ്പ് നല്‍കാനാണ് ഭുവന്‍ എത്തിയത്. തന്റെ കൂടെ നില്‍ക്കാന്‍ കൈലാസിനെ അയാള്‍ ക്ഷണിച്ചു. അതിനുശേഷം ഭുവന്‍ കൈലാസിനെ തന്റെ മകനും അഭിഭാഷകനുമായ നരേഷിനെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. കമലേഷ് അമ്മയ്ക്ക് കൊടുക്കുന്ന പണം മുടങ്ങാതെ അയക്കാമെന്ന ഉറപ്പും കുടുംബത്തിന് നല്‍കി. കമലേഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന ഭുവന്റെ അപ്രതീക്ഷിത പരാമര്‍ശം കുടുംബാംഗങ്ങളെ ഞെട്ടിച്ചു. അപ്പോഴാണ് അച്ഛന്റെ മരണം സ്വാഭാവികമായ ഒരു അപകടമായിരുന്നില്ലെന്ന് കൈലാസും മനസ്സിലാക്കുന്നത്.

ഒരിക്കല്‍ അരുണാചലം അയ്യങ്കാര്‍ എന്ന യുവഗവേഷകന്‍ രാത്രി ഏറെ വൈകി ഭുവന്റെ ഓഫീസില്‍ എത്തി. എറിക്കാ ഗോമസ് എന്ന രസതന്ത്ര ഗവേഷകയുടെ സഹായിയായിരുന്നു അയ്യങ്കാര്‍. മുംബൈയിലെ ചെമ്പൂരിനടുത്തുള്ള ചേരിപ്രദേശത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിചിത്രമായൊരു രോഗം ഉണ്ടായി. അവരുടെ അസ്ഥികള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നില്ല. അപ്രധാനമായ ഒരു മാസികയിലെ ആരും ശ്രദ്ധിക്കാതെപോയ വാര്‍ത്തയില്‍ എറിക്കക്ക് അസ്വാഭാവികത തോന്നി. എറിക്കയും അരുണാചലവും അവിടുത്തെ സാഹചര്യങ്ങള്‍ വിശദമായ ചോദ്യാവലിയിലൂടെ മനസ്സിലാക്കി. ചേരിയിലെ തമിഴ് വംശജരായ ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ഛര്‍ദ്ദിക്കും അസ്വസ്ഥതക്കും രഹസ്യമായി വിതരണം ചെയ്ത മരുന്നിന്റെ പ്രത്യാഘാതമായിരുന്നു അസ്ഥിരോഗം. രഹസ്യമായ മരുന്നുപരീക്ഷണത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ എറിക്ക ആത്മഹത്യ ചെയ്തു. മരണത്തെക്കുറിച്ചുള്ള സൂചനകള്‍ ഭുവന് കൈമാറി ദിവസങ്ങള്‍ക്കകം അരുണാചലവും മരണപ്പെട്ടു. മരുന്നുപരീക്ഷണം നടത്തിയ കമ്പനിയും സര്‍ക്കാരിലെ ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് അരുണാചലത്തില്‍ നിന്നും കിട്ടിയ സൂചനകളും, ചേരിയിലെ ആളുകള്‍ പറഞ്ഞതും, പ്രസവങ്ങള്‍ കൈകാര്യം ചെയ്ത ഡോക്ടര്‍മാര്‍ പങ്കുവച്ച സംശയങ്ങളും ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ ഭുവന്‍ കേസ് ഫയല്‍ ചെയ്തു. കേസ് പുരോഗമിക്കുന്നതിനിടയില്‍ കമ്പനി അധികൃതര്‍ ഭുവനെ സ്വാധീനിക്കാന്‍ പല ശ്രമങ്ങളും നടത്തി. ഏതൊക്കെയോ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഭയന്ന ശത്രുക്കള്‍ സുപ്രധാനരേഖകള്‍ പിടിച്ചെടുക്കാമെന്ന ലക്ഷ്യത്തോടെ ഭുവന്റെ കാറില്‍ ലോറി കയറ്റി. പക്ഷേ കൊല്ലപ്പെട്ടത് ഭുവന്റെ ഡ്രൈവര്‍ കമലേഷ് പാട്ടീലാണ്.

പിതാവ് സമ്മാനിച്ച എന്‍സൈക്ലോപീഡിയ വായിച്ചു പഠിക്കുക എന്നത് ജീവിതത്തിന്റെ കടമയായും പ്രായച്ഛിത്തമായും കൈലാസ് ഏറ്റെടുത്തു. തുടക്കത്തില്‍ അച്ഛന്റെ ആണ്ടുദിവസങ്ങളില്‍ ചെയ്യുന്ന ബലിതര്‍പ്പണം പോലെയായിരുന്നു. പൂപ്പല്‍ പിടിച്ച മൃതലോകമായിരുന്ന അച്ഛന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് ഏല്പിച്ച വാള്യങ്ങളിലേത്. ഭൂതകാലത്തിന്റെ പുതപ്പുകള്‍കൊണ്ട് സ്വയം മൂടി ബാഹ്യലോകത്തെ തഴുതിട്ടടച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച, ലോകമഹായുദ്ധങ്ങളെക്കുറിച്ചോ ഗാന്ധിയോ മണ്ടേലയോ കേട്ടിട്ടില്ലാത്ത തരത്തിലുള്ള, പഴകിയ വിവരങ്ങള്‍ അക്ഷരാദിക്രമത്തില്‍ വായിച്ചുപഠിക്കാനുള്ള കൈലാസിന്റെ തീരുമാനം ആധുനിക ജ്ഞാനവിസ്ഫോടനങ്ങളോടുള്ള ഒരുതരം കൊഞ്ഞനം കൊത്തലായിരുന്നു. അറിവുകള്‍ കുറുക്കുവഴികളാകുന്ന കാലത്ത് അറിവിനെത്തന്നെ മതിലുകെട്ടി വഴിവാക്കുന്നത് കമലേഷിന്റെ ഗതികേടായിരുന്നില്ല. അന്‍പത്താറു വര്‍ഷങ്ങള്‍ ഒരേ പുസ്തകം വായിച്ച്, സ്വന്തം വലയില്‍ കുടുങ്ങിയ എട്ടുകാലിയെപ്പോലെ ജീവിച്ച്, പെട്ടെന്ന് നിലച്ചുപോയ നദിപോലെയോ അതിലുറച്ച തോണിപോലെയോ ജീവിതത്തെ പരുവപ്പെടുത്തിയത് കൈലാസിന്റെ ബദല്‍ പ്രതിരോധമായിരുന്നു.

മനുഷ്യര്‍ ഏതുകാലത്താണ് ജീവിക്കുന്നതെന്ന് തീരുമാനിക്കുന്നത് വിജ്ഞാനകോശങ്ങളാണ്. അതിലെ വിവരങ്ങളാണ് കാലത്തെ 'പഴയതായും' 'പുതിയതായും' അടയാളപ്പെടുത്തുന്നത്. മനുഷ്യരെ പുഴുക്കളായി കാണുന്ന മരുന്നുപരീക്ഷണ കമ്പനിയുടെതുപോലെയുള്ള കമ്പോള യുക്തിയെ കൈലാസ് വിചാരണ ചെയ്യുന്നു. ഏത് കാലത്ത് ജീവിക്കണമെന്നത് അയാളുടെ തീരുമാനമാണ്. പുതിയ വിജ്ഞാനകോശങ്ങള്‍ക്ക് കീഴ്പ്പെടാന്‍ അയാള്‍ തയ്യാറല്ല. ആധിപത്യത്തിന്റെയും അധികാരത്തിന്റെ പുസ്തക പ്രതീകമായ വിജ്ഞാനകോശത്തെ തന്റെ ജൈവ പ്രതിരോധത്തിന്റെ യുക്തിയാക്കി മാറ്റി. പിതാവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുകയെന്ന കേവല താല്‍പര്യമല്ലായിരുന്നത്. കമലേഷിന്റെ ആഗ്രഹപ്രകാരം വേണമെങ്കില്‍ വക്കീലാകാമായിരുന്നു. ഭുവനും നരേഷും അതിനു തീര്‍ച്ചയായും സഹായിക്കുമായിരുന്നു. പക്ഷേ, കൈലാസ് തിരഞ്ഞെടുത്തത് സാമ്പ്രദായിക പ്രതിരോധങ്ങളായിരുന്നില്ല. വിജ്ഞാനകോശം കൈലാസിന് ഒരു കണ്ണാടിയും നിലപാടുമായിരുന്നു. സ്വയം ജ്ഞാനഭൂപടങ്ങള്‍ക്ക് പുറത്തുനിന്ന് കാലത്തെയും, വിജ്ഞാനത്തെയും, വിജയത്തെയും അയാള്‍ പൊളിച്ചെഴുതി. ജ്ഞാനത്തിന്റെ 'പുത്തന്‍' അധികാര ശാഠ്യങ്ങളെ പഴയ അറിവുകള്‍കൊണ്ട് വെല്ലുവിളിച്ചു. അനുഗ്രഹിക്കാനും നിഗ്രഹിക്കാനുമുള്ള അധികാരം ജ്ഞാനോല്പാദനം നടത്തുന്നവരുടെ 'വിധി' സിദ്ധാന്തത്തിന് വിട്ടുകൊടുത്തില്ല.

കൈലാസ് പാട്ടീലിന് വിജ്ഞാനകോശവുമായുള്ള ബന്ധം ഭൂതരതിയല്ല. ഭൂതഭാവനകളെ പരിപോഷിപ്പിക്കുന്ന ഭ്രാന്തമായ ഗതകാലസ്മരണയുമല്ല കൈലാസിന്റെത്. വിജ്ഞാനകോശത്തെ സംബന്ധിച്ച ഓര്‍മ്മകളില്‍ പകയും പ്രതികാരവുമില്ലാത്തതുകൊണ്ട് അവ വിഷമുക്തമാണ്. ഭൂതകാലം പുഃനസ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള പഴയകാല ഓര്‍മ്മകള്‍ (restorative nostalgia) മനുഷ്യനെ 'ഭ്രാന്ത'നാക്കുമെന്ന് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ Peter Pomerastnev അഭിപ്രായപ്പെടുന്നു (Toxic nostalgia breeds de-arrangement). കൈലാസിന്റെ വിജ്ഞാനകോശപ്രേമം അതിവൈകാരികതയല്ല. ജ്ഞാനത്തിന്റെ വൈരുധ്യങ്ങളെയും ഇടര്‍ച്ചകളെയും വൈപരീത്യങ്ങളെയും കച്ചവടവല്‍ക്കരണത്തെയും അധീശത്വസ്വഭാവത്തെയും അനാവരണം ചെയ്യുന്ന പ്രതിഫലനാത്മക ഗൃഹാതുരത്വമാണത്  ഇതിനെ സ്വാംശീകരിക്കപ്പെട്ട പ്രതിരോധം എന്നു വിളിക്കാവുന്നതാണ്.

വിജ്ഞാനകോശം തന്റെ പിതാവില്‍ സൃഷ്ടിച്ച മൂല്യങ്ങള്‍ തന്നെയാണ് വിജ്ഞാനകോശത്തിന്റെ. പുതിയ 'അവതാരങ്ങളെ' നിരാകരിക്കാന്‍ കൈലാസിനെ പ്രേരിപ്പിക്കുന്നത്. ഈ സംസ്‌ക്കാരിക യുക്തി അധിനിവേശാനന്തര വായനകളില്‍ സ്വീകരിക്കപ്പെടുന്നുണ്ടെന്ന് പ്രിയംവദ ഗോപാല്‍ തന്റെ Insurgent Empire എന്ന പഠനത്തില്‍ അഭിപ്രായപ്പെടുന്നു. പുതിയ പതിപ്പുകള്‍ വായിക്കില്ലെന്ന കൈലാസിന്റെ ധൈഷണീകമെന്നു വിശേഷിപ്പിക്കാവുന്ന നിലപാട് വിജ്ഞാനകോശം സൃഷ്ടിക്കുന്ന ഹിംസാത്മക ആധുനിക ജ്ഞാനാധികാര സമ്മതികളെ അസാധുവാക്കുന്നു. ഇത് കൈലാസിന്റെ പ്രതീകാത്മക പ്രതിഹിംസയാണ്. ദു:ഖിപ്പിക്കുന്ന പുതിയ അറിവുകള്‍ രേഖപ്പെടുത്താത്ത പഴയ പുസ്തകമാണ് തന്റെ ജീവിതമെന്നത് അയാളുടെ ജീവിതദര്‍ശനമാണ്. കൈലാസിന്റെ കാഴ്ചപ്പാട് സുവ്യക്തമാണ്: 'നാം കുറച്ചു നേരത്തെ ജനിച്ച മനുഷ്യരാണെന്ന സ്വയം വിചാരിക്കു, ഉറപ്പിക്കൂ. അപ്പോള്‍ നാം കൂടുതല്‍ സ്വസ്ഥരാവുകയില്ലേ?' ഈ നിശ്ചയദാര്‍ഢ്യമെന്ന ഖഡ്ഗം കൊണ്ടാണ് കൈലാസ് വിജ്ഞാനത്തിന്റെ പുത്തന്‍ വ്യാളികളുടെ (വാള്യങ്ങളെന്നും പറയാം) ശിരസ്സറുത്ത് 'വിജ്ഞാനകോശവധം' (encyclopedioclasm) ആടിത്തീര്‍ക്കുന്നത്.

ആത്മജ്ഞാനത്തിന്റെ കൈലാസങ്ങള്‍

കൈലാസ് തന്റെ ജീവിതത്തിന്റെ അര്‍ത്ഥവും പ്രസക്തിയും കണ്ടെത്തുന്നത് ഭുവന്റെ മകന്‍ നരേഷ് ദേശായിയോടുള്ള ബന്ധത്തിലാണ്. നരേഷിന്റെ ഗുമസ്തനായി രേഖകള്‍ സൂക്ഷിച്ചും കക്ഷികളുമായി ബന്ധപ്പെട്ടും തുടങ്ങിയ ജോലി കൈലാസിന് ആവേശകരമായ അനുഭവമായിരുന്നു. അധികം വൈകാതെ നരേഷിന്റെ ഓഫീസിലെ ഏതൊരു വക്കീലിനേക്കാളും അധികാരികത കൈലാസ് ആര്‍ജ്ജിച്ചു. പക്ഷേ നരേഷ് തൊഴിലില്‍ പിതാവിന്റെ നിഴലുപോലുമായില്ല. കുതിരപ്പന്തയം, മോട്ടോര്‍ റേസുകള്‍, സിനിമാതാരങ്ങളുമായുള്ള ബന്ധം ഇതൊക്കെ ആയിരുന്നു നരേഷിന്റെ കമ്പം. ഭുവന്‍ ഒസ്യത്തായി കൈമാറിയ പ്രശസ്തി നരേഷ് ദുര്‍വ്യയം ചെയ്തു. ഏതു നിയമപ്രശ്നവും എളുപ്പത്തില്‍ പഠിച്ചു മനസ്സിലാക്കാന്‍ കഴിവുണ്ടായിരുന്നു. എങ്കിലും എതിരാളികളെ തോല്‍പ്പിക്കാന്‍ പഴുതുകള്‍ കണ്ടെത്തുന്ന പ്രവൃത്തി നരേഷിന് മടുത്തു. കാലക്രമേണ കേസുകള്‍ തോല്‍ക്കാന്‍ തുടങ്ങി. ഒരപ്പീലിനും സാധ്യതയില്ലാത്ത വിധം വിവാഹജീവിതത്തിലും തോറ്റു.

അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിലാണ് നരേഷ് ഒരു കേസ് ഏറ്റെടുക്കുന്നത്. ഒരു കെമിക്കല്‍ ഫാക്ടറിക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലുമായിരുന്നു പ്രശ്നം. ഭുവന്‍ ദേശായി അഭിഭാഷകനായി പ്രവൃത്തിച്ചിരുന്ന വ്യവസായ കുടുംബമായിരുന്നു ഫാക്ടറി തുടങ്ങുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരും തൊഴിലാളി സംഘടനകളും എതിരായിരുന്നതുകൊണ്ട് മുന്‍നിര അഭിഭാഷകര്‍ ഫാക്ടറി ഉടമകളുടെ വക്കാലത്ത് എടുക്കാന്‍ മടിച്ചു. ഒടുവില്‍ അവര്‍ നരേഷിനെ സമീപിച്ചു. നീതിമാന്റെ മകനെന്ന മഹിമ ശ്വാസം മുട്ടിക്കുന്നതുകൊണ്ടാവണം കേസെടുക്കാന്‍ നരേഷ് മടിച്ചു. ഭുവന്‍ സാബായിരുന്നെങ്കില്‍ കേസ് ഏറ്റെടുക്കില്ലെന്ന് കൈലാസും ഉപദേശിച്ചു. എന്നാല്‍ കൈലാസിന്റെ ഭാര്യ മാധവിയുടെ അഭിപ്രായം മറിച്ചായിരുന്നു. തന്റെ ചുറ്റും ചിതറിക്കിടന്ന വസ്ത്രക്കെട്ടുകള്‍ ചൂണ്ടിക്കൊണ്ട് മാധവി പറഞ്ഞു: 'ഇതെല്ലാം എനിക്കിഷ്ടപ്പെട്ടിട്ട് തുന്നുന്നതാണെന്നാണോ നിങ്ങളുടെ വിചാരം?... ഇതൊരു ജോലിയല്ലേ?... കള്ളനായാലും കൊലപാതകിയായാലും... വാദിക്കുന്ന വക്കീലിനാണോ ശാപം? അങ്ങനെയാണെങ്കില്‍ ഒരു കൊലപാതകിയെ ഡോക്ടര്‍ ചികില്‍സിക്കുമോ?' പിറ്റേന്ന് കാലത്ത് കൈലാസ് വിയോജിപ്പുകള്‍ പറഞ്ഞെങ്കിലും മാധവിയെപ്പോലെ നരേഷും അതു നിരസിച്ചു.

നരേഷ് വക്കാലത്ത് ഏറ്റെടുത്തു. കേസിന്റെ തുടക്കത്തിലെ വാദങ്ങള്‍ മനുഷ്യാവകാശം എന്ന നിലയിലായിരുന്നു. കൈലാസ് സര്‍വ്വേ ഓഫീസുകളില്‍ കയറിയിറങ്ങി ബ്രിട്ടീഷ് കാലഘട്ടത്തിലുള്ള ആധാരങ്ങളും ഭൂപടവുമെല്ലാം കണ്ടെടുത്തു. രേഖകളുടെ പിന്‍ബലത്തില്‍ നരേഷ് കേസ് ജയിച്ചു. പക്ഷേ, കുടിയൊഴിപ്പിക്കലിന് ചെന്ന പോലീസിനെ എതിരേറ്റത് ചേരിയിലെ ഒരാളുടെ മൃതദേഹമാണ്. കുട്ടികളും സ്ത്രീകളും നിലവിളിച്ചു. മറ്റു ചിലര്‍ ആയുധങ്ങളുമായി പോലീസിനെ നേരിട്ടു. ഒഴിപ്പിക്കല്‍ നടന്നില്ല. ആത്മഹത്യയും അതിലേക്ക് നയിച്ച കോടതിവിധിയും വാര്‍ത്തകളില്‍ നിറഞ്ഞു. നരേഷും അദ്ദേഹത്തിന്റെ ഓഫീസും പ്രതിരോധത്തിലായി. ചരിത്രത്തിന്റെയും, രേഖകളുടെയും, ഭൂപടങ്ങളുടെയും സഹായത്തോടെ നേടിയ സാങ്കേതിക വിജയം സമൂഹമനഃസാക്ഷി വിചാരണ ചെയ്തു. കോടതിയിലെ ജയം ചേരിനിവാസികള്‍ക്ക് സ്വീകാര്യമായില്ല. വസ്തുതാപരമായ ശരിയാണ് നീതിന്യായപീഠം കണക്കിലെടുത്തത്. അറിവുകളുടെ സാധുത പരിശോധിക്കേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാണോ ധാര്‍മ്മികതയിലൂന്നിയാണോ? ശരികളുടെ അടിസ്ഥാനം നീതിയാണോ കടലാസുഭൂപടങ്ങളാണോ? ചേരിയിലെ ജനങ്ങളുടെ താമസം രേഖകളുടെ പിന്‍ബലമില്ലാത്ത വര്‍ത്തമാനകാല അറിവാണ്. കമ്പനിയുടേത്, പൊടിഞ്ഞുതുടങ്ങിയ സര്‍ക്കാര്‍ ഫയലുകളിലും പ്രമാണങ്ങളിലും ഉറങ്ങുന്ന പഴയ അറിവും. പഴയതും പുതിയതുമായ ജീവിതഭൂപടങ്ങളെ സാധുവാക്കുന്നതും അസാധുവാക്കുന്നതും അധികാരമാണ്. ജ്ഞാനത്തിന് അധികാരത്തിന്റെ സഹായമില്ലാതെ നിലനില്‍ക്കാനാവില്ലായിരിക്കാം. അധികാരം ജ്ഞാനോല്പാദനത്തിന്റെ ലക്ഷ്യമാകുമ്പോള്‍ പ്രത്യേകിച്ചും.

നരേഷിന്റെ ജയം ചേരിനിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി. വസ്തുക്കളില്‍ ചിലത് വിറ്റ് ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തിനും, താന്‍ കേസുനടത്തി തോറ്റ കക്ഷികളില്‍ പലര്‍ക്കും നരേഷ് ധനസഹായം ചെയ്തു. സഹോദരി ജഗദയും ഭര്‍ത്താവ് സോഹനും ഇതിന്റെ പേരില്‍ കലാപമുണ്ടാക്കി. പിന്നീട് അയാള്‍ നിരാമയഃ എന്ന എലീറ്റ് ആത്മീകസംഘത്തിന്റെ ഭാഗമായി. അതും മറ്റൊരുതരം വിപണിസംഘമായിരുന്നു. നിയമജ്ഞാനം കച്ചവടവല്‍ക്കരിക്കപ്പെടുന്നതില്‍ നിന്നും രക്ഷപെടാന്‍ ആത്മീകജ്ഞാനം നിര്‍ലജ്ജം വില്‍ക്കുന്നവരുടെ സംഘത്തില്‍ അഭയം കണ്ടെത്തി. തന്റെ കൂടെ നിന്ന് കൈലാസ് ജീവിതം തുലച്ചുവെന്ന് നരേഷിന് തോന്നി. മലബാര്‍ ഹില്‍സിലുണ്ടായിരുന്ന സുഹൃത്ത് നല്‍കാനുണ്ടായിരുന്ന പണത്തിനു പകരമായി ഇല്‍ പലാസോയിലെ ഫ്ളാറ്റ് നരേഷിന് കൊടുത്തിരുന്നു. നരേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കൈലാസ് അവിടെ താമസിച്ചു. അവസാനമായി നരേഷ് ഫ്ളാറ്റിലെത്തിയത് കൈലാസിന് മറ്റൊരു ഓഫീസില്‍ ജോലി തരപ്പെടുത്തിയ കാര്യം പറയാനാണ്. നരേഷ് വക്കീല്‍ പണി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരിടത്ത് ജോലിക്ക് പോകാന്‍ കൈലാസ് തയ്യാറായില്ല. വിശ്രമജീവിതത്തില്‍ ചില പുസ്തകങ്ങള്‍ വായിച്ചുപഠിക്കാനുള്ള തന്റെ താല്‍പര്യവും നരേഷിനോട് പറഞ്ഞു. ഇത് പറഞ്ഞിട്ട് ഭുവന്‍ തനിക്ക് പഠിക്കാനായി അച്ഛന്‍ കമലേഷിനെ ഏല്‍പിച്ച പുസ്തകങ്ങള്‍ കാണിച്ചു. ആരുടെയൊക്കെയോ വിശ്വാസത്തിന്റെ മുകളിലാണ് നാം ഈ തുച്ഛമായ ജീവിതം കെട്ടുപണിയുന്നതതെന്ന് പറഞ്ഞ് നരേഷ് പുറത്തേക്ക് നടന്നു.

നരേഷിനെ വേദനിപ്പിക്കുന്നതെന്തോ ഒരു പ്രശ്നം ആ പുസ്തകങ്ങള്‍ക്കൊപ്പം ബാക്കി നില്‍ക്കുന്നുണ്ടെന്ന് കൈലാസിന് തോന്നി. നാലര പതിറ്റാണ്ടു മുന്‍പ് സംഭവിച്ച പുസ്തക കൈമാറ്റത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ആലോചിക്കുന്നതെന്തിനെന്ന് പിടികിട്ടിയില്ല. പിറ്റേന്ന് രാത്രി നരേഷ് കാറുമായി വന്ന് തന്റെ പ്രിയപ്പെട്ട പഞ്ചാബി റെസ്റ്റോറന്റില്‍ അത്താഴത്തിനു കൊണ്ടുപോയി. അവിടെവെച്ച് തന്റെ വേദനയുടെ രഹസ്യം നരേഷ് പങ്കുവച്ചു. പഴഞ്ചന്‍ പുസ്തകങ്ങള്‍ മാറ്റി പുതിയ വിജ്ഞാനകോശത്തിന്റെ പതിപ്പ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതുപേക്ഷിക്കാന്‍ ഭുവന്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു കമലേഷ്. തിരികെട്ടുപോയ അറിവുകളുടെ മാറാപ്പ് കൃപാകടാക്ഷമെന്നോണം കമലേഷിന് നല്‍കി.  ഭുവന് കാഴ്ചപ്പണ്ടങ്ങളിലായിരുന്നു താല്‍പര്യം. സ്വന്തം ജീവിതം അദ്ദേഹം പ്രദര്‍ശനത്തിന് വെച്ചിരുന്നു. വിജ്ഞാനം സമ്പാദിക്കുന്നതിലല്ല, പുസ്തകത്തിന്റെ പകിട്ട് മനുഷ്യര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കൗതുകം. ദരിദ്രന്റെ കാര്യത്തില്‍ തികഞ്ഞ അവഗണന കാണിക്കുമെങ്കിലും, അവരുടെ ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍ രക്ഷകനായി അവതരിക്കും. രാഷ്ട്രീയമായ ശരികള്‍ ചെയ്യാന്‍ ഭുവന്‍ എന്തു തെറ്റും ചെയ്യുമായിരുന്നു. പ്രശസ്തിയും പദവിയും പണത്തേക്കാള്‍ വലുതാണ് എന്നറിയാവുന്നതുകൊണ്ട് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ കാശ് വാങ്ങാതെ കേസ് നടത്തും. എറിക്കയുടെയും അരുണാചലത്തിന്റെയും മരണവുമായി ബന്ധപ്പെട്ട് മരുന്നുകമ്പനിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്ക് ആധികാരികത കൂട്ടാന്‍ കമലേഷിനെ ആസൂത്രിതമായി കൊലപ്പെടുത്തി. ഭുവന് രക്തസാക്ഷിയുടെ പരിവേഷവും കിട്ടി. ഭുവന് യുദ്ധം ജയിക്കാനുള്ള മനുഷ്യഹോമമായിരുന്നു കമലേഷിന്റെ മരണം. ദുരന്തങ്ങള്‍ സൃഷ്ടിച്ചിട്ടായാലും വിജയം ലക്ഷ്യമാക്കുന്ന ജ്ഞാനത്തിന്റെ ബ്രാന്‍ഡ് നാമമാണ് ഭുവന്‍ ദേശായി. മകന്റെ വിവാഹവും കമലേഷിന്റെ മരണശേഷം കൈലാസിന് സഹായം നല്‍കാന്‍ കാറുകളുടെ അകമ്പടിയോടെ എത്തിയതുമെല്ലാം ഭുവന്‍ പ്രദര്‍ശന വിജയമാക്കിയെടുത്തു. ഇത്രയും പറഞ്ഞശേഷം നരേഷ് തലതാഴ്ത്തി കരഞ്ഞു. കൈലാസ് ദു:ഖിപ്പിക്കുന്ന പുതിയ അറിവുകളിലേക്ക് പോകാന്‍ താല്‍പര്യപ്പെട്ടില്ല. പുതിയ കുടിലതകള്‍ രേഖപ്പെടുത്താത്ത പഴയ പുസ്തകമായി ജീവിതത്തെ കാണാനാണ് അയാള്‍ക്ക് ഇഷ്ടം. കൈലാസ് പഴയ വിജ്ഞാനകോശം വായിക്കുന്നതിന്റെ യുക്തിയും മറ്റൊന്നല്ല. അത് ആത്മഹത്യയല്ല, പുതിയ ജ്ഞാനവേതാളങ്ങളെ പ്രതീകാത്മകമായി ഹിംസിക്കുകയാണ്.

book
പുസ്തകം വാങ്ങാം

നോവലിന്റെ അവസാനഘട്ട ഭൂമിക കൊല്‍ക്കത്തയാണ്. കോളേജ് തെരുവിലെ പുസ്തകക്കടയില്‍ കാലവും ചരിത്രവഴികളും ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. പിതാവിന്റെ മരണശേഷം എം.ബി.എ. ബിരുദധാരിയായ ഖുര്‍ഷിദ് അഹമ്മദാണ് 'നൂര്‍ ബുക്സ്'എന്ന കട നടത്തുന്നത്. നരേഷ് ആത്മഹത്യ ചെയ്ത ദിവസമാണ് അവസാനമായി കൈലാസിനോട് ഫോണില്‍ സംസാരിക്കുന്നത്. അധികം വൈകാതെ ഡച്ച് നഗരമായ ഹേഗില്‍ വച്ച് കൈലാസ് പാട്ടീലും മരിച്ചു. കൈലാസിന്റെ മരണവിവരം അറിയിച്ചശേഷം ഒരു മാസം കഴിഞ്ഞ് മകന്‍ വിഘ്നേഷ് വീണ്ടും നോവലിസ്റ്റിനെ വിളിച്ചു. അച്ഛന്‍ നോവലിസ്റ്റിന് അയക്കാന്‍ മരിക്കുന്നതിനു മുന്‍പ് തയ്യാറാക്കിയിരുന്ന കത്തിന്റെ കാര്യം പറയാനായിരുന്നു അത്. വിജ്ഞാനകോശം മുഴുവനും വായിച്ചുതീര്‍ന്ന സന്തോഷമായിരുന്നു കത്തിന്റെ ഉള്ളടക്കം. വിജ്ഞാന പരമ്പരയില്‍ അവസാനം വായിച്ചത് ZERO എന്നതിനെക്കുറിച്ചായിരുന്നു. മനുഷ്യായുസ്സോളം പരന്നുകിടക്കുന്ന നിര്‍ത്ഥകമായ അര്‍ത്ഥവാപ്തിയുടെ പേരാണ് 'പൂജ്യം.' വളരെ പ്രധാനപ്പെട്ട ഒരപൂര്‍വ്വ മെറ്റീരിയല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞതനുസരിച്ച് ഖുര്‍ഷിദിന്റെ കടയില്‍ ചെന്നപ്പോള്‍ കണ്ടത് ഭുവന്‍ ദേശായി എന്നൊരാളുടെ വിജ്ൃാനകോശങ്ങളായിരുന്നു. പക്ഷേ, അക്കൂട്ടത്തില്‍ ദഋഞഛ വിശദീകരിക്കുന്ന വാള്യം ഇല്ലായിരുന്നു. അവസാനത്തെ വാള്യം ഇല്ലാത്തതുകൊണ്ട് നോവലിസ്റ്റ് ഗ്രന്ഥശേഖരം വാങ്ങിയില്ല. ലോകത്തെ എല്ലാ ജ്ഞാനവും ഉണ്ടെന്നു കരുതപ്പെടുന്ന പുസ്തകക്കൂട്ടം വാങ്ങാന്‍ ആളില്ലാതെ തെരുവോരത്ത്. അമേരിക്കയില്‍ ബോസ്റ്റണ്‍ തെരുവില്‍ കിടക്കുന്ന ശിരസറ്റ കൊളംബസ് പ്രതിമപോലെ.

കൈലാസ് പാട്ടീലിന്റെ പഴഞ്ചന്‍ വിജ്ഞാനകോശത്തോടുള്ള ബന്ധത്തിന്റെ കാരണം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള ഭയമല്ല. അതുകൊണ്ടാണ് അയാള്‍ നരേഷിനെപ്പോലെ ആത്മഹത്യ ചെയ്യുകയോ ആത്മീക വാണിഭസംഘത്തില്‍ അഭയം തേടുകയോ ചെയ്യാത്തത്. ജ്ഞാനം അയാള്‍ക്കൊരു ഭാരവുമല്ല. നരേഷിന്റെ വക്കീലാഫീസില്‍ നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ ഇഴപിരിച്ചെടുക്കുന്നതില്‍ ഏറ്റവും ആധികാരികതയുള്ള വ്യക്തിയായിരുന്നു. ഭുവന്‍ പ്രതിനിധാനം ചെയ്യുന്ന ജ്ഞാനവും അധികാരവും തമ്മിലുള്ള അവിഹിത വേഴ്ചയോടുള്ള പ്രതിഷേധവും ബദല്‍ ജീവിത പരിപ്രേക്ഷ്യവുമായിരുന്നു കൈലാസിന് പഴയ എന്‍സൈക്ലോപീഡിയയുടെ വായനയും പഠനവും. അറിവിന്റെ വാണിജ്യവല്‍ക്കരണത്തോടുള്ള എറിക്ക ഗോമസിന്റെയും അരുണാചലത്തിന്റെയും പ്രതികരണ രീതിയല്ല കൈലാസിന്റേത്. ജ്ഞാനത്തിന്റെ വ്യവസ്ഥാപിത ദന്തഗോപുരങ്ങളിലേക്ക് ചാവേറായി കയറിച്ചെല്ലുന്നതിനു പകരം അതിന്റെ കാപട്യങ്ങളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്നു. അറിവിന്റെ സാമ്പ്രദായിക രൂപകമായ വിജ്ഞാനകോശത്തെ ജൈവ വിചാരണക്ക് വിധേയമാക്കുന്നതിലൂടെ ജ്ഞാനത്തെത്തന്നെ അപനിര്‍മ്മിക്കുന്നു. ജ്ഞാനരൂപങ്ങള്‍ ഉല്പാദിക്കുന്നത് ആധിപത്യസമൂഹമാകുമ്പോള്‍ അവ ലോകത്തെ കൂടുതല്‍ ഭോഗാതുരവും രോഗാതുരവുമാക്കും. അത് സൃഷ്ടിക്കുന്നത് പൊയ്ക്കാലുകളില്‍ നില്‍ക്കാന്‍ മാത്രം അറിയുന്ന മനുഷ്യരെയാണ്.

ബദല്‍ ജീവിതാഘോഷമായിരുന്നു കൈലാസിന്റെ ജ്ഞാനകോശ പാരായണമെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സന്തോഷ്‌കുമാര്‍ കോറിയിടുന്നുണ്ട്. ബിരുദങ്ങള്‍ കേവലം ഭ്രമിപ്പിക്കുന്ന ശൂന്യതകളാണെന്ന് പറഞ്ഞ് തന്റെ തുടര്‍പഠനത്തെ നരേഷ് നിരുല്‍സാഹപ്പെുെത്തുന്നത് സ്വാര്‍ത്ഥതകൊണ്ടാണെന്ന് കൈലാസിനറിയാമായിരുന്നു. കേസിന്റെ എല്ലാ വശവും കാണാനുള്ള കഴിവും, സമതുലിതമായ മനസ്സും, മുന്‍വിധിയില്ലാതെ മനുഷ്യരോട് ഇടപെടുന്നതും, കൂട്ടം തെറ്റിയ പന്നിയെപ്പോലെ പരക്കം പായാത്ത മനസ്സും കൈലാസിന്റെ സവിശേഷതകളാണെന്ന് നരേഷ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇല്‍ പലാസോയിലെപ്പോലെ വലിയ ഫ്ളാറ്റൊന്നും തനിക്ക് ആവശ്യമില്ലായെന്ന് കൈലാസ് ജഗദയോട് പറയുന്നുണ്ട്. അര്‍ഹതയില്ലാത്തതൊന്നും കൈലാസ് വാങ്ങുകയില്ലെന്ന സോഹന്റെ പ്രസ്താവന കൈലാസിന്റെ ജീവിത കാഴ്ചപ്പാട് തന്നെയാണ്. ഭുവന്‍ ദേശായി തന്റെ അപ്പനെ കൊലപ്പെടുത്തിയതാണെന്ന് അറിയുമ്പോഴുള്ള കൈലാസിന്റെ പ്രതികരണം ആത്മജ്ഞാനത്തിന്റെ കൈലാസം കയറിയ ഒരാള്‍ക്ക് മാത്രം സാധിക്കുന്നതാണ്: 'നിങ്ങള്‍ വേദനിക്കുമ്പോള്‍ ഞാനും നീറുന്നു... നിങ്ങള്‍ ജയിക്കുമ്പോള്‍ ഞാനും ജയിക്കുന്നുണ്ടായിരുന്നു. തോറ്റുപോകുന്ന നരേഷ് ദേശായി, തോറ്റുപോകുന്ന കൈലാസ് അല്ലാതെ മറ്റാരുമായിരുന്നില്ല.' ഈ അപരോന്മുഖ ജ്ഞാനത്തിന്റെ കൈലാസമാണ് ദഋഞഛ. ഇതൊരു തിരിച്ചറിവാണ്, അറിവിന്റെ നിരാസമല്ല. നിര്‍മ്മിത ബുദ്ധിയും, റോബോട്ടിക്സും, അല്‍ഗോരിതവും വാഴുന്ന ലോകത്തെ വായിക്കാനുള്ള കണ്ണടയാണ് കൈലാസ് പാട്ടീല്‍. 'ജ്ഞാനഭാരം', കൈലാസിന്റെ കൈലാസ യാത്രകളാണ്, ജ്ഞാനം വെളിച്ചമാണെന്ന ബോധ്യത്തിന്റെ കൈലാസത്തിലേക്കുള്ള യാത്ര. പ്രധാന കഥാപാത്രത്തിന് കൈലാസ് എന്ന പേരു കിട്ടിയത് തികച്ചും യാദൃച്ഛികമാവാം. ഇത്തരം ആകസ്മികതകളുടെ സമൃദ്ധിയാണ് 'ജ്ഞാനഭാരത്തെ' ഒരു മികച്ച വായനാനുഭവമാക്കുന്നത്.

Content Highlights : Dr MothyVarkey Reviews the Novel  Jnanabharam Written by E SanthoshKumar Published by Mathrubhumi