പ്രസീത മനോജ് എഴുതി അഭയാര്‍ഥികളുടെ കടല്‍ എന്ന കവിതാസമാഹാരത്തിന് ഡോ. ദിവ്യ. എം എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം. 

'ദധ്യാനത്തിന്റെ അപൂര്‍വ്വ ലാവണ്യം ഏകാഗ്രമായ പ്രമേയധ്യാനം എന്നിവ കൊണ്ട് പുതിയൊരു ഭാവുകത്വത്തിന്റെ വിളംബര'മെന്ന് അവതാരികയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വിശേഷിപ്പിച്ച ഈ കവിതകള്‍ പദലാളിത്യം കൊണ്ടും പ്രമേയപരമായ പ്രത്യേകതകള്‍കൊണ്ടും വായനക്കാരെ പിടിച്ചുലയ്ക്കുന്നു.

കവിത സൗന്ദര്യാത്മകമായ ആത്മസമര്‍പ്പണമാണ്. സങ്കീര്‍ണ്ണമായ കാവ്യമനസ്സ് കോറിയിടുന്ന അക്ഷരച്ചിത്രങ്ങള്‍ ആനന്ദത്തിന്റേതു മാത്രമല്ല. ആഴത്തിലുള്ള നോവിന്റേതുമാണ്. അഭയാര്‍ത്ഥികള്‍ നിശബ്ദമായ നിലവിളിയുടേയും പലായനത്തിന്റേയും പ്രതിനിധികള്‍ കൂടിയാണ്. രക്ഷതേടിയുള്ള ആ യാത്രയില്‍ അവരുടെ ഹൃദയം ഒപ്പിയെടുക്കുന്ന അനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളെല്ലാം കവിയിലേയ്ക്കുള്ള സഞ്ചാരപഥങ്ങളാണ്.

എല്ലാ അനുഭൂതികളുടെയും ആത്മചൈതന്യവും സമ്മിശ്രമായ ലയം കവിതയുടെ ആത്യന്തികസത്തയാണ്. ഇത് തൊട്ടറിയുന്ന വായനക്കാരന് കവിത ആത്മഹര്‍ഷം നല്‍കാതിരിക്കില്ല.

ഏകാന്തധ്യാനത്തില്‍നിന്ന് പിറവിയെടുക്കുന്ന ഈ കവിതകള്‍, ഉണ്മയുടെ ബോധസ്ഥലികളെ തൊട്ടുണര്‍ത്തും. പ്രസീതയുടെ കവിതകള്‍ ധ്യാനപൂര്‍ണ്ണമായ ഏകാന്തതകളില്‍നിന്ന് പിറവിയെടുക്കുന്നവ തന്നെയാണ്. 'സാന്ദ്രമായ ധ്യാനപൂര്‍ണ്ണത' എന്ന് അവതാരികക്കാരന്‍ അടയാളപ്പെടുത്തുന്ന ഉറവകളിലാണ് പ്രസീതയുടെ കവിത സാഫല്യം നേടുന്നത്.

ലൗകികവും ആത്മീയവുമായ സഞ്ചാരങ്ങളുടെ സവിശേഷമായ ഏകീഭാവമാണ് പല കവിതകളുടേയും മുഖമുദ്ര. കവിതയുടെ വിഷയങ്ങള്‍ ലൗകികമായ ബന്ധങ്ങളുടേയും ഉള്ളുരുക്കത്തിന്റെയും വെളിപാടുകളാകുമ്പോള്‍ത്തന്നെ, തികച്ചും ആത്മീയശാന്തത-കൈവരിക്കാനുള്ള വ്യഗ്രതയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ ബൗദ്ധികവും വൈകാരികവുമായ സമസ്യകളെ സമീകരിക്കുന്നതിന് കവികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്തരം ഉപാസനകള്‍.

കടിഞ്ഞൂല്‍ സമാഹാരമാണെന്ന് ആര്‍ക്കും തോന്നാത്തവിധം കയ്യടക്കമുള്ള വരികള്‍ ശില്പഭദ്രതയോടെ അടുക്കിയിരിക്കുന്നു. അതില്‍ ഒന്നുപോലും തുളുമ്പിപ്പോകാതെ ആത്മനിര്‍വൃതികളെ അക്ഷരച്ചിമിഴിലൊതുക്കാന്‍ പ്രസീതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

നമ്മള്‍ വായിച്ചും കേട്ടും കണ്ടും പരിചയിച്ച കവിതകളില്‍നിന്ന് 'അഭയാര്‍ത്ഥികളുടെ കടല്‍' എന്ന കവിതാസമാഹാരത്തെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഒരു ഘടകം ആദ്യകവിതയില്‍തന്നെ നാം പരിചയപ്പെടുന്നുണ്ട്. ഉന്മാദങ്ങളെ കിനാവുകാണുന്ന പെണ്ണ്, ഒരു വഴിയാണെന്ന കണ്ടെത്തലാണ് അത്. ആ കണ്ടെത്തല്‍ തികച്ചും മൗലികമായ ഒന്നാണ്. ഉന്മാദിനികളില്‍നിന്ന് വഴിമാറി നടക്കാനാണ് ഇന്നും സമൂഹത്തിനിഷ്ടം. അവര്‍ ഒറ്റപ്പെട്ടവരാണ്. ഉന്മാദത്തിന്റെ വഴി കവികള്‍ക്കുമാത്രം സംവദിക്കാന്‍ കഴിയുന്നത്ര സുതാര്യമാണ്. സമൂഹത്തിലെ മറ്റാര്‍ക്കും അത് സംവേദനക്ഷമമല്ല. ഉന്മാദിനി ഒരു വഴിയാണെന്ന് അധികമാരും തിരിച്ചറിയുന്നില്ല. ആ ദിശാസൂചികയാണ് പ്രസീത നല്‍കുന്നത്.

കഥയില്ലാത്തവള്‍ക്ക് കഥയാവുക.., ഒറ്റയായവള്‍ക്ക് കൂടാവുക, മഴയില്‍ നൃത്തമാവുക.., നിലാവില്‍ പാട്ടാവുക.., നിശാഗന്ധിക്ക് കൂട്ടാവുക. ഇത്തരം ഉന്മാദങ്ങളെ സമൂഹം വിചാരണ ചെയ്‌തേക്കാം. എന്നാല്‍ ഉന്മാദിനികള്‍ക്ക് അത്തരം വിചാരണകള്‍പോലും പുഞ്ചിരിയുടെ സ്ഫുരണങ്ങള്‍ പ്രസരിപ്പിച്ചുകൊണ്ട് സ്വയംവഴിയായി മുന്നോട്ടു പോകാനുള്ള പ്രചോദനങ്ങള്‍ മാത്രമാണ്.

അഭയാര്‍ത്ഥികളുടെ കടല്‍ വളരെ വ്യത്യസ്തമാകുന്നതിനുപിന്നില്‍ വേറെയും ഒട്ടേറെ കാരണങ്ങളുണ്ട്. 'കടല്‍ക്കരയില്‍ കാറ്റു കൊള്ളാന്‍ വരുന്നവര്‍ക്ക് ഒന്നുമറിയണമെന്നില്ല. മുത്തുച്ചിപ്പികളും പവിഴപ്പുറ്റുകളും തകര്‍ന്ന കപ്പല്‍ കഷ്ണങ്ങളും നക്ഷത്രമത്സ്യങ്ങളും പേരറിയാത്ത ഒട്ടേറെ വിചിത്രജീവികളും യഥേഷ്ടം ഒഴുകി നടക്കുകയും ഒളിച്ചുകിടക്കുകയും ചെയ്യുന്ന മഹാസമുദ്രത്തിലേക്ക് മുങ്ങിത്തിരയാന്‍ ധൈര്യമുള്ളവര്‍ക്കുമാത്രം കാണാന്‍ കഴിയുന്ന ബഡവാഗ്‌നി ഇതില്‍ ജ്വലിക്കുന്നണ്ട്. അതുകണ്ട് നമുക്ക് അല്പനേരം വിസ്മയിച്ചു നില്‍ക്കാം.

വിസ്മയപ്പൊട്ടുകള്‍ ചിതറിക്കിടക്കുന്ന ഒരു മഹാസമുദ്രം! വ്രണിതഹൃദയമുണ്ട്, വയല്‍ക്കിളികളുണ്ട്, ചങ്ങലകളില്‍ തളയ്ക്കാത്ത കുഴിയാനകളുണ്ട്. ഭാരമില്ലാതെ പറക്കുന്ന ആനത്തുമ്പികളുണ്ട്. അസ്ത്രമായ് തറച്ച മകരക്കുളിരുണ്ട്. നിലാവിന്റെ വിത്ത് മുളപ്പിക്കുന്നവരുണ്ട്, പെരുവഴിയില്‍ ഉടലുവേര്‍പെട്ട വാക്കിന്റെ നൊമ്പരമുണ്ട്, തല കുനിച്ച മര്‍ദ്ദിതാക്ഷരങ്ങളുണ്ട്, പാഴ്ക്കിനാവിന്റെ പതിതകാലമുണ്ട്, നക്ഷത്രം കെട്ടുപോയ മിഴികളുണ്ട്. ശവംനാറിപ്പൂക്കളുടെ രൂക്ഷഗന്ധമുണ്ട്. കാലത്തിന്റെ തീപ്പൊരികളുണ്ട്, പൊന്‍കണിപ്പൂക്കളുടെ സ്വപ്നം കാണുന്ന മണ്ണുണ്ട്. ഓര്‍മ്മകളുടെ നീറ്റല്‍ പടര്‍ന്ന മുറിവാഴങ്ങളുണ്ട്, സ്‌ട്രോബറിയുടെ ഗന്ധമുണ്ട്, പൂക്കടലുണ്ട്...ഇങ്ങനെ നിരവധി വിചിത്രവും വിസ്മയകരവുമായ കാവ്യദീപ്തികള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ പുസ്തകം.

ആധുനിക കവികളെപ്പോലെ സര്‍വ്വത്ര നിരാശയിലല്ല ഈ കവിതകളുടെ വേര്. അവിടവിടെ പ്രത്യാശയുടെ നേരിയ തിളക്കവും ഈ കവിതകളിലുണ്ട്. പുതുകവികളെല്ലാം ദുഃഖത്തിന്റെ അതും വൈയക്തികദുഃഖത്തിന്റെ പാട്ടുകാരാണെന്ന അഭിപ്രായത്തിന് കടകവിരുദ്ധമായ പല കവിതകളും ഈ സമാഹാരത്തിലുണ്ട്. സമൂഹത്തിലെ മൂല്യച്യുതികളും വേദനകളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരും അഭയാര്‍ത്ഥികളുടെ കടലിലുണ്ട്. അവരുടെ പാട്ട് ഏറ്റുപാടുകയാണ് കവയിത്രി ചെയ്യുന്നത്.

അതേസമയം വൈയക്തികദുഃഖത്തിന്റെ നീര്‍ച്ചുഴികളില്‍നിന്ന് പിറവിയെടുക്കുന്ന ചില തിരിച്ചറിവുകള്‍ നോക്കൂ.

'ജീവിതത്തിന്റെ വിസ്തീര്‍ണ്ണതകളില്‍ അരഞ്ഞുതീരുന്ന നിന്നെപ്പോലെയാണ് ഞാനും'

'പെറുക്കിയെറിയുവാനായി മാത്രമാണ് എന്നേയും ചേര്‍ത്തുവെയ്ക്കുന്നത്.'

'ഉള്‍ക്കടലിലേക്ക് മായ്‌ച്ചെറിയുന്നതിനോടൊപ്പം തിര നല്‍കിയ താക്കീത്.'

'ജന്മാന്തരങ്ങളിലും സൂക്ഷിക്കേണ്ട വിശുദ്ധനാളം.'

'മത്സരക്കാറ്റിലേയ്ക്കു തുറക്കുന്ന വാതായനങ്ങള്‍ താഴിട്ടുപൂട്ടുക.'

'കണ്ണാടിയിലൊരു കറുത്ത പൊട്ടായ് അമ്മ.'

ഇത്തരം ഉദാഹരണങ്ങളിലെല്ലാം കാവ്യപ്രതിഭയുടെ വാഗ്വിലാസം കാണാം. ഇങ്ങനെ ഒട്ടേറെ തിരിച്ചറിവുകള്‍ ഈ പുസ്തകത്തിലുണ്ട്. വായനക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നേരിന്റെ വേരുകളാണിവ.

കാവ്യബിംബങ്ങള്‍

വിഷയം സ്വീകരിക്കുന്നതിനേക്കാള്‍ അത് അവതരിപ്പിക്കാന്‍ യോജിച്ച കാവ്യബിംബം കണ്ടെത്തലാണ് കവികളുടെ ഔചിത്യബോധവും പ്രതിഭാശക്തിയും കാവ്യബിംബങ്ങളുടെ തിരഞ്ഞെടുപ്പിലാണ് കവിതയുടെ ഊറ്റവും മാറ്റും ഈടും തിരിച്ചറിയുന്നത്.

സമ്പന്നമായ ഒട്ടേറെ ബിംബകല്പനകളാല്‍ സമൃദ്ധമാണ് പ്രസീതയുടെ കാവ്യഭാഷ എന്നത് വളരെ സന്തോഷം നല്‍കി. അതു മാത്രമല്ല, സ്വകീയമായ ഒട്ടേറെ ഭാഷാപ്രയോഗങ്ങളും ഈ പുസ്തകത്തിലുണ്ട്. നമ്മുടെ ഭാഷയ്ക്ക് നവഭാവുകത്വം നല്‍കിക്കൊണ്ട് ഇനിയും കാവ്യപ്രതീക്ഷകള്‍ നല്‍കുന്ന പുതിയ വാഗ്ദാനമാകുകയാണ് പ്രസീത.

Book Cover
പുസ്തകം വാങ്ങാം

നോക്കുക:'വിചാരം വിയര്‍ക്കുന്ന പാതയോരം', 'കണ്‍പീലിക്കാറ്റ്', 'കരിമഴകളിലെ തഴപ്പന്തല്‍', 'കനല്‍ച്ചെടി', 'സ്വതന്ത്ര മേഘങ്ങള്‍', 'നിരാശാവണ്ട്', 'ദാമ്പത്യം എന്ന മഹാരാഷ്ട്രം','തെച്ചിത്തലപ്പില്‍ തിളങ്ങിയ ചുവന്ന നക്ഷത്രം!', 'പൊട്ടിയ വാക്കിന്റെ തുണ്ട്.' ഇങ്ങനെ പലതും അനുഭവനൈരന്തര്യത്തിന്റെ അവ്യവസ്ഥിതത്വത്തില്‍നിന്നും പിറവിയെടുക്കുന്നതാണ്. പക്ഷേ പ്രകൃതിയോടുള്ള അദമ്യമായ അഭിനിവേശത്തില്‍നിന്നോ. അകന്നുമാറിയുള്ള നിശബ്ദ നിരീക്ഷണങ്ങളില്‍നിന്നും വാര്‍ന്നുവീഴുന്നവയാണ് കാവ്യബിംബങ്ങള്‍. ഈ ഊണര്‍ന്നൊഴുകുന്ന കാവ്യഭാഷ, കവിത്വത്തിന്റെ ധന്യത കൂടിയാണ്.

ഇതിലൊന്നും പെടാതെ ചില കവിതകള്‍ ഒറ്റ തിരിഞ്ഞുനില്‍ക്കുകയാണ്. തികച്ചും വൈരുദ്ധ്യങ്ങളുടെ സവിശേഷമായ സംയോജനത്തില്‍ നമ്മെ ഒട്ടൊക്കെ അത് അമ്പരിപ്പിക്കുന്നു.'പ്രയാസസംശ്ലേഷണം',  'പൂക്കടല്‍' എന്നിവ ഉദാഹരണങ്ങള്‍. ഓരോ കവിതയും ഓരോ തരം ആകാശക്കാഴ്ചകളിലേക്ക് തുറന്നുവെച്ച ചെറുജാലകങ്ങള്‍ തന്നെയാണ്. സത്യത്തിന്റെ നേര്‍ക്കാഴ്ചകളും ഭാവനയുടെ വിസ്മയക്കാഴ്ചകളും ഒരേപോലെ സമ്മേളിച്ചിരിക്കുന്ന ഈ സമാഹാരത്തിലൂടെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരിയെക്കൂടി നമുക്ക് ലഭിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Content Highlights : dr divya m reviews the book abhayarthikalude kadal by praseetha manoj mathrubhumi books