സുരേഷ് എം.ജി വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉന്മാദത്തിന്റെ കഥകള്‍ എന്ന പുസ്തകത്തില്‍ ലോകപ്രശസ്തരായ കഥാകൃത്തുക്കള്‍ ഉന്മാദം പ്രമേയമാക്കി എഴുതിയ കഥകളാണ് സമാഹരിച്ചിരിക്കുന്നത്. കഥകളോടൊപ്പം ഏറ്റവും ഉന്മാദം തരുന്ന പ്രശസ്തമായ അഞ്ചുചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് വായിക്കാം. 

സാധാരണ ലോകമാണ് കലാകാരന്റെ മനസ്സ്. അവിടെ എന്തു സംഭവിക്കുന്നു എന്ന് ആര്‍ക്കുമറിയില്ല. ഒരു പക്ഷേ അതൊരു വിചിത്രമായ കണ്‍കെട്ട് ആയിരിക്കാം. അതല്ലെങ്കില്‍ ശുദ്ധ ഭ്രാന്തായേക്കാം!
വെളിപാടിന്റെ നിമിഷങ്ങളിലാണ് കവിത പിറക്കുന്നത് എന്ന് കവികളല്ലാത്തവര്‍ പോലും സമ്മതിച്ചുതരുന്ന ഒന്നാണ്.

ഈ അപരലോകം കവികളുടെ/കഥാകാരന്മാരുടെ ഭാവനാ സാമ്രാജ്യം മാത്രമല്ല അതവരുടെ ജീവിതം കൂടിയാണ്. എഴുത്തു ജീവിതവും ദൈനംദിന ജീവിതവും അവര്‍ക്ക് യാതൊരു വ്യത്യാസവുമില്ല. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സവിശേഷമായ കൂടിക്കലരാണല്ലോ സര്‍ഗ്ഗാത്മകത!

സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവര്‍ സര്‍ഗ്ഗാത്മകമായ ഏകാന്തപഥനം നടത്തുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. ആരുമറിയാത്ത നോവുകളും പേറി, ആരും കാണാത്ത കാഴ്ചകള്‍ കണ്ട് ഈ യാത്ര സ്വകീയമായ ധ്യാനവുമാകാറുണ്ട്. പതുക്കെ പതുക്കെ ബോധമണ്ഡലത്തെ പിടിമുറുക്കുന്ന അപരലോകത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് അവര്‍ ചിരിയ്ക്കുകയും കരയുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ ഉന്മാദികളാകുന്നത്. സാധാരണക്കാരന്റെ മനോനിയന്ത്രണവും സംസ്‌കാരത്തിന്റെ ചിട്ടവട്ടങ്ങളും ഇവരെ ബാധിക്കുന്നതേയില്ല. സത്യമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്ന മിഥ്യാ ലോകത്തിന്റെ ഭ്രമകല്പനകളിലാണ് അവര്‍ തങ്ങളുടെ ലോകവും സ്വസ്ഥതയും ജീവനും കൊരുത്തിടുന്നത്. കര്‍തൃത്വം പോലും വിസ്മരിച്ചു കൊണ്ട് അപരലോകത്ത് വിഹരിക്കുന്നവരാണ് സാധാരണക്കാരന്റെ ഭാഷയില്‍ ഉന്മാദികള്‍.

ഇത് വിശാലമായ സ്വാതന്ത്ര്യ ലോകത്ത് പാറിപ്പറക്കലാണ്. ഈ പ്രത്യേക മാനസികാവസ്ഥയെ അതിജീവിച്ച കലാകാരന്മാര്‍ കുറവാണ്. ലോകസാഹിത്യം മുതല്‍ മലയാള സാഹിത്യം വരെ ഈ ചങ്ങലക്കൊളുത്തുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. മരണവും ജീവിതവും അവര്‍ക്ക് ഒരുപോലെ വേദന നല്‍കുന്നു.സാധാരണക്കാരന്റെ ഭാഷ അവരില്‍ നിന്ന് അന്യമാക്കപ്പെടുന്നതോടെ പൂര്‍ണ്ണമായും ഉന്മാദദ്വീപില്‍ അവര്‍ രാജാക്കന്മാരാകുന്നു. ഓരോ കാലത്തും ഇങ്ങനെയൊരാള്‍ ഉണ്ടാകുന്നു എന്നതാണ് ഈ ഉന്മാദത്തിന്റെ പ്രത്യേകത. ഇവരുടെ സൃഷ്ടികള്‍ ഉദാത്തമായിരിക്കും. പക്ഷേ തങ്ങളുടെ സൃഷ്ടികള്‍ ക്ലാസിക്കലായി വാഴ്ത്തപ്പെടുന്നത് അവര്‍ അറിയണമെന്നില്ല.

ഉന്മാദാവസ്ഥ നല്‍കുന്ന സര്‍ഗ്ഗാത്മകത തികച്ചും അനനുകരണീയമായിരിക്കും. അത്തരം ചില സൃഷ്ടികള്‍ ഒന്നിച്ചുനോക്കാന്‍ പ്രേരിപ്പിക്കുന്നത് വെറുമൊരു കൗതുകമല്ല, ഗവേഷണപരമായ ജിജ്ഞാസ കൂടിയാണ്. അറിവന്വേഷണത്തിന്റെ രീതിഭേദങ്ങളില്‍ത്തന്നെയാണ് ഈ സമാഹാരത്തിന്റെ സ്ഥാനം. കവര്‍ മുതല്‍ ഉന്മാദത്തിന്റെ നിറം പരന്നൊഴുകുകയാണ് ഓരോ താളിലും മഞ്ഞവിസ്മയം വിടര്‍ത്തുന്നു.

ഭ്രാന്തിന്റെ പൂക്കള്‍ എന്നാല്‍,കേരളീയര്‍ക്ക് ചെമ്പരത്തിയാണ്. പക്ഷേ ലോക സാഹിത്യത്തില്‍ ഉന്മാദാവസ്ഥ അടയാളപ്പെടുത്തുന്നത് ഒരു പ്രത്യേക വസ്തുവില്‍ മാത്രമല്ല. സുനിശ്ചിതവും മൂര്‍ത്തവുമായ ഒന്നിലും അത്  കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നതാണ് സത്യം. പല പല പരിച്ഛേദങ്ങളിലൂടെയും അത് കാലത്തെ വെല്ലുവിളിച്ചു കൊണ്ട് വിശ്വസാഹിത്യത്തില്‍ നിലകൊള്ളുന്നു. ഭാവിയെ മുന്‍കൂട്ടി കാണാനും ഭൂതകാലത്തെ ചേര്‍ത്തുനിര്‍ത്താനും വര്‍ത്തമാനകാലത്തു നിന്ന് മാറി നടക്കാനും ഉന്മാദികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇവ തമ്മില്‍ സാദൃശ്യത്തോടെയും വ്യത്യസ്തതയോടെയും പ്രത്യക്ഷപ്പെടുന്ന കഥകള്‍ വായിക്കുക എന്നത് കേവലമായ ആനന്ദത്തിന്റെ മാത്രമല്ല അനിര്‍വ്വചനീയമായ അനുഭൂതി വിശേഷം തന്നെയാണ്.

തീര്‍ച്ചയായും അതൊരു അപരലോകമാണ്. അംഗീകരിക്കപ്പെടുന്നിടത്ത് തുടരുക എന്ന കലാകാരന്റെ മനസ്സ് ഈ കഥാസമാഹാരത്തിലെ ഓരോ കഥകളിലും തെളിഞ്ഞു കാണാം. സാമാന്യ ലോകം അംഗീകരിച്ചില്ലെങ്കിലും അവര്‍ തിരസ്‌കരിച്ചാലും സ്വയം നിര്‍മ്മിക്കുന്ന ഈ  തുടരാന്‍ ഓരോ വ്യക്തികള്‍ക്കും അവകാശമുണ്ട് എന്നും ഈ പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു.

ഉന്മാദം കേന്ദ്ര പ്രമേയമായി വരുന്ന പത്തു കഥകളും അഞ്ചോളം ചിത്രങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. എഡ്ഗാര്‍ അലന്‍പോ (കഥ പറയുന്ന ഹൃദയം ), നിക്കൊളായ് ഗോഗല്‍ (ഭ്രാന്തന്റെ ഡയറി), മോപ്പസാങ്ങ് (ആര്‍ക്കറിയാം, ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ ), ലിയോ ടോള്‍സ്റ്റോയ് (ഒരു ഉന്മത്തന്റെ ഡയറിക്കുറിപ്പുകള്‍ ) ,ഗുസ്താവ് ഫ്‌ളോബര്‍ ( ഒരു ഭ്രാന്തന്റെ ഓര്‍മ്മകള്‍ ), ലൂ ഷുന്‍ ( ഒരു ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍) ,ലൂയി ജി പിരാന്റല്ലോ (നീര്‍ച്ചുഴിയില്‍) ,ഖലീല്‍ ജിബ്രാന്‍ (ജോണ്‍ എന്ന ഭ്രാന്തന്‍ ), മിഗേല്‍ ദ ഊനാമുനോ (ഡോക്ടര്‍ മൊണ്ടാര്‍കൊയുടെ ഭ്രാന്ത് ) എന്നിവ നമുക്കിനിയും പരിചയമില്ലാത്തതും വിചിത്രവുമായ അനുഭവലോകം സമ്മാനിക്കുന്നു.

ഉന്മാദത്തിന്റെ നിറം ഒട്ടും ചോരാതെ പകര്‍ന്ന കുറച്ച് ചിത്രങ്ങളും ഒപ്പമുണ്ട്. 1490 മുതല്‍ ഓരോ നൂറ്റാണ്ടിലും പിറന്ന ഉന്മത്ത ചിത്രങ്ങള്‍! ക്യാന്‍വാസിന്റെ നാലതിരുകള്‍ ഭേദിച്ച് നിങ്ങളുടെ ഹൃദയത്തെ അനുഭൂതി വിസ്മയങ്ങളുടെ നീര്‍ച്ചുഴികളിലേക്ക് തള്ളിവിടുന്ന ലോകപ്രശസ്ത പെയിന്റിങ്ങുകള്‍!

കഥകള്‍ പലതും വായിക്കുമ്പോള്‍ നാം എത്തിപ്പെടുന്ന അത്ഭുതലോകമുണ്ട്. നിലവിളികളുടേയും ഹൃദയവേദനയുടേയും തീക്ഷ്ണപ്രണയത്തിന്റേയും എല്ലാ വൈകാരിക തീവ്രതകളുടേയും ഉത്തുംഗശൃംഗലോകം! നമുക്കവരോടൊപ്പം കരയാം, ചിരിക്കാം, പ്രണയിക്കാം! ചങ്ങലകള്‍ ഉണ്ടെന്ന് നമ്മള്‍ കല്പിക്കുന്നവരില്‍ ഒരു ചങ്ങലക്കൊളുത്തു പോലും ഇല്ലെന്നും അവരാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രര്‍ എന്നും നാം മനസ്സിലാക്കുന്നത് ഈ കഥകളിലൂടെയാണ്. മുന്‍വിധികളുടെ ഭാരമില്ലാതെ ഉന്മാദികള്‍ പാറിപ്പറക്കുന്നതു കണ്ട് നാം അസൂയപ്പെട്ടേക്കാം.

Book cover
പുസ്തകം വാങ്ങാം

ഹൃദയത്തെ ഉലച്ചുകളഞ്ഞ ചില സന്ദര്‍ഭങ്ങള്‍ മാത്രം വെളിപ്പെടുത്തുന്നു. ആ ഉദാഹരണങ്ങളില്‍ നിന്നു തന്നെ വൈചിത്ര്യമാര്‍ന്ന ഒരു പ്രത്യേക ലോകത്തിന്റെ ബഹിസ്ഫുരണങ്ങള്‍ കാണാം. ആത്മരതിയുടെ പകര്‍ന്നാട്ടം പോലെ ഒരു ആഖ്യാന രീതിയാണ് അലന്‍ പോ സ്വീകരിച്ചിരിക്കുന്നത്. ('കഥ പറയുന്ന ഹൃദയം' )

' ....എന്നാല്‍ എനിക്കു ഭ്രാന്താണെന്നു പറയാന്‍ നിങ്ങള്‍ക്കെന്തവകാശം? ഈ രോഗം എന്റെ ഇന്ദ്രിയങ്ങള്‍ക്കു കരുത്തു പകര്‍ന്നിരിക്കുന്നു. '
മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും കടിഞ്ഞാണ്‍ മറ്റാരുടേയോ കയ്യിലേല്പിച്ച യോദ്ധാവിനെ പോലെ അനന്തമായ എന്തോ ഒന്ന് തേടിയുള്ള മഹാപ്രയാണം. ഈ സമാഹാരത്തിലെ പല കഥകള്‍ക്കും പേരുകളില്ല. 'ഹൃദയം പൊട്ടിത്തെറിക്കുന്ന സ്വരം കേള്‍ക്കുക എന്ന സ്വഭാവം' 'ഇന്ദ്രിയങ്ങളുടെ കൃത്യതയെയാണ് നിങ്ങള്‍ ഭ്രാന്ത് എന്ന്  വിളിക്കുക ' എന്ന സ്വയം ബോധ്യം... 'ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയാലും ഹൃദയം കഥ പറഞ്ഞുകൊണ്ടിരിക്കും 'എന്ന ഭീകര സത്യം തുടങ്ങിയ ഭ്രമകല്പനകളുടെയെല്ലാം കുത്തൊഴുക്കാണ് ഈ കഥ. അന്യവല്‍ക്കരണം പോലുള്ള ആധുനിക സങ്കേതങ്ങള്‍ പിറക്കും മുമ്പ് അത്തരം സ്വഭാവസവിശേഷതകള്‍ പല കഥകളിലും കാണാം.

ഭ്രാന്തന്റെ ഡയറി (മോപ്പസാങ്ങ്) എന്ന കഥ മറ്റൊരു വിചിത്രാഖ്യാനമാണ്. വൈകാരികാനുഭൂതികള്‍ക്ക് ഇവിടെ പൊള്ളുന്ന ചൂടാണ്. നിക്കോളായ് ഗോഗല്‍ രചിച്ച ഈ കഥ ഡയറിയുടെ രൂപത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആത്മരതിയുടെ വിജയഗാഥകള്‍!

'വിനീഗറിനേക്കാള്‍ പുളിപ്പുള്ള തല'
'തല നരച്ച ചെകുത്താന്‍'
'തേയില ചോദിക്കുന്ന പശുക്കള്‍ '
'വെള്ളത്തില്‍ നിന്നും തല പുറത്തേക്കിട്ട് സംസാരിക്കുന്ന മത്സ്യങ്ങള്‍ '
'വൈക്കോല്‍ക്കൂന പോലത്തെ തലമുടി'
'കത്തെഴുതുന്ന നായകള്‍'

ഇങ്ങനെ പല പല രൂപത്തില്‍ ചിത്തഭ്രമത്തിന്റെ അനര്‍ഗ്ഗള പ്രവാഹം.

കാലത്തെ വെല്ലുവിളിക്കുന്നു ഓരോ കഥകളും. മോപ്പസാങ്ങിന്റെ 'ആര്‍ക്കറിയാം' എന്ന കഥ, സ്വന്തം ഇഷ്ടത്തിന് ഒരു സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകുന്ന ഒരാളുടെ കഥയാണ്. സ്വപ്നാടകനും ഒറ്റപ്പെട്ടവനുമായ അയാള്‍ തത്ത്വചിന്തകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. രാത്രിക്കും പകലിനും ഭേദമില്ലെന്ന് ചിന്തിക്കുന്ന അയാള്‍ അസാധാരണമായ ചിന്താപഥത്തില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നു

ഒരു ഉന്മത്തന്റെ ഡയറിക്കുറിപ്പുകള്‍ (ടോള്‍സ്റ്റോയ്) മറ്റു കഥകളില്‍ നിന്ന് വ്യത്യസ്തമാണ്. അതികഠിനമായ വേദനയാലും ഭയത്താലും ഭ്രാന്തിളകിയ നായകനാണ് അതിലുള്ളത്. ബാല്യകാലാനുഭവങ്ങളുമായി ചേര്‍ന്നാണ് അയാളുടെ ഭ്രാന്ത് രൂപപ്പെടുന്നത്. പിന്നീടത് മാറിയെന്ന് അയാള്‍ പറയുന്നുണ്ടെങ്കിലും മോചനമില്ലാത്ത ഒരു തടവറയാണ് ആ അവസ്ഥയെന്ന് അയാള്‍ അറിയുന്നത് വളരെ വൈകിയാണ്. ഭ്രാന്തിന്റെ കാരണം സ്വയം തിരിച്ചറിയുന്നു എന്നുള്ളതാണ് ഈ കഥയുടെ പ്രത്യേകത.

മരണത്തെ മുഖാമുഖം കണ്ട് സംസാരിക്കുന്ന അയാള്‍ തന്നില്‍ത്തന്നെ ജീവനും മൃതിയും ഇടകലര്‍ന്നിരിക്കുന്നു എന്ന പ്രത്യേക ശാരീരിക- മാനസികാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന മനുഷ്യനാണ്. ഫ്‌ലോബറിന്റെ കഥ വൈകാരിക- വൈചാരിക ലോകങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നേര്‍ത്ത ഭിത്തിയിലെഴുതിയ വിചിത്രകഥയാണ്. തിരകളും കുതിരകളും അതിരുകളും നിര്‍മ്മിച്ച ആ ഭ്രാന്ത്, ഭാഷയുടെ മാന്ത്രിക ശക്തി കൊണ്ട് വായനക്കാരുടെ ബോധമണ്ഡലത്തെ അല്പനേരത്തേക്ക് മയക്കി നിര്‍ത്തുന്നു.

'ഈ ലോകത്തോളം മഹത്തരമായ എന്തോ ആണ് ഞാന്‍ എന്ന് എനിക്കു തോന്നി. എന്റെ ചിന്തകള്‍ അഗ്‌നിയും ഇടിമിന്നലും കൊണ്ട് നിര്‍മ്മിച്ചവയായിരുന്നെങ്കില്‍ അതിന് ഈ ലോകത്തിനെ തച്ചുതരിപ്പണമാക്കാനാകുമായിരുന്നു. ഞാനൊരു പാവം ഭ്രാന്തനല്ലേ? 'എന്ന് ഈ കഥയിലെ നായകന്‍ കരുതുന്നതില്‍ എന്താണ് തെറ്റ്? 'സ്‌നേഹമൊന്നും നീക്കിയിരിപ്പില്ലാത്തവരുടെ അവസാന ഇഷ്ടമായിരുന്നു കുഴിമാടം. ''ഇലകളുടെ മര്‍മ്മര സ്വരം കേള്‍ക്കുക ' 'പ്രകൃതിയുടെ മൈത്രിയാണ് പ്രണയം.'' ഇങ്ങനെയുള്ള ഉന്മത്ത വെളിപാടുകള്‍ കൊണ്ട് സമ്പന്നമായ ഒരു പുസ്തകം.
നമുക്ക് അപരിചിതരായ നിരവധി സന്ദര്‍ഭങ്ങളും വ്യക്തികളും ഈ സമാഹാരത്തില്‍ ഘോഷയാത്ര നടത്തുന്നുണ്ട്. യുക്തിക്ക് പിടി തരുന്നതല്ല ഇവരുടെ ലോകം.

ഉന്മാദികളുടെ വംശാവലിയില്‍ കണ്ണി ചേര്‍ക്കപ്പെടാനുള്ള വ്യഗ്രത എല്ലാവര്‍ക്കുമുണ്ട്. സര്‍ഗ്ഗാത്മകതയുടെ അത്യുന്നത പരിധികള്‍ ലംഘിച്ചുകൊണ്ടുള്ള ഈ സ്വച്ഛവിഹാരം ഇനിയും സാഹിത്യത്തില്‍ തുടരും. അനുഭവ തീക്ഷ്ണതയും അതിന്ദ്രീയതയും കൂടിക്കലര്‍ന്നു സൃഷ്ടിക്കുന്ന ഈ ലോകം അനുകരണീയമാണ്. ഇത്തിരി ഉന്മാദത്തിന്റെ തേന്‍തുള്ളിയില്‍ ചാലിച്ച കഥാമധുരം നുകര്‍ന്ന് മത്തരാകുക മാത്രമേ നിങ്ങള്‍ക്ക് ചെയ്യാനുള്ളൂ. ആ സത്ത ചോര്‍ന്നു പോകാതെയുള്ള തര്‍ജ്ജമ തികച്ചും അഭിനന്ദനാര്‍ഹം തന്നെ!

ജോണ്‍ എബ്രഹാം, വൈക്കം മുഹമ്മദ് ബഷീര്‍, എ.അയ്യപ്പന്‍ എന്നീ നിരവധി  സാഹിത്യകാരുടെ വ്യക്തിത്വത്തിലും രചനാ ലോകത്തും സിനിമയിലും ഒപ്പം എം.ടിയുടെ കഥാലോകത്തും ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയുന്ന, തിരഞ്ഞിറങ്ങിയാല്‍ കണ്ടെത്താന്‍ കഴിയുന്ന പരാഗരേണുക്കളെക്കൂടി ഒന്നിച്ചെടുത്ത് സമാഹാരമാക്കാന്‍ ഈ പുസ്തകം ഒരു വഴികാട്ടിയായിത്തീരട്ടെ!

Content Highlights: Dr. Divya M reviews the book Unmaadathinte Kadhakal Mathrubhumi Books Suresh M.G